ഓപ്പറേഷൻ പൾസർ
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം പോലീസിൽ പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങുന്ന പ്രതികൾക്കും അവർക്ക് വേണ്ടി ഒത്താശ ചെയ്യുന്ന അഭിഭാഷകർക്കും പോലീസിൻറെ ഈ നടപടി വ്യക്‌തമായ സന്ദേശമാണ് നൽകുന്നത്. നടിയെ ആക്രമിച്ച വിവാദ കേസിലെ മുഖ്യപ്രതിയെ കോടതിയിൽ കയറി പോലീസ് പിടികൂ ടിയപ്പോൾ അതിലേക്ക് നയിച്ച നടപടികൾ ക്ക് കൃത്യമായി കരുക്കൾ നീക്കിയ ബുദ്ധികേന്ദ്രം എറണാകുളം റേഞ്ച് ഐജി പി. വിജയനായിരുന്നു.

എറണാകുളത്ത് ചലച്ചിത്ര നടിയെ ആക്രമിച്ച സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാറിനെയും കൂട്ടുപ്രതിയായ വിജേഷിനെയും പിടികൂടിയതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
പോലീസിന് പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങാനുള്ള പദ്ധതി നടപ്പിലാക്കി കേരള സമൂഹത്തെ ഒന്നടങ്കം കബളിപ്പിക്കാനും മണ്ടൻമാരാക്കാനും ശ്രമിച്ച പൾസർ സുനിയെ പിടികൂടിയത് പോലീസിന് അഭിമാനാർഹമായ നേട്ടമായാണ് സേനയിലെ ഒന്നടങ്കം പറയുന്നത്. എറണാകുളം റേഞ്ച് ഐജി. പി.വിജയനാണ് പൾസർ സുനിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പൾസറിന് നേതൃത്വം കൊടുത്തത്. പൾസറിൻറെയും കൂട്ടാളിയുടെയും ഓരോ നീക്കവും സസൂക്ഷ്മം ഐജി പി.വിജയൻ തൻറെ ഔദ്യോഗിക ബന്ധങ്ങൾക്ക് പുറമെ വ്യക്‌തി ബന്ധങ്ങൾ ഉപയോഗിച്ചും മനസിലാക്കി തൻറെ കീഴുദ്യോഗസ്‌ഥർക്ക് ഓരോ സമയവും നിർദേശം നൽകിക്കൊണ്ടിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, അസിസ്റ്റൻറ് കമ്മീഷണർ കെ. ലാൽജി എന്നിവർക്കാണ് ഐജി വിജയൻ നേരിട്ട്്് നിർദേശം നൽകി കൊണ്ടിരുന്നത്. പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും പിടികൂടിയില്ലായിരുന്നുവെങ്കിൽ പോലീസ് സേനയ്ക്ക് ആകെ അപമാനമാകുമായിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ഒളിവിൽ പോയ പൾസർ സുനിയെയും സംഘത്തെയും പിടികൂടുന്നതിനായി