ഒഴിവാക്കാനാവാത്ത സംസാര പരിശീലനം
ഒഴിവാക്കാനാവാത്ത സംസാര പരിശീലനം
കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തിയതിലൂടെ മാത്രം ശബ്ദലോകത്തേക്കു ഒരാൾക്കും തിരിച്ചെത്താൻ കഴിയില്ല. ഇതിനു രണ്ടുവർഷം നീണ്ടുനിൽക്കുന്ന സംസാരപരിശീലനം കൂടി ആവശ്യമാണ്. സംസ്‌ഥാനത്തു 2002ൽ ആദ്യ കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയ കാലഘട്ടത്തിൽ തന്നെ സംസാര പരിശീലനത്തിനായുള്ള സ്‌ഥാപനങ്ങളുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. ആറുമാസം മുതൽ രണ്ടുവർഷം വരെ നീണ്ടുനിൽക്കുന്ന സംസാരപരിശീലനത്തിലൂടെ മാത്രമേ ദീർഘനാൾ നിശബ്ദതയുടെ ലോകത്തു കഴിഞ്ഞവരെ സംസാരശേഷിയുള്ളവരാക്കി മാറ്റാൻ കഴിയൂ. സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്കായി ഇത്തരം പരിശീലനം അവിടെത്തന്നെ ലഭ്യമാക്കുന്നുണ്ട്. ശ്രുതിതരംഗം പദ്ധതി നടപ്പാക്കുന്പോൾ തന്നെ സംസ്‌ഥാന സർക്കാർ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരുടെ സംസാര പരിശീലനം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. സർക്കാർ തലത്തിൽ കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയകൾ നടത്തുന്ന കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജുകളിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. പത്തുപേർക്ക് ഒരു സ്പീച്ച് തെറാപ്പിസ്റ്റ് എന്ന തരത്തിൽ സംസാര പരിശീലകരുടെ സേവനം പദ്ധതിപ്രകാരം ഉറപ്പാക്കിയിരുന്നു.

തുടക്കം കുറിച്ചത് ആന്ധ്ര; മാതൃകയായത്് കേരളം

രാജ്യത്ത് തന്നെ സർക്കാർ സഹായത്തോടെ കോക്ലിയർ ഇംപ്ലാൻറ് സർജറി നടപ്പാക്കിയ സംസ്‌ഥാനമായിരുന്ന ു ആന്ധ്രാപ്രദേശ്. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി നടപ്പാക്കിയ ആരോഗ്യ പദ്ധതിയായ രാജീവ് ആരോഗ്യശ്രീയിൽപ്പെടുത്തിയാണ് അവിഭക്‌ത ആന്ധ്രയിൽ കുട്ടികൾക്കായി കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടപ്പാക്കിയത്. മൂന്നുവർഷം കൊണ്ട് 500ൽ അധികം കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും 80 ശതമാനത്തിലധികം കുട്ടികളും കേൾവിയുടെ ലോകത്തേക്കെത്തിയില്ല. സർജറിക്കുശേഷം ഓഡിയോ വെർബൽ ഹാബിറ്റേഷൻ എന്ന സംസാര പരിശീലന പരിപാടിയുടെ അഭാവമായിരുന്നു പദ്ധതി പരാജയപ്പെടാൻ കാരണം. എന്നാൽ കേരളത്തിൽ നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിയിൽ ശസ്ത്രക്രിയ്ക്ക് വിധേയരായവർക്ക് സംസാരപരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വ്യക്‌തമായ മാനദണ്ഡങ്ങൾ നടപ്പാക്കുകയും ചെയ്തതാണ് പദ്ധതി വിജയിച്ചത്. കൃത്യമായ ഇടവേളകളിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനവും സംസ്‌ഥാനത്ത് ഒരുക്കിയിരുന്നു. രണ്ടുവർഷം മുന്പ് ആന്ധ്രയിൽ നിന്ന് ഡോക്ടർമാരടങ്ങുന്ന ആരോഗ്യ ഉന്നത സംഘം കേരളത്തിലെത്തുകയും സംസ്‌ഥാനത്ത് നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയെക്കുറിച്ച് മനസിലാക്കുകയും ഉദ്യോഗസ്‌ഥരുമായി ആശയവിനിമനം നടത്തുകയും ചെയ്തിരുന്നു. നിലവിൽ ആന്ധ്രാപ്രദേശിൽ വീണ്ടും പദ്ധതി പുനരുജ്‌ജീവിപ്പിച്ചിട്ടുണ്ട്. കേരളത്തിൻറെ ശ്രുതിതരംഗം പദ്ധതിയെ മോഡലാക്കിയാണ് ആന്ധ്രാ സർക്കാർ കോക്ലിയർ ഇംപ്ലാൻറേഷൻ നടപ്പാക്കുന്നത്.


ശ്രുതിതരംഗമെന്ന കേരള മാതൃക

കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ജനങ്ങൾക്കു ഉപകാരപ്പെട്ടതുമായ പദ്ധതിയായിരുന്നു ശ്രുതിതരംഗം. തീവ്ര ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാൻറേഷനിലൂടെ ശ്രവണശക്‌തിയും ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഓഡിയോ വെർബെൽ ഹാബിറ്റേഷനിലൂടെ സംസാരശേഷിയും തിരിച്ചുനൽകുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്നപദ്ധതിയായി 2012 ഏപ്രിൽ 30നായിരുന്നു ശ്രുതിതരംഗം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ സ്വകാര്യ മേഖലയിൽ മാത്രം നടന്നിരുന്ന കോക്ലിയർ ഇംപ്ലാൻറ് സർജറിക്കായി പദ്ധതിപ്രകാരം തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജുകളിൽ പശ്ചാത്തല സൗകര്യമൊരുക്കുകയും ഡോക്ടർമാർ, ഓഡിയോളജിസ്റ്റുകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. ഈ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖല ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ സഹായം ഇതിന് സർക്കാർ തേടിയിരുന്നു. ശസ്ത്രക്രിയക്കുശേഷമുള്ള സംസാര പരിശീലനത്തിന് 10 കുട്ടികൾക്ക് ഒന്ന് എന്ന രീതിയിൽ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു. 2016 മാർച്ച് 31 വരെ സംസ്‌ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള 640 ഓളം കുട്ടികളെയാണ് ശ്രുതിതരംഗം പദ്ധതി ശബ്ദത്തിൻറെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്.

കേന്ദ്ര സർക്കാരിനും ശ്രുതിതരംഗം മാതൃക

സംസ്‌ഥാന സർക്കാർ നടപ്പാക്കിയ ഈ പദ്ധതി ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ സാന്പത്തിക വർഷം മുതൽ കേന്ദ്ര സർക്കാർ ശ്രവണ വൈകല്യമുള്ള കുട്ടികളെ ശബ്ദത്തിൻറെ ലോകത്തേക്ക് എത്തിക്കുന്നതിനായി എഡിഐപി പ്രകാരം കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയകൾ നടത്താൻ തീരുമാനിച്ചത് ശ്രുതിതരംഗം പദ്ധതി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടുവെന്നതിൻറെ തെളിവായിരുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ശ്രുതിതരംഗത്തിൻറേത് തന്നെയായിരുന്നു. (തുടരും)