ഇവിടെ പാർക്കുന്നത് നിരക്ഷരരുടെ തലമുറകൾ
ഇവിടെ  പാർക്കുന്നത്  നിരക്ഷരരുടെ തലമുറകൾ
പാറിപ്പറക്കുന്ന ചെമ്പൻമുടി. ചെളിപുരണ്ട മുഖം. വൃണം ഉണങ്ങാത്ത കൈകാലുകൾ. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. പരമദയനീയമാണ് ഈ കാഴ്ച. സ്വന്തം നാട്ടിലും മറുനാട്ടിലും ദുരിതങ്ങളുടെ ഇരകളാണ് ഈ കുരുന്നുകൾ. 90 വർഷം മുൻപു തോട്ടങ്ങളുണ്ടാക്കിയ ബ്രിട്ടീഷുകാർ പണിത ലയങ്ങളു(പാടി)ടെ ഇന്നത്തെ സ്‌ഥിതി ദയനീയം. ഓരോ ലയത്തിലും കാലാകാലങ്ങളിൽ തലമുറകൾ പാർത്തിട്ടുണ്ട്. ഒരിക്കൽപ്പോലും അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലാത്ത ലയങ്ങളിൽ മൂന്നും നാലും കുഞ്ഞുങ്ങളെ കാണാം. നിരയായുള്ള ഒരു ലയത്തിനുള്ളിൽ എട്ടും പത്തും കുടുംബങ്ങളും അവരുടെ പല പ്രായക്കാരായ മക്കളും പാർക്കുന്നു. ഏറെ ലയങ്ങളിലും ഒരു അംഗൻവാടി തുടങ്ങാനുള്ള കുട്ടികളുണ്ട്. പകലത്രയും തേയിലക്കാടുകൾക്കിടയിലൂടെ വെറുതെ അലയുന്ന ഈ കുട്ടികളേറെയും സ്കൂളിൽ പോകുന്നവരല്ല. പുറംലോകത്തിന് പ്രവേശനമില്ലാത്ത എസ്റ്റേറ്റുകൾക്കുള്ളിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഈ ഇളംതലമുറയുടെ ക്രിയാത്മകതയും സർഗാത്മകതയും കൂമ്പടയുകയാണ്.

രാവിലെ ഏഴിന് മാതാപിതാക്കൾ തോട്ടങ്ങളിലേക്ക് ജോലിക്കു പോയിക്കഴിഞ്ഞാൽ വാസസ്‌ഥലത്ത് കുഞ്ഞുങ്ങൾ തനിച്ചാണ്. മക്കളെ സ്കൂളിൽ അയയ്ക്കുന്നതിനെക്കുറിച്ചോ പഠിപ്പിച്ച് അക്ഷരം പഠിപ്പിക്കുന്നതിനെക്കുറിച്ചോ രക്ഷിതാക്കൾ അജ്‌ഞരാണ്. ഈ രക്ഷിതാക്കളും നിരക്ഷരർതന്നെ. ആസാം, ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽനിന്ന് ഉപജീവനം തേടിയെത്തിയ ഈ തൊഴിലാളികൾക്ക് 10 ശതമാനത്തിൽതാഴെയാണ് സാക്ഷരതാ നിരക്കെന്ന് വിവിധ എസ്റ്റേറ്റ് സൂപ്രണ്ടുമാർ സാക്ഷ്യപ്പെടുത്തുന്നു. പേരെഴുതി ഒപ്പിട്ടു വേതനം വാങ്ങാൻ അറിയുന്നവർ ചുരുക്കം. കറൻസി നോട്ട് എണ്ണിവാങ്ങാൻ അറിയുന്ന സ്ത്രീകളും കുറവ്. പലരും വിരലടയാളം പതിച്ചാണ് ആഴ്ചവേതനം വാങ്ങുന്നത്. വണ്ടിപ്പെരിയാർ തോട്ടങ്ങളിൽ മുറിയം ഖാത്തൂറിനെയും ഫാത്തിമ ഖാത്തൂറിനെയും പോലെ നിരക്ഷരരായ അൻപതിലേറെ സ്ത്രീകളെ കണ്ടു. ഇവരുടെ മൂന്നു തലമുറകൾക്ക് എഴുത്തും വായനയും അറിയില്ല. ഇക്കാരണത്താൽ വിദൂര നാട്ടിലെ വീടുകളിലേക്ക് പണം ബാങ്ക് അക്കൗണ്ടുകളിലൂടെ അയച്ചുകൊടുക്കുന്നതും സൂപ്രണ്ടുമാർതന്നെ.

