കണ്ണിൽ ചോരയില്ലാത്തവൻ
കണ്ണിൽ ചോരയില്ലാത്തവൻ
അമേരിക്കയിൽ യൂണിസെഫിൽ ഉദ്യോഗത്തിനായി പോയ മകളെ കാണാനില്ലെന്ന് ബാങ്ക് മാനേജർ ശിവേന്ദ്ര പോലീസിൽ പരാതി നൽകിയപ്പോൾ, തന്നെ കാത്തിരിക്കുന്നത് ഇത്തരമൊരു ദുരന്തവർത്തമാനമാണെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അല്ലെങ്കിലും ഏതൊരു പിതാവിനാണ് ഇതൊക്കെ സഹിക്കാനാവുക..

ജീവന്റെ ജീവനായി മകളെ സ്നേഹിച്ചിരുന്ന ഏതു മാതാപിതാക്കൾക്കാണ് ഹൃദയഭേദകമായ ഈ വാർത്ത ഉൾക്കൊള്ളാനാവുക.. പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലാണ് ശിവേന്ദ്രയും കുടുംബവും താമസിക്കുന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന മകൾക്ക് യൂണിസെഫിൽ ജോലി ലഭിച്ചുവെന്നറിഞ്ഞപ്പോൾ ആ കുടുംബത്തിന് ഏറെ സന്തോഷം തോന്നി. ഇക്കഴിഞ്ഞ വർഷം ജൂൺ 23ന് മകൾ അമേരിക്കയിലേയ്ക്ക് യാത്രയായി. പിന്നീട് മകളുമായുള്ള ആ കുടുംബാംഗങ്ങളുടെ ബന്ധം വാട്സ് ആപ് വഴി മാത്രമായിരുന്നു. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ അതും നിലച്ചു. ശിവേന്ദ്രയും കുടുംബവും ആകെ പരിഭ്രമിച്ചു. എന്തോ ഒരു അസ്വാഭാവികത അവർക്ക് അനുഭവപ്പെട്ടു. അങ്ങനെയാണ് പശ്ചിമ ബംഗാൾ പോലീസിൽ മകളെ കാണാനില്ലെന്ന പരാതി ശിവേന്ദ്ര നൽകിയത്. പ്രത്യേക അന്വേഷണ സംഘം തന്നെ ആകാംക്ഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ടു. ഊർജിതമായ അന്വേഷണത്തിൽ ആകാംക്ഷ രാജ്യം വിട്ട് പോയിട്ടില്ലായെന്ന് പോലീസിന് ബോധ്യമായി. വാട്സ് ആപ് മെസേജുകൾ അടിസ്‌ഥാനമാക്കിയുള്ള അന്വേഷണത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണെന്നും തെളിഞ്ഞു. ആകാംക്ഷയുടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്പോഴും സജീവമായിരുന്നു. അന്വേഷണസംഘം അതും പരിശോധിച്ചു. ഒടുവിൽ അവർ അക്കൗണ്ടിനു പിന്നിലെ യഥാർഥ സൂത്രധാരനെ കണ്ടെത്തി– ഉദയൻ ദാസ് (32).

സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദം

ഉദയൻ ദാസും ആകാംക്ഷയും പരിചയപ്പെടുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഫെയ്സ്ബുക്ക് ചാറ്റിംഗ് അടുപ്പത്തിന്റെ ആഴം വർധിപ്പിച്ചു. ഫോണിൽ ഇരുവരും മണിക്കൂറുകളോളം സംസാരിച്ചു. നേരിൽ കണ്ടിട്ടില്ലാത്ത ഉദയൻ തന്റെ ജീവിതത്തിന്റെ സൗഭാഗ്യമാണെന്ന് ആകാംക്ഷ ഉറപ്പിച്ചു. ഉദയനുമായി ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിൽ 2016 ജൂണിൽ ആകാംക്ഷ മധ്യപ്രദേശിൽ, പ്രിയപ്പെട്ടവൻറെ അരികിലേക്ക് പുറപ്പെട്ടു. ഭോപ്പാലിൽ സാകേത് നഗറിലെ ഉദയന്റെ അപ്പാർട്ട്മെൻറിൽ ഇരുവരും ജീവിതം ആരംഭിച്ചു.



ആകാംക്ഷ ഇപ്പോൾ എവിടെയെന്ന അന്വേഷണ സംഘത്തിൻറെ സംശയവും ഉദയൻ ദൂരീകരിച്ചു. വീടിൻറെ അടുക്കളയിൽ തയാറാക്കിയ കല്ലറയുടെ സമീപത്തേക്ക് ഉദയൻ പോലീസ് സംഘത്തെ ആനയിച്ചു. മാർബിൾ കൊണ്ട് മുകൾഭാഗം മിനുസപ്പെടുത്തിയിരിക്കുന്നു.

