വെറുമൊരു ബാർബറല്ല; ലക്ഷ്വറി കാറുകളുടെ തോഴൻ
ബംഗളൂരുവിൽ സ്വന്തമായി ബാർബർഷോപ്പ് നടത്തുന്നയാളാണ് രമേഷ് ബാബു. തൊഴിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ബാർബർ എന്നാണ് ഇദ്ദേഹത്തിൻറെ മറുപടി. എന്നാൽ മുടിവെട്ടാനായി ഇയാള് ബാർബർഷോപ്പിലെത്തുന്ന വാഹനം കണ്ടാൽ എല്ലാവരുമൊന്നു ഞെട്ടും. നാലു കോടി രൂപയിലധികം വിലവരുന്ന റോൾസ് റോയ്സ് ഗോസ്റ്റ്. തീർന്നില്ല,11 മെഴ്സിഡസ് ബെൻസ്, 10 ബിഎംഡബ്ല്യു, മൂന്ന് ഓഡി, രണ്ട് ജാഗ്വർ കാറുകളടക്കം 27 ആഡംബരക്കാറുകളുടെ ഉടമയാണ് ഇദ്ദേഹം. സാധാരണക്കാരനായ ഒരു ബാർബർ ആഡംബരക്കാറുകളുടെ തോഴനായി മാറിയ കഥയാണ് രമേഷ് ബാബുവിന് പറയാനുള്ളത്.

വെല്ലുവിളികൾ നിറഞ്ഞ ബാല്യം

ബംഗളൂരുവിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു രമേഷ് ബാബുവിൻറെ ജനനം. അച്ഛൻ നടത്തുന്ന ബാർബർ ഷോപ്പിൽ നിന്നുലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് അദ്ദേഹത്തിൻറെ കുടുംബം കഴിഞ്ഞിരുന്നത്. മഹേഷ് ബാബുവിന് ഏഴു വയസ്സുള്ളപ്പോൾ അവിചാരിതമായി അദ്ദേഹത്തിൻറെ അച്ഛൻ മരിച്ചു. തുടർന്ന് അച്ഛൻറെ ബാർബർ ഷോപ്പ് അദ്ദേഹത്തിൻറെ അനിയൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി.

ദിവസവും അഞ്ചു രൂപ വീതം മഹേഷ് ബാബുവിന്റെ അമ്മയ്ക്ക് നൽകാം എന്ന വ്യവസ്‌ഥയിലാണ് അദ്ദേഹം ബാർബർ ഷോപ്പ് ഏറ്റെടുത്തത്. വീട്ടിലെ ആവശ്യങ്ങൾക്ക് ഈ തുക തികയാതെ വന്നപ്പോൾ രമേഷ് ബാബുവിൻറെ അമ്മ ജോലിക്കു പോയി തുടങ്ങി. പത്രം വിറ്റും പാലുവിറ്റും രമേഷ് തനിക്കാകുന്ന രീതിയിൽ അമ്മയെ ഹായിച്ചു.

എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇയാൾ പണം നൽകാതെയായി. അതോടെ മഹേഷ് ബാബു അച്ഛന്റെ തൊഴിൽ സ്വീകരിച്ചു. പകൽ മുഴുവൻ ബാർബർ ഷോപ്പിൽ ജോലി ചെയ്ത ഇദ്ദേഹം സായാഹ്ന ക്ലാസുകളിൽ പങ്കെടുത്ത് പ്രീ യൂണിവേഴ്സിറ്റി കോഴ്സും പൂർത്തിയാക്കി. ആ സമയങ്ങളിൽ രാത്രി ഒരു മണിവരെ രമേഷ് തന്റെ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്നു.

ആ ഇടയ്ക്കാണ് രമേഷ് ബാബുവിൻറെ അച്ഛൻറെ സഹോദരൻ സ്വന്തമായി കാർ വാങ്ങിയത്. ചെറിയച്ഛനുമായി അത്ര രസത്തിലല്ലായിരുന്ന രമേഷ് എന്തു വിലകൊടുത്തും അദ്ദേഹത്തിന്റേതിനേക്കാൾ നല്ലൊരു കാർ വാങ്ങാൻ തീരുമാനിച്ചു. അതുവരെയുള്ള സമ്പാദ്യവും ബാങ്കിൽ നിന്ന് കടമെടുത്ത പണവുമെല്ലാം കൂട്ടിവെച്ച് രമേഷ് ബാബു തൻറെ ആദ്യത്തെ വാഹനം വാങ്ങി. മാരുതി സുസുക്കി ഓംനിയായിരുന്നു ആദ്യ വാഹനം.

വെല്ലുവിളികളെ ധൈര്യപൂർവം നേരിട്ട കൗമാരം

തന്റെ അമ്മ ജോലിചെയ്തുകൊണ്ടിരുന്ന വീട്ടിലെ കുടുംബനാഥയാണ് വാഹനം വാടകയ്ക്കു കൊടുക്കുക എന്ന ആശയം രമേഷ് ബാബുവിന് നൽകിയത്. ഇവർ ജോലി ചെയ്തിരുന്ന സ്‌ഥാപനത്തിനാണ് രമേഷ് ആദ്യമായി തന്റെ വാഹനം വാടകയ്ക്കു നൽകിയത്.

ഇതിൽ നിന്നു ലഭിച്ച വരുമാനം വണ്ടിയുടെ ലോൺ വേഗത്തിൽ അടച്ചുതീർക്കാൻ രമേഷിനെ സഹായിച്ചു. ഇതാണ് വീണ്ടും വാഹനങ്ങൾ വാങ്ങാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.