കൊടുംതണുപ്പുണ്ടായിരുന്ന പഴയ കാലത്ത് തണുപ്പിനെ പ്രതിരോധിക്കും വിധം ബ്രിട്ടീഷ് കമ്പനികൾ പണിത ലയങ്ങളിൽ ഇപ്പോഴത്തെ നടത്തിപ്പുകാരാരും അറ്റകുറ്റപ്പണി നടത്തുന്നില്ല. ഒരേ ലയങ്ങളിൽതന്നെ താമസമുള്ളതും ഇല്ലാത്തതുമായ മുറികൾ കാണാം. പല തോട്ടങ്ങളും ഉടമസ്‌ഥതതയെച്ചൊല്ലി വ്യവസാഹരത്തിലായതിനാൽ അറ്റകുറ്റപ്പണി ഉടനെയൊന്നും നടക്കാനുമിടയില്ല. ചുണ്ണാമ്പും ചെളിമണ്ണും ഉപയോഗിച്ച് കരിങ്കല്ലിൽ കെട്ടിപ്പൊക്കിയവയാണ് ലയങ്ങൾ. മുന്നിലും പിന്നിലുമായി രണ്ടു വാതിലുകളല്ലാതെ ജനാലകളൊന്നുമില്ല. തണുപ്പിനെ പ്രതിരോധിക്കാൻനിർമിച്ച ലയങ്ങളുടെ കൽഭിത്തി കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴുന്നത് പതിവാണ്. കുണ്ടും കുഴിയും നിറഞ്ഞ തറകൾ. മുറികളിൽ വായുസഞ്ചാരം തീരെ കുറവ്. പൊട്ടും പൊടിയും നിറഞ്ഞതാണ് കുടുസുമുറികൾ.

പല കെട്ടിടങ്ങളും ഇടിഞ്ഞുപൊളിഞ്ഞതിനാൽ പാമ്പും കീരിയും ഉടുമ്പും നായും പാർക്കുന്നവയാണ്. ഒരു മുറി ചോർന്നൊലിക്കുമ്പോൾ അടുത്ത മുറിയിലേക്ക് പാർപ്പു മാറ്റുക എന്നതാണ് എസ്റ്റേറ്റ് ഉടമകൾ നിർദേശിക്കുന്ന പരിഹാരം. ചില ലയങ്ങളിൽ പൊതുവായ ഒന്നോ രണ്ടോ ശൗചാലയങ്ങളുണ്ടാവും. ഏറെയിടങ്ങളിലും ശൗചാലങ്ങളില്ല. തോട്ടങ്ങളിലെ ചോലകളിലും കിണറുകളിലും നിന്നുള്ള വെള്ളമാണ് ഇവർക്ക് കുടിക്കാനും കുളിക്കാനുമുള്ളത്. തേയില, ഏലം തോട്ടങ്ങളിലെ ചെക്ക് ഡാമുകളാണ് മറ്റൊരു ജലസ്രോതസ്. ദിവസം 300 രൂപ കൂലി കിട്ടുമെന്നതിനാൽ ഈ തൊഴിലാളികൾ നരകയാതന സഹിച്ച് കേരളത്തിലെത്തി ലായങ്ങളിൽ അന്തിയുറങ്ങി ജീവിതം പോക്കുന്നു.

