തണൽ തരും കരങ്ങൾ തളരില്ല
തണൽ തരും കരങ്ങൾ തളരില്ല
അത്യുഷ്ണത്തിൽ വെന്തുരുകുന്ന ഭൂമി. വീശുന്ന ഉഷ്ണക്കാറ്റിൽ വരണ്ടുണങ്ങുന്ന മണ്ണും വിണ്ണും.
വെള്ളം കിട്ടാക്കനിയാകുന്ന കാലം. തണലേകിയിരുന്ന മരങ്ങളായ മരങ്ങളെല്ലാം മഴുവിന് വിശപ്പുതീർക്കാനായി വെട്ടിവീഴ്ത്തിയപ്പോൾ വേനൽചൂടേറി. തണലിൻറെ കുളിർമ നഷ്‌ടപ്പെട്ട കാലം. തണൽമരങ്ങൾ തടിമില്ലുകളിലേക്ക് പോയ കാലം. വികസനത്തിന് വേണ്ടി വൻമരങ്ങൾ വെട്ടിവീഴ്ത്തുന്ന കാലം.

വൃക്ഷങ്ങൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈ കാലത്തും വൃക്ഷങ്ങൾ വേണ്ടി വാദിക്കാൻ ചിലരുണ്ടെന്നത് തണൽപോലെ ആശ്വാസം പകരുന്ന കാര്യം. ഈ ഫെബ്രുവരി അഞ്ചിന് തൃശൂരിൽ അവരൊത്തുകൂടുകയാണ്. കേരളത്തിലാദ്യമായി നടത്തുന്ന വൃക്ഷാവകാശ കൺവൻഷനിൽ പങ്കെടുക്കാൻ അവരെത്തുന്നു.

അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടനവധി പോരാട്ടങ്ങളും കൺവൻഷനുകളും സമ്മേളനങ്ങളും റാലികളും നടത്തുന്നത് കണ്ട് തൃശൂരിന് വൃക്ഷാവകാശ കൺവൻഷൻ പുതിയ കാഴ്ചയാകും. തണൽ മരങ്ങൾ സംരക്ഷിക്കുക, ട്രീ പ്രൊട്ടക്ഷൻ കമ്മിറ്റികൾ പുന:സംഘടിപ്പിക്കുക, 1986ലെ വൃക്ഷരക്ഷാ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് വൃക്ഷരക്ഷ ഉറപ്പാക്കുക എന്നിവയെല്ലാമാണ് വൃക്ഷാവകാശ കൺവൻഷൻ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാണെങ്കിലും എസിയോ കൂളറോ ഇല്ലാതെ വാസം സാധ്യമല്ലെന്ന് ഉറപ്പ്. തണൽ നൽകാൻ മരങ്ങളില്ലെങ്കിൽ ഇവിടെ ചൂടേറുമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു ചെടിയോ വൃക്ഷത്തൈകളോ നടാൻ മടിയാണ് മിക്കവർക്കും.
എന്നാൽ നാടായ നാടുമുഴുവൻ വഴിയായ വഴി മുഴുവൻ പറമ്പായ പറമ്പു മുഴുവൻ ചെടിയും വൃക്ഷത്തൈകളും നടുന്നവരാണ് വൃക്ഷാവകാശ കൺവൻഷന്് എത്തുന്നത്.

വൃക്ഷമിത്രങ്ങളാണിവർ. ഇവർ വരും തലമുറയ്ക്കുള്ള തണലാണ് ചെറു തൈകളായും ചെടികളായും ഇന്ന് മണ്ണിൽ നടുന്നത്. ഇവർ ട്ട എത്രയോ തൈകളും ചെടികളും ഇന്ന് മരങ്ങളായി മാറിയിരിക്കുന്നു. സൂര്യൻറെ ചൂടിനെ അലിയിച്ച് ചൂടില്ലാതാക്കി ഇലച്ചാർത്തുകൾക്കിടയിലൂടെ താഴെ മണ്ണിലേക്ക് പൊഴിക്കുന്ന ഇന്നത്തെ പല മഹാവൃക്ഷങ്ങളും ഇവരുടെ പ്രയത്നഫലമാണ്. അവർ എന്നോ നട്ട തൈകളും ചെടികളുമാണിന്ന് അനേകായിരം ശിഖരങ്ങളുള്ള മഹാവൃക്ഷങ്ങളായി പടർന്നു പന്തലിക്കുന്നത്.

