മൂത്രക്കല്ലിനു ഹോമിയോചികിത്സ
മൂത്രക്കല്ലിനു ഹോമിയോചികിത്സ
സാധാരണയായി ഉഷ്ണകാലത്ത് വർധിച്ചുവരുന്ന ഒരു അസുഖമാണു മൂത്രാശയ കല്ലുകൾ. ഉഷ്ണപ്രദേശങ്ങളിലും ഗൾഫിലും മറ്റും ജോലി ചെയ്യുന്നവരിൽ ശരീരത്തിലെ ജലാംശം കുറയുകയും അമിതമായി വിയർക്കുകയും മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രത്തിന്റെ കാഠിന്യം കൂടുകയും കല്ലുകൾ രൂപപ്പെടുകയും ചെയ്യുന്നു.

കാരണങ്ങൾ:– മൂത്രക്കല്ലിന് പല കാരണങ്ങൾ ഉണ്ട്. മൂത്രനാളിയിലെ തടസ്സം, മൂത്രാശയസംബന്ധമായ അണുബാധ, മൂത്രം കട്ടികൂടുന്ന അവസ്‌ഥ(അമിത വിയർപ്പ്, ഉഷ്ണകാലാവസ്‌ഥ, വെള്ളം കുടിക്കുന്നത് കുറവാകുക, ഫോസ്ഫേറ്റ്, യൂറിയ, യൂറിക്ക് ആസിഡ് എന്നിവ കൂടുതലുള്ള മൂത്രം), കാൽസ്യം വൈറ്റമിൻ ഗുളികകളുടെ അമിതമായ ഉപയോഗം, കൂടാതെ മൂത്രം കുറയാൻ കാരണമായ മറ്റ് ശാരീരികാസുഖങ്ങൾ, പാരമ്പര്യം എന്നിവ കാരണമാകുന്നു.

സാധാരണയായി കാൽസ്യം കല്ലുകളാണ് അധികമായും കാണാറുള്ളത്. കാൽസ്യം ഫോസ്ഫേറ്റ്, കാൽസ്യം ഓക്സലേറ്റ് എന്നിവ ധാരാളം. പിന്നെ യൂറിക്കാസിഡ്, ക്സാന്റീൻ എന്നിവയും കാണാം.
ലക്ഷണങ്ങൾ:– വേദനതന്നെയാണ് പ്രധാന ലക്ണം. തുളച്ചുകയറുന്നതുപോലെയോ പിരിച്ചുകയറ്റുന്നതുപോലെയോ നീറുന്നതോ ആയ വേദന. ഉദരഭാഗത്തുനിന്നും തുടങ്ങി നാഭിയിലേക്കും കാലിലേക്കും ഇറങ്ങുന്ന വേദന. അസഹ്യ വേദനയിൽ ഛർദ്ദിക്കാനോ മലമൂത്രവിസർജ്‌ജനത്തിനോ തോന്നുകയും, നടക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്‌ഥയും ചിലരിൽ വേദനയുടെ കാഠിന്യത്താൽ ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്യുന്നു. വിയർപ്പ്, തലകറക്കം, കൂടെക്കൂടെ മൂത്രം ഒഴിക്കണമെന്ന തോന്നൽ എന്നിവയും ലക്ഷണങ്ങളാണ്. പലരും ഏറ്റവും കഠിന വേദന മൂത്രക്കല്ലിനാൽ ഉണ്ടാകുന്ന വേദനയായിട്ടാണ് പറയാറ്. ഇടയ്ക്ക് ചിലർക്ക് രക്‌തം കലർന്ന മൂത്രം പോകാറുണ്ട്.

പരിശോധന:– പലതരം പരിശോധനകൾ നടത്തി അസുഖം മൂത്രക്കല്ല് തന്നെയാണെന്ന് സ്‌ഥിരീകരിക്കാം.

1.എക്സ്റേ:–. കെ.യു.ബിയിൽ സാമാന്യം വലിയ കല്ലുകൾ ദൃശ്യമാകും.

2.ഐ.വി.പി എക്സ്റേ എടുത്താൽ കല്ലും അതുകാരണമായുണ്ടാകുന്ന തടസങ്ങളും കാണാം.


