കൊന്നത് ഒരാളോ, ഒന്നിലേറെപ്പേരോ ?
കിണറ്റിൽ ആരോ വീണുകിടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് കഴിഞ്ഞ 28നു കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമം ഉണർന്നത് . കേട്ടപാതി കേൾക്കാത്തപാതി പ്രായഭേദമെന്യേ നാട്ടുകാർ മൈലാടിക്കരയിലുള്ള ഉപയോഗശൂന്യമായ കിണറിനടുത്തേക്ക് പാഞ്ഞു. ഇതിനിടയിൽ വിവരം അറിഞ്ഞു പളളിക്കത്തോട് പോലീസും സംഭവസ്‌ഥലത്തെത്തി. തുടർന്ന് പാന്പാടി ഫയർ ഫോഴ്സിനെ പോലീസ് വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്‌ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം കാഞ്ഞിരം മലയക്കേഴിൽ ജോർജിൻറെ മകൻ അഭിജിത്ത് എം. ജോർജിനെ(24)യാണെന്നു തിരിച്ചറിയുകയായിരുന്നു.

അഭിജിത്തിൻറെ മരണം വെറും അപകടമല്ല കൊലപാതകമാണെന്ന് വൈകാതെ തന്നെ പോലീസ് തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രതിയെ പിടികൂടാനും പോലീസിന് സാധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൈലാടിക്കര നന്തിക്കാട്ട് ജിജോ ജോർജിനെ(25) പോലീസ് പിടികൂടുകയുമായിരുന്നു.

ആദ്യം കരുതി അപകടമെന്ന്

കഴിഞ്ഞ 28നു രാവിലെയാണ് പള്ളിക്കത്തോട് മൈലാടിക്കരയിലുള്ള സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും അഭിജിത്തിൻറെ മൃതദേഹം പുറത്തെടുക്കുന്നത്. മൃതദേഹം കണ്ടെത്തിയ കിണറിനോടു ചേർന്നു നടപ്പുവഴി മാത്രമാണുള്ളത്. കിണറിനു ചുറ്റുമതിലില്ലായിരുന്നു. നടന്നുവരുന്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് പോലീസ് ആദ്യം കരുതിയത്. 26നു മൈലാടിക്കര പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കുന്നതിനായി മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ എത്തിയതായിരുന്നു അഭിജിത്ത്. പെരുന്നാളിനോടനുബന്ധിച്ചു ഗാനമേള നടക്കുന്നതിനിടയിൽ അഭിജിത്തിനെ കാണാതാവുകയായിരുന്നു. അഭിജിത്തിനെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ 27നു പള്ളിക്കത്തോട് പോലീസിൽ പരാതി നല്കിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണം

ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. അഭിജിത്തിൻറെ മൃതദേഹത്തിൽ വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളും തലയ്ക്കു പരിക്കേറ്റിട്ടുമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതും അന്വേഷണത്തിൽ വഴിത്തിരിവായി. അഭിജിത്തിൻറെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് അഭിജിത്ത് പോയത് ജിജോ ജോർജിനോടൊപ്പമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ജിജോയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടായത്. അന്വേഷണത്തിൽ അഭിജിത്തിനെ കൊന്നത് ജിജോയാണെന്നു സംശയിക്കാവുന്ന തെളിവുകൾ തെളിഞ്ഞുവന്നതോടെ ജിജോയെ കേന്ദ്രീകരിച്ചായിരുന്നു പോലീസിൻറെ അന്വേഷണം മുഴുവൻ. പിന്നീട് പോലീസ് ജിജോയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യമൊക്കെ തികഞ്ഞ നിസംഗതയോടെയാണ് പോലീസിൻറെ ചോദ്യങ്ങൾക്ക് ജിജോ മറുപടി നൽകിയിരുന്നത്. എന്നാൽ പിന്നീട് കോട്ടയം ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോൻ, പള്ളിക്കത്തോട് എസ്ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തു. പള്ളിയിൽവച്ചാണ് താൻ അഭിജിത്തിനെ കണ്ടതെന്നായിരുന്നു ജിജോയുടെ ആദ്യത്തെ മൊഴി. പിന്നീട് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനുമുന്നിൽ ജിജോ കൊലപാതകത്തിൻറെ ചുരുൾ നിവർത്തിയത്.

മദ്യം നൽകിയശേഷം കൊന്നു

പോലീസ് പറയുന്നത്– മൈലാടിക്കരയിലെ സിഎസ്ഐ പള്ളിയിൽ 26നു രാത്രിയിലായിരുന്നു ഗാനമേള. അന്നാണ് അഭിജിത്തിനെ കൊല്ലാൻ ജിജോ പദ്ധതിയിട്ടത്. അന്നു പള്ളിയിൽവച്ച് അഭിജിത്തിനെ കണ്ടതോടെ ജിജോ അഭിജിത്തുമായി സൗഹൃദസംഭാഷണം നടത്തി. തുടർന്ന് തൻറെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അഭിജിത്ത് ജിജോയോടൊപ്പം പോയി. ഇരുവരും ആദ്യം പള്ളിക്കത്തോട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്നു മദ്യം വാങ്ങി. തുടർന്ന് മൈലാടിക്കരയ്ക്കു സമീപത്തുള്ള റബർ തോട്ടത്തിലിരുന്നു മദ്യപിച്ചു. അഭിജിത്തിനെ അമിതമായി മദ്യപിക്കാൻ ജിജോ പ്രേരിപ്പിച്ചു. കൂടെ ജിജോയും മദ്യപിച്ചു. തുടർന്ന് തന്ത്രപൂർവ്വം അഭിജിത്തിനെ കിണറിനു സമീപം എത്തിച്ചു. പിന്നീട് അഭിജിത്തിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.


