തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റെ പ്രമേയം. ഏറെ അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെ, എന്താണ് സംഭവിക്കുക എന്നതു സംബന്ധിച്ച് ആർക്കും ഒരു ഊഹവുമില്ലായിരുന്നു. ഇന്നു രാവിലെ ചെന്നെയിൽ നടന്ന എഐഡിഎംകെ അടിയന്തര ജനറൽ ബോഡി യോഗമാണ് അടുത്ത അധികാര കേന്ദ്രം ആരാണെന്നു സംബന്ധിച്ച പ്രമേയം പാസാക്കിയത്.

തെരഞ്ഞെടുപ്പ് വെറും പ്രഹസനമാക്കി ശശികല സ്‌ഥാനം പിടിച്ചെടുത്തേക്കും എന്ന ഒരു വാദം മുമ്പേ നിലനിൽ ക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പന്നീർശെൽവം ജനറൽ സെക്രട്ടറി ആയേക്കും എന്ന വാദവുമുണ്ടായിരുന്നു. താത്കാലികമായി ഒരു സെക്രട്ടറിയെ തെഞ്ഞെടുത്തേക്കുമെന്നും പന്നീർശെൽവവും ശശികലയും ജനറൽ സെക്രട്ടറിസ്‌ഥാനം ഒരുമിച്ച് വഹിക്കുമെന്നുമൊക്കെയുള്ള വാർത്തകളും തമിഴ് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ നൽകിയിരുന്നു.

ജനറൽബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തണമെന്നു കാണിച്ച് കുറച്ചുദിവസങ്ങൾക്കുമുമ്പാണ് പാർട്ടി നേതാക്കൾക്ക് പോയസ് ഗാർഡനിൽ നിന്ന് കത്ത് ലഭിച്ചത്. എന്നാൽ യോഗം ചെന്നൈയിൽ എവിടെ നടക്കുമെന്ന കൃത്യമായ വിവരം അതിലില്ലായിരുന്നു. അതുമാത്രമല്ല കത്തിൽ ആരും ഒപ്പിട്ടിട്ടുമില്ല. ഇതിനിടെ ശശികലയോട് എതിർപ്പില്ലാത്തവർക്ക് മാത്രമാണ് കത്ത് ലഭിച്ചിട്ടുള്ളത് എന്ന വാർത്തയും പരക്കുന്നിരുന്നു. താങ്കൾക്ക് ലഭിച്ച കത്തുമായി വേണം യോഗത്തിന് എത്താൻ എന്നും കത്തിൽ പറയുന്നു. അതുകൊണ്ട് സ്‌ഥാനം പിടിച്ചെടുക്കാനുള്ള ശശികലയുടെ നീക്കമാണ് ഇതെന്ന് ചില വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.



ശശികലയ്ക്കെതിരേ കോടതിയിൽ കേസ് നിലവിലുള്ളതിനാലും അണികളിൽ എതിർപ്പുള്ളതിനാലും തത്കാലം സ്‌ഥാനത്തിനായി കടിപിടികൂടേണ്ട എന്നായിരുന്നു ശശികലയ്ക്കു ലഭിച്ചിരുന്ന ഉപദേശമത്രേ. സമയമാകുമ്പോൾ സ്‌ഥാനം ഏറ്റെടുക്കാം.

തത്കാലം മറ്റൊരാളെ തെരഞ്ഞെടുക്കട്ടെ എന്നാണ് മുതിർന്ന മന്ത്രിമാർ അടക്കമുള്ള ശശികലയോട് അടുപ്പമുള്ളവർ നൽകിയിരുന്ന ഉപദേശം. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പന്നീർശെൽവത്തിന് സാധ്യത തെളിയുമെന്ന് കരു തിയിരുന്നു. ശശികലയോട് അടുപ്പമുള്ള ആളെന്ന നിലയിലും മുഖ്യമന്ത്രിസ്‌ഥാനവും ജനറൽസെക്രട്ടറി സ്‌ഥാനവും ഒരുമിച്ച് ഒരാൾ വഹിക്കുക എന്ന പാർട്ടി കീഴ്വഴക്കം പാലിക്കുന്നതിനുമാകും പന്നീർശെൽവത്തെ പരിഗണിക്കുക എന്നുമാണ് കരുതിയിരുന്നത്

