ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ഭരണമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാവുമ്പോൾ വൈവിധ്യമാർന്നതും വേറിട്ടതുമായ ഒട്ടനവധി പദ്ധതികൾ നടപ്പാക്കി കാരശേരി ഗ്രാമപഞ്ചായത്ത് പുത്തൻ മാതൃക സൃഷ്‌ടിക്കുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻജലസുരക്ഷ, ജീവ സുരക്ഷ, പാവപ്പെട്ട രോഗികൾക്കായി ആർദ്രം തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയ പഞ്ചായത്ത് ഭരണസമിതി ഇതരസംസ്‌ഥാന തൊഴിലാളികൾക്കായി ‘ഗ്രാമസഭ’ ഒരുക്കിയതാണ് അവസാനത്തെ ഉദാഹരണം. കാരശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് ഗ്രാമസഭയൊരുക്കിയത്.ഇന്ന്കേരളത്തിലെ മിക്ക തൊഴിൽ മേഖലകളും ഇതര സംസ്‌ഥാനതൊഴിലാളികൾ കീഴടക്കിയെങ്കിലും ഇവരെ കുറിച്ച് സംസ്‌ഥാന സർക്കാരിന്റെ പക്കൽ പോലും വ്യക്‌തമായ കണക്കില്ല.വിവിധ സ്‌ഥങ്ങളിൽ വാടകമുറികളെടുത്ത് താമസിക്കുന്ന ഈ തൊഴിലാളികളെ കേന്ദ്രീകരിച്ച് അനേകം കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.ഇവർ എന്ന് നാട്ടിൽ നിന്നു വന്നു, എന്ന് തിരിച്ച് നാട്ടിലേക്ക് പോയി, ഏത് സംസ്‌ഥാനക്കാരാണ് എന്നതിനെ സംബന്ധിച്ചൊന്നും വ്യക്‌തമായ ഒരു വിവരവും ഒരു ഗ്രാമപഞ്ചായത്തിന്റെ പക്കലും ഇല്ലെന്നതാണ് യഥാർഥ്യം.കോൺക്രീറ്റ് ജോലികളിൽ തുടങ്ങി ബാർബർ ഷോപ്പുകൾ മുതൽ ചെരുപ്പ് നിർമാണ യൂണിറ്റുകളിൽ വരെ എത്തിനിൽക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികളുടെ വൈഭവം പുതു തലങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം ഗ്രാമസഭകൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. മാത്രമല്ല ഇവർക്കിടയിലെ ഐക്യംഉറപ്പിക്കാനുംകുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഈ കൂടിച്ചേരൽ വഴിയൊരുക്കും. സംസ്‌ഥാനത്തുതന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കംഎന്നതും ശ്രദ്ധേയം.

ഈ സാഹചര്യത്തിൽ നമ്മൾ ഒന്നാണ് (ഹം ഏക് ഹേ) എന്ന ആശയവുമായി പഞ്ചായത്തിലെ മുഴുവൻ ഇതര സംസ്‌ഥാന തൊഴിലാളികളെയും പങ്കെടുപ്പിച്ച് കാരശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഈ ഗ്രാമസഭയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. വരും ദിവസങ്ങളിൽ വാർഡ് തലങ്ങളിലും ഗ്രാമ സഭകൾ നടക്കും. പഞ്ചായത്തിലെ 821 തൊഴിലാളികൾ പഞ്ചായത്തുതല ഗ്രാമസഭയിൽ പങ്കെടുത്തു. തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ തൊഴിലാളി പ്രതിനിധികൾ അവതരിപ്പിച്ചു. ഗ്രാമസഭയോടനുബന്ധിച്ച് നടന്ന കലാപരിപാടികൾ ഗ്രാമസഭയ്ക്ക് മാറ്റ് കൂട്ടി.വിവിധ ഭാഷകളിൽ നടന്ന ആരോഗ്യ ബോധവത്കരണം, മെഡിക്കൽ ചെക്കപ്പ് ,രക്‌ത ഗ്രൂപ്പ് നിർണയം, എച്ച്.ഐ.വി രോഗ നിർണയം, ത്വക്ക് രോഗ നിർണയം, കാഴ്ച പരിശോധന, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ ഗ്രാമ സഭയുടെ ഭാഗമായി പഞ്ചായത്ത് ഒരുക്കിയിരുന്നു. മെഡിക്കൽ ഓഫീസർ ഡോക്ടർ മനുലാലിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ മാരും ആരോഗ്യ വിദഗ് ധരും പരിശോ ധനകൾക്ക് നേതൃത്വം നൽകി. രാവിലെഒമ്പതിന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം അഞ്ചിനാണ് സമാപിച്ചത്. സംസ്‌ഥാന മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ ഈ പ്രവർത്തനത്തെ മന്ത്രിയും പ്രശംസകൊണ്ടു മൂടി. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാനിയമപരമായ പരിരക്ഷകളും ഇതര സംസ്‌ഥാന തൊഴിലാളികൾക്കും ഉറപ്പാക്കാൻ ഗവ. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തൊഴിലാളികളുടെപൂർണ സുരക്ഷിതത്വമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് ‘ആവാസ്’.


