പുറംലോകം കാണാതെ ഇരുൾമുറികൾക്കുള്ളിൽ
പുറംലോകം കാണാതെ ഇരുൾമുറികൾക്കുള്ളിൽ
ഇതരസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ പ്രായോഗികമായ പദ്ധതികളൊന്നും സംസ്‌ഥാനത്തു നടപ്പാക്കിയിട്ടില്ല. വിവിധയിടങ്ങളിലായി ഇതരനാട്ടുകാരായ ആകെ എത്ര കുട്ടികളുണ്ടെന്നതിനും വ്യക്‌തമായ കണക്കുകളില്ല. ഒരു വിഭാഗം കുട്ടികൾ അവരുടെ സ്വന്തം വീടുകളിലും ഇവിടെയുമായി മാറിമാറി താമസിക്കുന്നു. പലരും സ്കൂളിൽ പോയിട്ടേയുള്ളവരല്ല. ലേബർ ക്യാമ്പുകളിലും തോട്ടങ്ങളിലെ ലയങ്ങളിലും പാർക്കുന്ന കുഞ്ഞുങ്ങൾക്ക് മലയാളം എഴുതാനും വായിക്കാനും പറയാനും അറിയില്ല. ഗോത്രഭാഷകളും നാട്ടുഭാഷകളും പറയുന്നവരാണ് ഏറെപ്പേരും. ഈ കുട്ടികൾക്ക് പുറംലോകവുമായി ബന്ധവുമില്ല. ആസാമിലും ബംഗാളിലും ജാർഖണ്ഡിലുമൊക്കെ സീസൺ അനുസരിച്ച് കൃഷി ആരംഭിക്കുമ്പോൾ പാടങ്ങളിലെ ജോലി ചെയ്യാൻ അവിടേക്കു പോകുന്ന കുട്ടികൾ മാസങ്ങളോളം അവിടെ തങ്ങും. നെല്ലും ഗോതമ്പും പയറും കരിമ്പും കടുകും തിനയും ചോളവുമൊക്കെയാണ് അവിടെ കൃഷി. കൃഷി ഇറക്കുന്ന മാസങ്ങളിൽ പാടങ്ങളിൽ താൽക്കാലിക കൂടാരങ്ങളൊരുക്കി കുട്ടികൾ മുതിർന്നവർക്കൊപ്പം കഴിയുകയും അവർക്കൊപ്പം ജോലി ചെയ്യുകയും ചെയ്യുക സാധാരണം.
കേരളത്തിലെ സ്കൂളുകളിൽ ഇവർ പഠനം തുടങ്ങിയാൽതന്നെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ നാട്ടിലേക്കു മടങ്ങിപ്പോകും. ഓണം, ക്രിസ്മസ് തുടങ്ങിയ അവധിക്കാലം ഇവർക്കു ബാധകമല്ല.

ഹോളി, ദസറ, ദീപാലവലി, പൊങ്കൽ, ഈദ് തുടങ്ങിയ ആഘോഷകാലങ്ങളിൽ ഇതര സംസ്‌ഥാനക്കാർ അവിടേക്കു പോകുന്നതിനാൽ ഇവിടത്തെ ക്ലാസുകൾ മുടങ്ങും. എട്ടു ദിവസം നീളുന്ന യാത്രയാണ് ആസാമിലേക്കുള്ള പോക്കും വരവും. അഞ്ചാം ക്ലാസിനപ്പുറം പുറംനാട്ടിൽനിന്നെത്തുന് കുട്ടികളൊന്നും ഇവിടെ പഠനം തുടരാറില്ല. പ്രായഭേദമന്യേ കുട്ടികളെയും കൂലിവേലയ്ക്ക് അയയ്ക്കണമെന്ന താത്പര്യക്കാരാണ് മാതാപിതാക്കൾ. അവർക്കൊപ്പം കൊളുന്ത് നുള്ളാനും കാപ്പിക്കുരു പറിക്കാനും തൊഴിലാളികൾക്കൊപ്പം പോകുന്ന കുട്ടികൾ പല തോട്ടങ്ങളിലുമുണ്ട്.

