നാണക്കേട്
നാണക്കേട്
ബെഗവൽ ഊരു എന്നാൽ പാറാവുകാരന്റെ ഗ്രാമം എന്നാണ് അർഥം. ഈ പദങ്ങളിൽ നിന്നാണ് ബംഗളൂരു എന്ന വാക്ക് ആവിർഭവിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന് കൂട്ടത്തോടെ സ്ത്രീകൾ അപമാനിക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും ഇതേ പാറാവുകാരുടെ ഗ്രാമത്തിലാണ്. പോരാത്തതിന്, അവരുടെ കൺമുന്നിലും...

ബെംഗളൂരു നഗരത്തിന്റെ ഹൃദയപഥത്തിലെ എംജി റോഡിലും ബ്രിഗേഡ് റോഡിലും അരങ്ങേറിയത് മാപ്പ് അർഹിക്കാത്ത അതിക്രമമാണ്. ഇൻഡ്യയുടെ സിലിക്കൺവാലി എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന നഗരത്തിൽ പുതുവത്സരാഘോഷങ്ങൾ പുത്തരിയല്ല. ആഘോഷം അതിരു കടക്കാതിരിക്കാൻ കർശനമായ പോലീസ് സാന്നിധ്യവുമുണ്ടാകും. ഇപ്രാവശ്യവും ഇവിടങ്ങളിൽ നിയമപാലകരെ വിന്യസിച്ചു. 1,500 പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നാണ് കണക്ക്. എന്നാൽ എല്ലാവിധ സുരക്ഷയും കാറ്റിൽ പറത്തി സാമൂഹ്യവി രുദ്ധർ അഴിഞ്ഞാടി. സ്ത്രീകളെ കടന്നുപിടിക്കുകയും കെട്ടിപ്പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ചില സ്ത്രീകൾ കൂർത്ത മുനയുള്ള സ്വന്തം ചെരിപ്പുകൾ കൊണ്ട് ഇവരുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു. സഹായത്തിന് നിലവിളിച്ച് പ്രാണരക്ഷാർഥം പൊതുനിരത്തുകളിലൂടെ പരക്കം പാഞ്ഞു. നഗരമാകെ പോലീസിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്ന് വീമ്പിളക്കിയ പോലീസ് മേധാവികളാരും നട്ടപ്പാതിരയ്ക്ക് സ്ത്രീകളുടെ നേരേ നടന്ന ഈ അതിക്രമങ്ങൾ അറിഞ്ഞില്ല. മദ്യലഹരിയിൽ തനി കാടന്മാരായി തോന്നുന്നതൊക്കെ കാട്ടിക്കൂട്ടിയ സാമൂഹ്യവിരുദ്ധരെ നിലയ്ക്കു നിറുത്താനോ അരുതെന്ന് വിലക്കാനോ അവിടെയുണ്ടായിരുന്ന പോലീസുകാരും മെനക്കെട്ടില്ല. അറുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിനിടയിലെ അതിക്രമങ്ങളെ 1,500 പോലീസുകാർക്ക് മാത്രമായി പ്രതിരോധിക്കാനാവുമോ എന്ന ചിന്തയിലാകാം നിയമത്തിന്റെ കാവൽമാലാഖമാർ മൗനം പാലിച്ചത്.. പോലീസുകാരോട് കരഞ്ഞ് കേണപേക്ഷിച്ച് രക്ഷിക്കണേ എന്ന് അപേക്ഷിച്ച സ്ത്രീകളെ സഹായിക്കാൻ ചില പോലീസുകാർ ആദ്യം രംഗത്തു വന്നതായും പറയപ്പെടുന്നു. അക്രമികളെ ആട്ടിയോടിച്ചെങ്കിലും നിമിഷങ്ങൾക്കകം അവർ ഇരട്ടി വീര്യത്തോടെ വീണ്ടും തിരിച്ചെത്തി.

പുതിയ വർഷത്തിന്റെ ആഗമനം ആഘോഷിക്കാൻ വന്നവർ മാത്രമല്ല അവിടെ അക്രമങ്ങൾക്ക് ഇരകളായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരും കുടുംബാംഗങ്ങളോടൊപ്പം റോഡിലൂടെ സഞ്ചരിച്ചവരുമൊക്കെ അപ്രതീക്ഷിത ആക്രമണത്തിന് വിധേയരായി.

