കുട്ടികളോടു ചെയ്യുന്ന അനീതി!
കുട്ടികളോടു ചെയ്യുന്ന അനീതി!
ഇടമലക്കുടിക്കാർ ഏറ്റവും പേടിക്കുന്നതു പെരുമഴക്കാലത്തെയാണ്. പെരുമഴ തുടങ്ങിയാൽ ഇവിടത്തെ ജനതയുടെ നെഞ്ചിലും പെരുമ്പറ മുഴങ്ങും. കാരണം, അതോടെ ഇടമലക്കുടിയിലേക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണമായും അടയും.

പാതകളിൽ പലേടത്തും മണ്ണിടിഞ്ഞും മരംവീണും യാത്ര അസാധ്യമാകും. കാട്ടരുവികളിൽ വെള്ളംപൊങ്ങി കുത്തൊഴുക്ക് തുടരുന്നതിനാൽ പല കുടികൾക്കും പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെടും. റേഷൻ അരിയെ ആശ്രയിച്ചു കഴിയുന്ന ജനതയാണ് ഇവിടെയുള്ളത്. മൂന്നാറിൽനിന്നു പെട്ടിമുടി വരെ ജീപ്പിൽ എത്തിക്കുകയും പിന്നീടു തലച്ചുമടായി ഇടമലക്കുടിയിലെ രണ്ടു റേഷൻ കടകളിലേക്കും അവിടെനിന്നു കുടികളിലേക്കും എത്തിക്കുന്നതാണ് രീതി. എന്നാൽ, മഴക്കാലത്ത് അരിനീക്കം അസാധ്യമാകും. ഇതോടെ കുടികളിൽ മഴയ്ക്കൊപ്പം പട്ടിണിയും പെയ്തിറങ്ങും, ഒപ്പം രോഗങ്ങളും.

പോഷകാഹാരക്കുറവ്

ഇടമലക്കുടിയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി പൊതുവേ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഈ മേഖലയിലെ പഠനങ്ങൾ പറയുന്നു. കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവും രോഗങ്ങളും വളരുകയാണ്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചു കുട്ടികളും മറ്റും മരിക്കുന്നതിന്റെ വാർത്ത പലപ്പോഴും പുറംലോകത്തുപോലും എത്താറില്ല.

പ്രകൃതിയുമായി ചേർന്നുള്ള ജീവിതമായിരുന്നു ഈ കൊടുങ്കാട്ടിൽ മുതുവാൻ ജനത നയിച്ചിരുന്നത്. നല്ല ആരോഗ്യമുള്ള തലമുറയാണ് ഇവിടെ വസിച്ചിരുന്നതും. എന്നാൽ, ഏതാനും വർഷങ്ങൾക്കു മുമ്പ് ദൃശ്യമാകാൻ തുടങ്ങിയ ചില പ്രവണതകളാണ് ഇവരുടെ ആരോഗ്യശൈലിയുടെ കടയ്ക്കൽ കത്തിവച്ചത്.

മാറിപ്പോയ കൃഷി

പൂർണമായും കൃഷി നടത്തിയും വനവിഭവങ്ങ ശേഖരിച്ചുമായിരുന്നു ഈ ജനതയുടെ ജീവിതം. തങ്ങൾക്ക് ആവശ്യമുള്ളതൊക്കെ ഇവർ സ്വയം ഉത്പാദിപ്പിച്ചിരുന്നു. റാഗി, ചോളം, തുവര, വിവിധയിനം ബീൻസുകൾ, കാച്ചിൽ, മധുരക്കിഴങ്ങ്, മറ്റു കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയൊക്കെയായിരുന്നു ഇവരുടെ പ്രധാന കാർഷിക വിഭവങ്ങൾ. കൃത്രിമമായ വളങ്ങളോ മറ്റോ ഉപയോഗിക്കാതെയുള്ള കൃഷിയായിരുന്നു ഇത്.