ഇടുക്കി, കോട്ടയം തോട്ടം മേഖലയിൽ വിവിധ സ്കൂളുകളായി 700 ഇതരസംസ്‌ഥാന കുട്ടികൾ പഠിക്കുന്നുതായാണ് എസ്എസ്എയുടെ സർവെ. ആസാമിലെ ദറാംഗ് ജില്ലക്കാരാണ് ഏറെപ്പേരും. ഇതരസംസ്‌ഥാന കുട്ടികളെ പഠിപ്പിക്കാൻ എസ്എസ്എ നിയോഗിച്ച ഹിന്ദി, ബംഗാളി, ആസാമീസ് ഭാഷകൾ അറിയാവുന്ന മലയാളികളായ അധ്യാപികമാർക്ക് മാസവേതനമായി നിശ്ചയിച്ചിരുന്ന 3,000 രൂപ ഇക്കൊല്ലം നൽകിയിട്ടില്ല. പഠനം മാത്രമല്ല മറ്റു നാട്ടിൽനിന്നുള്ള കുട്ടികളുടെ ശുചിത്വം, അച്ചടക്കം എന്നിവയെല്ലാം ശ്രദ്ധിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകർ തുശ്ചമായ വേതനം അന്വേഷിച്ച് കയറിയിറങ്ങാത്ത ഓഫീസുകളില്ല. അധ്യയന ദിവസങ്ങളിൽ തുച്ഛമായ 100 രൂപയാണ് ഇവർക്ക് ദിവസവേതനം നിശ്ചയിച്ചിരിക്കുന്നത്. ഇക്കൊല്ലംമുതൽ അധ്യാപകരുടെ വേതനം അയ്യായിരമായി വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. വേതനം മുടങ്ങിയതോടെ ഏതാനും അധ്യാപകർ ജോലി ഉപേക്ഷിച്ചുപോയി. ചില എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് നൽകിവരുന്ന തുശ്ചമായ വേതനമാണ് അധ്യാപികമാർക്ക് ഇന്നുള്ള ഏക വരുമാനം.

എസ്എസ്എയിൽ ഫണ്ടുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ദിവസക്കൂലിക്കു ജോലി ചെയ്യുന്ന നിർധനരായ അധ്യാപകർക്ക് വേതനം മുടങ്ങാൻ കാരണമായിരിക്കുന്നത്.


ബിരുദവും ബിഎഡും ടിടിസിയും ഉൾപ്പെടെ യോഗ്യതയുള്ള അധ്യാപകരാണ് ഹിന്ദി, ആസാമി ഭാഷകളിൽ കുട്ടികളെ എയ്ഡഡ് സ്കൂളുകളോടു ചേർന്ന് പഠിപ്പിക്കുന്നത്. രാലിലെ ഒൻപതു മുതൽ വൈകുന്നേരം മൂന്നര വരെ അധ്യാപനത്തിനു പുറമെ ഇതര സംസ്ഥാന കുട്ടികളുടെ ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങൾ ഈ അധ്യാപകരുടെ ചുമതലയിലാണ്. അവധി ദിവസങ്ങളിൽ കുട്ടികളെ വാസസ്‌ഥലങ്ങളിലെത്തി അധ്യാപികമാർ സൗജന്യ ട്യൂഷനും നൽകാറുള്ളതായി പുള്ളിക്കാനം സ്കൂളിൽ അധ്യാപികയായ ഷിൻസി പറഞ്ഞു.