അതിവിചിത്രമായ ചിന്തകളുള്ള, പ്രവൃത്തികൾ ശീലമാക്കിയ ഒരു മനോരാഗിയാണ് തങ്ങളുടെ മുന്നിലെന്ന് പോലീസ് ഉദ്യോഗസ്‌ഥർക്ക് തോന്നി. ഇക്കഴിഞ്ഞ ഡിസംബറിൽ ആകാംക്ഷയും ഉദയനും തമ്മിൽ കലശലായ വഴക്കുണ്ടായത്രെ. ആകാംക്ഷയ്ക്ക് മറ്റേതോ വ്യക്‌തിയുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഉദയന്റെ ആരോപണം. വഴക്കിനിടയിൽ കോപാകുലനായ ഉദയൻ ജീവിതപങ്കാളിയെ വെട്ടിനുറുക്കി. ശരീരഭാഗങ്ങൾ പോളിത്തീൻ കവറുകളിൽ നിറച്ചു. വലിയ ഇരുമ്പ് പെട്ടിയിൽ ഭദ്രമായി അടച്ചു. അടുക്കളയിൽ കല്ലറ തീർത്തു. പെട്ടി കുഴിയിലാക്കി സിമൻറിട്ടു. അവിശ്വസനീയമായ വിവരണം അന്വേഷണ സംഘത്തിനും നടുക്കം സൃഷ്‌ടിച്ചു. കല്ലറ പൊളിച്ച് ശരീരാവശിഷ്‌ടങ്ങൾ പുറത്തെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഏഴു മണിക്കൂർ നേരത്തെ പരിശ്രമഫലമായി അവർ ആ ഉദ്യമം പൂർത്തിയാക്കി. അവശിഷ്‌ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കാനായി ശേഖരിച്ചു.


ഒന്നല്ല, മൂന്ന് കൊലപാതകങ്ങൾ...

അന്വേഷണ സംഘം വീണ്ടും ഉദയനെ ചോദ്യം ചെയ്തു. ഛത്തീസ്ഗഡിലെ റായ്പൂരിൽ സുന്ദർ നഗറിലായിരുന്നു ഉദയനും മാതാപിതാക്കളും. ഉദയൻ എൻജിനിയറിംഗിനു ചേർന്നു, കോഴ്സ് പൂർത്തിയാക്കിയില്ല. പരീക്ഷ തോറ്റ വിവരം മാതാപിതാക്കളെ അറിയിച്ചില്ലായെന്നാണ് ഉദയൻ പോലീസിനോട് പറഞ്ഞത്. കോഴ്സ് കഴിഞ്ഞിട്ടും ഉദ്യോഗം നേടാനായുള്ള ശ്രമമൊന്നും മകൻറെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിനെച്ചൊല്ലി പിതാവ് വിജേന്ദ്ര ദാസും മാതാവ് ഇന്ദ്രാണിയും ഉദയനെ ശകാരിക്കുമായിരുന്നു. ഒരിക്കൽ വല്ലാതെ പ്രകോപിതനായപ്പോൾ ഉദയൻ ഇരുവരുടെയും കഥ അവസാനിപ്പിച്ചു. വീടിനു മുന്നിലെ പൂന്തോട്ടത്തിൽ മാതാപിതാക്കളുടെ മൃതദേഹങ്ങൾ അടക്കം ചെയ്തു. അഞ്ചു വർഷത്തിനു മുമ്പാണ് ഈ സംഭവമെന്നും ഉദയൻ വെളിപ്പെടുത്തി. പിന്നീട് റായ്പൂരിലെ വീടിൻറെ മുറ്റം എട്ടടിയോളം കുഴിച്ചപ്പോൾ രണ്ടു അസ്‌ഥികൂടങ്ങൾ പോലീസിന് ലഭിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് അവ അയച്ചു.

ഒബാമയും ട്രംപും എഫ് ബി ഫ്രണ്ട്സ്

അമേരിക്കയിലെ ഇപ്പോഴത്തെ പ്രസിഡൻറ് ഡൊണൾഡ് ട്രംപും മുൻ പ്രസിഡൻറ് ബറാക് ഒബാമയും തൻറെ വളരെ അടുത്ത എഫ് ബി ഫ്രണ്ട്സ് ആണെന്നാണ് ഉദയൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. നിരവധി വ്യാജ പ്രൊഫൈലുകൾ ഇയാൾ തയാറാക്കിയിട്ടുണ്ട്. പെൺകുട്ടികളെ പരിചയപ്പെടുകയും പ്രണയം നടിച്ച് തൻറെ ഇംഗിതത്തിനു വിധേയരാക്കുകയുമാണ് ലക്ഷ്യം. സമൂഹത്തിലെ ഉന്നതകുലജാതനെന്നാണ് തൻറെ അക്കൗണ്ടുകളിൽ ഇയാൾ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്‌ടതലത്തിൽ വലിയ പദവികൾ വഹിച്ചിട്ടുണ്ടെന്നും സമ്പന്നനാണെന്നുമൊക്കെയുള്ള വിവരങ്ങൾ ചില അക്കൗണ്ടുകളിലുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ബങ്കുറ കോടതിയിൽ ഹാജരാക്കിയ ഉദയനെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

ഇനി ഈ മാസം 15 നാണ് ഇയാളെ കോടതിയിൽ വീണ്ടും ഹാജരാക്കേണ്ടത്. ഇയാളുടെ പാസ്പോർട്ട്, ആധാർ കാർഡ്, ലാപ്ടോപ്പ്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയ്ക്കു പുറമേ ആകാംക്ഷയുടെ ബാങ്ക് അക്കൗണ്ട് രേഖകളും പോലീസ് കണ്ടെടുത്തു. എന്തായാലും, ഒരു മനഃശാസ്ത്ര വിദഗ്ധൻറെ കൂടി സഹായത്തോടെ ഉദയനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.