താമരകളുടെ രാജകുമാരനും ചില ഡയറിക്കുറിപ്പുകളും
താമരകളുടെ രാജകുമാരനും ചില ഡയറിക്കുറിപ്പുകളും
പത്മരാജന്റെ ഓർമകൾക്ക് ജനുവരി 24–നു 26 വർഷം

ഇത് അയാളെ അറിയാവുന്ന ചിലർ കുറിച്ചിട്ട ഡയറിക്കുറിപ്പുകളാണ്. സർവ മനുഷ്യവികാരങ്ങളും ഭ്രമകൽപനകളും ആറ്റിക്കുറുക്കി അയാൾ തന്ന ചിലരുടെ വാക്കുകൾ. അയാൾ താമരകളുടെ രാജകുമാരൻ – പത്മരാജൻ.

ഒന്നും അവസാനിക്കുന്നില്ല. എല്ലാം തുടർച്ചയാണ്. ഓർമകൾ ബലിച്ചോറായ് തൂവി വീണ്ടുമൊരു ശ്രാദ്ധമൂട്ടാൻ അവരെത്തുകയാണ്...അയാളുടെ പ്രിയപ്പെട്ടവർ...അയാളുടേയും നമ്മുടേയും പ്രീയപ്പെട്ടവർ... ...ഒരു ജനുവരി 24 കൂടി അനുവാദം ചോദിക്കാതെ കടന്നുവരുന്പോൾ പത്മരാജൻറെ ഒരുപിടി കഥാപാത്രങ്ങൾ ഭൂമിയുടെ ഏതൊക്കെയോ കോണുകളിലിരുന്ന് അക്ഷരങ്ങൾ കുത്തിക്കുറിക്കുകയാണ്.. ഡയറിക്കുറിപ്പെന്നോ ഓർമക്കുറിപ്പെന്നോ പറയാവുന്ന അക്ഷരപ്പൂക്കൾ കൊണ്ട് അവർ സംസാരിക്കുന്നു. ഇതിലെല്ലാം അയാളുണ്ട്. അയാൾ ബാക്കിവച്ചത് ഇവർ പൂരിപ്പിക്കുകയാണ്....ഒരു അർദ്ധവിരാമം പോലെ...

ലോപ്പസിന്റെ ഡയറിക്കുറിപ്പ്

ഞാൻ ലോപ്പസ്..ഓർമയുണ്ടോ എന്നെ..കടലെടുത്ത ഒരു അപ്പൂപ്പൻറെയും കൊച്ചുമോൻറെയും ഓർമകൾ തിരയടങ്ങാതെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ പഴയ ലോപ്പസ്. കടൽ ശാന്തമല്ല, എൻറെ മനസുപോലെ. ഈ കടലാണ് ഭാസിയേയും അപ്പൂപ്പനേയും കൊണ്ടുപോയത്. വർഷങ്ങൾക്കു ശേഷം ഈ കടപ്പുറത്ത് വന്നു നിൽക്കുന്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപോലെ. വഴിയിലെവിടെയോ വച്ച് കവലയെ കണ്ടു. മനസ് കൈവിട്ടുപോയിരിക്കുന്നു. തിരിച്ചറിയാനാകുന്നില്ല. ഇവിടെ അവശേഷിക്കുന്നത് കവല മാത്രമാണ്. എനിക്ക് പേടിയുണ്ട്...ഭാസിയും അപ്പൂപ്പനും കവലയെ ഈ കടലിലേക്ക് കൂട്ടിക്കൊണ്ടുപോകുമോ എന്ന്...അങ്ങനെയാണെങ്കിൽ വീണ്ടുമൊരു മൂന്നാംപക്കത്തിനായി കാത്തിരിക്കണം...ഞങ്ങൾക്കൊപ്പം അന്നുണ്ടായിരുന്ന രഞ്ജിത്ത് മേനോനും കൃഷ്ണൻകുട്ടിയും ഇപ്പോൾ ഡോക്ടർമാരായി എറണാകുളത്തുണ്ട്. ആരെയും അറിയിക്കാതെയായിരുന്നു ഈ യാത്ര...മടങ്ങാൻ സമയമായി...ഭാസി പോട്ടെടാ...അപ്പൂപ്പാ പോയി വരാം...ഭാസിയുടെ സ്വന്തം ഭദ്ര ഇപ്പോഴും ആ വലിയ വീട്ടിലെ പുസ്തകമുറിക്കുള്ളിലുണ്ട്...അവളെ കാണാൻ ധൈര്യമില്ല..

