കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്കിക്കുക... തുടങ്ങിയ തെറ്റായ രീതികൾ സ്റ്റഡിലീവ് ദിനങ്ങളിലെങ്കിലും പൂർണമായും ഒഴിവാക്കണം. അവരുടെ മനസിനു ശാന്തതയുണ്ടാകണമെങ്കിൽ മാതാപിതാക്കൾ ഏറ്റവും ശാന്തമായി അവരോട് ഇടപെടണം.

പരീക്ഷയുടെ ഗൗരവത്തെക്കുറിച്ചും ജീവിതത്തിൽ ലക്ഷ്യബോധമുണ്ടാകേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും സൗഹൃദപരമായി അവരോടു സംസാരിക്കാം. ശാരീരിക ശിക്ഷകൾ
ഒന്നിനും ഒരു പരിഹാരമല്ലെന്നു മാതാപിതാക്കൾ തിരിച്ചറിയണം. കുട്ടികളെ തമ്മിൽ താരതമ്യപ്പെടുത്തി സംസാരിക്കരുത്. അവനെ കണ്ടോ, അവൻ രാത്രി 12 മണിവരെ പഠിക്കും, മറ്റവനെ കണ്ടോ അവൻ വെളുപ്പിന് മൂന്നു മണിക്ക് എണീറ്റു പഠിക്കും’ എന്നിങ്ങനെയുള്ള പരാമർശങ്ങൾ വേണ്ട. ഓരോ വ്യക്‌തിക്കും അവരുടേതായ കഴിവുകളും പഠനശീലങ്ങളും ബുദ്ധിപരമായ വ്യത്യാസങ്ങളുമൊക്കെയുണ്ട്. ഓരോ വ്യക്‌തിക്കും പ്രത്യേകമായുള്ള കഴിവ് എന്താണെന്നു കണ്ടെത്തി അത് ഉപയോഗപ്പെടുത്താനാണു രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കേണ്ടത്.

സീരിയൽ തത്കാലം വേണ്ട

വൈകിട്ട് 6 മുതൽ രാത്രി 10.30 വരെ പതിവായി സീരിയൽ കാണുന്ന അമ്മമാർ പരീക്ഷ തീരുംവരെ അത്തരം ശീലങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയാറാകണം. കുട്ടികൾ പഠിക്കുന്പോൾ കുറച്ചു സമയം ടിവി ഓഫ് ചെയ്തു വയ്ക്കാം.

രാത്രി വൈകിയും പഠിക്കാനിരിക്കുന്ന കുട്ടികൾ വാസ്തവത്തിൽ ആ സമയം പഠിക്കുകയാണോ എന്നു മാതാപിതാക്കൾ നിരീക്ഷിക്കണം. അവരോടൊപ്പം ഉറക്കമിളയ്ക്കാനും രാവിലെ ഇത്തിരി നേരത്തേ ഉണരാനും മാതാപിതാക്കൾ തയാറാകണം. അല്ലെങ്കിൽ, ഈ സമയം അവർ ദുരുപയോഗപ്പെടുത്തുകയാണോ എന്നു നാമറിയാതെ പോകാനിടയുണ്ട്. ഉണർന്ന സാന്നിധ്യമായി മാതാപിതാക്കൾ അവർക്കൊപ്പമുണ്ടാകണം. പക്ഷേ, അത് അവർക്ക് ഒരു ഭാരമോ ശല്യമോ ആയി അനുഭവപ്പെടാൻ പാടില്ല. നമ്മുടെ സാന്നിധ്യം അവരുടെ ഏകാഗ്രപഠനത്തിനു തടസമാകരുത്.

പോസിറ്റീവായി സംസാരിക്കാം

ഇതുവരെ പഠനം എത്രത്തോളമായി എന്ന മട്ടിൽ കുട്ടികളോടു പഠനപുരോഗതി ചോദിച്ചറിയുന്നതിൽ തെറ്റില്ല. കുറച്ചു കാര്യങ്ങളൊക്കെ പഠിച്ചിട്ടുണ്ടല്ലോ. അതൊക്കെ പരീക്ഷാഹാളിൽ ഓർത്തെടുത്ത് എഴുതാനാകും’എന്ന മട്ടിൽ മാതാപിതാക്കൾക്കു കുട്ടികളോടു പോസിറ്റീവായി സംസാരിക്കാം. ഒരു വിഷയം അറിയില്ല എന്ന കുട്ടി പറഞ്ഞാൽ ആ വിഷയം പഠിപ്പിക്കുന്ന ടീച്ചറിൻറെയോ അതിൽ അറിവുള്ളവരുടെയോ സഹായം തേടാൻ പ്രേരിപ്പിക്കാം.


വീടുകളിൽ അനുകൂലമായ പഠനസാഹചര്യം ഒട്ടുമില്ലാത്ത കുട്ടികളെ പരീക്ഷ കഴിയുംവരെ സ്കൂളിലോ മറ്റു സുരക്ഷിത ഇടങ്ങളിലോ അധ്യാപകരുടെ മേൽനോട്ടത്തിൽ താമസിപ്പിച്ചു പഠനസൗകര്യം ഒരുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതിനു ക്ലാസ് ടീച്ചറിൻറെ സഹായം തേടാം.

മാനസിക സമ്മർദം ഒഴിവാക്കാം

മിക്ക കുട്ടികൾക്കും പരീക്ഷാഭീതിയുണ്ട്. വാസ്തവത്തിൽ കുട്ടികൾ ചോദ്യങ്ങളെയല്ല ഭയപ്പെടുന്നത്. റിസൾട്ട് വന്നു കഴിയുന്പോൾ അധ്യാപകരിൽ നിന്നും മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മറ്റും ഉണ്ടാകുന്ന പ്രതികരണങ്ങളെയാണു കുട്ടികൾ ഭയക്കുന്നത്. മാർക്ക് വരുന്പോൾ വീട്ടിലുണ്ടാകുവുന്ന പ്രശ്നങ്ങൾ ഓർത്താണു മാനസികസമ്മർദം. അനാവശ്യ പ്രോത്സാഹന പ്രശംസാ സാധ്യതകളും സമ്മർദം കൂട്ടുന്നു. വാസ്തവത്തിൽ പഠിക്കുക എന്നതു കുട്ടിയുടെ കടമയാണ്. പ്രോത്സാഹനമാവാം. പക്ഷേ, ജീവിതത്തിൽ ഏറ്റവും വലിയ വിജയം നേടിയെന്ന് ഫുൾ എ പ്ലസ്കൊണ്ട് അർഥമില്ലല്ലോ. കുട്ടികളുടെ പരീക്ഷാവിജയങ്ങളെ രക്ഷിതാക്കൾ അമിതവലുപ്പത്തിൽ കാണേണ്ടതില്ല. മറിച്ച് സദ് ചിന്തകളാലും സദ് കർമങ്ങളാലും ജീവിതപരീക്ഷ വിജയിക്കാൻ കുട്ടികൾക്കു മാതൃകയാകൂ മാതാപിതാക്കളേ, നിങ്ങൾ.

ഡോ. റോസമ്മ ഫിലിപ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം;
കരിക്കുലം എക്സ്പർട്ട്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്