സ്നേഹത്തിന്റെ മഹാദാനം
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ചേരി: വൃക്കദാനത്തിൻറെ മഹത്വവും മനുഷ്യത്വവും മനസുനിറയെ ആസ്വദിക്കുകയാണ് പാലക്കാട് രൂപതയ്ക്കു കീഴിലുള്ള വള്ളിയോട് സെൻറ് മേരീസ് പോളിടെക്നിക് കോളജ് ഡയറക്ടർ ഫാ. ബെറ്റ്സൺ തൂക്കുപറന്പിൽ.

2015 ഓഗസ്റ്റ് നാലിനാണ് ഫാ. ബെറ്റ്സൺ തൻറെ വൃക്കകളിലൊന്ന് ഓട്ടോഡ്രൈവറായ മലപ്പുറം കൂട്ടിലങ്ങാടി പനങ്ങാടൻ അലവിക്കുട്ടിക്ക് (35) നല്കിയത്. ഇതിനു പകരമായി അലവിക്കുട്ടിയുടെ ഭാര്യ ഫാത്തിമത്ത് സുഹ്റ തൻറെ വൃക്കകളിലൊന്നു പാലക്കാട് മേലാർകോട് പുത്തൻതറയിൽ കേശവൻറെ മകൾ പതിനെട്ടുകാരിയായ വൈഷ്ണവിക്കു നല്കി.



തൻറെ അവയവദാനംവഴി വേദനിക്കുന്ന ഒരു കുടുംബത്തിനെങ്കിലും ആശ്വാസമാകുമെങ്കിൽ അതിനുള്ള അവസരം തനിക്കുണ്ടാകണമെന്ന ആഗ്രഹം ഫാ. ബെറ്റ്സണു മുന്പുതന്നെ ഉണ്ടായിരുന്നു. പക്ഷേ, ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ലെന്നു മാത്രം. ഇതിനുളള ടെസ്റ്റുകൾക്കും മറ്റുമായി 15 തവണയെങ്കിലും കോഴിക്കോട് ആശുപത്രിയിൽ പോയപ്പോഴും സമർപ്പണ ദൗത്യം ചോർന്നില്ല. വൃക്കദാനത്തിൻറെ തലേന്നു മാത്രമാണ് എങ്ങനെയോ പുറത്തായതെന്ന് അച്ചൻ ഓർക്കുന്നു. കിഡ്നി ഫെഡറേഷൻ സ്‌ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ വഴിയാണ് അലവിക്കുട്ടിക്കു ബെറ്റ്സൺ അച്ചൻറെ വൃക്ക സ്വീകരിക്കാൻ വഴിതെളിഞ്ഞത്.

അച്ചൻറെ വൃക്ക സ്വീകരിച്ച മലപ്പുറത്തെ അലവിക്കുട്ടിയും കുടുംബവും ഇടയ്ക്കിടെ വിളിച്ച് ക്ഷേമാന്വേഷണം നടത്തും. ഡ്രൈവറായിരുന്ന അലവിക്കുട്ടിക്ക് ഇനി ഡ്രൈവിംഗ് ജോലി ബുദ്ധിമുട്ടായതിനാൽ നാട്ടുകാർ സംഘടിച്ചു വീടിനടുത്തുതന്നെ ഒരു കട തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. അലവിക്കുട്ടിയുടെ ഭാര്യയുടെ വൃക്ക സ്വീകരിച്ച മേലാർക്കോട്ടെ വൈഷ്ണവിയുടെ കുടുംബവും നല്ല ബന്ധം തുടർന്നുപോരുന്നു. ഇരുൾവീണ കുടുംബത്തിലേക്ക് ആശാകിരണമായി കടന്നുവന്ന വൈദികനെ മറക്കാൻ അവർക്കുമാകില്ല.

രൂപതയിൽതന്നെ ആദ്യമായി വൃക്കദാനം നടത്തിയ വൈദികനെന്ന ബഹുമതിയും ബെറ്റ്സനച്ചനാണ്.

വൃക്ക നല്കിയതുകൊണ്ടുള്ള യാതൊരു ശാരീരിക വിഷമതകളുമില്ലെന്ന് അച്ചൻ പറഞ്ഞു. കോളജിൻറെ ഭാരിച്ച നടത്തിപ്പുചുമതലകൾ ഇപ്പോഴും നന്നായി നടത്തിക്കൊണ്ടു പോകാനുമാകുന്നു.

വൈകുന്നേരം വോളിബോളും ഷട്ടിൽ കളിയുമുണ്ട്. 12 വർഷമായി തുടരുന്ന മലയാറ്റൂർ തീർഥയാത്രയും മുടങ്ങിയിട്ടില്ല. ഈ വർഷവും 75 പേർ അടങ്ങുന്ന സംഘമായി ഈമാസം 23നു മലയാറ്റൂരിലേക്കു കാൽനടയായി പോകുന്നുണ്ട്.

–സ്വന്തം ലേഖകൻ

ദാനമായി കിട്ടി, ദാനമായി നൽകി ഈ വൈദികർ



കൊച്ചി: ഉള്ളവും ഉള്ളതും ദൈവദാനമാണെന്ന ബോധ്യത്തിൽ, മഹാദാനത്തിൻറെ മഹത്വത്തിലേക്കു നിശബ്ദം സഞ്ചരിച്ച വൈദികർ ഇന്നു കൂടുതൽ സന്തുഷ്‌ടരാണ്. മറ്റൊരാൾക്കു പുതുജീവനാകാൻ തങ്ങളുടെ വൃക്ക പകുത്തു നൽകിയ ഈ വൈദികർ, ബലിവേദിയിലെ സമർപ്പണത്തെ ജീവിതംകൊണ്ടു പൂരിപ്പിക്കുന്നു.