പല തോട്ടങ്ങളുടേയും ഉടമസ്‌ഥതാവകാശം പലതവണ പല വ്യക്‌തികൾക്കും കമ്പനികൾക്കും കൈമാറിക്കഴിഞ്ഞു. തൊഴിൽസമരം, വിലയിടിവ് തുടങ്ങിയ കാരണങ്ങളാൽ പല തോട്ടങ്ങളും അടച്ചുപൂട്ടിയതോടെ മുൻപ് ഇവിടെ താമസിച്ചു ജോലി തെയ്തിരുന്ന തമിഴ് തൊഴിലാളികളേറെയും തമിഴ് നാട്ടിലേക്കു മടങ്ങി. പത്തു വർഷം മുൻപ് ചില തോട്ടങ്ങൾ വീണ്ടും തുറന്നതോടെയാണ് വടക്കു, വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഏജൻസികളാണ് വിവിധ തോട്ടങ്ങളിൽ എത്തിച്ചത്. നിർമാണ തൊഴിൽ മേഖലയിലേക്കുള്ള ഇതര സംസ്‌ഥാനക്കാരുടെ വരവിനൊപ്പം ആസാമിൽനിന്നാണ് തോട്ടം തൊഴിലാളികൾ കൂടുതലായി എത്തിയത്. അവിടത്തെ തോട്ടങ്ങളിൽ പണി കുറഞ്ഞതോടെ പട്ടിണിയകറ്റാൻ ഈ സമൂഹം കേരളത്തിലേക്കു കുടിയേറുകയാണ്.


നിശ്ചിതമായ കൂലി ഒരു തോട്ടത്തിലുമില്ല. നുള്ളുന്ന കൊളുന്തിന്റെയും പറിച്ചെടുക്കുന്ന കാപ്പിക്കുരുവിന്റെയും ഏലക്കായുടെയും അളവനുസരിച്ചാണ് കൂലി. എത്ര അധ്വാനിച്ചാലും 350 രൂപയിൽ താഴെയേ ഇവർക്കു വേതനം ലഭിക്കൂ.

കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴുകയാണ് പല ലയങ്ങളും. ഓടില്ലാതെ അസ്‌ഥിപഞ്ചരം പോലുള്ള മേൽക്കൂരകളും എലിമാളങ്ങളും മാത്രമെ ഇവിടെ കാണാനുള്ളു.

ഒരു കുടുസുമുറിയും ചെറിയൊരു അടുക്കളയുമാണ് ഓരോ തൊഴിലാളിക്കും പാർക്കാനുള്ളത്. അടുക്കളയോടു ചേർന്ന് വെള്ളവും വിറകും വയ്ക്കാൻ അൽപം ഇടം ബാക്കിയുണ്ടാവും. അരകല്ലോ ഉരകല്ലോ ഒരിടത്തുമില്ല. കല്ലിൽ ചതച്ചാണ് പലവ്യജ്‌ഞനങ്ങൾ ഭക്ഷണത്തിന് പാകപ്പെടുന്നത്.

ശക്‌തമായ കാറ്റും തണുപ്പും അനുഭവപ്പെടുന്ന തോട്ടം മേഖലയിൽ തൊഴിലാളികൾക്ക് കിടക്കയും കട്ടിലുമില്ല. ഇരുൾ മൂടിയ മൺതറയിലാണ് ആൺ പെൺ വ്യത്യാസമില്ലാതെ കുടുംബമൊന്നാകെ ഉറക്കം. തൊഴിലാളികൾ തോട്ടങ്ങളിൽ ജോലിക്ക് പോകുമ്പോൾ കൊച്ചുകുട്ടികളെ നോക്കാൻ പിള്ളപ്പുര സംവിധാനം ഉണ്ടെങ്കിലും ഇതര സംസ്‌ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ഇതു നിഷേധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പല കുട്ടികളും ചൂഷണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു. റേഷൻ കാർഡും ആധാർ കാർഡും ഉള്ളവരല്ലാത്തതിനാൽ വൈദ്യസഹായം ഉൾപ്പെടെ ക്ഷേമപദ്ധതികൾ ഇവർക്കു നിക്ഷേധിക്കപ്പെടുകയാണ്. കുട്ടികൾക്ക് രോഗം വന്നാൽ ഇടുക്കിയിലെ സർക്കാർ ആശുപത്രികൾ മാത്രമാണ് ആശ്രയം. തോട്ടം ഉടമകളിൽനിന്ന് വിദഗ്ധചികിത്സയോ ആശ്വാസമോ ലഭിക്കാറില്ല. തോട്ടങ്ങളിൽ മെഡിക്കൽ ക്യാമ്പോ പ്രതിരോധമരുന്നു വിതരണമോ നടക്കാറില്ല. ഹെൽത്ത് കാർഡുള്ളവർ വിരലെണ്ണാൻ മാത്രം.

