ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം
ഹൃദയാരോഗ്യത്തിന്  ഈന്തപ്പഴം
നോമ്പുതുറ വിഭവങ്ങളിൽ ഈന്തപ്പഴത്തിനു മുന്തിയ ഇടമുണ്ട്. എന്നാൽ എല്ലായ്പോഴും ഏതു പ്രായത്തിലുളളവർക്കും കഴിക്കാനാകുന്ന ഫലമാണിത്. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തും. ക്ഷീണം പമ്പകടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊർജം
ശരീരത്തിനു ലഭിക്കുന്നു.

രുചി പോലെ തന്നെ ഇതിന്റെ ഗുണവും മെച്ചം. കേരളത്തിലെ സ്കൂൾ കുട്ടികളിൽ വിളർച്ച കൂടിവരുന്നതായി ആശങ്കയുണ്ട്, അതിനുളള ഒരു ഉത്തരമാണ് ഈന്തപ്പഴം. ടിഫിൻ ബോക്സിൽ ബേക്കറി പലഹാരങ്ങൾക്കു പകരം ഈന്തപ്പഴം നുറുക്കി കൊടുത്തയയ്ക്കാം. കൊഴുക്കട്ടയ്ക്കുളളിൽ നിറച്ചും കുട്ടികൾക്കു നല്കാം.

ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്‌തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്‌താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുമ്പ് ആവശ്യമാണ്. രക്‌തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുമ്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുമ്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ഈന്തപ്പഴത്തിൽ ഇരുമ്പ് ഇഷ്‌ടംപോലെ; ഊർജവും. എനർജി ബൂസ്റ്ററാണ് ഈന്തപ്പഴം. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവ ഈന്തപ്പഴത്തിൽ ധാരാളം. അതിനാൽ ഈന്തപ്പഴം പതിവായി കഴിച്ചാൽ ക്ഷീണം പമ്പകടക്കും. കരുത്തുകൂടും. പ്രതിരോധശക്‌തി നേടാം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താം. അമിതമായി മെലിയുന്ന ശാരീരിക പ്രകൃതിയുളളവർ ഈന്തപ്പഴം ശീലമാക്കുന്നതു ഗുണപ്രദം. ഈന്തപ്പഴം പേശികളുടെ വളർച്ച കൂട്ടുന്നു; ശരീരഭാരം അമിതമായി കൂട്ടാതെതന്നെ.


കൊഴുപ്പു കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. നാരുകൾ ധാരാളം. കുടലിൽ വച്ച് ആഹാരത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതു നാരുകൾ തടയുന്നു. അങ്ങനെ രക്‌തത്തിൽ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നു. എൽഡിഎൽ കൂടിയാൽ രക്‌തക്കുഴലുകളുടെ ഉളളു കുറയും. പ്ലേക് എന്ന പേരിൽ രക്‌തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്‌തസഞ്ചാരത്തിനു തടസമാകും. ഹൃദയരോഗങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കും. ഈന്തപ്പഴം ശീലമാക്കിയാൽ അത്തരം ആപത്തുകൾ ഒഴിഞ്ഞുപോകും.

ഉണങ്ങിയ ഈന്തപ്പഴത്തിൽ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്‌തസമ്മർദം(ബിപി) ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപി കുറയ്ക്കുന്നു; സ്ട്രോക് സാധ്യതയും. ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്‌ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്