ഇതുമൂലം പോഷകസമ്പന്നമായ ഒരു ഭക്ഷ്യസംസ്കാരം ഇവിടെ നിലനിന്നിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി ഇവർ കൃഷിരംഗത്തുനിന്നു പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. പലരും കൃഷിതന്നെ ഉപേക്ഷിച്ചുകഴിഞ്ഞു. ഇതിന്റെ ഫലമോ? പുറമേനിന്നുള്ള ഭക്ഷ്യവിഭവങ്ങൾ ഇടമലക്കുടിയിലേക്ക് എത്തിത്തുടങ്ങി. ഇന്നു വലിയൊരളവിൽ ഭക്ഷ്യവിഭവങ്ങൾ പുറത്തുനിന്ന് എത്തിക്കുകയാണ്. അതിനാൽ മഴക്കാലത്തു ചരക്കുനീക്കം നിലയ്ക്കുമ്പോൾ കുടികളിൽ പട്ടിണിയാകുന്ന സ്‌ഥിതിയുമെത്തി. പ്രകൃതിയോട് ഇഴുകിച്ചേർന്നു ജീവിച്ചിരുന്ന ഇവരുടെ ഭക്ഷണശീലങ്ങളിൽ പെട്ടെന്നു വന്ന മാറ്റം പൊതുവേയുള്ള ആരോഗ്യസ്‌ഥിതിയെയും പ്രതികൂലമായി ബാധിച്ചു. അതോടൊപ്പമാണ് മദ്യപാനവും പുകയില ഉപയോഗവും പോലെയുള്ളവയുടെ കടന്നുവരവും.

എന്തുകൊണ്ടായിരിക്കാം ഇവർ കൃഷിയിൽനിന്നു പിൻവാങ്ങിയത്? കേരളത്തിലെ മലയോരകർഷകർക്കു പറയാനുള്ള കഥ തന്നെയാണ് ഇവർക്കും പറയാനുള്ളത്. വന്യമൃഗങ്ങളുടെ ശല്യം. ആനയും കാട്ടുപോത്തും കാട്ടുപന്നിയുമൊക്കെ ഇറങ്ങി കൃഷി നശിപ്പിക്കുന്നതു പതിവായതോടെയാണു പലരും കൃഷി ഉപേക്ഷിച്ചത്. ഒരു വർഷത്തെ അധ്വാനം മുഴുവൻ ഒന്നോരണ്ടോ മണിക്കൂറുകൾക്കൊണ്ടു നശിപ്പിക്കപ്പെടും. പണ്ടൊക്കെ മനുഷ്യസാന്നിധ്യമുള്ള പ്രദേശങ്ങളിൽനിന്ന് അകന്നുനിന്നിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ പതിവായി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരികയാണ് ഇടമലക്കുടിക്കാർ പറയുന്നു. ഒരുപക്ഷേ, വനത്തിനുള്ളിലെ മാറിയ സാഹചര്യങ്ങളായിരിക്കാം ഇതിനു കാരണമെന്നും ഇവർ പറയുന്നു.


ജനിച്ചുവീഴുന്നത്

ശുചിത്വരഹിതമായ അന്തരീക്ഷത്തിലേക്കാണു പല കുട്ടികളും ജനിച്ചുവീഴുന്നത് എന്നതാണ് ഇവിടെ കുഞ്ഞുങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗങ്ങളിൽ ഒന്ന്. ബഹുഭൂരിപക്ഷം സ്ത്രീകളും പ്രസവിക്കുന്നത് ആർത്തവകാല വാസത്തിനു വേണ്ടി തയാറാക്കിയിട്ടുള്ള വാലായ്മപുരകളിലാണ്. ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ മറ്റു പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെയോ സേവനം വാലായ്മപുരകളിൽ ഇല്ലാത്തതു അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുന്നത്.

