പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​യ്തു എ​ന്ന വി​ശ്വാ​സം ​എ​ക്കാ​ല​വും വി​ജ​യ​ത്തി​നു സ​ഹാ​യി​ക്കും. നമ്മു​ടെ ക​ഴി​വ് എ​ത്ര ചെ​റു​തോ വ​ലു​തോ ആ​കട്ടെ, നമ്മു​ടെ ഭാ​ഗ​ത്തു​നി​ന്ന് ​പ​രി​ശ്ര​മം ഉ​ണ്ടാ​ക​ണം. ഇ​തു​വ​രെ പ​ല പ​രാ​ജ​യ​ങ്ങ​ളും സം​ഭ​വി​ച്ചിട്ടുണ്ടെങ്കി​ൽ പോ​ലും ഇ​നി​യും പ​രി​ശ്ര​മി​ച്ചാ​ൽ വി​ജ​യി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കും എ​ന്ന ഒ​രു തീ​രു​മാ​നം മ​തി; വി​ജ​യം സു​നി​ശ്ചി​തം.

ന​മു​ക്കു പ​രി​ശ്ര​മി​ക്കാം; വി​ജ​യം സു​നി​ശ്ചി​തം

സ്കൂ​ളുകളിൽ 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ സി​ല​ബ​സ് പൂ​ർ​ത്തി​യാ​യ ഘ​ട്ടമാ​ണി​ത്. ഇ​നി കുട്ടി​യു​ടെ സ്വ​പ്ര​യ​ത്ന​ത്തി​നാ​ണു പ്രാ​ധാ​ന്യം. കുട്ടി​ക​ൾ​ക്കു പ​ഠ​ന​ത്തെ​ച്ചൊ​ല്ലി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഏ​റെ ശാ​സ​ന​ക​ൾ​ക്കും സമ്മ​ർ​ദ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ള്ള ദി​ന​ങ്ങ​ൾ. അ​ത്ത​രം സ​മ്മർ​ദം തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ കാ​ണ​ണം. പ​രീ​ക്ഷ​യും അ​തി​ലെ വി​ജ​യ​വും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ കിട്ടുന്ന ഒ​ര​വ​സ​ര​മാ​ണെ​ന്നും അ​തി​നാ​ലാ​ണു മാ​താ​പി​താ​ക്ക​ൾ സമ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തെ​ന്നും കുട്ടി​ക​ൾ തി​രി​ച്ച​റി​ഞ്ഞാ​ൽ പ​കു​തി പ്ര​ശ്നം ത​ര​ണം​ ചെ​യ്യാം. ഒ​പ്പം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് അ​വ​സ​രോ​ചി​ത​വും വി​വേ​ക​പൂ​ർ​വ​വും ശാ​ന്ത​വു​മാ​യ പെ​രു​മാ​റ്റ​വും പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യ വാ​ക്കു​ക​ളും അ​വ​ശ്യം.

മു​ൻ​വി​ധി​ക​ൾ വേ​ണ്ട, പ​രാ​ജ​യ​ഭീ​തി​യും

പ​രീ​ക്ഷ​യു​ടെ ആ​ദ്യ 15 മി​നി​റ്റ് കൂ​ൾ ഓ​ഫ് ടൈ​മാ​ണ്. ചോ​ദ്യ​പേ​പ്പ​ർ കൈ​യി​ൽ കിട്ടിയാ​ൽ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ഒ​ന്നോ​ടി​ച്ചു പോ​യി വ​ള​രെ ശാ​ന്ത​മാ​യി പ​രീ​ക്ഷ​യെ​ഴു​താ​ൻ കുട്ടി​യെ ഒ​രു​ക്കു​ന്ന സ​മ​യം. വാ​സ്ത​വ​ത്തി​ൽ സ്റ്റ​ഡി​ ലീ​വി​നെ​യും കൂ​ൾ​ഓ​ഫ് ടൈ​മാ​യി ക​ണ​ക്കാ​ക്കാം. ഒ​രു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു​ശേ​ഷം മ​ന​സു ശാ​ന്ത​മാ​ക്കി പ​ഠി​ച്ച​തൊ​ക്കെ ഓ​ർ​മ​യി​ൽ കൊ​ണ്ടു​വ​ന്ന് പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കാ​ൻ കുട്ടി​ക​ളെ മാ​ന​സി​ക​മാ​യി സ​ജ്ജ​രാ​ക്കു​ന്ന സ​മ​യം.




പ​രീ​ക്ഷ എ​ഴു​തി​യാ​ൽ മാ​ത്ര​മേ ജ​യി​ക്കാ​നാ​വൂ. മ​റ്റൊ​രു ചോ​യ്സ് ഇ​ല്ല. നേ​രിട്ടേ പ​റ്റൂ. പ​രീ​ക്ഷ​യി​ൽ നി​ന്ന് എ​ങ്ങ​നെ ഒ​ഴി​യാം എ​ന്ന ചി​ന്ത​യ്ക്കു പ്ര​സ​ക്തി​യി​ല്ല. അ​തി​നാ​ൽ പ​രീ​ക്ഷ​യെ നേ​രി​ടാ​ൻ മ​ന​സൊ​രു​ക്ക​ണം. പ​ക്ഷേ, ചി​ല ബു​ദ്ധി​മുട്ടുക​ൾ നേ​രി​ട്ടേക്കോം. അ​തി​ലൊ​ന്നാ​ണു നമ്മു​ടെ മു​ൻ​വി​ധി​ക​ൾ. പ​രീ​ക്ഷ​ക്കാ​ല​ത്ത് അ​സു​ഖം വ​ന്നേ​ക്കാം, പ​രീ​ക്ഷ​യെ​ഴു​തു​ന്പോ​ൾ എ​ല്ലാം മ​റ​ന്നു​പോ​യേ​ക്കാം എ​ന്നി​ങ്ങ​നെ. മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​ങ്ങ​നെ ആ​യ​തി​നാ​ൽ ഈ ​പ​രീ​ക്ഷ​യും അ​ങ്ങ​നെ​യാ​കാ​ൻ ഇ​ട​യു​ണ്ട് എ​ന്ന മട്ടി​ൽ നെ​ഗ​റ്റീ​വാ​യ ചി​ല മു​ൻ​വി​ധി​ക​ൾ. അ​ത്ത​രം പ​രാ​ജ​യ​ ചി​ന്ത​ക​ൾ ഒ​ഴി​വാ​ക്ക​ണം.

