ആന = തൃശൂർ
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ആനച്ചൂടുമേൽക്കാതെ ഈ നഗരത്തിന് ഒരു ദിവസം പോലുമില്ല. സ്വരാജ് റൗണ്ടിൻറെ നടുവിൽ വിശാലമായി കിടക്കുന്ന തേക്കിൻകാട് മൈതാനിയിലെ വടക്കുന്നാഥൻറെ കൊക്കർണിപറന്പിലുണ്ടാകും ഒരാനയെങ്കിലും...അല്ലെങ്കിൽ തിരുവന്പാടിയിലേക്കോ പാറമേക്കാവിലേക്കോ ശിവേലിക്ക് പോകുന്ന ആന റൗണ്ടിലൂടെയാകും പോവുക. അതുമല്ലെങ്കിൽ ഏതെങ്കിലും ഒരാന എവിടേക്കെങ്കിലുമുള്ള യാത്രയിൽ റൗണ്ടിലൂടെ കടന്നുപോകും.

കേരളത്തിൻറെ മറ്റേതെങ്കിലും ദിക്കിൽ ഒരാന കടന്നുപോകുന്പോൾ അതിനെ നോക്കി നിൽക്കുന്നവരെ കണ്ടാൽ ഉറപ്പിച്ചോളു അതൊരു തൃശൂർക്കാരനായിരിക്കും.

ആനകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ആനഡേവിസേട്ടന് അന്തിമോപചാരം അർപ്പിക്കാൻ ആനകൾ നാലെണ്ണം എത്തിയപ്പോൾ അതിൽ തൃശൂർക്കാർക്ക് അതിശയമൊന്നും തോന്നിയില്ല. ആകെ നാലെണ്ണേ എത്തീള്ളു എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. അതാണ് തൃശൂർക്കാർ.

ആനകളെ പ്രാണനുതുല്യം സ്നേഹിച്ച ഡേവിസ് കേരളമൊട്ടാകെ അറിയപ്പെട്ടത് ആന ഡേവിസെന്നാണ്. അന്പലത്തിൽ കയറാൻ പറ്റാത്തതുകൊണ്ട് തനിക്ക് പ്രിയപ്പെട്ട പൂക്കോടൻ ശിവൻ എന്ന ആന തിരുവന്പാടി ശിവസുന്ദറായി നടയിരുത്തപ്പെടുന്നത് അന്പലത്തിൻറെ പുറത്ത് പ്ലാറ്റ്ഫോം കെട്ടി അതിൽ കയറി നിന്ന് കണ്ടിട്ടുണ്ട് ആനഡേവിസ്. കേരളം മുഴുവൻ തെങ്ങിൽ മണ്ഡരിബാധ മൂലം കെടുതിയിലായപ്പോൾ രോഗബാധ മാറാൻ തെങ്ങിൻ പട്ടയിലും തണ്ടിലും കീടനാശിനി തളിക്കാൻ തീരുമാനിച്ചതു കേട്ട് ആനഡേവിസ് അങ്കലാപ്പിലായിട്ടുണ്ട്. എൻറെ കു്ട്ടികൾക്ക് തിന്നാൻ കൊടുക്കണ പട്ടേല് വിഷം അടിച്ചാൽ അത് കുഴപ്പാവില്യേ എന്നാണ് വേദനയോടെ അന്ന് ഡേവിസേട്ടൻ ചോദിച്ചത്. ഇതുപോലെ ചോദിക്കാൻ തൃശൂർക്കാർക്കേ കഴിയൂ.

ആനകൾക്ക് എന്തെങ്കിലും പ്രശ്നങ്ങളോ കുഴപ്പങ്ങളോ ഉണ്ടെന്ന് കേട്ടാൽ ഉടൻ രംഗത്തിറങ്ങുന്ന വി.കെ.വെങ്കിടാചലം എന്ന ആന വെങ്കിടി, ആനകളെക്കുറിച്ച് എല്ലാ കാര്യങ്ങളും മനസിൽ കൊണ്ടുനടക്കുന്ന എൻസൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാവുന്ന ആന മേനോൻ എന്ന് പലരും രഹസ്യമായും പരസ്യമായും സ്നേഹത്തോടെ വിളിക്കുന്ന സി.എ.േനോൻ, ആനകൾക്കുള്ള ആഭരണങ്ങളും ചമയങ്ങളും കാലങ്ങളായി നൽകുന്ന ആനസ്വാമി എന്ന് പലരും വിളിക്കുന്ന വെങ്കിടാദ്രി എന്നിവർക്കൊപ്പമായിരുന്നു ആനകളെ ജീവനുതുല്യം സ്നേഹിച്ച ആന ഡേവിസിൻറെയും സ്‌ഥാനം. ഇത്തരം ആനപ്പേരുമായി സ്വന്തം പേര് ചേർത്തു വയ്ക്കപ്പെട്ടവർ വേറെയെവിടെയെങ്കിലുമുണ്ടാകുമോ ഇത്രയധികം...