പ്രതിയായ ജിജോയും പള്ളിക്കത്തോട് സ്വദേശിനിയായ പെൺകുട്ടിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ആ സമയത്താണ് പെൺകുട്ടി അഭിജിത്തുമായി സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം ജിജോയ്ക്ക് ഇഷ്്ടമായില്ല. ജിജോ പല തവണ ബന്ധം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീടും സൗഹൃദം നിലനിൽക്കുന്നുവെന്നറിഞ്ഞപ്പോഴാണ് അഭിജിത്തിനെ കൊല്ലാൻ ജിജോ പദ്ധതിയിട്ടത്. അഭിജിത്ത് കൊല്ലപ്പെട്ട ദിവസം രാത്രി 10.30ന് പെൺകുട്ടിയും അഭിജിത്തുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് നാലു മിനിറ്റിനു ശേഷം പെൺകുട്ടി അഭിജിത്തിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയി എന്ന വിവരമാണ് ലഭിച്ചത്.

നിർണായകമായ തെളിവുകൾ

അഭിജിത്ത് വധക്കേസിൽ നിർണായകമായത് ജിജോയുടെ മൊബൈൽ ഫോണിലെ വിവരങ്ങളും പെൺകുട്ടിയുടെയും സമീപത്തെ പുരയിടത്തിൽ താമസിക്കുന്ന വ്യക്‌തിയുടെയും മൊഴിയുമാണ്. ജിജോയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പോലീസിനു ലഭിച്ച വിവരങ്ങളും പെൺകുട്ടിയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നു. പെൺകുട്ടിയാകട്ടെ മൊഴിയിൽ ഉറച്ച് നിൽക്കുകയും ചെയ്തു. കൂടാതെ സമീപത്തെ പുരയിടത്തിൽ താമസിക്കുന്ന വ്യക്‌തിയുടെ മൊഴിയും നിർണായകമായി.

കൊലപാതകത്തിൽ ഒന്നിലധികം പേർ

അഭിജിത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ ഒന്നലിധകം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി പിതാവ് ജോർജും മാതാവ് പൊന്നമ്മയും രംഗത്തെത്തി. 31നു കോട്ടയത്ത് പത്രസമ്മേളനം വിളിച്ചാണ് മാതാപിതാക്കൾ ആരോപണമുന്നയിച്ചത്.

മാതാപിതാക്കൾ പറയുന്നതിങ്ങനെ: 26നു രാത്രിയോടെയാണ് അഭിജിത്തിനെ കാണാതാവുന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് മൈലാടിക്കരയിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ജിജോയുടെ വീട്ടിൽ 26ന് രാത്രി ബഹളം കേട്ടതായി അയൽവാസികൾ തങ്ങളോട് പറഞ്ഞിരുന്നതായി പിതാവ് ജോർജും മാതാവ് പൊന്നമ്മയും പറഞ്ഞു. മൃതദേഹം കണ്ടെത്തിയെന്ന് പറയപ്പെടുന്ന കിണറ്റിൽ തങ്ങൾ ഉൾപ്പെടെയുള്ളവർ പല തവണ പരിശോധിച്ചിരുന്നു. അപ്പോഴൊന്നും അഭിജിത്തിനെ കണ്ടെത്തിയില്ല. അഭിജിത്തിൻറെ കഴുത്തിനു പിന്നിൽ അടിയേറ്റപാടും പുറത്ത് നിലത്തുകൂടി വലിച്ചുകൊണ്ടുപോയതിൻറെ പാടും ഉണ്ടെന്നു മാതാപിതാക്കൾ പറഞ്ഞു. ബന്ധുക്കൾ എത്തുന്നതിന് മുന്പ് മൃതദേഹം പുറത്തെടുത്തതും ദുരൂഹത വർധിപ്പിക്കുന്നതായി ഇവർ പറഞ്ഞു. 25ന് അഭിജിത്തും മൂന്നു സുഹൃത്തുക്കളും പള്ളിയിലെ റാസയിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. അഭിജിത്തിൻറെ ഒരു സുഹൃത്ത് അവിടെ എത്തിയ ഒരു പെൺകുട്ടിക്ക് തൻറെ ഫോൺ നന്പർ നൽകി. പെൺകുട്ടി ഇത് തൻറെ സഹോദരന് നൽകി. സഹോദരനും കൂട്ടുകാരും ചേർന്ന് ചോദ്യം ചെയ്യുകയും തുടർന്ന് പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ പരിപാടി കഴിഞ്ഞു പോകുന്പോൾ മറ്റൊരു സംഘം എത്തി ഇതേ പ്രശ്നം ചോദ്യം ചെയ്തു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. ഇവരെയും സംശയമുണ്ടെന്നു മാതാപിതാക്കൾ ആരോപിക്കുന്നു. പ്രതികളെ പിടികൂടാതിരിക്കാനും കേസ് തേച്ചുമായ്ച്ച് കളയാനും ഭരണകക്ഷിയിലെ ജില്ലയിലെ പ്രമുഖ നേതാവ് ഇടപെടുന്നതായും മാതാപിതാക്കൾ ആരോപിച്ചു.

വി.ആർ. അരുൺകുമാർ