എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
ലോകമെമ്പാടും പ്രായമേറിയവരുടെ എണ്ണം അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിമെൻഷ്യ ബാധിതരുടെ എണ്ണവും വളരെ വർധിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ഏകദേശം 35 ദശലക്ഷത്തോളം ജനങ്ങൾ ഡിമെൻഷ്യാ ബാധിതരാണ്. ഇതിൽ മൂന്നുലക്ഷത്തോളം പേർ ഇന്ത്യയിലാണ്. ഓരോ 7 സെക്കൻഡിലും ഒരു വ്യക്‌തി ഡിമെൻഷ്യാ രോഗത്തിനു അടിമപ്പെടുന്നു.

ഡിമെൻഷ്യ

ഒരു വ്യക്‌തിയുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറ് രോഗബാധിതമാകുകയും തലച്ചോറിന്റെ ധർമങ്ങൾ ശാരീരികമായി നടത്താൻ കഴിയാതെ വരികയും തന്മൂലം ഒരാൾക്ക് തൻറെ ദൈനംദിന പ്രവർത്തികളും തൊഴിൽപരമോ സാമൂഹികമോ ആയ ധർമങ്ങളും നടത്താൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്‌ഥയാണ് ഡിമെൻഷ്യ. വിവിധ കാരണത്താൽ ഡിമെൻഷ്യ എന്ന അവസ്‌ഥ സംജാതമാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് അൽഷിമേഴ്സ് രോഗം.

ഓർമക്കുറവിന്റെ കാരണങ്ങൾ

ഓർമക്കുറവ് പല കാരണങ്ങൾ കൊണ്ടുണ്ടാകാം. ഓർമക്കുറവ് എന്നാൽ ഡിമെൻഷ്യ എന്ന് ചിന്തിക്കുന്നതിൽ അർഥമില്ല. വിഷാദം, ആകാംക്ഷ, ശാരീരിക രോഗങ്ങൾ, ശാരീരിക ക്ഷീണം, പോഷകാഹാരക്കുറവ് മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങിയ കാരണങ്ങൾകൊണ്ടും ഓർമക്കുറവുണ്ടാകാം.

വാർധക്യത്തിലെത്തുമ്പോൾ സ്വഭാവികമായും തന്നെ ഓർമക്കുറവ് അനുഭവപ്പെടാം. ഈ ഓർമക്കുറവ് കൂടിവരുന്നില്ല. പ്രായത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നില്ല.
ഡിമെൻഷ്യ രോഗത്തിൽ ഓർമക്കുറവ് കൂടിവരുന്നു. മറന്നുപോകുന്ന കാര്യങ്ങൾ ഓർമിച്ചെടുക്കാൻ കഴിയാതെ വരുന്നു. അടുത്ത കാലത്ത് നടന്ന കാര്യങ്ങളാണ് പ്രധാനമായും മറുന്നുപോകുന്നത്. വിദൂരമായ ഭൂതകാലത്തിൻറെ ഓർമകൾ രോഗത്തിൻറെ ആദ്യഘട്ടത്തിൽ ബാധിക്കപ്പെടുന്നില്ല. രോഗിയുടെ പെരുമാറ്റത്തിലും വ്യക്‌തിത്വത്തിലും പ്രകടമായ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുന്നു. കഴിവുകൾ ക്രമേണ നഷ്‌ടമാകുന്നു.


ഡിമെൻഷ്യയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ

1. ഡിമെൻഷ്യ വാർധക്യത്തിന്റെ ഒരു ഭാഗമല്ല.
2. വാർധക്യകാലത്താണ് ഡിമെൻഷ്യ കൂടുതലായും കാണപ്പെടുന്നതെങ്കിലും ചെറുപ്പക്കാരെയും ഇത്
ബാധിക്കാവുന്നതാണ്.
3. ഡിമെൻഷ്യ സാധാരണയായി ഒരു പാരന്പര്യരോമല്ല, പക്ഷേ ചില കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഇതുണ്ടാകുവാനുള്ള പ്രവണത കൂടുതലായി കണ്ടേക്കാം.
4. ഇതൊരു മാനസിക രോഗമല്ല, മറിച്ച് മാനസികരോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാഡികോശരോഗങ്ങളെ ബാധിക്കുന്ന ഒരു ശാരീരിക രോഗമാണ്.
5. ഡിമൻഷ്യക്ക് നാളിതുവരെ ശാശ്വതമായ ഒരു പ്രതിവിധി കണ്ടെത്തിയിട്ടില്ല. പക്ഷേ, ഈ രോഗത്തിന് ലക്ഷണങ്ങൾ ചിലതിൻറെ ശക്‌തി കുറയ്ക്കാനുള്ള ചികിത്സോപാധികൾ നിലവിലുണ്ട്. അതിൽ പ്രാരംഭഘട്ടത്തിലുള്ള രോഗനിർണയം ഏറെ ഗുണപ്രദമാണ്.
6. മറ്റു ചില രോഗാവസ്‌ഥയിൽകൂടി ഉണ്ടാകുന്ന ഡിമെൻഷ്യ, ഉദാഹരണത്തിന് സ്ട്രോക്ക് പോലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നത്. ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
7. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, കളി, വസ്ത്രധാരണം എന്നിവയിൽ ഡിമെൻഷ്യാ രോഗികൾക്ക് നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കൂടാതെ നിരന്തരമായ സംരക്ഷണവും സമാശ്വാസവും കൃത്യനിഷ്ഠമായ ദിനചര്യകളും ഇവർക്ക് ആവശ്യമാണ്.
8. ദിവസം മുഴുവൻ ഉന്നയിക്കുന്ന ഇവരുടെ കർക്കശമായ ആവശ്യങ്ങൾ മിക്കവയും കുടുംബങ്ങൾക്ക് അസാധാരണമായ ഒരു വെല്ലുവിളിയായിത്തീരാം.
9. രോഗിയോടൊപ്പം രോഗിയെ പരിചരിക്കുന്നവർക്കും ശ്രദ്ധയും പരിചരണവും നൽകേണ്ടതുണ്ട്. (തുടരും)

വിവരങ്ങൾ : ആൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ്, ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