എന്തുകൊണ്ട് വൃക്ഷാവകാശ കൺവൻഷൻ എന്ന് സംഘാടകരോട് ചോദിച്ചപ്പോൾ അവരുടെ ഉത്തരം ഇതായിരുന്നു തണൽമരങ്ങളെ സംരക്ഷിക്കാൻ നാട്ടിലൊരു നിയമമുണ്ട്. അത് ഭേദഗതി ചെയ്ത് വൃക്ഷശിക്ഷാനിയമമാക്കിയിട്ട് നാളുകളേറെയായി. ചൂടു കൂടുമ്പോൾ മാത്രം തണൽ തേടുകയും ജൂൺ അഞ്ചിന് മാത്രം വൃക്ഷത്തെ ഓർക്കുകയും ചെയ്യുന്നവർ ഈ നിയമത്തെ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. അതിനാൽ ഞങ്ങൾ ഒത്തുകൂടൂന്നു

ഏതെങ്കിലും രാഷ് ട്രീയ നേതാക്കളുടെ പ്രസംഗങ്ങളോ വാഗ്ദാനങ്ങളോ അല്ല ഈ വൃക്ഷാവകാശ കൺവൻഷനിലുള്ളത്. വൃക്ഷങ്ങൾ നട്ടതിൻറെ അനുഭവങ്ങൾ പങ്കിടാനെത്തുന്ന വൃക്ഷമിത്രങ്ങളുടെ വാക്കുകളാണ് ഈ കൺവൻഷനിൽ ഉയരുക. തണലിനുവേണ്ടി വാദിക്കുന്നവരല്ല തണൽ സൃഷ്‌ടിച്ചവരാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾക്ക് അനുഭവങ്ങളുടെ തണലുണ്ട്.

മങ്കരയിൽ നിന്ന് ബാലേട്ടനെത്തും

മങ്കരയിൽ നിന്ന് ബാലേട്ടനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലൂർ ബാലൻ എന്ന ബാലേട്ടൻ. അഞ്ചുലക്ഷത്തിലധികം തൈകൾ നട്ട കേരളത്തിലെ വൃക്ഷമനുഷ്യനെന്നറിയപ്പെടുന്ന ബാലേട്ടൻ.
പാലക്കാട്, തൃശൂർ, മലപ്പുറം എന്നുതുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും സംസ്‌ഥാനദേശീയ പാതകളിലും മറ്റുപൊതു നിരത്തുകളിലുമായി അയ്യായിരത്തോളം കരിമ്പനകളടക്കം അഞ്ചുലക്ഷത്തോളം ഫലവൃക്ഷങ്ങളും തണൽമരങ്ങളും ബാലേട്ടൻ നട്ടിട്ടുണ്ട്. ഇനിയും ജീവിതത്തിൻറെ അവസാനനിമിഷം വരെ ഭൂമിക്കുവേണ്ടി തണൽനൽകാനുള്ള ശ്രമത്തിലാണ് ബാലേട്ടൻ.


ഞാവൽപഴങ്ങളുടെ രുചി സമ്മാനിച്ച അബ്ദുക്കയും

അറുപതിനായിരത്തിലധികം ഞാവൽ മരങ്ങൾ വെച്ചുപിടിപ്പിച്ച അബ്ദുക്ക അരീക്കോടും വൃക്ഷാവകാശ കൺവൻഷനിലെത്തും.

കാക്കിക്കുള്ളിലെ തണലായി വിദ്യാധരനുണ്ട്

ക്രമസമാധാനപാലനത്തിൻറെ പാതയിൽ തണൽമരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ തണൽ എന്ന് വിശേഷിപ്പിക്കുന്ന ചേർത്തലയിൽ നിന്നുള്ള സി.വി.വിദ്യാധരൻ വൃക്ഷാവകാശ കൺവൻഷനിൽ പങ്കെടുക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്.

മനുഷ്യാവകാശങ്ങൾക്കായി മാത്രമല്ല വൃക്ഷാവകാശങ്ങൾക്കുവേണ്ടിയും ഈ പോലീസ് ഉദ്യോഗസ്‌ഥൻ നിലകൊള്ളുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും പൊതുസ്‌ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, പരിപാലിക്കുക, വിത്തുകളും തൈകളും വിതരണം ചെയ്യുക എന്നിവ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്ന സി.വി.വിദ്യാധരന് നൽകാം ഒരു ഗ്രീൻ സെല്യൂട്ട്

പ്ലാവ് മരങ്ങളുടെ തോഴൻ

വീട്ടുപേരിനു പകരം പ്ലാവിൻറെ പേര് സ്വന്തം പേരിനൊപ്പം ചേർക്കപ്പെട്ട പ്ലാവ് ജയൻ തൃശൂരിൻറെ സ്വന്തമാണ്. ഇരിങ്ങാലക്കുടയിൽ നിന്നും ജയനെത്തും. എത്ര പ്ലാവുകൾ നട്ടുവളർത്തിയെന്ന് ചോദിച്ചാൽ പതിനായിരക്കണക്കിനെന്ന് ഉത്തരം. ലക്ഷം പ്ലാവുകളിലേക്കുള്ള യാത്ര തുടരുകയാണ് പ്ലാവ് ജയൻ.