1994 ൽ ഒരു കാറിൻറെ ഉടമയായിരുന്ന രമേഷ് ബാബു 2004 ആയപ്പോൾ ഏഴു കാറുകൾ സ്വന്തമാക്കി.വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന രമേഷ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്‌ഥാപനവും അദേഹം തുടങ്ങി. ജീവിതത്തിൽ അഭിമുഖീകരിച്ച വെല്ലുവിളികളെല്ലാം ഏറ്റെടുക്കാൻ കാണിച്ച ധൈര്യമാണ് ഇത്തരമൊരു വിജയം നേടാൻ അദ്ദേഹത്തെ സഹായിച്ചത്.

വെല്ലുവിളികൾ വിജയങ്ങളാകുന്നു

ആളുകളെല്ലാം സ്വന്തമായി വാഹനങ്ങൾ വാങ്ങാൻ തുടങ്ങിയതോടെ രമേഷ് ടൂർസ് ആൻഡ് ട്രാവൽസിൻറെ വരുമാനം ഗണ്യമായി കുറഞ്ഞു. ഈ അവസരത്തിലാണ് മറ്റൊരു വെല്ലുവിളി ഏറ്റെടുക്കാൻ രമേഷ് ബാബു തയാറായത്. സാധാരണ കാറുകൾ വാടകയ്ക്കു കൊടുക്കുന്നതിനു പകരം ആഡംബരക്കാറുകൾ വാടകയ്ക്കു കൊടുക്കുക.

ഇതിനായി 2004 ൽ അദ്ദേഹം തന്റെ ആദ്യത്തെ ആഡംബര വാഹനം സ്വന്തമാക്കി, 40 ലക്ഷം രൂപ വിലയുള്ള മെഴ്സിഡസ് ഇ ക്ലാസ് ലക്ഷ്വറി സെഡാൻ. മാസ തവണകളായാണ് ഈ തുക അടച്ചുതീർത്തത്.

അതൊരു തുടക്കം മാത്രമായിരുന്നു. രമേഷ് കാണിക്കുന്നത് വൻ മണ്ടത്തരമാണെന്ന് കുടുംബക്കാരും കൂട്ടുകാരും ഒരുപോലെ പറഞ്ഞപ്പോഴും അദ്ദേഹം പിൻമാറിയില്ല. ഒരു വാഹനത്തിൻറെ ലോൺ അടച്ചുതീർക്കുന്ന മുറയ്ക്ക് പുതിയ വാഹനം വാങ്ങി. അങ്ങനെ ഇന്ത്യയിൽ വിരലിൽ എണ്ണാൻ മാത്രം കിട്ടുന്ന പല വാഹനങ്ങളും രമേഷ് ബാബുവിൻറെ വീട്ടുമുറ്റത്തെത്തി.

ആഡംബരക്കാറുകളിൽ നിക്ഷേപം നടത്തിയ ആദ്യ ഇന്ത്യക്കാരൻ താനാണെന്നാണ് ഇദ്ദേഹത്തിൻറെ അവകാശംവാദം.2013ൽ വാങ്ങിയ റോൾസ് റോയ്സ് ഗോസ്റ്റാണ് കൂട്ടത്തിലെ ഏറ്റവും വിലകൂടിയ വാഹനം. വിദേശത്തു നിന്നു പ്രത്യേകം ഇറക്കുമതി ചെയ്യിച്ച ഈ വാഹനം വാർത്തകളിൽ ഇടംനേടിയിരുന്നു. ഈ വാഹനത്തിന് ഒരു ദിവസം വാടക 75,000 രൂപ മുതലാണ്.

കഴിഞ്ഞ മാസം വാങ്ങിയ മെഴ്സിഡസ് മേ ബാക്ക് എസ് 600 ആണ് രമേഷ് ബാബുവിൻറെ കാർ ശേഖരത്തിലെ അവസാന അംഗം. ഈ വാഹനം സ്വന്തമാക്കുന്ന മൂന്നാമത്തെ ബംഗളൂരുകാരനാണ് മഹേഷ് ബാബു.ആഡംബരക്കാറുകൾ മാത്രമല്ല 16 ലക്ഷം രൂപ വിലയുള്ള ഒരു ബൈക്കും ഇദ്ദേഹത്തിനുണ്ട്.

റോൾസ് റോയിസിലെത്തുന്ന ബാർബർ

വ്യവസായികളും രാഷ്ര്‌ടീയ നേതാക്കൻമാരും അഭിനേതാക്കളുമൊക്കെയാണ് രമേഷ് ബാബുവിൻറെ ആഡംബരക്കാറുകൾ വാടകയ്ക്കെടുക്കുന്നത്. ഇവരുമായൊക്കെയുള്ള ബന്ധം തൻറെ ബാർബർ ജോലിയിലും ഇദ്ദേഹം പ്രയോജനപ്പെടുത്തി.

ഇന്ന് ബംഗളൂരുവിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഹെയർ സ്റ്റൈലിസ്റ്റാണ് രമേഷ് ബാബു. പ്രശസ്ത ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അമീർ ഖാൻ, ഐശ്വര്യ റായി ബച്ചൻ തുടങ്ങിയവർ മുടി സ്റ്റൈലാക്കാൻ ഇദ്ദേഹത്തിൻറെ അടുത്തെത്താറുണ്ട്.

എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും രമേഷ് ബാബു ദിവസവും അഞ്ചു മണിക്കൂർ തൻറെ ബാർബർ ഷോപ്പിൽ ചെലവഴിക്കും. ഇവിടെയെത്തുന്നവർക്ക് 65 രൂപയ്ക്ക് മുടി വെട്ടിക്കൊടുക്കും. റോൾസ് റോയിസിൽ വരുന്ന ബാർബറുടെ അടുത്ത് മുടിവെട്ടിക്കാൻ ധാരാളം ആളുകൾ എത്താറുണ്ട്.