ഇക്കാര്യം ശശികലയുടെ ബന്ധുക്കൾക്ക് സ്വീകാര്യമല്ലാത്ത നിലയിലാണ് പന്നീർശെൽവവും ശശികലയും ജനറൽ സെക്രട്ടറിമാരാകട്ടെ എന്ന വാദം ഉയർന്നു വന്നിരുന്നത്. അങ്ങനെയാകുമ്പോൾ പല അപായ സാധ്യതകളും ഒഴിവാക്കാം എന്നുമായിരുന്നു ഇവരുടെ വിലയിരുത്തൽ.

ഏതായാലും ശശികല തനിക്കെതിരേയുള്ള കേസുകളെ നേരിട്ടേ മതിയാകൂ. അഴിമതിക്കേസുകൂടാതെ പാർട്ടിയിലെ നേതാവായിരുന്ന ശശികലപുഷ്പ ചെന്നൈ ഹൈക്കോടതിൽ നൽകിയിരിക്കുന്ന കേസ് ശശികല എങ്ങനെ നേരിടും എന്നതുസംബന്ധിച്ച് ഒരു ഊഹവുമില്ല. പാർട്ടി ഭരണഘടന ആർട്ടിക്കിൾ 305 പ്രകാരം അഞ്ചുവർഷത്തിലധികം പാർട്ടി അംഗമായിരുന്ന ആൾക്ക് മാത്രമേ ജനറൽസെക്രട്ടറി സ്‌ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കൂ. ശശികലയെ ജയലളിത 2011 ഡിസംബറിൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയിരുന്നു. മാപ്പപേക്ഷയെ തുടർന്ന് അടുത്തവർഷം മാർച്ചിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്ക് അംഗത്വക്കാർഡ് വീണ്ടും നൽകപ്പെട്ടിട്ടില്ല എന്നാണ് ശശികലപുഷ്പയുടെ വാദം.

പാർട്ടി അണികളിലെ എതിർപ്പ് വളരെ രൂക്ഷമാണിപ്പോൾ. പലയിടങ്ങളിലും ശശികലയ്ക്കെതിരേയും ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കുവേണ്ടിയും ഫ്ളക്സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇതിനിടെ താൻ അപ്രത്യക്ഷയായി എന്ന വാർത്ത നിഷേധിച്ചുകൊണ്ട് ദീപ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ശശികലയ്ക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ച അവർ എന്തൊക്കെ നീക്കങ്ങളാണ് നടത്തുന്നത് എന്നതു സംബന്ധിച്ചും അധികം വിവരങ്ങളില്ല.



ഇതിനിടെ പാർട്ടിയിൽ തനിക്കെതിരേ നിൽക്കുന്ന അണികളുടെ പ്രമുഖ പ്രദേശിക നേതാക്കളെ വരുതിയിലാക്കാൻ എല്ലാ അടവുകളും ശശികല വിഭാഗം പയറ്റുന്നതായാണ് റിപ്പോർട്ടുകൾ.

ഏറ്റവും അവസാനം ലഭിക്കുന്ന വിവരപ്രകാരം ഇത്തരം നേതാക്കളെ, കൂടുതൽ സ്‌ഥാനങ്ങൾ സൃഷ്‌ടിച്ചു നൽകി സമാധാനിപ്പിക്കാനാകും ശശികല ശ്രമിക്കുക. മറ്റൊരു പ്രധാന വാർത്ത, ജനറൽസെക്രട്ടറി ആയിക്കഴിഞ്ഞ നിലയ്ക്ക് ഉടൻ ശശികലയ്ക്ക് ഇഷ്‌ടമല്ലാത്ത പല മന്ത്രിമാരുടേയും തല ഉരുളുമെന്നാണ്.
ഇവർക്ക് പകരം ഏറാൻമൂളികളെ അവിടെ പ്രതിഷ്‌ടിക്കാൻ ലിസ്റ്റുവരെ തയാറാക്കിയിട്ടുണ്ടത്രേ.

ജോസി ജോസഫ്