ആലീസ് കുറിച്ചിട്ടത്

ഊട്ടിയിൽ ഇത്തവണ തണുപ്പ് കൂടുതലാണ്. ഇവിടെയിരുന്നാൽ സ്കൂൾ കാണാം. ഈ തണുപ്പിലും ഓർമകൾ എന്നെ ചുട്ടുപൊളളിക്കുന്നു. രവി പുത്തൂരാൻറെ ശവക്കല്ലറയ്ക്ക് മുകളിൽ ആരോ ഗുൽമോഹർ പൂക്കൾ കൊണ്ടുവന്നു വച്ചിട്ടുണ്ടായിരുന്നു. തോമസ് ഇന്നും കാണാൻ വന്നു. കുറേ സംസാരിച്ചു. പറ്റിപ്പോയ തെറ്റുകളെക്കുറിച്ച്...

രവിയെ സ്നേഹിച്ച ആ പെൺകുട്ടി ഇപ്പോൾ എവിടെയാണാവോ..പഴയ ടീച്ചർമാരെല്ലാം ഇടയ്ക്ക് വരാറുണ്ട്. ഈ ഊട്ടി വിട്ടുപോകാൻ തോന്നിയില്ല. പ്രിയപ്പെട്ടവരും നഷ്‌ടപ്പെട്ടവരും എല്ലാം ഈ തണുപ്പിൻറെ കൂടാരത്തിലല്ലേ...എന്തു രസമായിരുന്നു സ്കൂളും കുട്ടികളും ടീച്ചർമാരുമൊക്കെ...ഇതൊക്കെ വിട്ട് ഞാനെങ്ങോട്ടു പോകും...കൂടെവിടെ എന്ന് എന്നോടു തന്നെ ചോദിക്കുന്പോൾ എനിക്കുത്തരം കിട്ടുന്നു..കൂടിവിടെത്തന്നെ....

ഷേർളിക്കൊപ്പം റോയ് വർഗീസ് എഴുതുന്നത്

പ്രായത്തെ വെല്ലുവിളിച്ചവരാണ് ഞങ്ങൾ. പക്ഷെ ഇപ്പോൾ പ്രായമായി കേട്ടോ. അങ്ങ് കാണാമറയത്തിരുന്ന് ചിലരൊക്കെ ചിരിക്കുന്നുണ്ട്. എന്നാലും ജീവിതം സന്തോഷം. ജീവിതത്തിൽ അപ്സ് ആൻഡ് ഡൗൺസ് ഉണ്ടായിട്ടില്ല എന്നല്ല. എന്നാലും എല്ലാറ്റിനേയും ഓവർകം ചെയ്യാനായി. ഷേർളി ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ്. അവളുടെ കുറുന്പുകൾക്ക് ഒരു കുറവുമില്ല. രണ്ടു കുട്ടികൾക്കും ആ കുറുന്പ് അതേപോലെ കിട്ടിയിട്ടുണ്ട്. കഴിഞ്ഞതെല്ലാം ഇന്നോർക്കുന്പോൾ ശരിക്കും ഒരു മധുരക്കിനാവു തന്നെ....

റോയിച്ചായൻ ഇപ്പോഴും ആ ഗൗരവക്കാരൻ തന്നെയാണ്. കുട്ടികളോട് ഭയങ്കര സ്നേഹമാണ്. എൻറെ കുസൃതികൾ ഞാൻ റോയിച്ചനോടല്ലാതെ ആരോടാ കാണിക്കുക..ഇത്തവണ നാട്ടിലേക്ക് വരണം...പള്ളിയിൽ പോണം...കുട്ടികളെയും കൊണ്ടൊരു കറക്കം...

ഗോപന്റെ ഡയറിയിൽ നിന്ന്...