കേരളത്തിലെ ഏറ്റവും വലിയ ആന ഉടമസ്‌ഥൻ തൃശൂർ ജില്ലയിലാണ്. സാക്ഷാൽ ഗുരുവായൂരപ്പൻ. ദേവസ്വത്തിൻറെ പുന്നത്തൂർ കോട്ടയിൽ ആനകളെത്രയാണ്. നാൽപ്പതിലധികമുണ്ട് ആനകൾ. പുന്നത്തൂർ കോട്ട കാണാനായി മാത്രം വിദേശികളും സ്വദേശികളും നിരവധിയാണ് ഓരോ ദിവസവുമെത്തുന്നത്.

ആനയൂട്ട് കേരളത്തിൻറെ പല ഭാഗത്തും നടക്കുന്നുണ്ടെങ്കിലും തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കർക്കടകപുലരിയിൽ നടക്കുന്ന ആനയൂട്ടാണ് ആനയൂട്ട്. ആനച്ചൂടും ആനച്ചൂരും തട്ടാത്ത ആനയാഭരണങ്ങൾ ഒന്നുമില്ലാതെ കുളിച്ചുകുറിതൊട്ട് കരിവീരച്ചന്തം വിടർത്തി ഗജവീരൻമാർ തെക്കേഗോപുരനടയ്ക്ക് മുന്നിൽ അണിനിരക്കുന്ന ആ കാഴ്ച ആനപ്രേമികൾക്ക് മാത്രമല്ല ഏതൊരാൾക്കും കണ്ണിനിന്പമാണ്.

തൃശൂർ പൂരത്തിനെക്കുറിച്ച് പറയേണ്ടതില്ല. പൂരത്തിന് കൊടിയേറിക്കഴിഞ്ഞാൽ പിന്നെ ഇടവഴികളിലും സ്വരാജ് റൗണ്ടിലും നിറയുന്ന ചങ്ങലക്കിലുക്കത്തിൻറെ സ്വരം ഓരോ ആനപ്രേമിയും പിടിച്ചെടുക്കും. പൂരത്തലേന്ന് ആനച്ചമയ പ്രദർശനവും ആനകളെ കാണലും പൂരക്കാഴ്ചകളിൽ പ്രധാനം. ചെറുപൂരങ്ങളായാലും പൂരത്തിൻറെ പ്രധാന ചടങ്ങുകളായാലും എല്ലാം ആനമയമാണ്. തേക്കിൻകാടും വടക്കുന്നാഥൻറെ തിരുമുറ്റവും ആനകളാൽ നിറയുന്ന തൃശൂർ പൂരം. മുരൾച്ചയിൽ തുടങ്ങി അലർച്ചയിലൊടുങ്ങുന്ന തൃശൂർ പൂരം വെടിക്കെട്ട്് ചെവിയാട്ടി കണ്ടുനിൽക്കുന്ന കൊന്പൻമാർ തൃശൂരിൻറെ അഭിമാനമാണ്.

ഏതാനും കൊല്ലം മാത്രം നടത്തി നിർത്തിവച്ച ഗജമേള തൃശൂരിലെ ആനപ്രേമികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട സംഭവമായിരുന്നു. തേക്കിൻകാട് മൈതാനിയിലും പിന്നെ മുനിസിപ്പൽ സ്റ്റേഡിയത്തിലും ഗജമേള നടത്തിയിരുന്നുവെങ്കിലും പിന്നീടത് വേണ്ടെന്ന് വച്ചു.