പോളിയോ തുള്ളിമരുന്നു വിതരണം പോലും ഇവിടത്തെ തൊഴിലാളികൾ അറിയാറില്ല. ഇക്കാര്യങ്ങളിൽ ഇവർ ബോധവാന്മാരുമല്ല. റേഷൻകാർഡില്ലാത്തതിനാൽ സർക്കാർതലത്തിൽ ഒരു ആനുകൂല്യത്തിനും ഇവർ യോഗ്യരല്ല. അരി, മണ്ണെണ്ണ, മരുന്ന് തുടങ്ങിയവയെല്ലാം ഇവർ ഞായാറാഴ്ചകളിൽ ഏലപ്പാറയിലെത്തി വാങ്ങുന്നുകായാണെന്നു വാഗമണിൽ ആസാമിലെ പാൻമാരി ഗ്രാമത്തിൽനിന്നെത്തി മുഹർദിസ അലി പറഞ്ഞു.

മുതിർന്ന കുട്ടികളെയോ പ്രായംചെന്നവരെയോ ചെറിയ കുട്ടികളെ ഏൽപിച്ച് ജോലിക്ക് പോകേണ്ട അവസ്‌ഥയാണ് എല്ലായിടത്തും. ഈ സാഹചര്യത്തിൽ മുതിർന്നവരും പ്രായം കുറഞ്ഞവരും സ്കൂളിന്റെ പടിവാതിൽ കാണുന്നതേയില്ല. കഴിഞ്ഞ വർഷം ഏലപ്പാറയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ ആറുമാസം പ്രായമുള്ള കുട്ടി മരിച്ചു. മുതിർന്ന കുട്ടിയെ ഏൽപിച്ച് ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൺതറയിൽ കുട്ടിയെ കിടത്തിയതിനാൽ ശക്‌തമായ തണുപ്പ് ഏറ്റതാണ് മരണത്തിന് കാരണമായതെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

തേയില തോട്ടങ്ങളിൽ മരുന്ന് തളിക്കുന്നതിന് പ്രദേശവാസികളായ തൊഴിലാളികൾക്ക് രാവിലെ എട്ടു മുതൽ 12 വരെയാണ് സമയം ഏർപ്പെടുത്തിയത്. എന്നാൽ ഈ അസംഘടിതരായ ഈ തൊഴിലാളികൾക്ക് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ജോലി.

ട്രേഡ് യൂണിയനിലോ രാഷ്ര്‌ടീയ പാർട്ടികളിലോ അംഗമല്ലാത്തതിനാൽ ഇതരസംസ്‌ഥാന തൊഴിലാളികൾക്കുവേണ്ടി ശബ്ദിക്കാൻ ആളില്ലെന്നതും ഇവരുടെ മേൽ ജോലി ഭാരം കൂടുതൽ ചുമത്താൻ കാരണമാകുന്നു.

ഇവർക്കിടയിലാണ് ജീവിതത്തിൽ ഒരു സാധ്യതയും സാഹചര്യവുമില്ലാതെ കുട്ടികളുടെ ജീവിതം. പല തോട്ടങ്ങൾക്കും എട്ടും പത്തും കിലോമിറ്റർ അകലെയാണ് പ്രൈമറി സ്കൂളുകളുള്ളത്. ദരിദ്രസമൂഹത്തിൽപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്കൂൾബസോ യാത്രാ സൗകര്യമോ ഇല്ലാത്തതിനാൽ നടന്നുവേണം സ്കൂളിലെത്താൻ. കുന്നും മലയും തോട്ടങ്ങളും കയറിയിറങ്ങി സ്കൂളിലെത്തി പഠിക്കാനുള്ള പൊതു സാക്ഷരത ഇവരുടെ മാതാപിതാക്കൾക്കില്ല. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റി ഇവർ ബോധവാൻമാരുമല്ല. (തുടരും)