ഇന്നലെ അമ്മയുടെ ആണ്ടായിരുന്നു. നാരായണൻകുട്ടിയേട്ടൻ പോയിട്ട് രണ്ടുവർഷമായി. ഇപ്പോൾ ഞാനും കുട്ടികളുമാണ് ബലിയിടുന്നത്. വേണുവും വന്നിരുന്നു. അവനും സെറ്റിലായി. നാരായണൻകുട്ടിയേട്ടൻറെ ഭാര്യ അംബിക അവിടെ ബോംബെയിൽ ബലിയിട്ടിട്ടുണ്ടാകും. ശരണാലയത്തിൽ ചെന്ന് എല്ലാവർക്കും മുണ്ടും സദ്യയും കൊടുത്തു. അമ്മയെ ഇവിടെ കൊണ്ടുചെന്നാക്കിയത് ഇന്നലത്തെപ്പോലെ തോന്നുന്നു. അവിടത്തെ അമ്മമാർക്കൊപ്പം മക്കള് കുറേനേരമിരുന്നു. അമ്മ അവിടെയെവിടെയോ ഉണ്ടായിരുന്നപോലെ തോന്നി. തിരിച്ചെത്തി പറന്പിലൂടെ വെറുതെ നടന്നു. ഓരോ മരത്തിനും അമ്മ ഓരോ പേരിട്ടിരുന്നല്ലോ...അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ചിന്തിച്ചുപോയി... മനസ് അസ്വസ്‌ഥമാണ്...സ്നേഹിക്കേണ്ട സമയത്ത് ആരെയും സ്നേഹിക്കാതെ പോയതിൻറെ അസ്വസ്‌ഥത...അമ്മയുണ്ടായിരുന്നെങ്കിൽ തിങ്കളാഴ്ച മാത്രമല്ല എല്ലാ ദിവസവും നല്ല ദിവസങ്ങളായേനേ...

സോളമന്റെ വരികൾ

മുന്തിരിവളളികൾ വീണ്ടും തളിർത്തിരിക്കുന്നു. പഴയ വരികൾ വീണ്ടും പറയുന്നില്ല. എന്നാലും ഓർക്കാൻ സുഖം. സോഫിയ തിരക്കിലാണ്. കുഞ്ഞു സോളമനും കുഞ്ഞു സോഫിയയും മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ പാഞ്ഞു നടപ്പുണ്ട്. റീത്തമ്മാവി ഞങ്ങളെ വിട്ടുപോയിട്ട് മൂന്നു വർഷമായി. സോഫിയയുടെ അമ്മച്ചിയും സിസ്റ്ററും നാട്ടിലാണ്. സൈക്കിളിൽ അവൾക്കു പിറകെ കറങ്ങിയിരുന്ന ആൻറണി തന്നെ അവളെ കെട്ടി. സോഫിയയുടെ പപ്പ എവിടെയാണെന്ന് അറിയില്ല. നാട്ടിലെ ആ പഴയ വീട് അവിടെത്തന്നെയുണ്ട്. എൻറെ ആ പഴയ ടാങ്കർ ലോറിയും... ഓർമകളെല്ലാം ഒരു ബാഗിലാക്കി ഞാൻ ഒന്നു കറങ്ങിയിട്ടു വരാം...ലേശം ചോർച്ചയുള്ള ആ പഴയ ടാങ്കർ ലോറിയിൽ... സോഫിയേയും കുട്ടികളേയും കൂട്ടി...


ശിൽപ എഴുതിയത്

ഓർമയുണ്ടോ എന്നെ...കരിയിലക്കാറ്റു വീശീയ എൻറെ ജീവിതത്തെ. ഞാൻ ശിൽപ. ഫിലിം ഡയറക്ടർ ഹരികൃഷ്ണൻറെ മകൾ. ഡിവൈഎസ്പി അച്യുതൻകുട്ടിയുടെ അനിയൻ അനിൽകുമാറിനെ സ്്നേഹിച്ച പെൺകുട്ടി. അച്ഛനും സ്നേഹിച്ചയാളും പോയപ്പോൾ ഈ ഭൂമിയിൽ ഒറ്റപ്പെട്ടുപോയ ശിൽപ എന്ന പെൺകുട്ടി. അമ്മയും ഇപ്പോഴില്ല. ആശ്വാസമായും താങ്ങായും തണലായും അനിലിൻറെ ചേട്ടൻ ഇടയ്ക്കിടെ വരും. ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാതെ ഞങ്ങൾ രണ്ടാളും അങ്ങനെ കഴിയുന്നു. ഓർമകളിൽ നിന്നും ഒളിച്ചോടാനോ രക്ഷപ്പെടാനോ കഴിയുന്നില്ല.