പോലീസിൻറെ ആറ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. രണ്ട് അന്വേഷണ സംഘം വിവിധ സ്‌ഥലങ്ങളിൽ നിന്നായി പൾസറിനോടൊപ്പം കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ പിടികൂടിയിരുന്നു. കൊച്ചിയിൽ നിന്നും കോയന്പത്തൂരിലേക്ക് പൾസർ സുനിയും കൂട്ടാളി വിജേഷും കടന്നുവെന്ന രഹസ്യ വിവരത്തിൻറെ അടിസ്‌ഥാനത്തിൽ രണ്ട് അന്വേഷണ സംഘത്തെ കോയന്പത്തൂരിലേക്ക് അയച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച കോയന്പത്തൂരിലെത്തിയ അന്വേഷണ സംഘം പൾസർ സുനിയുടെ ഒളിസങ്കേതം മനസിലാക്കി പിടികൂടാൻ ശ്രമം നടത്തി. പോലീസ് കോയന്പത്തൂരിലെത്തിയെന്ന് മനസിലാക്കിയ പൾസർ സുനിയും വിജീഷും അവിടെ നിന്നും രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. കോയന്പത്തൂരിലെ സുഹൃത്തിൻറെ പൾസർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പൾസർ സുനിയും വിജിഷും കോയന്പത്തൂരിനടുവച്ച് ഒരു സിഗ്നൽ പോയിൻറിൽ നിന്നും സിഗ്നൽ ജംപ് ചെയ്ത് ഊടുവഴിയിലൂടെ രക്ഷപ്പെട്ടു. ഒരു അന്വേഷണ സംഘത്തെ കോയന്പത്തൂരിൽ തങ്ങാൻ ഐജി നിർദേശം നൽകുകയും മറ്റ് അന്വേഷണ സംഘങ്ങളെ പൾസറിൻറെ ഏറ്റവും അടുപ്പക്കാരായ സുഹൃത്തുക്കളുടെ വീടുകളും പരിസരവും നിരീക്ഷിക്കാനും ഐജി നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കീഴടങ്ങാനുള്ള പദ്ധതിയുമായി സുനി വ്യാഴാഴ്ച രാത്രിയിൽ തലസ്‌ഥാനത്തെ അതിർത്തി പ്രദേശത്ത് ഒളിവിൽ താമസിച്ചു. എന്നാൽ വഞ്ചിയൂരിൽ കീഴടങ്ങുന്നത് തനിക്ക് ദോഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഉപദേശത്തിൻറെയും നിയമ ഉപദേഷ്‌ടാക്കളുമായുള്ള ആശയവിനിമയത്തിൽ വിള്ളൽ ഉണ്ടായതും സുനിയെ എറണാകുളം കോടതിയിൽ കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിൽ കീഴടങ്ങാനുള്ള സാധ്യത മനസിലാക്കിയ പോലീസ് സംഘം വഞ്ചിയൂർ കോടതി പരിസരത്തും പ്രമുഖരായ അഭിഭാഷകരുടെ ഓഫീസുകളിലും നിരീക്ഷണം ശക്‌തമാക്കിയിരുന്നു.