പരാതികളൊന്നും കിട്ടിയില്ലെന്ന് പോലീസ്

സംഭവത്തിന്റെ ഗൗരവം വ്യക്‌തമാക്കുന്ന ഫോട്ടോഗ്രാഫുകളും ദൃക്സാക്ഷി മൊഴികളും ഉണ്ടായിട്ടും ഇത്തരത്തിൽ ഏതെങ്കിലും പീഡനത്തിന്റെയോ ഉപദ്രവിക്കലിന്റെയോ യാതൊരു പരാതിയും ആരും നൽകിയിട്ടില്ലെന്നാണ് സിറ്റി പോലീസിന്റെയും ബംഗളൂരു കമാൻഡ് സെന്ററിന്റെയുംവാദം. നഗരത്തിലെ തിരക്കിൽപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നും അവരെ കണ്ടെത്താൻ സഹായിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് ചില സ്ത്രീകൾ തങ്ങളെ സമീപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. രാത്രി പത്തു മുതൽ നേരം വെളുക്കുന്നതിനിടയിൽ 450 ഫോൺ കോളുകൾ ലഭിച്ചുവെന്നും പക്ഷെ, അവയൊന്നും ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളായിരുന്നില്ലെന്നും കമാൻഡ് സെന്റർ വക്‌താക്കൾ പ്രതികരിച്ചു.

വൃഷഭാവതി നദിയുടെ തീരത്തെ ഉദ്യാനനഗരത്തിൽ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീർ തുടയ്ക്കാൻ തുനിയാതെ, കേവലം കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു പോലീസ് എന്ന ആരോപണം ശക്‌തമാണ്. സാംസ്കാരിക പെരുമയ്ക്ക് കീർത്തിയാർജിച്ച രാജ്യത്തെ ഒരു നഗരത്തിലെ അഴിഞ്ഞാട്ടം വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയായി. സ്ത്രീകൾക്കു നേരെയുള്ള അക്രമം പോലീസ് റിപ്പോർട്ടുകളിലില്ലെങ്കിലും പുതുവത്സരത്തലേന്ന് മദ്യപിച്ച് വാഹനം ഓടിച്ച 461 പേർക്കെതിരേ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അന്ന് സായാഹ്നം മുതലേ നഗരത്തിൽ പ്രശ്നങ്ങൾ തല പൊക്കിത്തുടങ്ങിയിരുന്നുവത്രെ. അധികമാരും പുറത്തറിഞ്ഞില്ലാ എന്നതാണ് വാസ്തവം. നഗരത്തിൽ പലയിടത്തും ബൈക്കുകളിലെത്തിയ സാമൂഹ്യവിരുദ്ധർ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തുകയും അശ്ലീലച്ചുവയാർന്ന സംഭാഷണം നടത്തുകയും കടന്നു പിടിക്കാൻ തുനിയുകയും ചെയ്തു.

സുരക്ഷാ നിയമം രക്ഷിക്കുമോ..?

ബംഗളൂരു സംഭവം ഡൽഹി ഉൾപ്പെടെ രാജ്യത്തെ ഒന്നാകെ അമ്പരപ്പിലാഴ്ത്തി. ഇവിടത്തെ നഗരങ്ങൾ സ്ത്രീ സുരക്ഷയ്ക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നൽകുന്നില്ലായെന്നത് ആശങ്കാജനകമായ സ്‌ഥിതിവിശേഷമാണ്. ഡൽഹിയിലും മറ്റും വേദനാജനകമായ പല വർത്തമാനങ്ങളും ആവർത്തിക്കുമ്പോഴും ദക്ഷിണേന്ത്യയിൽ അങ്ങനെയൊന്നും സംഭവിക്കില്ലായെന്ന ചിന്താഗതിയിലായിരുന്നു പലരും. മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ ബെംഗളൂരൂവിൽ വിവിധ കോഴ്സുകൾ പഠിക്കുന്നുണ്ട്. സ്ത്രീകൾ പല സ്‌ഥാപനങ്ങളിലും ഉദ്യോഗസ്‌ഥരായി കഴിയുന്നു.