ന​ന്നാ​യി പ​ഠി​ക്കു​ന്ന കുട്ടി​ക​ളു​ടെ ടെ​ൻ​ഷ​ൻ എ​ല്ലാ​യ്പ്പോ​ഴും പെ​ർ​ഫ​ക്‌ഷ​നു വേ​ണ്ടി​യാ​വും. ഫു​ൾ എ ​പ്ല​സ് നി​ന്ന് ഒ​രെ​ണ്ണം കു​റ​ഞ്ഞാ​ൽ ഉ​ണ്ടാ​കാ​വു​ന്ന അ​പ​മാ​നം, താ​ൻ കാ​ര​ണം സ്കൂ​ളി​ന് ഫു​ൾ എ ​പ്ല​സ് നേ​ടി​യ സ്കൂ​ൾ എ​ന്ന പ​ദ​വി ന​ഷ്ട​മാ​കു​മോ, മ​റ്റു​ള്ള​വ​ർ എ​ന്തു വി​ചാ​രി​ക്കും എ​ന്നി​ങ്ങ​നെ​യു​ള​ള ടെ​ൻ​ഷ​ൻ. എന്‍റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ന്നെ​ക്കൊ​ണ്ടു പ​റ്റു​ന്ന​തു​പോ​ലെ ഞാ​ൻ ശ്ര​മി​ക്കും എ​ന്ന ചി​ന്ത​യാ​ണു കുട്ടി​ക്കു വേ​ണ്ട​ത്.

ഇ​തു​വ​രെ പ​ഠി​ച്ചില്ലേ, വ​ഴി​യു​ണ്ട്!

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നു വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ചി​ല മു​ൻ​ഗ​ണ​നാ​ക്ര​മം സ്വീ​ക​രി​ക്ക​ണം. മോ​ഡ​ൽ പ​രീ​ക്ഷ​യി​ൽ കു​റ​വു മാ​ർ​ക്കു കിട്ടി​യ വി​ഷ​യ​ത്തി​നു കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ണം. മോ​ഡ​ലി​നു ന​ന്നാ​യി പ​ഠി​ച്ചെ​ങ്കി​ലും വേ​ണ്ട​തു​പോ​ലെ എ​ഴു​താ​ൻ ക​ഴി​യാ​തെ​പോ​യ ചി​ല വി​ഷ​യ​ങ്ങ​ളു​ണ്ടാ​വാം. അ​തി​നും കൂ​ടു​ത​ൽ ശ്ര​ദ്ധ​കൊ​ടു​ക്കാം. ഏ​തെ​ങ്കി​ലും പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി പാ​ഠ​ഭാ​ഗ​ങ്ങ​ൾ മു​ഴു​വ​ൻ റി​വൈ​സ് ചെ​യ്ത​വ​രാ​വും ചി​ല​ർ. അ​വ​ർ​ക്ക് ആ​ദ്യം മു​ത​ൽ ഒ​രു​വട്ടം​കൂ​ടി ആ​വ​ർ​ത്തി​ക്കാ​ൻ സ​മ​യ​മു​ണ്ട്. ചി​ല വി​ഷ​യ​ങ്ങ​ളും ചി​ല ചാ​പ്റ്റ​റു​ക​ളും ഒ​ഴി​വാ​ക്കി പ​ഠി​ച്ച​വ​രു​മു​ണ്ടാ​കാം.



വിട്ടുപോ​യ ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ മാ​ർ​ക്കി​നു സാ​ധ്യ​ത​യു​ള്ള​താ​ണെ​ങ്കി​ൽ അ​തി​നു പ്രാ​ധാ​ന്യം കൊ​ടു​ത്ത് ഇ​നി പ​ഠി​ക്ക​ണം. ഇ​തു​വ​രെ ഒ​ന്നും പ​ഠി​ച്ചിട്ടില്ല എ​ന്നു പ​റ​യു​ന്ന ഒ​രു കൂ​ട്ടരും ഉ​ണ്ടാ​വും. അ​വ​ർ ഇ​നി മൊ​ത്തം പ​ഠി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ഓ​രോ പാ​ഠ​ത്തി​ലും പ്രാ​ധാ​ന്യ​മു​ള്ള​തെ​ന്നു മു​ന്പ് അ​ധ്യാ​പ​ക​ർ സൂ​ചി​പ്പി​ച്ച ഭാ​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​രോ​ടാ സു​ഹൃ​ത്തു​ക്ക​ളോ​ടോ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി അ​തു​മാ​ത്രം വ​ള​രെ കൃ​ത്യ​മാ​യി ആ​വ​ർ​ത്തി​ച്ചു പ​ഠി​ക്ക​ണം.

ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചെ​യ്തു​നോ​ക്കാം

മേ​ൽ സൂ​ചി​പ്പി​ച്ച മൂ​ന്നു​കൂ​ട്ടർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വ​യാ​ണു മു​ൻ​കാ​ല ചോ​ദ്യ​പേ​പ്പ​റു​ക​ൾ. അ​വ പു​സ്ത​ക​രൂ​പ​ത്തി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യ​ടു​ക്കു​ന്പോ​ൾ ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മിക്ക പ​ത്ര​ങ്ങ​ളി​ലും മു​ൻ​കാ​ല ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും പാ​ഠ​വി​ശ​ക​ല​ന​ങ്ങ​ളും വ​രു​ന്നു​ണ്ട്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ത്ത​രം കു​റി​പ്പു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. പാ​ഠ​സം​ഗ്ര​ഹം ഓ​ർ​ത്തി​രു​ന്നാ​ൽ പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മെ​ഴു​താം. ദി​വ​സ​വും ഒ​രു വി​ഷ​യ​ത്തിന്‍റെയെ​ങ്കി​ലും ചോ​ദ്യ​പേ​പ്പ​ർ ചെ​യ്തു​നോ​ക്കു​ന്ന​തു പ്ര​യോ​ജ​ന​ക​രം.

ദി​വ​സ​വും ര​ണ്ട​ര മൂ​ന്നു മ​ണി​ക്കൂ​ർ ചോ​ദ്യ​പേ​പ്പ​ർ റി​വി​ഷ​നു​വേ​ണ്ടി മാ​റ്റി​വ​യ്ക്ക​ണം. സ്റ്റ​ഡീ​ ലീ​വ് ദി​ന​ങ്ങ​ളി​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ളെ പ​ല​ത​വ​ണ നേ​രിട്ടു പ​രി​ച​യി​ച്ച കുട്ടി​ക്കാ​ണ് പ​രീ​ക്ഷാ​ഹാ​ളി​ൽ ടെ​ൻ​ഷ​നി​ല്ലാ​തെ ഉ​ത്ത​ര​മെ​ഴു​താ​നാ​വു​ക. ടെ​ൻ​ഷ​ൻ കു​റ​യ്ക്കാ​നും അ​തു സ​ഹാ​യ​കം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യും വ്യ​ക്ത​മാ​യും ഉ​ത്ത​ര​മെ​ഴു​താ​നു​മു​ള്ള പ​രി​ശീ​ല​ന​വും സ്വ​യം​വി​ല​യി​രു​ത്ത​ലും അ​തി​ലൂ​ടെ സാ​ധ്യ​മാ​കും.