3.യു.എസ്.ജി. സ്കാനിങ്ങിൽ കല്ലിന്റെ വലുപ്പം, കിഡ്നിയുടെ വലുപ്പം, നീർക്കെട്ടുണ്ടെങ്കിൽ അതും വ്യക്‌തമായി കാണാം.

4.മൂത്രപരിശോധന:– മൂത്രപരിശോധനയിൽ അണുബാധ, കാൽസ്യം ഫോസ്ഫേറ്റ്, ഓക്സലേറ്റ് എന്നീ ക്രിസ്റ്റലുകൾ കാണാം. പിന്നെ കല്ലിന്റെ ഇളക്കം മൂലമുണ്ടാകുന്ന ഉരച്ചിലിൽ പലർക്കും മൂത്രത്തിൽ ആർ.ബി.സി. കാണാം.

ചികിത്സ:–ഹോമിയോപ്പതി ചികിത്സയിൽ രോഗിയുടെ ശാരീരികവും മാനസികവും വ്യക്‌തിപരവുമായ ലക്ഷണങ്ങൾ പരിഗണിച്ചാണ് മരുന്ന് കണ്ടുപിടിക്കാറ്. വേദനയുടെ സ്വഭാവം– എവിടെ തുടങ്ങി എവിടെവരെ? എന്ത് ചെയ്താൽ വേദനയ്ക്ക് ആശ്വാസം കിട്ടും? കുടെയുള്ള മറ്റു ലക്ഷണങ്ങൾ– വിയർപ്പ്, വേദന എപ്പോൾ (മൂത്രം ഒഴിക്കുന്നതിനു മുമ്പെ, മൂത്രം ഒഴിക്കുമ്പോൾ, മൂത്രം ഒഴിച്ച ശേഷം) മറ്റു ലക്ഷണങ്ങളായ നടുവേദന, ശിഖിരമായി മൂത്രം പോവുക, മൂത്രതടസം, മൂത്രത്തിനുള്ള നിറവ്യത്യാസം, മണം എന്നീ ലക്ഷണങ്ങളും, മാനസിക ലക്ഷണങ്ങളും കണക്കിലെടുത്ത് ഒരു മരുന്ന് തിരഞ്ഞെടുക്കുകയും കൃത്യമായ അളവിൽ നിശ്ചിതകാലം കൊടുക്കുകയും ചെയ്താൽ ഈ അസുഖത്തിൽ നിന്നും പരിപൂർണമുക്‌തി നേടാമെന്ന് നൂറ് കണക്കിന് രോഗികളിലുള്ള അനുഭവ സാക്ഷ്യത്താൽ മനസിലാക്കാൻ പറ്റിയിട്ടുണ്ട്. പല വലുപ്പത്തിൽ പല ഭാഗങ്ങളിലുള്ള കല്ലുകൾ ഇങ്ങനെ ഹോമിയോപ്പതി മരുന്നുകൊണ്ട് സുഖപ്പെടുന്നുണ്ട്. രോഗികളിൽ വീണ്ടും കല്ല് വരാനുള്ള സാധ്യത ഹോമിയോപ്പതിയിൽ വളരെ അപൂർവം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിൽ ചികിത്സ ഇപ്പോൾ പരിപൂർണ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്. കാരണം ചികിത്സയ്ക്കു മുമ്പുള്ള മെഡിക്കൽ റിപ്പോർട്ടിൽ ഓരോ അസുഖത്തിന്റെയും തെളിവുകൾ (സ്കാനിംഗിൽ ഇടതു കിഡ്നിയിൽ 5 മില്ലിമീറ്റർ വലുപ്പമുള്ള കല്ല്, കിഡ്നിക്ക് നീർക്കെട്ട്) കൃത്യമായി ഡോക്ടർക്കും, രോഗിക്കും അറിയുന്നതാണ്. അതുകൊണ്ട് ചികിത്സയ്ക്കു ശേഷം ഇത്തരത്തിലുള്ള തെളിവുകൾ മാറിയാലേ രോഗം പരിപൂർണമായി മാറി എന്ന് രോഗിക്ക് ഉറപ്പാക്കാൻ പറ്റൂ.

ഡോ കെ.കെ.ഹരിദാസൻ
ബിഎച്ച്എംഎസ്, പിജിഡിപിസി, സായ്കൃപ, വെങ്ങേരി
കോഴിക്കോട്, ഫോൺ– 9447888371