ദേവിക ടീച്ചറുടെ ഡയറിത്താളുകളിൽ നിന്ന്

ദൂരെ ദൂരെ സേഫ് ആയ ദൂര്ക്ക്േ പോയ സാലിയുടേയും നിമ്മിയെന്ന നിർമലയുടേയും ഓർമദിനമാണിന്ന്. ഒന്നിനും ഒരു മൂഡു തോന്നുന്നില്ല. ആ ഹോട്ടൽമുറിക്കുള്ളിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന അവരുടെ നിഷ്കളങ്കമായ മുഖങ്ങളാണ് മനസിൽ നിറയുന്നത്. ദേശാടനക്കിളി കരയാറില്ലായിരിക്കാം...പക്ഷെ എനിക്ക് കരയാതിരിക്കാനാകുന്നില്ല.

അവരുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അമ്മമാരായി കുട്ടികളേയും താലോലിച്ച്....ഈശ്വരാ ഞാനും അവർ ഈ ഭൂമിയിൽ ഇല്ലാതാകാനുള്ള ഒരു കാരണമായല്ലോ...ഹരിയേട്ടൻറെ ആശ്വാസവാക്കുകൾ എന്നെ മയപ്പെടുത്തുന്നില്ല. ക്ലാസിൽ ഞാനിപ്പോൾ പഴയപോലെ സ്ട്രിക്ട് അല്ല. സ്ട്രിക്ട് ആകുന്പോൾ ബാക്ക് ബെഞ്ചിൽ നിന്ന് സാലിയും നിമ്മിയും എഴുനേറ്റ് നിന്ന് എന്നെ നോക്കുന്നപോലെ തോന്നും...

ക്ലാരയുടെ ഡയറിക്കുറിപ്പ്

മണ്ണാറത്തൊടിയിൽ ഈയിടെ പോയിരുന്നു. തടി കോൺട്രാക്ടർ ഇപ്പോൾ അച്ഛൻറെ റോളിലാണ്. കരയുന്ന കുട്ടിയോടും മൂപ്പര് നല്ല തനി തൃശൂർ സ്ലാംഗിൽ ചൂടായിക്കൊണ്ടിരിക്കുന്നു. രാധയേയും കണ്ടു. രാധയോട് ഞാൻ രഹസ്യമായി ചോദിച്ചു....മൂലക്കുരുവിൻറെ അസുഖമൊന്നുമില്ലല്ലോ ഇപ്പോൾ...രാധ പൊട്ടിച്ചിരിച്ചു. തങ്ങള് ഇപ്പോൾ ടൗണിലാണത്രെ. എൻറെ ഹസ്ബൻറിനോട് ജയകൃഷ്ണൻ വളരെ സീരിയസായി ചോദിക്കുന്നത് കേട്ടു – നമുക്കോരോ നാരങ്ങാവെള്ളം കാച്യാലോ എന്ന്..

ഒരു മാറ്റവുമില്ല അങ്ങേർക്ക്. ഓരോ വട്ടം കാണുന്പോഴും സ്നേഹം കൂടിക്കൂടി വരികയാണ് ജയകൃഷ്ണനോട്. രാധ ഭാഗ്യംചെയ്ത കുട്ടിയാണ്. നന്ദിയുണ്ട് എല്ലാവരോടും... തൃശൂരിലേക്ക് വീണ്ടുമെത്തിയപ്പോൾ ഒരിക്കൽ കൂടി ജയകൃഷ്ണൻറെ കൂടെ പാതിരാവിൽ റൗണ്ടിലൂടെ നടക്കണമെന്ന് തോന്നി...വെറുതെ...

ഈ നഗരം വല്ലാതെ മാറിയിരിക്കുന്നു...വല്ലാതെ....ജയകൃഷ്ണനൊഴികെ എല്ലാം മാറുന്നു....പിന്നെ മാറാത്ത ഒന്നുകൂടിയുണ്ട്...ഞങ്ങൾക്കിടയിലെ മഴ...