ക​ണ​ക്കും സ​യ​ൻ​സും അ​തി​രാ​വി​ലെ

ഏ​റ്റ​വും പ്ര​യാ​സ​മു​ള്ള വി​ഷ​യം മ​ന​സ് ഏ​റ്റ​വും ഫ്ര​ഷ് ആ​യി​രി​ക്കു​ന്പോ​ൾ പ​ഠി​ക്ക​ണം. ക​ണ​ക്ക്, സ​യ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന ഉ​ട​ൻ പ​ഠി​ക്ക​ണം. പ​ക്ഷേ, ഉ​റ​ക്കം തൂ​ങ്ങി​യു​ള്ള പ​ഠ​നം നി​ഷ്ഫ​ലം. ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി എ​ന്നി​വ എ​ഴു​തി​ത്ത​ന്നെ പ​ഠി​ക്ക​ണം. ക​ണ​ക്ക് ഒ​രി​ക്ക​ലും വാ​യി​ച്ചു പ​ഠി​ക്ക​രു​ത്. പ​ഠി​ച്ചു ക്ഷീ​ണി​ച്ചി​രി​ക്കു​ന്പോ​ൾ ഭാ​ഷ​യും വാ​യി​ച്ചാ​ൽ എ​ളു​പ്പം മ​ന​സി​ലാ​കു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കാം. പ​ഠി​ക്കാ​നി​രി​ക്കു​ന്പോ​ൾ മു​ന്പി​ൽ പേ​പ്പ​റും പേ​ന​യും ഉ​ണ്ടാ​യി​രി​ക്ക​ണം.



ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ത​ന്നെ പ​ഠി​ക്ക​ണം. സ​മ​വാ​ക്യ​ങ്ങ​ളും പ്ര​ധാ​ന ആ​ശ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി കു​റി​പ്പു ത​യാ​റാ​ക്കാം. ഒ​രു വി​ഷ​യം ഒ​റ്റ​യി​രു​പ്പി​ലി​രു​ന്നു ര​ണ്ട​ര മൂ​ന്നു മ​ണി​ക്കൂ​ർ പ​ഠി​ക്കു​ക അ​സാ​ധ്യം. ഒ​ന്ന​ര മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ 10- 15 മി​നിട്ടോ ഉ​ച്ച​യ്ക്കാ​ണെ​ങ്കി​ൽ ഒ​രു മ​ണി​ക്കൂ​റോ ഇ​ട​വേ​ള​യെ​ടു​ക്കാം. പ​ത്രം വാ​യി​ക്കു​ക​യോ അ​ല്പ​നേ​രം ക​ളി​ക്കു​ക​യോ ഒ​ക്കെ ആ​വാം. അ​ല്പ​നേ​രം ഇ​ഷ്ട​മു​ള്ള ടി​വി പ്രോ​ഗ്രാം കാ​ണു​ന്ന​തി​ലും തെ​റ്റി​ല്ല. പ​ക്ഷേ, അ​തി​ൽ നി​ന്നു വിട്ടുപോ​കാ​ൻ പ്ര​യാ​സ​മു​ള്ള​വ​രാ​ണെ​ങ്കി​ൽ അ​തി​നു മു​തി​രേ​ണ്ട.

കം​പ്യൂട്ട​ർ, ടി​വി, ഫോ​ണ്‍... നി​യ​ന്ത്ര​ണം വേ​ണം

മൊ​ബൈ​ൽ, ടി​വി, കം​പ്യൂട്ടർ എ​ന്നി​വ​യെ​ല്ലാം സ്വ​സ്ഥ​മാ​യ പ​ഠ​ന​ത്തി​നു വ​ലി​യ ശ​ല്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, മോ​ഡ​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ൾ വി​ശ​ക​ല​ന​സ​ഹി​തം ഇ​ൻ​റ​ർ​നെ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കം​പ്യൂട്ട​റും നെ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു ഗു​ണ​പ​ര​മാ​ണ്. എ​സ്‌സിഇ​ആ​ർ​ടി​യു​ടെ​യും മ​റ്റും വെ​ബ്സൈ​റ്റു​ക​ളി​ൽ ഇ​പ്പോ​ൾ ധാ​രാ​ളം ചോ​ദ്യ​പേ​പ്പ​റു​ക​ളു​ണ്ട്. വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ വി​ദ​ഗ്ധ അ​ധ്യാ​പ​ക​രു​ടെ ക്ലാ​സു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​തും ഗു​ണ​ക​രം.

വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ലൂ​ടെ നോ​ട്സ് കൈ​മാ​റു​ന്ന​വ​ർ​ക്ക് ഇ​ട​യ്ക്കു 10 മി​നിട്ടു നേ​രം ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ ഫോ​ണ്‍ ന​ല്കു​ന്ന​തി​ലും തെ​റ്റി​ല്ല. എ​ന്നാ​ൽ അ​തിന്‍റെ പേ​രി​ൽ ഫോ​ണ്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ത്ത​രം സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ൽ അ​റി​വു​ള്ള ര​ക്ഷി​താ​ക്ക​ൾ മാ​ത്രം അ​തി​നു തു​നി​ഞ്ഞാ​ൽ മ​തി. മാ​ത്ര​മ​ല്ല, പ​ര​സ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ഇ​രു​ന്നാ​വ​ണം ഫോ​ണും കം​പ്യൂ​റും ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മു​റി അ​ട​ച്ചിട്ടിരു​ന്നു​ള്ള പ​ഠ​ന​വും ഫോ​ണ്‍, കം​പ്യൂ​ർ ഉ​പ​യോ​ഗ​വും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം; പ്ര​ത്യേ​കി​ച്ചും പ​രീ​ക്ഷ​ക്കാ​ല​ത്ത്.