വെള്ളിയാഴ്ച രാവിലെയോടെ പൾസർ ബൈക്കിൽ സുനിയും വിജീഷും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് യാത്ര തിരിച്ചു. ഹെൽമറ്റ് ധരിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. എംസി. റോഡിലൂടെയും ഊടു വഴിയിലൂടെയും സഞ്ചരിച്ചാണ് സുനിയും വിജീഷും എറണാകുളത്തെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ സുനിയും വിജീഷും എറണാകുളം ജോസ് ജംഗ്ഷനിലെത്തിയിട്ടുണ്ടെന്ന വിവരം ഐജി പി.വിജയന് ലഭിച്ചു. ഇതേത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ എം.പി.ദിനേശിനോടും ഡിസിപിയോടും അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജിയോടും എറണാകുളം സിജെഎം കോടതി പരിസരത്ത് യൂണിഫോമിലും മഫ്ടിയിലും നിരീക്ഷണം നടത്താൻ നിർദേശം നൽകി. കോടതിയിലെ പ്രധാന കവാടത്തിൽ അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജി ഉൾപ്പെടെയുള്ള ഒരു സംഘം പോലീസ് പുറത്തും മഫ്ടിയിലും നിലയുറപ്പിച്ചിരുന്നു.

പൾസറിന് കിട്ടിയ നിയമോപദേശത്തിൻറെ അടിസ്‌ഥാനത്തിൽ സമീപത്തെ ശിവക്ഷേത്രത്തിലെ ഗ്രൗണ്ട് വഴി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം ക്ഷേത്ര മതിൽ ചാടിക്കടന്നു. കോടതിയെയും ക്ഷേത്രത്തെയും വേർതിരിക്കുന്നത് ഈ ഒറ്റ മതിലായിരുന്നു. മതിലിൽ ഗ്രിൽ വയ്ക്കാനായി സ്‌ഥാപിച്ച വിടവിലൂടെയാണ് ഇരുവരും കോടതി കോന്പൗണ്ടിൽ പ്രവേശിച്ചത്. അഭിഭാഷകരുടെ വേഷത്തിൽ ഹെൽമറ്റ് ധരിച്ച് മജിസ്ട്രേട്ട്മാർ സഞ്ചരിക്കുന്ന മജിസ്ട്രേട്ട് എൻട്രി വഴി ഇരുവരും ഒന്നാം നിലയിലെത്തുകയായിരുന്നു. ഈ സമയം മജിസ്ട്രേട്ട് കോടതിയിൽ നിന്നും ഉച്ചഭക്ഷണം കഴിയ്ക്കാൻ പോയിരുന്നു. പൾസറിൻറെ അഭിഭാഷകർ മജിസ്ട്രേട്ടിനോട് പ്രതികൾ കീഴടങ്ങാനെത്തിയ വിവരം അറിയിച്ചു. ഹെൽമറ്റ് മാറ്റിയപ്പോഴാണ് മഫ്ടിയിലുള്ള പോലീസ് സംഘം പൾസർ സുനിയും വിജീഷും കോടതിക്കകത്ത് പ്രവേശിച്ച വിവരം കോടതിക്ക് മുന്നിലുണ്ടായിരുന്ന അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജിയെ അറിയിച്ചു. ലാൽജി ഐജി. പി. വിജയനോട് പ്രതികൾ കോടതിയിലെത്തിയ വിവരം അറിയിച്ചു. കോടതിക്കകത്ത് വച്ച് എന്ത് റിസ്ക് എടുത്തും പിടികൂടണമെന്ന് ഐജി പി.വിജയൻ നിർദേശം നൽകി. ഇതേത്തുടർന്ന് അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജി സർക്കിൾ ഇൻസ്പെക്ടർ അനന്തലാലിനെയും സമീപത്തെ സ്റ്റേഷനിലെ എസ്ഐ മാരെയും വയർലെസ് വഴി ബന്ധപ്പെട്ട് ഉടൻ കോടതിയിലെത്താൻ നിർദേശിച്ചു. കോടതി കെട്ടിടം മഫ്ടി പോലീസിനെയും യൂണിഫോമിലുള്ള പോലീസിനെയും കൊണ്ട് പരിപൂർണ പോലീസ് നിയന്ത്രണത്തിൽ ഞൊടിയിടയിലാക്കുകയും വളരെ വേഗത്തിൽ തന്നെ പ്രതികളെ പിടികൂടണമെന്ന ഐജിയുടെ നിർദേശത്തെ തുടർന്ന് ഇരുവരെയും പോലീസ് സംഘം പിടികൂടുകയുമായിരുന്നു. പ്രതിക്കൂട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നിന്ന ഇരുവരെയും ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് കോടതിക്കെട്ടിടത്തിനകത്ത് നിന്നും പ്രതികളെ പിടികൂടുന്നത്.

നടിയെ ആക്രമിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണിനെ സംബന്ധിച്ച് പൾസർ സുനി തെറ്റിധാരണ പരത്തുകയാണെന്നാണ് പോലീസിൻറെ നിഗമനം. ഓടയിലും പുഴയിലും ഫോൺ ഉപേക്ഷിച്ചുവെന്ന പൾസർ സുനിയുടെ വാദം പോലീസ് തള്ളുകയും സുനി മൊബൈൽ ഫോണും മെമ്മറി കാർഡും ആർക്ക് നൽകിയാലും അത് കണ്ടെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലുമാണ് അന്വേഷണ സംഘം നീങ്ങുന്നത്.

സുനിയുടെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവുകളും വിശദമായി പരിശോധിച്ചു വരികയാണ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം മൊബൈൽ ഫോണിലെ രംഗങ്ങൾ കാട്ടി നടിയെ വീണ്ടും ബ്ലാക്ക്മെയിൽ ചെയ്യാമെന്നുള്ള പൾസർ സുനിയുടെ പദ്ധതി പോലീസ് പൊളിക്കുക തന്നെ ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന സൂചന.

–എം. സുരേഷ്ബാബു