ഡോ.നരേന്ദ്രൻറെ വരികൾ

ഇന്നലെ എന്നത് ചെറിയൊരു കാര്യമല്ല. എൻറെ ജീവിതത്തിൽ നിന്ന് ഇന്നലെകൾ പറിച്ചെടുക്കപ്പെടുകയായിരുന്നു. ഇന്നലെകളെക്കുറിച്ച് ഓർമയില്ലാതെ എൻറെ ഗൗരി...അവളിപ്പോൾ മായയാണ്. ശരത്തിൻറെ മായ. ഫേസ്ബുക്കിൽ അവരുടെ ഫോട്ടോകൾ കണ്ടു. അവൾ ഹാപ്പിയാണ്. അതുതന്നെയാണ് വേണ്ടതും. ഇന്നലെകളറിയാതെ അവളും ഇന്നലെകളെക്കുറിച്ചോർത്ത് ഞാനും...സ്നേഹമെന്നാൽ വിട്ടുകൊടുക്കലാണെന്ന് പഠിച്ചത് അവളിലൂടെയാണ്...ലോകത്താർക്കും ഈ ഒരു ഗതി വരല്ലേ...

ഭാമയുടെ വരികൾ

ഞാനിന്ന് മോൾക്ക് ഒരു ഗന്ധർവന്റെ കഥ പറഞ്ഞുകൊടുത്തു. ചിത്രശലഭമാകാനും മേഘമാലകളാകാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാകാനും നിൻറെ ചുണ്ടിൽ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരിയുടെ കഥ.ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയിലെ തേനും മാത്രം നുകരാൻ അവസരം കിട്ടിയ അരൂപിയായ ഗന്ധർവൻറെ കഥ. പക്ഷെ ഈ അരൂപിയെ ഞാൻ കണ്ടിട്ടുണ്ടല്ലോ..അതു ഞാൻ ആരോടും പറഞ്ഞില്ല. അവനിപ്പോൾ എവിടെയായിരിക്കും...ശാപങ്ങളുടെ ജൻമജൻമാന്തരങ്ങൾ താണ്ടി അവനിപ്പോഴും....ഒടുവിൽ മണൽക്കാട്ടിൽ കിടന്ന് നെഞ്ചുപൊള്ളി സന്തോഷത്തോടെയും പിന്നെ സങ്കടത്തോടെയും എൻറെ പ്രീയപ്പെട്ട ഗന്ധർവൻ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട് –

ഏഴു രാത്രികളും ഏഴു പകലുകളും നീണ്ട പീഡനങ്ങൾക്കൊടുവിൽ അവർ എനിക്കെൻറെ ശബ്ദം തിരികെ തന്നു. ഒരു വ്യവസ്‌ഥയിൽ. എൻറെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്...

മനുഷ്യനാകാൻ മോഹിച്ച ഗന്ധർവന്റെ കഥ എത്ര കേട്ടാലും എൻറെ മോൾക്ക് മതിയാവില്ല.. എത്ര പറഞ്ഞുകൊടുത്താലും എനിക്കും...

എഴുതിയവരുടെയെല്ലാം അക്ഷരങ്ങൾക്കുള്ളിലും വരികൾക്കുള്ളിലും അയാളുണ്ട്. അയാളോടുളള സ്നേഹവും പ്രണയവും നന്ദിയും ദു:ഖവും എല്ലാമുണ്ട്. തൻറെ കഥാപാത്രങ്ങൾ ഇപ്പോഴും എവിടെയൊക്കെയോ ജീവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് അവരുടെ സ്നേഹത്തിൻറെ ബലിച്ചോറുണ്ട് അയാൾ തിരികെ മടങ്ങുകയാണ്..രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശാൻ തുടങ്ങിയപ്പോൾ ഈ ഭൂമുഖത്തു നിന്നും മടങ്ങിപ്പോയ താമരകളുടെ രാജകുമാരൻ...സ്നേഹത്തിൻറെ നാനാർഥങ്ങളുടെ ഗന്ധർവൻ....

–ഋഷി