പിന്നെയുമുണ്ട് പലരും..

ഒരു കോടി തണലുകൾ നടാൻ ഇറങ്ങിപ്പുറപ്പെട്ട ഗ്രീൻ വെയിൻ ടീമിൻറെ സാരഥി സ്വാമി സംവിധാനന്ദ്, വൃക്ഷനാമങ്ങൾ കണ്ടെത്തി നാട്ടുകാരോടൊപ്പം വൃക്ഷരക്ഷാ പ്രതിജ്‌ഞയെടുപ്പിക്കുന്ന തണൽമരങ്ങളുടെ കാവലാളായ കോട്ടയം സ്വദേശി കെ.ബിനു, മാവു മരങ്ങളുടെ തോഴനെന്ന് വിശേഷിപ്പിക്കുന്ന കൊടകരയിൽ നിന്നുള്ള കെ.മോഹൻദാസ് മാഷ്, തൃശൂർ ബാറിലെ തണൽ നടുന്ന വക്കീലായ അഡ്വ.സുബ്രഹ്മണ്യൻ, തണൽമരങ്ങൾ സംഗീതം പൊഴിക്കുമെന്ന് വിശ്വസിക്കുന്ന തിരുവത്രക്കാരൻ അലി ഫരീദ്, തണൽ മരങ്ങൾ നടാൻ തൻറെ ഓട്ടോയാത്രകൾക്കിടയിൽ സമയം കണ്ടെത്തുന്ന തേങ്കുറിശിയിലെ ഓട്ടോ ഡ്രൈവർ ശ്യാംകുമാർ, പാലക്കാടിൻറെ പ്രതീകമായ കരിമ്പനകൾ മാത്രം തെരഞ്ഞെടുത്ത് നട്ട് നഷ്‌ടപ്രതാപം കാത്തുസൂക്ഷിക്കുന്ന പാലക്കാട് സ്വദേശി നാരായണൻ, തണൽപരത്താൻ പ്രേരിപ്പിക്കുന്ന സുമംഗലടീച്ചർ, തൈകൾ നട്ട് കാവുകൾക്ക് രൂപം നൽകുന്ന ഏങ്ങണ്ടിയൂർ സ്വദേശി വിജീഷ്, മാവ് മരങ്ങളുടെ പ്രചാരകനായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫാ.ജോയ്, വൃക്ഷങ്ങളെ തിരിച്ചറിയാനുള്ള ട്രീ വാക്ക് എന്ന നടത്ത ടീമിൻറെ സാരഥിയായ തിരുവനന്തപുരം സ്വദേശിനി അനിത തുടങ്ങി തണൽമരങ്ങളെ നട്ടുവളർത്തുന്ന പലരും വൃക്ഷാവകാശ കൺവൻഷനെത്തും.

വൃക്ഷരക്ഷാ നിയമം ഭേദഗതി നിർദ്ദേശങ്ങൾ സംബന്ധിച്ച ചർച്ചയിൽ വി.ടി.ബൽറാം എംഎൽഎയും പരിസ്‌ഥിതി പ്രവർത്തകനായ ഭാസ്കരൻ വള്ളൂരും ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ.കെ.കെ.അഷ്കറും ഫോറസ്ട്രി കോളജ് ഡീനായ ഡോ.കെ.വിദ്യാസാഗറും നദീസംരക്ഷണപ്രവർത്തകനായ ഡോ.സീതാരാമനും പങ്കെടുക്കും.

ന്യൂഡൽഹി, മഹാരാഷ് ട്ര എന്നീ സംസ്‌ഥാനങ്ങളിലെ പോലെ വൃക്ഷരക്ഷാനിയമം കാലോചിതമായി ഭേദഗതി ചെയ്ത് തണൽമരങ്ങൾ സംരക്ഷിക്കുക, ഹരിതകേരളം നിലനിർത്തുക എന്നതാണ് വൃക്ഷാവകാശ കൺവൻഷൻ ലക്ഷ്യമിടുന്നത്.

കേരളത്തെ പിടിച്ചുലയ്ക്കുന്ന കൺവൻഷൻ ആയിരിക്കില്ല ഇത്. പക്ഷേ ഈ ഒത്തുകൂടലും ചർച്ചകളും നമുക്കെല്ലാം വേണ്ടിയാണ്. ഉഷ്ണക്കാറ്റുകളെ ചെറുക്കാനാണ്, വേവുന്ന പകലുകളിൽ കുളിരേകാനാണ്, കോടാലിക്ക് വിട്ടുകൊടുക്കാതെ മഹാവൃക്ഷങ്ങളെ സംരക്ഷിച്ചുപിടിക്കാനാണ്...

–ഋഷി