ദി​വ​സം 10- 12 മ​ണി​ക്കൂ​ർ പ​ഠ​നം

ചൂ​ടു​കാ​ല​മാ​ണ​ല്ലോ ഇ​ത്. വാ​യൂ​സ​ഞ്ചാ​ര​വും വെ​ളി​ച്ച​വു​മു​ള്ള ഇ​ട​ങ്ങ​ളി​ലി​രു​ന്നു പ​ഠി​ക്ക​ണം. പ​ഠ​ന​ത്തി​നു സ്വ​ന്ത​മാ​യി ഒ​രു മു​റി വേ​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടൊ​ന്നും വേ​ണ്ട. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​പോ​ലും മാ​ന​സി​ക​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ത​യാ​റാ​യാ​ൽ പ​ഠ​നം എ​ളു​പ്പ​മാ​കും. എ​ന്നാ​ൽ തി​ര​ക്കേ​റി​യ റോ​ഡി​നു സ​മീ​പ​മു​ള്ള ജ​ന​ലി​നോ​ടു ചേ​ർ​ന്നി​രു​ന്നു പ​ഠ​നം വേ​ണ്ട. ശ്ര​ദ്ധ പ​ത​റു​ന്ന ഇ​ട​ങ്ങ​ൾ വേ​ണ്ടെ​ന്നു ചു​രു​ക്കം. കട്ടി​ലി​ൽ ഇ​രു​ന്നു​ള്ള പ​ഠ​നം നി​രു​ത്സാ​ഹ​പ്പെ​ടു​ത്താം.



കട്ടി​ലി​ൽ ഇ​രു​ന്നു​ള്ള പ​ഠ​നം അ​ല​സ​ത​യ്ക്കും ക്ര​മേ​ണ കി​ട​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കും. ന​ടു​വ് ഏ​റ്റ​വും നി​വ​ർ​ന്നി​രി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ​തു ക​സേ​ര​യി​ലി​രു​ന്നു​ള്ള പ​ഠ​ന​മാ​ണ്. വീട്ടി​ലു​ള്ള​വ​ർ ടി​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ അ​തിന്‍റെ ശ​ബ്ദ​ത്തി​ൽ നി​ന്ന് അ​ക​ന്നി​രി​ക്ക​ണം. ഓ​രോ കുട്ടി​യു​ടെ​യും ശാ​രീ​രി​ക സ്വ​ഭാ​വ​വും ശീ​ല​ങ്ങ​ളും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ചി​ല​ർ​ക്ക് അ​തി​രാ​വി​ലെ ര​ണ്ടു മ​ണി​ക്ക് എ​ണീ​റ്റു പ​ഠി​ക്കാ​നാ​വും. ചി​ല​ർ രാ​ത്രി 12 വ​രെ ഇ​രു​ന്നു പ​ഠി​ക്കും. പ​ക്ഷേ, അ​വ​ർ​ക്കു രാ​വി​ലെ എ​ണീ​റ്റു പ​ഠി​ക്കാ​നാ​വി​ല്ല. എ​പ്പോ​ൾ പ​ഠി​ക്ക​ണം എ​ന്ന​തു വ്യ​ക്തി​പ​ര​മാ​ണ്. ഏ​കാ​ഗ്ര​ത​യോ​ടെ പ​ഠി​ക്കാ​നാ​കു​ന്ന സ​മ​യം ക​ണ്ടെ​ത്തു​ക. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും ദി​വ​സം മി​നി​മം 10 - 12 മ​ണി​ക്കൂ​റെ​ങ്കി​ലും പ​ഠി​ക്ക​ണം. ക​ണ​ക്കി​നും സ​യ​ൻ​സി​നും കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വ​യ്ക്ക​ണം.

നാ​ല​ഞ്ചു​ദി​വ​സം ഒ​രു വി​ഷ​യം​ത​ന്നെ അ​ടു​പ്പി​ച്ചി​രു​ന്നു പ​ഠി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് എ​ല്ലാ ദി​വ​സ​വും മൂ​ന്നു വി​ഷ​യം വീ​തം പ​ഠി​ക്കു​ന്ന​താ​ണ്. തൊ​ടു​ത്ത ദി​വ​സം വേ​റേ മൂ​ന്നു വി​ഷ​യം എ​ന്ന മട്ടി​ൽ. ഇ​ങ്ങ​നെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും പ​രീ​ക്ഷ​യു​ടെ നാ​ലു​ദി​വ​സം മു​ന്പ് ഒ​രു​ത​വ​ണ പ​ഠി​ച്ചു തീ​ർ​ത്താ​ൽ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് ആ​വി​ശ്വാ​സ​ത്തോ​ടെ നീ​ങ്ങാം.

സൂ​ത്ര​വാ​ക്യം ഓ​ർ​ക്കാ​നും ഒ​രു സൂ​ത്രം!

സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹി​സ്റ്റ​റി, സി​വി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്പോ​ൾ അ​ർ​ഥ​പൂ​ർ​ണ​മാ​യ വാ​യ​ന അ​വ​ശ്യം. വ​ർ​ഷം, വ്യ​ക്തി​ക​ൾ, സം​ഭ​വ​ങ്ങ​ൾ, സ്ഥ​ല​ങ്ങ​ൾ, കാ​ല​ക്ര​മം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞു പ​ഠി​ക്ക​ണം. ഓ​രോ അ​ധ്യാ​യ​ത്തി​ലെ​യും സ​ബ് ഹെ​ഡിം​ഗ്, ചി​ത്ര​ങ്ങ​ൾ, ചാ​ർട്ടുക​ൾ എ​ന്നി​വ ഓ​ടി​ച്ചു​നോ​ക്ക​ണം. പി​ന്നീ​ടു വേ​ണം ആ​ദ്യം മു​ത​ൽ വാ​യ​ന തു​ട​ങ്ങാ​ൻ. എ​ന്താ​ണു ന​ട​ന്ന​ത്, എ​വി​ടെ​യാ​ണ്, ആ​രൊ​ക്കെ​യാ​ണു ക​ഥാ​പാ​ത്ര​ങ്ങ​ൾ, കാ​ര​ണ​ങ്ങ​ൾ എ​ന്താ​ണ്, കാ​ര്യ​മെ​ന്താ​ണ്... ഈ ​രീ​തി​യി​ലാ​വ​ണം ച​രി​ത്ര​വും സാ​മൂ​ഹി​ക​ശാ​സ്ത്ര​വും പ​ഠി​ക്കേ​ണ്ട​ത്.