പലപ്പോഴും തൊഴിലാളിക്കോളനികളും ക്യാമ്പുകളും സന്ദർശിച്ച് അധ്യാപികമാർ തന്നെയാണ് കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നത്. അവധി ദിവസങ്ങളിൽ ഇവർ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. കുട്ടികൾക്ക് ഉച്ചക്കഞ്ഞി തയാറാക്കി കൊടുക്കുന്നതിനുള്ള ചുമതലയും അധ്യാപകർക്കുതന്നെ. കഴിഞ്ഞ വർഷം 100 രൂപ ദിവസവേതനത്തിനു നിയമിതരായ ഇവർക്ക് ഇക്കൊല്ലം വേതനം വർധിപ്പിച്ചു നൽകാമെന്നും എസ്എസ്എയിൽനിന്ന് ഉറപ്പുണ്ടായിരുന്നു. സർക്കാർതലത്തിലുള്ള ഉത്സവബത്തയോ ഇതര ആനുകൂല്യങ്ങളോ പോകട്ടെ തൊഴിലുറപ്പുകൂലിയുടെ നിരക്കുപോലും ഇവർക്ക് നൽകാൻ സാധിച്ചിട്ടില്ല. ഇതര സംസ്‌ഥാന തൊഴിലാളി കുട്ടികൾക്ക് സ്പെഷൽ സ്കൂളുകൾ തുടങ്ങുക പ്രായോഗികമല്ല. അതിനാൽ ഇവിടെയുള്ള മലയാളം സ്കൂളുകളിൽ ഈ കുട്ടികൾക്ക് സമാന്തര വിദ്യാഭ്യാസം നൽകുകയാണ് പോംവഴി. സമ്പൂർണനിരക്ഷരതയിൽ നിന്ന് ഈ സമൂഹത്തെ രക്ഷിക്കാൻ ഇതു മാത്രമാണ് പരിഹാരം. ഈ കുട്ടികൾക്കു വേണ്ടി തദ്ദേശിയ ഭാഷകളിൽ പുസ്തകങ്ങളും പാഠ്യക്രമവും അനിവാര്യമാണ്– എസ്എസ്എ പരിശീലകനായ ദിലീപ് അഭിപ്രായപ്പെട്ടു.
ദിവസങ്ങളോളം കുളിക്കാതെയും വസ്ത്രം മാറാതെയും കഴിയുന്ന കുട്ടികളെയാണ് ലയങ്ങളിൽ കാണാനാവുക. രോഗാതുരമാണ് ഈ പാർപ്പിടങ്ങൾ.

ഒന്നാം ക്ലാസിൽതന്നെ ആറു മുതൽ പത്തു വരെ വയസ് പ്രായമുള്ള കുട്ടികളെ ഏലപ്പാറ, പുള്ളിക്കാനം, വണ്ടിപ്പെരിയാർ, പീരുമേട്, വാഗമൺ, പുള്ളിക്കാനം എന്നിവിടങ്ങളിലെ സ്കൂളുകളിൽ കാണാം. വണ്ടിപ്പെരിയാർ സ്കൂളിൽ മാത്രം എൺപതു കുട്ടികൾ പഠിക്കുന്നു.

പലപ്പോഴും ഒരേ വീട്ടിലെ കുട്ടികൾ ഒരേ ക്ലാസിൽ ഒരുമിച്ചേ ഇരിക്കൂ. ഈ സാഹചര്യത്തിൽ ഒരേ സമയം ടീച്ചർ ഒന്നിലേറെ ക്ലാസുകളിലെ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ട സാഹചര്യം വരും. കുട്ടികളുടെ കൃത്യമായ പ്രായമോ ജനനത്തീയതിയോ രക്ഷിതാക്കൾക്ക് തിട്ടമില്ല. കുട്ടിയുടെ വലിപ്പം നോക്കി പ്രായം നിശ്ചയിക്കുന്ന രീതിയാണ് എസ്റ്റേറ്റ് മേഖലയിലെ സ്കൂളുകളിലുള്ളത്.

ഇതര സംസ്‌ഥാന തൊഴിലാളികളെ ഭാഷ പഠിപ്പിക്കാൻ സംസ്‌ഥാന സാക്ഷരതാ മിഷൻ പദ്ധതി തയാറാക്കുന്നുണ്ട്. മലയാളം, ഹിന്ദി ഭാഷകളാണ് പഠിപ്പിക്കുക. അറിവു നൽകാനായി വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. പ്രാദേശിക ഗ്രന്ഥശാലകൾ വഴി സാമൂഹിക സാക്ഷരതയ്ക്കൊപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ച് ബോധവൽക്കരണവും ലക്ഷ്യമിടുന്നു. ഏകദേശ കണക്കുകൾ അനുസരിച്ച് സംസ്‌ഥാനത്ത് 25 ലക്ഷത്തോളം ഇതര സംസ്‌ഥാന തൊഴിലാളികളാണ് ജോലി
ചെയ്യുന്നത്. (തുടരും).