2014– ൽ ബംഗളൂരുവിൽ മാത്രം 690 ലൈംഗിക പീഡന കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പല കേസുകളിലും പ്രതികൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. തൊട്ടടുത്ത വർഷം കേസുകളുടെ എണ്ണം വർധിച്ചു– 714 ആയി. 171 കേസുകളുടെ അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇക്കഴിഞ്ഞ വർഷം 756 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 197 എണ്ണം മാത്രമേ അവസാനിച്ചിട്ടുള്ളൂ. രാജ്യത്തിനാകെ നാണക്കേടായ ഇത്തരം അനിഷ്ടസംഭവങ്ങൾക്ക് പോലീസുകാരെ കൊണ്ടു മാത്രം പരിഹാരം കാണാനാവില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ബോധവത്കരണം ഉൾപ്പെടെയുള്ള മാർഗങ്ങൾ ചിട്ടയോടെ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് പല പൊതുപ്രവർത്തകരും പറഞ്ഞു. നിയമം കർശനമാക്കണമെന്നും ഇത്തരം സംഭവങ്ങളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ക്രമസമാധാന പാലനത്തിന് കൂടുതൽ പേരെ നിയമിക്കണമെന്നും മറ്റുമുള്ള അഭിപ്രായഗതികളും ഉയരുന്നുണ്ട്. അതേ സമയം, ഈ സംഭവം നടന്ന കർണ്ണാടക സംസ്‌ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം മറ്റൊന്നായിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ ഇതൊക്കെ പതിവാണെന്നും സ്ത്രീകൾ പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് ചിലരെ പ്രലോഭിപ്പിച്ചെന്നും അതിനാലാണ് അക്രമങ്ങൾ ഉണ്ടായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പരസ്യമായി മാപ്പ് പറയാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ മന്ത്രിക്ക് നോട്ടീസ് നൽകി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് മന്ത്രി പിന്നീട് പ്രസ്താവനയിലൂടെ അറിയിച്ചു.


വേണം ചികിത്സ ഈ മാനസിക വൈകല്യങ്ങൾക്ക്...

ആഘോഷങ്ങളുടെയും വസ്ത്രധാരണരീതിയുടെയുമൊക്കെ ന്യായീകരണങ്ങൾ നിരത്തുന്നവരോട് സ്ത്രീ സമൂഹം ഉന്നയിക്കുന്ന മറുചോദ്യങ്ങളിൽ കേരളത്തിലെ സൗമ്യക്കും ജിഷയ്ക്കും നേരിട്ട ദുരന്തങ്ങളുടെ ദൃഷ്ടാന്തങ്ങളുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികമാർ വരെ അതിക്രൂരമായി വേട്ടയാടപ്പെടുന്നു. ലൈംഗികാവശ്യങ്ങൾ നിർവഹിക്കപ്പെടാനുള്ള ഉപകരണങ്ങൾ മാത്രമായി സ്ത്രീ സമൂഹത്തെ കണക്കാക്കുന്ന മാനസിക വൈകല്യത്തിന് കൃത്യമായ ചികിത്സ കൂടിയേ തീരൂ. ഓരോ വർഷത്തെയും കുറ്റകൃത്യങ്ങളുടെ സ്‌ഥിതിവിവര കണക്കുകൾ പരിശോധിക്കുമ്പോൾ വളരെ ഗൗരവമായി ഈ വിഷയം കൈകാര്യം ചെയ്യേണ്ടതാണെന്ന് വ്യക്‌തമാകും. 2013 –ൽ 3,09,546 കേസുകളാണ് സ്ത്രീകൾക്കെതിരെ വിവിധ പ്രദേശങ്ങളിലായി നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2014– ൽ 3,37,922 എന്ന നിലയിലേക്ക് കേസുകൾ വർധിച്ചപ്പോൾ തൊട്ടടുത്ത വർഷം 3,27,394 ആയി കുറഞ്ഞു. 2015 ൽ മാത്രം 34,651 ബലാത്സംഗ കേസുകളും 2,113 കൂട്ടബലാത്സംഗ കേസുകളും രജിസ്റ്റർ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം ഏൽക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ കണക്കും ആശങ്കയുണർത്തുന്നതാണ്– 2014 ൽ 82,235 കേസുകളും 2015 ൽ 84,222 കേസുകളും. തട്ടിക്കൊണ്ടുപോകലിന്റെ തോതും വർധിച്ചുവരുന്നുണ്ട്. 2015– ൽ 59,227 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2014 –ൽ ഇത്തരം കേസുകളുടെ എണ്ണം 57,311 ആയിരുന്നു.