തെ​റ്റി​പ്പോ​കാ​നി​ട​യു​ള്ള പേ​രു​ക​ൾ, വ​ർ​ഷ​ങ്ങ​ൾ, ക​ണ​ക്കി​ലെ​യും സ​യ​ൻ​സി​ലെ​യും സ​മ​വാ​ക്യ​ങ്ങ​ൾ എ​ന്നി​വയൊ​ക്കെ നി​റ​മു​ള്ള മ​ഷി​കൊ​ണ്ടു പേ​പ്പ​റി​ലെ​ഴു​തി എ​പ്പോ​ഴും കാ​ണാ​നി​ട​യു​ള്ള സ്ഥ​ല​ത്ത് ഒട്ടിച്ചാ​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ കാ​ണും, മ​ന​സി​ൽ പ​തി​യും.

കൂട്ടുകൂ​ടി​യു​ള്ള യാ​ത്ര​ക​ൾ വേ​ണ്ട

ഇ​തു​വ​രെ ട്യൂ​ഷ​നു പോ​യി​രു​ന്ന​വ​ർ​ക്കു സ്റ്റ​ഡീ​ലീ​വി​നും അ​തു തു​ട​രാം. റി​വി​ഷ​ൻ ടെ​സ്റ്റ് പേ​പ്പ​റു​ക​ൾ എ​ഴു​തി പ​രീ​ശീ​ലി​ക്കാ​ൻ അ​തു സ​ഹാ​യ​കം. പ​ക്ഷേ, എ​പ്പോ​ഴാ​ണു ട്യൂ​ഷ​ൻ, എ​ത്ര​നേ​രം എ​ന്നി​ങ്ങ​നെ​യു​ള​ള കാ​ര്യ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു ക​ളി​ച്ചു​ന​ട​ക്കാ​തെ വീട്ടി​ലെ​ത്തു​ന്നു​വെ​ന്നും ബാ​ക്കി സ​മ​യം വീട്ടി​ലി​രു​ന്നു പ​ഠി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്ക​ണം. കൂട്ടുകൂ​ടി​യു​ള്ള യാ​ത്ര​ക​ളും ടൂ​വീ​ല​റു​ക​ളി​ൽ സം​ഘം ചേ​ർ​ന്നു​ള​ള യാ​ത്ര​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

സ്റ്റ​ഡീ​ലീ​വ് സ​മ​യ​ത്തു പ​നി വ​ന്നാ​ൽ സ്വ​യം​ചി​കി​ത്സ​ന​ട​ത്തി പ​രീ​ക്ഷ​ണ​ത്തി​നു മു​തി​ര​രു​ത്. ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടി മ​രു​ന്നു​ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.

ചൂ​ടു​കാ​ലം കൂ​ടി​യാ​യ​തി​നാ​ൽ വീട്ടി​ലി​രു​ന്നു പ​ഠി​ക്കു​ന്ന കുട്ടി​ക​ൾ ധാ​രാ​ളം വെ​ള​ളം​കു​ടി​ക്ക​ണം. വെ​ള്ളം ത​ല​ച്ചോ​റി​നു സ്റ്റി​മു​ല​ൻ​റു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ഇ​ട​യ്ക്കി​ടെ എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​ൻ കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ത്തി​നു ന​ല്ല​തെ​ന്നു പ​ല ര​ക്ഷി​താ​ക്ക​ളും ക​രു​താ​റു​ണ്ട്. അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ വേ​ഗം ഉ​റ​ക്കം​വ​രു​മെ​ന്ന​തി​നാ​ൽ അ​തു പ​ഠ​ന​ത്തി​നു സ​ഹാ​യ​ക​മ​ല്ല. പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ധാ​രാ​ളം വെ​ള്ളം എ​ന്നി​വ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ധാ​നം. അ​തു ശ​രീ​ര​ത്തി​ന് ഉന്മേഷവും ആ​രോ​ഗ്യ​വും ന​ല്കും. അ​തു​പോ​ലെ​ത​ന്നെ പട്ടിണി​കി​ട​ന്നു പ​ഠി​ക്കു​ന്ന​തും ന​ന്ന​ല്ല.

ആ​ത്മവി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ദേ​വാ​ല​യ​ദ​ർ​ശ​നം സ​ഹാ​യ​ക​മെ​ങ്കി​ൽ ആ​വാം. പ​ക്ഷേ, നാം ​പ​രി​ശ്ര​മി​ക്കാ​തെ, പ​ഠി​ക്കാ​നു​ള്ള​തു പ​ഠി​ക്കാ​തെ, അ​തു​മാ​ത്രം ചെ​യ്യു​ന്ന​തി​ൽ കാ​ര്യ​മി​ല്ല.

സ​മ​യം പാ​ഴാ​ക്ക​രു​ത്

ചി​ല​ർ ഒ​റ്റ​യ്ക്കു പ​ഠി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. മ​റ്റു​ചി​ല​ർ​ക്കു കം​ബൈ​ൻ​ഡ് സ്റ്റ​ഡി​യും. അ​വ​ന​വ​നു ഗു​ണ​പ​ര​മാ​യ രീ​തി തു​ട​രാം. പ​ക്ഷേ, സ​മ​യം പാ​ഴാ​ക്കി​ക്ക​ള​യ​രു​തെ​ന്നു​മാ​ത്രം. കം​ബ​ൻ​ഡ് സ്റ്റ​ഡി ശീ​ല​മു​ള​ള കുട്ടി​ക​ൾ ആ​രു​ടെ വീട്ടി​ലാ​ണു പോ​കു​ന്ന​ത്, അ​വി​ടെ എ​ത്ര​സ​മ​യം പ​ഠ​ന​ത്തി​നു ചെ​ല​വ​ഴി​ക്കു​ന്നു എ​ന്നി​ങ്ങ​നെ​യു​ള​ള കാ​ര്യ​ങ്ങ​ൾ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​റി​യ​ണം.



പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം പു​തു​താ​യി എ​ന്തെ​ങ്കി​ലും പ​ഠി​ച്ചു​ക​ള​യാം എ​ന്ന​ത് അ​ബ​ദ്ധ​ധാ​ര​ണ​യാ​ണ്. അ​തു​വ​രെ പ​ഠി​ച്ച​കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ത​ലേ​ദി​വ​സം ചെ​യ്യേ​ണ്ട​ത്. അ​ധി​ക​നേ​രം ഉ​റ​ക്ക​മി​ള​യ്ക്ക​രു​ത്. മ​ന​സ് ശാ​ന്ത​മാ​ക്കി നേ​ര​ത്തേ കി​ട​ക്കു​ക. ഹോ​ൾ​ടി​ക്ക​റ​റ്, ബോ​ക്സ്, പേ​ന എ​ന്നി​വ രാ​വി​ലെ ബാ​ഗി​ൽ എ​ടു​ത്തു​വ​യ്ക്ക​ണം. പ​രീ​ക്ഷ​യെ​ഴു​താ​ൻ ഉ​ദ്ദേശി​ക്കു​ന്ന പേ​ന കൊ​ണ്ട് രാ​വി​ലെ ഒ​ന്നു​ര​ണ്ടു പാ​ര​ഗ്രാ​ഫ് എ​ഴു​തി​നോ​ക്ക​ണം. പ​ല​രും ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു പൂ​ജി​ച്ചു വാ​ങ്ങി​യ പേ​ന പ​രീ​ക്ഷാ​ഹാ​ളി​ലെ​ത്തു​ന്പോ​ഴാ​വും ആ​ദ്യ​മാ​യി തു​റ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പേ​ന​യും കൈ​യും തമ്മി​ൽ മു​ൻ​പ​രി​ച​യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത് എ​ഴു​ത്ത് സു​ഗ​മ​മാ​ക്കും.

പ​രീ​ക്ഷ​യെ​ഴു​താം; തെ​ളി​ഞ്ഞ മ​ന​സോ​ടെ..

പ​രീ​ക്ഷ​യ്ക്കു ഹാ​ളി​ൽ പ്ര​വേ​ശി​ക്കും മു​ന്പ് ടെ​ൻ​ഷ​ന​ടി​പ്പി​ക്കു​ന്ന വ​ർ​ത്ത​മാ​ന​ങ്ങ​ളി​ൽ പെ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാം മ​റ​ന്നു​പോ​യെ​ന്നും മ​ന​സ് ശൂ​ന്യ​മാ​ണെ​ന്നു​മൊ​ക്കെ ചി​ല​ർ​ക്കു തോ​ന്നാം. അ​തൊ​ക്കെ സ്വാ​ഭാ​വി​കം. ചോ​ദ്യ​പേ​പ്പ​ർ കിട്ടി​യാൽ കൂ​ൾ ഓ​ഫ് ടൈ​മി​ൽ ശാ​ന്ത​മാ​യി ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക. ഏ​റ്റ​വും ആ​ദ്യ​മെ​ഴു​തു​ന്ന ഉ​ത്ത​രം ക​ഴി​വ​തും വെട്ടും ​തി​രു​ത്തു​മി​ല്ലാ​തെ എ​ഴു​താ​ൻ ശ്ര​ദ്ധി​ക്ക​ണം.

ആ​ദ്യ ഉ​ത്ത​ര​ങ്ങ​ളി​ലെ നമ്മുടെ പെ​ർ​ഫോ​മ​ൻ​സ് പേ​പ്പ​ർ​നോ​ക്കു​ന്ന അ​ധ്യാ​പ​ക​ന് ന​മ്മളെ​ക്കു​റി​ച്ച് മു​ൻ​വി​ധി​യു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി​ത്തീ​രാം. കൃ​ത്യ​മാ​യി ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​യു​മെ​ന്നു ബോ​ധ്യ​മു​ള്ള​വ ആ​ദ്യ​മാ​ദ്യം എ​ഴു​ത​ണം. എ​ഴു​തി​യ​തിന്‍റെ മേ​ൽ എ​ഴു​താ​തി​രി​ക്കു​ക. തെ​റ്റി​യാ​ൽ ഒ​രു വെട്ട് എ​ന്ന​തി​ന​പ്പു​റം കു​ത്തി​വ​ര​യ്ക്കു​ന്ന രീ​തി​ക​ൾ ഒ​ഴി​വാ​ക്കു​ക. ക​ഴി​വ​തും ഒ​രു നി​റ​മു​ള്ള മ​ഷി ത​ന്നെ ആ​ദ്യാ​വ​സാ​നം ഉ​പ​യോ​ഗി​ക്കു​ക. സ്കൂ​ൾ​പ​രീ​ക്ഷ​ക​ൾ​ക്കു പ്ര​ധാ​ന പോ​യി​ൻ​റു​ക​ൾ സ്കെ​ച്ച് കൊ​ണ്ട് അ​ടി​വ​ര​യി​ടാ​ൻ ശ്ര​മി​ക്കേ​ണ്ട​തി​ല്ല. വ​ര​യ്ക്കാ​നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു ഫ്രീ​ഹാ​ൻ​ഡ് ആ​യി വ​ര​യ്ക്കാ​തെ ഇ​ൻ​സ്ട്രു​മെ​ൻ​റ് ബോ​ക്സി​ലെ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ര​യ്ക്ക​ണം.

പ​രീ​ക്ഷാ​ഹാ​ളി​ൽ കോ​പ്പി​യ​ടി, മ​റ്റു​ള്ള​വ​രെ ശ​ല്യ​പ്പെ​ടു​ത്തി ചോ​ദി​ച്ചെ​ഴു​ത​ൽ പോ​ലെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ കാ​ണി​ക്ക​രു​ത്. അ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ൾ ഇ​രട്ടി മാ​ന​സി​ക​സ​ർ​ദ​ത്തി​നി​ട​യാ​ക്കും. എ​ഴു​തി​ത്തീ​ർ​ന്നാ​ൽ ഒ​ന്നു​കൂ​ടി ആ​വ​ർ​ത്തി​ച്ചു നോ​ക്കി ഒ​രു ചോ​ദ്യ​വും വിട്ടുപോ​യിട്ടില്ലെ​ന്നും ര​ജി​സ്റ്റ​ർ ന​ന്പ​റും ചോ​ദ്യ​ന​ന്പ​റും എ​ടു​ത്തെ​ഴു​തി​യ​തു കൃ​ത്യ​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക. പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ലു​ട​ൻ അ​ന്ന​ത്തെ ചോ​ദ്യ​പേ​പ്പ​ർ എ​ടു​ത്തു​വ​ച്ചു വി​ശ​ക​ല​ന​ങ്ങ​ൾ​ക്കോ ച​ർ​ച്ച​ക​ൾ​ക്കോ പോ​ക​രു​ത്. എ​ത്ര മാ​ർ​ക്കു കിട്ടുമെ​ന്നു ക​ണ​ക്കൂ​കൂട്ടുന്ന​തി​ലോ സ​ങ്ക​ട​പ്പെ​ടു​ന്ന​തി​ലോ അ​ർ​ഥ​മി​ല്ല. തൊ​ടു​ത്ത ദി​വ​സ​ത്തെ പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി കൃ​ത്യ​മാ​യി ത​യാ​റെ​ടു​ക്കു​ക.

