അവർ കാത്തിരിക്കുന്നത്!
അവർ കാത്തിരിക്കുന്നത്!
ഇടമലക്കുടിയിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം തങ്ങളുടെ സുഖകരമായ ബാല്യവും കൗമാരവുമൊക്കെ ഇവിടത്തെ കുട്ടികൾക്കു നഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ബാധ്യത ഭരണകൂടങ്ങൾക്കും സമൂഹത്തിനുമുണ്ട്.

പലപ്പോഴും രോഗമറിയാതെയുള്ള ചികിത്സയാണ് ഇടമലക്കുടി ഉൾപ്പെടെയുള്ള ആദിവാസി–ഗോത്രവർഗമേഖലകളിലെ ക്ഷേമപദ്ധതികൾ പ്രകടമാകുന്നത്. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗമാണ് മുതുവാൻമാർ ഉൾപ്പെടെയുള്ള സമൂഹങ്ങൾ. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് പല ചൂഷണങ്ങളുടെയും അടിസ്‌ഥാന കാരണം. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ഇവരുടെ അജ്‌ഞത മുതലെടുത്താണു ചൂഷകർ കടന്നുവരുന്നത്. അതിനാൽ പുതുതലമുറയെ എങ്കിലും വിദ്യാഭ്യാസപരമായി വളർത്താൻ സമൂഹം ശ്രദ്ധിക്കണം.

വിദ്യാഭ്യാസം

എല്ലായിടത്തും നടപ്പാക്കുന്ന പദ്ധതികൾ ഇടമലക്കുടിയിലും നടപ്പാക്കിയേക്കാമെന്നു വിചാരിച്ചാൽ അതു വൻ പരാജയമായി മാറാനാണു സാധ്യത. ഇടമലക്കുടിയുടെ സവിശേഷമായ ഭൂമിശാസ്ത്ര പ്രത്യേകതകളും ആചാരങ്ങളും ജീവിതരീതികളുമൊക്കെ കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികൾ വേണം നടപ്പാക്കാൻ. യാത്രാസൗകര്യത്തിന്റെ അഭാവവും പട്ടിണിയുമൊക്കെയാണ് കുട്ടികളെ പലപ്പോഴും സ്കൂളുകളിൽനിന്ന് അകറ്റുന്നത്.

അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമ്പോൾ വെറുതെ ജോലി എന്നതിനേക്കാൾ ഉപരി ത്യാഗസന്നദ്ധതയോടെ പ്രവർത്തിക്കാൻ മനസുള്ളവരെ വേണം ഇടമലക്കുടിപോലെയുള്ള പ്രദേശങ്ങളിലേക്ക് നിയോഗിക്കാ. ഇത്തരം സാഹചര്യങ്ങളിൽ നിസ്വാർഥമായി പ്രവർത്തിക്കാൻ തയാറുള്ള സന്നദ്ധസംഘടനാ പ്രവർത്തകരെയോ ജീവകാരുണ്യപ്രവർത്തകരെയോ ഇതിനായി സഹകരിപ്പിക്കുന്നതു കൂടുതൽ പ്രയോജനം ചെയ്തേക്കും. ഇടമലക്കുടിയിലെ പഠനകേന്ദ്രങ്ങളിൽ അടിസ്‌ഥന സൗകര്യങ്ങൾ ഏർപ്പെടുത്തണം.

അതുപോലെ കുട്ടികൾക്കു പോഷകപൂർണമായ ഭക്ഷണം നൽകാനുള്ള സംവിധാനവും ഉണ്ടാകേണ്ടിയിരിക്കുന്നു. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള കുടികളിലെ കുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യത്തോടെയുള്ള സ്കൂളുകൾ സ്‌ഥാപിക്കുകയാണ് കുട്ടികളെ ക്ലാസുകളിലേക്ക് എത്തിക്കാനുള്ള മറ്റൊരു വഴി. ഇടമലക്കുടിക്കു പുറത്തുപോയി താമസിച്ചു പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും അതിനുള്ള സൗജന്യ യാത്രാസൗ കര്യവും ചെയ്തുകൊടുക്കണം. ഇതിനായി ആദ്യം ഇടമലക്കുടിയിൽ സമഗ്രമായൊരു സർവേ നടക്കേണ്ടിയിരിക്കുന്നു.

നിലവിൽ ഉള്ള സ്കൂളുകൾ, അവയിൽ പ്രവർത്തിക്കുന്നവ, അധ്യാപകരുടെ എണ്ണം,പ്രവർത്തനം, പഠനത്തിൽനിന്നു വിട്ടുനിൽക്കുന്ന കുട്ടികൾ തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ചതിനു ശേഷം വേണം ഇടമലക്കുടിക്കായി പദ്ധതി ആവിഷ്കരിക്കാൻ. അതുപോലെ കുട്ടികൾ പോയി ജോലി ചെയ്തു പോറ്റുന്ന കുടുംബങ്ങളെ പ്രത്യേകമായി പരിഗണിക്കണം. അവരുടെ കുടംബങ്ങൾക്കു ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുവേണം ഈ കുട്ടികളെയും സ്കൂളുകളിലേക്ക് എത്തിക്കാൻ.