ആനകളെ ചികിത്സിക്കുന്ന ആനകളുടെ പ്രിയപ്പെട്ട ഡോക്ടർ തൻറെ കല്യാണത്തിന് എല്ലാവരേയും ക്ഷണിച്ച കൂട്ടത്തിൽ ആനകളേയും ക്ഷണിച്ചത് തൃശൂരിൻറെ മറ്റൊരു ആനക്കഥ. പ്രശസ്ത ആന ചികിത്സകനായ ഡോ.പി.ബി.ഗിരിദാസാണ് തൻറെ കല്യാണത്തിന് ആനകളെ ക്ഷണിച്ച് വിഭവസമൃദ്ധമായ സദ്യ നൽകിയത്. ആനകൾക്കിഷ്‌ടപ്പെട്ട പനന്പട്ടയും പഴവുമടക്കം അവയ്ക്കാവശ്യമായതെല്ലാം അന്നു വിളന്പി.


മറ്റൊരു ആന ചികിത്സകനായ ഡോ.കൈമളിൻറെ ശ്രാദ്ധദിനത്തിൽ ആനകൾക്ക് ഭക്ഷണം നൽകിയതിനും തൃശൂർക്കാർ സാക്ഷി. ഡോക്ടർ കൈമളിന് ഏറെ ഇഷ്‌ടം ആനകളോടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ ചരമവാർഷികദിനത്തിൽ ആനകൾക്ക് ഭക്ഷണം നൽകി.

ആന ചരിഞ്ഞതിൻറെ ചരമവാർഷികത്തിൽ സ്‌ഥിരമായി പത്രത്തിൽ പരസ്യം നൽകുന്നയാളുകളും തൃശൂരിലുണ്ട്.

ഗുരുവായൂർ കേശവൻറെയും തിരുവന്പാടി ചന്ദ്രശേഖരൻറെയും ചരമദിനം കൃത്യമായി ആചരിച്ചുവരുന്നതും തൃശൂരിൻറെ ആനപ്രേമത്തിനു തെളിവാണ്. കേശവൻറെ പ്രതിമയിലെ പുഷ്പാർച്ചനയും ചന്ദ്രശേഖരൻറെ ഛായാചിത്രവും വഹിച്ചുള്ള ഗജയാത്രയും വേറെയെവിടേയും കാണാൻ കിട്ടില്ല. ആനപ്പൊക്കത്തിൽ ഗുരുവായൂരീൽ സ്‌ഥാപിച്ചിട്ടുള്ള ഗുരുവായൂർ കേശവൻറെ പ്രതിമ കാണാൻ നിരവധി പേരെത്തുന്നുണ്ട്. ആന ശിൽപങ്ങളുണ്ടാക്കുന്നതിൽ പേരുകേട്ട ശിൽപികളും തൃശൂർ ജില്ലയിലെ ചേർപ്പിലാണ്. ജീവൻതുടിക്കുന്ന ആനശിൽപങ്ങളാണ് ഇവർ കൊത്തിയെടുക്കുന്നത്. ആനകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ആന മ്യൂസിയം തൃശൂർ നഗരത്തിലാണ്. പഴയകാല ആനകളുടെ ചിത്രങ്ങൾ, പഴയകാല ആയുധങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്.

കേരളത്തിലെ തലയെടുപ്പുള്ള ആനകളിൽ പ്രമുഖനായിരുന്ന ചെങ്ങല്ലൂർ രംഗനാഥൻറെ അസ്‌ഥികൂടം പ്രദർശിപ്പിച്ചിരിക്കുന്നത് തൃശൂർ മ്യൂസിയത്തിലാണ്. തലയെടുപ്പിൽ രംഗനാഥനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ലത്രെ. അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനാല തുറക്കുന്പോൾ പ്രത്യേകം സൂക്ഷിക്കണമായിരുന്നുവെന്ന് പറയാറുണ്ട്. ജനാല ചിലപ്പോൾ മുറ്റത്തു നിൽക്കുന്ന ചെങ്ങല്ലൂർ രംഗനാഥൻറെ പുറത്തു തട്ടുമെന്നതുകൊണ്ടാണ് സൂക്ഷിക്കാൻ പറഞ്ഞിരുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിലാകട്ടെ ഗജവീരൻ ഗുരുവായൂർ കേശവൻറെ കൊന്പുകൾ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ആനകളെ കൊണ്ട് പുസ്തകപ്രകാശനം നടത്തിയതും തൃശൂരിലാണ്. ഇ ഫോർ എലിഫൻറ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ അരൂക്കുറ്റി രചിച്ച പുസ്തകമാണ് ആനകൾ തമ്മിൽ കൈമാറി പ്രകാശനം നടത്തിയത്. ആനയ്ക്കുണ്ടൊരു കഥപറയാൻ എന്നായിരുന്നു ആ പുസ്തകത്തിൻറെ പേര്.