നി​രാ​ശ വേ​ണ്ട, പ്ര​തീ​ക്ഷ വേ​ണം

എ​ത്ര ന​ന്നാ​യി പ​ഠി​ച്ചു​വെ​ങ്കി​ൽ​പോ​ലും ഒ​രു പ​രീ​ക്ഷ​യ്ക്കു പ്ര​തീ​ക്ഷി​ച്ച പോ​ലെ എ​ഴു​താ​നാ​യി​ല്ല എ​ന്നു വ​ന്നേ​ക്കാം. അ​തി​നെ ഓ​ർ​ത്തു വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. നമ്മു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് ഇ​തെ​ന്നു ക​രു​തു​ക. കിട്ടുന്ന​തു സ്വീ​ക​രി​ക്കു​ക. മാ​ർ​ക്കു കു​റ​ഞ്ഞതിന്‍റെ പേ​രി​ൽ നി​രാ​ശ​പ്പെ​ടു​ക​യോ ക​ടും​കൈ​ക​ൾ ചി​ന്തി​ക്കു​ക​യോ അ​രു​ത്. മാ​ർ​ക്കു കു​റ​ഞ്ഞു​പോ​യാ​ൽ അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ മെ​ച്ച​പ്പെ​ടു​ത്താം.

പ​ഠ​ന​ത്തിന്‍റെ അ​ടു​ത്ത ഘ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള കോ​ഴ്സും വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​ത്തു പ​ഠി​ച്ച് അ​തി​ൽ മി​ക​ച്ച വി​ജ​യം നേ​ടാം. ഉ​യ​ർ​ന്ന മാ​ർ​ക്കു​നേ​ടി​യ​വ​രി​ൽ പ​ല​രും പി​ന്നീ​ട് ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ എ​ത്തി​യിട്ടുണ്ട്. അ​തേ​പോ​ലെ മോ​ശം മാ​ർ​ക്കു നേ​ടി​യ​വ​രും പി​ന്നീ​ടു​ള​ള ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ലൂ​ടെ ജീ​വി​ത​വി​ജ​യം നേ​ടി​യിട്ടുണ്ട്. നമ്മുടെ ജീ​വി​ത​ത്തി​ലെ ഗ​തി​വി​ഗ​തി​ക​ളെ​യൊ​ക്കെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഓ​രോ​രോ കാ​ല​ഘ​ത്തി​ലും ഓ​രോ​ന്നാ​ണെ​ങ്കി​ലും ഏ​റ്റ​വും ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യാ​ൻ പ​രി​ശ്ര​മി​ക്കു​ക. കൃ​ത്യ​മാ​യി ത​യാ​റെ​ടു​ത്ത് ആ​വി​ശ്വാ​സ​ത്തോ​ടെ ന​മു​ക്കു പ​രീ​ക്ഷ​യെ നേ​രി​ടാം.

മാ​താ​പി​താ​ക്കളുടെ ശ്ര​ദ്ധ​യ്ക്ക്

ശാ​രീ​രി​ക ശി​ക്ഷ​ക​ൾ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല

കുട്ടി​ക​ളു​മാ​യി വ​ഴ​ക്കി​ടു​ക, ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക, ത​ർ​ക്കി​ക്കു​ക... തു​ട​ങ്ങി​യ തെ​റ്റാ​യ രീ​തി​ക​ൾ സ്റ്റ​ഡി​ലീ​വ് ദി​ന​ങ്ങ​ളി​ലെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. അ​വ​രു​ടെ മ​ന​സി​നു ശാ​ന്ത​ത​യു​ണ്ടാ​ക​ണ​മെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ ഏ​റ്റ​വും ശാ​ന്ത​മാ​യി അ​വ​രോ​ട് ഇ​ട​പെ​ട​ണം.

പ​രീ​ക്ഷ​യു​ടെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ചും ജീ​വി​ത​ത്തി​ൽ ല​ക്ഷ്യ​ബോ​ധ​മു​ണ്ടാ​കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സൗ​ഹൃ​ദ​പ​ര​മാ​യി അ​വ​രോ​ടു സം​സാ​രി​ക്കാം. ശാ​രീ​രി​ക ശി​ക്ഷ​ക​ൾ ഒ​ന്നി​നും ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ൾ തി​രി​ച്ച​റി​യ​ണം.

കുട്ടി​ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി സം​സാ​രി​ക്ക​രു​ത്. ​അ​വ​നെ ക​ണ്ടോ, അ​വ​ൻ രാ​ത്രി 12 മ​ണി​വ​രെ പ​ഠി​ക്കും, മ​റ്റ​വ​നെ ക​ണ്ടോ അ​വ​ൻ വെ​ളു​പ്പി​ന് മൂ​ന്നു മ​ണി​ക്ക് എ​ണീ​റ്റു പ​ഠി​ക്കും’ എ​ന്നി​ങ്ങ​നെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ണ്ട. ഓ​രോ വ്യ​ക്തി​ക്കും അ​വ​രു​ടേ​താ​യ ക​ഴി​വു​ക​ളും പ​ഠ​ന​ശീ​ല​ങ്ങ​ളും ബു​ദ്ധി​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. ഓ​രോ വ്യ​ക്തി​ക്കും പ്ര​ത്യേക​മാ​യു​ള്ള ക​ഴി​വ് എ​ന്താ​ണെ​ന്നു ക​ണ്ടെ​ത്തി അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണു ര​ക്ഷി​താ​ക്ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത്.

സീരിയൽ തത്കാലം വേണ്ട

വൈ​കിട്ട് ആറു മു​ത​ൽ രാ​ത്രി 10.30 വ​രെ പ​തി​വാ​യി സീ​രി​യ​ൽ കാ​ണു​ന്ന അ​മ്മമാ​ർ പ​രീ​ക്ഷ തീ​രും​വ​രെ അ​ത്ത​രം ശീ​ല​ങ്ങ​ളി​ൽ വിട്ടുവീ​ഴ്ച​യ്ക്കു ത​യാ​റാ​ക​ണം. കുട്ടിക​ൾ പ​ഠി​ക്കു​ന്പോ​ൾ കു​റ​ച്ചു സ​മ​യം ടി​വി ഓ​ഫ് ചെ​യ്തു വ​യ്ക്കാം.