കുറ്റകൃത്യങ്ങളുടെയും തലസ്‌ഥാനം

സ്ത്രീകൾക്കെതിരെ പല തരത്തിലുമുള്ള കുറ്റകൃത്യ ങ്ങളുടെയും തലസ്‌ഥാനമായി ഡൽഹി കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ആസാമാണ് രണ്ടാം സ്‌ഥാനത്ത്. അയൽവാസിയുടെയും അടുത്ത ബന്ധുവിന്റെയും ചൂഷണങ്ങൾക്ക് നിഷ്കളങ്ക ബാല്യങ്ങൾ ഇരകളാകുന്നു. കുഞ്ഞുങ്ങൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിൽ 2015– ൽ രജിസ്റ്റർ ചെയ്യപ്പെട്ട 94,172 കേസുകളിൽ 76,345 എണ്ണവും തട്ടിക്കൊണ്ടുപോകലും പീഡനവുമാണ്. ഔദ്യോഗിക കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല ഇതൊന്നുമെന്നതും നീറുന്ന യാഥാർഥ്യം. പല തരത്തിലുള്ള സമ്മർദ്ദങ്ങൾ അടക്കം പുറത്തു വെളിപ്പെടുത്താത്ത സംഭവങ്ങളും ഏറെയുണ്ടാകാം.

ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിരത്തിൽ ഒരു യുവതിയെ രണ്ടു ബൈക്ക് യാത്രികർ ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. അക്രമികൾ തദ്ദേശവാസികളാകാനിടയില്ലെന്നാണ് അവിടത്തുകാരുടെ കാഴ്ചപ്പാട്. ആർക്കും എവിടെയും എന്തും ചെയ്യാമെന്ന അവസ്‌ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മുതിർന്ന തലമുറയിലെ അംഗങ്ങൾ നെടുവീർപ്പിടുന്നു. ബോളിവുഡ് താരങ്ങളായ ആമീർഖാനും അക്ഷയ്കുമാറും ബംഗലൂരു സംഭവത്തെ അപലപിച്ചു. കർണ്ണാടക ആഭ്യന്തര മന്ത്രി രാജി വയ്ക്കണമെന്ന് നടി സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. പുതുവത്സരാഘോഷങ്ങളിലെ അതിക്രമങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസും സാഹചര്യം മുഖവിലയ്ക്കെടുത്തു. ആറുപേരെ അറസ്റ്റു ചെയ്തതായി പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാൻ ഇടയാകരുത്...

ഭാരതത്തിനേറ്റ ആഴമേറിയ മുറിവുകളിലൊന്നാണ് നിർഭയ സംഭവം. ഓടുന്ന ബസ്സിൽ ഒരു പാവം പെൺകുട്ടി കണ്ണിൽ ചോരയില്ലാത്ത നരാധമന്മാരുടെ മൃഗയാവിനോദത്തിന് ഇരയായത് രാജ്യത്തിന്റെ തലസ്‌ഥാന നഗരത്തിൽ തന്നെയായിരുന്നു. പ്രതികളെ പിടികൂടുകയും നിയമത്തിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. നിയമം പാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനോടൊപ്പം ലംഘിക്കപ്പെടുന്നതിനുള്ള പഴുതുകളും കുറവല്ലായെന്ന് ചില സാമൂഹ്യപ്രവർത്തകർ കൂട്ടിച്ചേർത്തു. മൃഗങ്ങൾ പോലും ചെയ്യാൻ അറയ്ക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങളാണ് മനുഷ്യരുടെ ഭാഗത്തു നിന്നും വ്യാപകമാകുന്നത്. വേട്ടനായ്ക്കളുടെ ശൗര്യത്തോടെ ഇരകൾക്കു മേൽ ഈ സാമൂഹ്യവിരുദ്ധർ തക്കം നോക്കി ചാടിവീഴുന്ന സംഭവങ്ങൾ വാർത്തകളായി മാത്രം അവശേഷിക്കുകയും പ്രതികൾ സർവസ്വതന്ത്രരായി വിഹരിക്കുകയും ചെയ്യുന്ന എത്രയോ കാഴ്ചകൾ... നമ്മുടെ നിരത്തുകളിലും തെരുവുകളിലും അനുദിനം സുരക്ഷിതത്വം കുറഞ്ഞു വരികയാണോ...? സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങൾക്കും മൂർച്ചയുള്ള പ്രതികരണങ്ങൾക്കും ഉചിതമായ ഫലമുണ്ടാകുമോ.. ? അതിരു കടന്ന നഗരവത്കരണമാണ് ഇത്തരം സംഭവങ്ങളെന്ന് ചിലർ പഴി ചാരുമ്പോഴും മാനക്കേടിന്റെ കഥകൾ ഇനിയും പരമ്പരകളാകാതിരിക്കാനും ശ്രദ്ധിക്കേണ്ടേ..?

–ഗിരീഷ് പരുത്തിമഠം