തിരുവന്പാടി ചന്ദ്രശേഖരനെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുത്തിവീഴ്ത്തിയപ്പോൾ പ്രാർഥനയോടെ ചന്ദ്രശേഖരൻറെ തിരിച്ചുവരവിനു വേണ്ടി കാത്തിരുന്ന ആനപ്രേമികൾ അസംഖ്യമാണ്. മാസങ്ങൾക്കു ശേഷം തിരുവന്പാടിയിലേക്ക് എത്തിയ ചന്ദ്രശേഖരനെ ആർപ്പുവിളികളോടെയാണ് ആനപ്രേമികൾ വരവേറ്റത്.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൂരത്തലേന്ന് നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂരവിളംബം നടത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ പുറത്തേറി എഴുന്നള്ളിയപ്പോൾ കനത്ത മഴയെപ്പോലും അവഗണിച്ച് നിരവധി ആനപ്രേമികളാണ് തെക്കേഗോപുരനടയ്ക്കു താഴെ തടിച്ചുകൂടിയത്.

ഏതാന ചരിഞ്ഞാലും തൃശൂർക്കാരന് സങ്കടമാണ്. എല്ലാ ആദരാഞ്ജലികളോടും കൂടിയാണ് ഏതൊരാനയേയും തൃശൂർക്കാർ യാത്രയാക്കാറുള്ളത്. ചരിഞ്ഞ ആനയ്ക്ക് മുന്നിൽ പൊട്ടിക്കരയുന്നവർ, ആനയ്ക്കിഷ്‌ടപ്പെട്ട പഴമോ ശർക്കരയോ അവസാനമായി അർപ്പിക്കുന്നവർ, ഇടനെഞ്ചുപൊട്ടി അലറിക്കരഞ്ഞ ആനഡേവിസേട്ടനെ പോലുള്ളവർ...

കേരളത്തിലെ ഏറ്റവും മികച്ച ആനചികിത്സകരുടെ കൂടി നാടാണ് തൃശൂർ. കേരളത്തിനു പുറത്തേക്ക് വരെ ആനകളെ ചികിത്സിക്കാൻ ഇവർക്ക് പോകേണ്ടി വരാറുണ്ട്. ആനപ്രാന്തൻമാർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ തൃശൂർക്കാരുടെ പങ്കാളിത്തം സജീവമാണ്. ശിവസുന്ദറെന്ന കൊന്പനെക്കുറിച്ച് വീഡിയോ ആൽബം ഇറക്കിയതും തൃശൂരിലാണ്.

ആനച്ചോറ് കൊലച്ചോറാണെന്നും ആനകളെ പീഡിപ്പിക്കുകയാണെന്നും ആനകളെ എഴുന്നള്ളിപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങളും പരാതികളും തൃശൂരിൽ വിലപ്പോകാറില്ല. ആന എഴുന്നള്ളിപ്പിന് നിയന്ത്രണം വരുമെന്ന ഘട്ടത്തിൽ തെക്കേഗോപുരനടയിൽ നിന്നുള്ള ഇറക്കത്തിൽ ആനയെപ്പോലെ മുട്ടുകുത്തി നിന്ന് നടന്നുനീങ്ങി പ്രതിഷേധിച്ചവരാണ് തൃശൂർക്കാർ.

തൃശൂർക്കാർ അവരുടെ കുട്ടികൾക്ക് ആദ്യം പറഞ്ഞുകൊടുക്കുന്ന മലയാള അക്ഷരം ആ എന്നാണെന്നും ഇംഗ്ലീഷ് അക്ഷരം ഇ എന്നാണെന്നും പറയാറുണ്ട്. ആ ഫോർ ആന ഇ ഫോർ എലിഫൻറ്.

–ഋഷി