പദ്ധതി തുടങ്ങാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയിൽ അംഗമായി ചേരുന്ന തൊഴിലാളി മരണമടഞ്ഞാൽകുടുംബത്തിന് 50,000 രൂപ ഇൻഷൂറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന പദ്ധതിയിൽ ഈ വർഷം അഞ്ചു ലക്ഷം തൊഴിലാളികളെ ഉൾപ്പെടുത്തും. രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡുമുള്ള ഇതരസംസ്‌ഥാന തൊഴിലാളികളേയും പദ്ധതിയുടെ ഭാഗമാക്കും. തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെ ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നടത്താൻ കഴിയണം.

ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കാൻ പാലക്കാട് കഞ്ചിക്കോട്ട് ഫ്ളാറ്റ് മാതൃകയിലുള്ള കെട്ടിടങ്ങൾ നിർമിച്ചുവരുകയാണ്. 768 തൊഴിലാളികൾക്ക് ഇവിടെ താമസ സൗകര്യമുണ്ടാകും. കോഴിക്കോട്, എറണാകുളം ,തിരുവനന്തപുരം എന്നിവിടങ്ങളിലും ഉടൻ ഇത്തരം സൗകര്യമേർപ്പെടുത്തും .തുടർന്ന് സംസ്‌ഥാനത്താകെ ഇത് വ്യാപിപ്പിക്കും. തൊഴിൽ വകുപ്പിന്റെ നിരീക്ഷണത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗവൺമെന്റ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രഖ്യാപനങ്ങളെ നിറഞ്ഞ കരഘോഷത്തോടെയാണ് ഏവരും സ്വീകരിച്ചത്. സ്വന്തം നാടുപോലെ ഇവിടെയും താമസിക്കാമെന്ന വാഗ്ദാനത്തെ ഇതരസംസ്‌ഥാന തൊഴിലാളികൾ വലിയ സ്വപ്നങ്ങളോടെയാണ് വരവേൽക്കുന്നത്. ബേപ്പൂർ മണ്ഡലത്തിൽ ‘അപ്നാ ഘർ’ പദ്ധതി തുടങ്ങുമെന്ന പ്രഖ്യാപനവും ഇവർക്ക് ഏറെ പ്രതീക്ഷയേകുന്നു. റൈസിംഗ് കേരളയുടെ സമാപനച്ചടങ്ങിലായിരുന്നു ഇക്കാര്യം മന്ത്രി അറിയിച്ചത്. ചെരുപ്പുനിർമാണ മേഖലയിൽ ഭൂരിഭാഗവും ഇതരസംസ്‌ഥാന തൊഴിലാളികളാണെന്നിരിക്കേ അവർക്ക്്് ഒരുമിച്ചു താമസിക്കാനൊരിടം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

–ഫസൽ ബാബു