ആരോഗ്യരംഗം

ഇടമലക്കുടിയിൽ അടിയന്തരശ്രദ്ധ വേണ്ട രംഗമാണ് ആരോഗ്യരംഗം. ടോയ്ലറ്റുകൾ നിർമിക്കാൻ ചില പദ്ധതികൾ നിലവിലുണ്ടെങ്കിലും അവ ഇവിടുത്തെ ജനതയ്ക്കു പ്രയോജനപ്പെടുന്ന രീതിയിൽ ഗുണനിലവാരത്തിൽ നിർമിക്കാൻ അധികൃതരുടെ ശ്രദ്ധവേണം. മിക്കപ്പോഴും ഇത്തരം പദ്ധതികളിൽ ഗുണഭോക്‌താക്കൾ കബളിപ്പിക്കപ്പെടുന്നതാണ് കണ്ടുവരുന്നത്. ടോയ്ലറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അവരെ ബോധ്യപ്പെടുത്തണം.


അതുപോലെ ശുദ്ധജലത്തിന്റെ ലഭ്യതയാണു മറ്റൊരു പ്രശ്നം. കുടികളിലെ ഭൂമിശാസ്ത്രം അനുസരിച്ച് എല്ലാ കുടികളിലേക്കും പൈപ്പ് വഴി വെള്ളം എത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ, അതതു കുടികളിൽ സൗകര്യപ്രദമായ കിണറുകൾ കുഴിച്ചുനൽകിയാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. അതു വൃത്തിയായും ഉത്തവാദിത്വബോധത്തോടെയും ഉപയോഗിക്കേണ്ടതിന്റെ പരിശീലനവും അവർക്കു നൽകണം.

24 മണിക്കൂറും സജ്‌ജമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയുടെ ആവശ്യം ഇടമലക്കുടിക്ക് ഉണ്ട്. പ്രസവശുശ്രൂഷ നടത്താൻ വരെ സൗകര്യമുള്ള ആശുപത്രിയും ത്യാഗസന്നദ്ധരായ ജീവനക്കാരും പ്രവർത്തിച്ചെങ്കിൽ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ. ഇങ്ങനെയൊരു ആശുപത്രിയുടെ നേതൃത്വമുണ്ടെങ്കിൽ വളരെ അകലെയുള്ള കുടികളിൽ അതിന്റെ ശാഖകൾ പ്രവർത്തിപ്പിക്കാൻ കഴിയും. സ്‌ഥിരം സംവിധാനം ഉണ്ടെങ്കിൽ കുട്ടികൾക്കും ഗർഭിണികൾക്കും വേണ്ട ആരോഗ്യ സുരക്ഷാ പദ്ധതികൾ ഒരു പരിധിവരെയെങ്കിലും നടപ്പാക്കിയെടുക്കാൻ കഴിയും.

പതിവായ ബോധവത്കരണ പദ്ധതികളും ഇടമലക്കുടിയിൽ നടക്കണം. ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ആ ദിവസത്തെ വേതനവും മറ്റു സമ്മാനങ്ങളുമൊക്കെ ഏർപ്പെടുത്തിയാൽ കൂടുതൽ പേരെ ആകർഷിക്കാൻ കഴിയും. അതുപോലെ തന്നെ കൃഷിയിലേക്കു വീണ്ടും തിരിയാൻ ജനതയെ പ്രേരിപ്പിക്കണം. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കേണ്ട ചുമതലയും സർക്കാരിനുണ്ട്.

പൊതുസൗകര്യങ്ങൾ

കുടികളിലെ പല വീടുകളും ചോർ ന്നൊലിക്കുന്നവയും സുരക്ഷിത്വമില്ലാത്തവയുമാണ്. ഇവരുടെ ഇച്ഛയ്ക്കനുസരിച്ചു പരമ്പരാഗതമോ അല്ലാത്തതോ ആയ വീടുകൾ നിർമിച്ചു നൽകുന്നതാണ് ഉചിതം. അതിനോടു ചേർന്നു തന്നെ ജലസംഭരണ സംവിധാനങ്ങളും ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കി നൽകാവുന്നതാണ്. സോളാർ വൈദ്യുതിയാണ് ഇടമലക്കുടിയിൽ പലേടത്തും പ്രായോഗികമായിട്ടുള്ളത്. അതുപോലെ മൈക്രോ ജലവൈദ്യുത പദ്ധതികളുടെ സാധ്യതകളും പരിശോധിക്കാവുന്നതാണ്. പ്രകൃതിക്കു ദോഷമല്ലെങ്കിൽ ഇതുപോലെയുള്ള പദ്ധതികൾ ഇടമലക്കുടിക്കു വലിയ സഹായമാകും.

പുറം ലോകവുമായി ബന്ധപ്പെടാനുള്ള വാർത്താവിനിമയ ബന്ധങ്ങൾ കൂടുതൽ ശക്‌തമാക്കണം. സമൂഹത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ദോഷമായ ആചാരങ്ങൾ ഉന്മൂലനം ചെയ്യാൻ കൂട്ടായ പരിശ്രമം വേണം. ശൈശവ വിവാഹം തടയാൻ ബോധവത്കരണവും നടപടിയും വേണം. വാർത്തകളും പരാതികളും ഉണ്ടാകുമ്പോൾ മാത്രം ഇടമലക്കുടിയെക്കുറിച്ചു ചിന്തിക്കുന്ന രീതി ഭരണകൂടങ്ങൾ വെടിഞ്ഞെങ്കിൽ മാത്രമേ ഇവിടുത്തെ കുട്ടികളെ നാടിന്റെയും വീടിന്റെയും സമ്പത്താക്കി വളർത്താൻ കഴിയൂ.

(അവസാനിച്ചു).