രാ​ത്രി വൈ​കി​യും പ​ഠി​ക്കാ​നി​രി​ക്കു​ന്ന കുട്ടിക​ൾ വാ​സ്ത​വ​ത്തി​ൽ ആ ​സ​മ​യം പ​ഠി​ക്കു​ക​യാ​ണോ എ​ന്നു മാ​താ​പി​താ​ക്ക​ൾ നി​രീ​ക്ഷി​ക്ക​ണം. അ​വ​രോ​ടൊ​പ്പം ഉ​റ​ക്ക​മി​ള​യ്ക്കാ​നും രാ​വി​ലെ ഇ​ത്തി​രി നേ​ര​ത്തേ ഉ​ണ​രാ​നും മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ൽ, ഈ ​സ​മ​യം അ​വ​ർ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണോ എ​ന്നു നാ​മ​റി​യാ​തെ പോ​കാ​നി​ട​യു​ണ്ട്. ഉ​ണ​ർ​ന്ന സാ​ന്നി​ധ്യ​മാ​യി മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​ക​ണം. പ​ക്ഷേ, അ​ത് അ​വ​ർ​ക്ക് ഒ​രു ഭാ​ര​മോ ശ​ല്യ​മോ ആ​യി അ​നു​ഭ​വ​പ്പെ​ടാ​ൻ പാ​ടി​ല്ല. നമ്മു​ടെ സാ​ന്നി​ധ്യം അ​വ​രു​ടെ
ഏ​കാ​ഗ്ര​പ​ഠ​ന​ത്തി​നു ത​ട​സ​മാ​ക​രു​ത്.

പോസിറ്റീവായി സംസാരിക്കാം

ഇ​തു​വ​രെ പ​ഠ​നം എ​ത്ര​ത്തോ​ള​മാ​യി എ​ന്ന മട്ടി​ൽ കുട്ടി​ക​ളോ​ടു പ​ഠ​ന​പു​രോ​ഗ​തി ചോ​ദി​ച്ച​റി​യു​ന്ന​തി​ൽ തെ​റ്റി​ല്ല. നകു​റ​ച്ചു കാ​ര്യ​ങ്ങ​ളൊ​ക്കെ പ​ഠി​ച്ചിട്ടുണ്ട​ല്ലോ. അ​തൊ​ക്കെ പ​രീ​ക്ഷാ​ഹാ​ളി​ൽ ഓ​ർ​ത്തെ​ടു​ത്ത് എ​ഴു​താ​നാ​കും’​എ​ന്ന മട്ടി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കു കുട്ടിക​ളോ​ടു പോ​സി​റ്റീ​വാ​യി സം​സാ​രി​ക്കാം. ഒ​രു വി​ഷ​യം അ​റി​യി​ല്ല എ​ന്ന കുട്ടി ​പ​റ​ഞ്ഞാ​ൽ ആ ​വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന ടീ​ച്ച​റിന്‍റെയോ അ​തി​ൽ അ​റി​വു​ള്ള​വ​രു​ടെ​യോ സ​ഹാ​യം തേ​ടാ​ൻ പ്രേ​രി​പ്പി​ക്കാം.

വീ​ടു​ക​ളി​ൽ അ​നു​കൂ​ല​മാ​യ പ​ഠ​ന​സാ​ഹ​ച​ര്യം ഒട്ടുമി​ല്ലാ​ത്ത കുട്ടിക​ളെ പരീക്ഷ കഴിയുംവരെ സ്കൂ​ളി​ലോ മ​റ്റു സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലോ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോട്ട​ത്തി​ൽ താ​മ​സി​പ്പി​ച്ചു പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​തി​നു ക്ലാ​സ് ടീ​ച്ച​റിന്‍റെ സ​ഹാ​യം തേ​ടാം.

കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല

മി​ക്ക കുട്ടി​ക​ൾ​ക്കും പ​രീ​ക്ഷാ​ഭീ​തി​യു​ണ്ട്. വാ​സ്ത​വ​ത്തി​ൽ കുട്ടി​ക​ൾ ചോ​ദ്യ​ങ്ങ​ളെ​യ​ല്ല ഭ​യ​പ്പെ​ടു​ന്ന​ത്. റി​സ​ൾട്ട് വ​ന്നു ക​ഴി​യു​ന്പോ​ൾ അ​ധ്യാ​പ​ക​രി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും നാട്ടുകാ​രി​ൽ നി​ന്നും മ​റ്റും ഉ​ണ്ടാ​കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളെ​യാ​ണു കുി​ക​ൾ ഭ​യ​ക്കു​ന്ന​ത്. മാ​ർ​ക്ക് വ​രു​ന്പോ​ൾ വീട്ടിലു​ണ്ടാ​കു​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഓ​ർ​ത്താ​ണു മാ​ന​സി​ക​സമ്മ​ർ​ദം. അ​നാ​വ​ശ്യ പ്രോ​ത്സാ​ഹ​ന പ്ര​ശം​സാ സാ​ധ്യ​ത​ക​ളും സമ്മ​ർ​ദം കൂട്ടുന്നു.

വാ​സ്ത​വ​ത്തി​ൽ പ​ഠി​ക്കു​ക എ​ന്ന​തു കുട്ടി​യു​ടെ ക​ട​മ​യാ​ണ്. പ്രോ​ത്സാ​ഹ​ന​മാ​വാം. പ​ക്ഷേ, ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വ​ലി​യ വി​ജ​യം നേ​ടി​യെ​ന്ന് ഫു​ൾ എ ​പ്ല​സ്കൊ​ണ്ട് അ​ർ​ഥ​മി​ല്ല​ല്ലോ. കുട്ടി​ക​ളു​ടെ പ​രീ​ക്ഷാ​വി​ജ​യ​ങ്ങ​ളെ ര​ക്ഷി​താ​ക്ക​ൾ അ​മി​ത​വ​ലു​പ്പ​ത്തി​ൽ കാ​ണേ​ണ്ട​തി​ല്ല. മ​റി​ച്ച് സ​ദ് ചി​ന്ത​ക​ളാ​ലും സ​ദ് ക​ർ​മ​ങ്ങ​ളാ​ലും ജീ​വി​ത​പ​രീ​ക്ഷ വി​ജ​യി​ക്കാ​ൻ കുട്ടി​ക​ൾ​ക്കു മാ​തൃ​ക​യാ​കൂ മാ​താ​പി​താ​ക്ക​ളേ, നി​ങ്ങ​ൾ.




ഡോ. ​റോ​സമ്മ ഫി​ലി​പ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം; ക​രി​ക്കു​ലം എ​ക്സ്പർട്ട്

ത​യാ​റാ​ക്കി​യ​ത്: ടി.​ജി.​ബൈ​ജു​നാ​ഥ്