വയറ്റാട്ടിയുടെയോ മറ്റോ സഹായം ഉണ്ടായാൽ അത്രയുമായി. വലിയ കുഴപ്പങ്ങളൊന്നുംകൂടാതെ പ്രസവം നടന്നാലും ഉടനെ അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്കു പോകാനാവില്ല. അടുത്ത 16 ദിവസം വരെ അവർ ഈ വൃത്തിഹീനമായ സാഹചര്യത്തിൽ വാലായ്മപുരയിൽതന്നെ കഴിയണമെന്നതാണ് ആചാരം. അമ്മയ്ക്കും കുഞ്ഞിനും അണുബാധയേൽക്കാനുള്ള അപകടകരമായ സാഹചര്യമാണ് ഇവിടെ ഉണ്ടാകുന്നത്.

നഷ്ടമാകുന്ന പരിചരണം

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അർഹതപ്പെട്ട പരിചരണം ലഭ്യമാകുന്നില്ല എന്നതാണ് ഇവിടുത്ത ബാല്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുരിതങ്ങളിലൊന്ന്. ആവശ്യമായ മരുന്നുകളും വൈദ്യസഹായവും ലഭ്യമാകാതെ ഗർഭം അലസുന്നതും മാസം തികയാതെ പ്രസവിക്കുന്നതും കുഞ്ഞ് ചാപിള്ളയായി പോകുന്നതുമൊക്കെ ഇടമലക്കുടിയുടെ പുറത്തറിയാതെ പോകുന്ന വേദനകളാണ്. ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയുമൊക്കെ വല്ലപ്പോഴും കിട്ടുന്ന സേവനംതന്നെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒന്നോ രണ്ടോ കുടികളിലേക്കു മാത്രമായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണു പലപ്പോഴും കാണാറുള്ളത്. ഉൾക്കാട്ടിലുള്ള കുടികളിൽ ഇതുപോലെ നടക്കുന്ന സംഭവങ്ങൾ ആരുമറിയാതെ അവിടെത്തന്നെ അവസാനിക്കുന്നു, ആവർത്തിക്കുന്നു.

കുട്ടികൾക്കു കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പുകളോ മറ്റു വാക്സിനേഷനുകളോ നൽകപ്പെടുന്നില്ല എന്നതും ബാലാവകാശ നിഷേധമാണെന്നതിൽ തർക്കമില്ല. പല മാതാപിതാക്കൾക്കും ഇത്തരം വാക്സിനേഷനുകൾ കുട്ടികൾക്കു യഥാസമയം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധ്യമുള്ളവരുമല്ല. 1980കളിൽ വില്ലൻചുമ പടർന്നുപിടിച്ചു 32 കുട്ടികൾ ഇടമലക്കുടിയിൽ മരിച്ചതായി മുതിർന്ന തലമുറ ഓർമിക്കുന്നു. ഇത്തരം പകർച്ചവ്യാധികൾ ഇന്നും ഇടമലക്കുടിക്കു മുകളിൽ ഭീഷണിയായി നിൽക്കുന്നുണ്ട്.

ആരോഗ്യപരമായും വിദ്യാഭ്യാസപരവുമായി മാത്രമല്ല കലാപരവും സാംസ്കാരികവുമായ വളർച്ചയും ഇവിടുത്തെ കുട്ടികൾക്ക് അന്യമാവുകയാണ്. അവരുടെ കഴിവുകളെ തിരിച്ചറിയാനോ അതിനെ വളർത്താനോ ഉള്ള സാഹചര്യങ്ങൾ ഇല്ലാതെ പോകുന്നത് ഈ കുട്ടികളോടു ചെയ്യുന്ന അനീതികൂടിയാണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിന്റെ ഏതു ഭാഗത്തുള്ള കുട്ടികളെയും പോലെ ആരോഗ്യകരമായ ചുറ്റുപാടിലേക്കു ജനിച്ചുവീഴാനും നല്ല ഭക്ഷണം കഴിക്കാനും പ്രതിരോധകുത്തിവയ്പുകൾ സ്വീകരിക്കാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം ഇടമലക്കുടിയിലെ കുട്ടികൾക്കുമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഈ കുട്ടികൾക്കു വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം?

(തുടരും)