എറണാകുളം–അങ്കമാലി അതിരൂപതയിൽ എട്ടു വൈദികരാണു കഴിഞ്ഞ മൂന്നു വർഷത്തിനിടെ വൃക്കദാനം നടത്തിയത്. ഫാ. പോൾ കൊടിയനിൽ തുടങ്ങി ഫാ. ബൈജു കണ്ണന്പിള്ളി വരെ എത്തിയ വൃക്കദാതാക്കളായ വൈദികരുടെ നിര അതിരൂപതയ്ക്കും കേരളസഭയ്ക്കും പ്രചോദനവും മാതൃകയുമാണ്.

ഫാ.ജോസഫ് കൊടിയൻ

ഏഴു വർഷങ്ങൾക്കു മുന്പു ഫാ. ജോസഫ് കൊടിയൻ വൃക്കദാനത്തിനു സന്നദ്ധതയറിയിക്കുന്പോൾ, അതിരൂപതയിലെ വൈദികർക്കും മറ്റുള്ളവർക്കും ആശങ്കകളുണ്ടായിരുന്നു. വൃക്കദാനത്തെക്കുറിച്ചു സമൂഹത്തിൽ പൊതുവേ കാര്യമായ അവബോധം രൂപപ്പെട്ടിരുന്നില്ല . കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്‌ഥാപകൻ ഫാ. ഡേവിസ് ചിറമേൽ വൃക്കദാനം നടത്തി ഏതാനും മാസങ്ങൾ മാത്രം പിന്നിടുന്പോഴാണ് ഇദ്ദേഹവും ആ മഹാദാനത്തിനു സന്നദ്ധതയറിയിച്ചത്.

2010 ഒക്ടോബർ അഞ്ചിനു താൻ സേവനം ചെയ്തുവന്ന കുത്തിയതോട് ഇടവകയിലെ എൻജിനിയറിംഗ് വിദ്യാർഥി ആൻറോ ഡേവിഡിനാണു ഫാ. കൊടിയൻ വൃക്ക നൽകിയത്. വൈദികനിലൂടെ പുതുജീവിതത്തിലേക്കു പ്രവേശിച്ച ആൻറോ ഇപ്പോൾ ദുബായിൽ നിർമാണ കന്പനിയിൽ ഓഫീസ് ജോലിചെയ്യുന്നു. വൃക്കദാനത്തിനുശേഷം കുത്തിയതോട് പള്ളി നിർമാണം ഉൾപ്പെടെയുള്ള വലിയ പദ്ധതികളുടെ ചുമതലയും കാര്യക്ഷമമായി നിർവഹിച്ച ഫാ. കൊടിയൻ ഇപ്പോൾ കൊതവറ പള്ളിയുടെ ചുമതല വഹിക്കുന്നു. 11ന് അങ്കമാലിക്കടുത്തു തുറവൂർ പള്ളിയുടെ വികാരിയായി സ്‌ഥാനമേൽക്കും.

ഫാ.തോമസ് വൈക്കത്തു പറമ്പിൽ

വൃക്കദാനം നടത്തിയ ആശുപത്രിയിൽ വർഷങ്ങൾക്കുശേഷം ഡയറക്ടറായി നിയോഗമേൽപിക്കപ്പെട്ടതിൻറെ കഥയാണു ഫാ. തോമസ് വൈക്കത്തുപറന്പിലിൻറേത്. അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗത്തിൻറെ ചുമതല വഹിക്കുന്പോൾ 2012 ജനുവരി 12ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സഹോദരൻ അസി തോമസിനാണു വൃക്ക നൽകിയത്. ഇദ്ദേഹം ഇപ്പോൾ വൈക്കത്തു ടയർ വ്യാപാരം നടത്തിവരുന്നു. ഫാ. വൈക്കത്തുപറന്പിൽ ഇപ്പോൾ ലിസി ആശുപത്രി ഡയറക്ടറാണ്.

ഫാ.ആൻറോ ചേരാംതുരുത്തി

വൃക്കരോഗിയായ സഹോദരൻ ജോസിനാണു ഫാ. ആൻറോ ചേരാംതുരുത്തി തൻറെ വൃക്ക നൽകിയത്. എറണാകുളം ലിസി ആശുപത്രിയിൽ 2013 സെപ്റ്റംബർ 13നായിരുന്നു ശസ്ത്രക്രിയ. ജോസഫ് ഇപ്പോൾ പൂർണ ആരോഗ്യത്തോടെ അങ്കമാലിയിൽ സ്വകാര്യ സ്‌ഥാപനത്തിൽ ഓഫീസ് ജോലി ചെയ്യുന്നു. ഫാ. ആൻറോ വടവാതൂർ അപ്പസ്തോലിക് സെമിനാരിയിൽ പ്രഫസറാണ്.

ഫാ.ജേക്കബ് കൊഴുവള്ളി

വാഴക്കാല ഇടവകയിലെ കെസിവൈഎം പ്രസിഡൻറായിരുന്ന ഫിലിപ്പ് ജോയിക്കു വികാരി ഫാ. ജേക്കബ് കൊഴുവള്ളി വൃക്ക പകുത്തു നൽകിയതു 2013 മാർച്ച് 11ന്. ജെറ്റ് എയർവേസിൽ പൈലറ്റ് ട്രെയ്നിയായിരിക്കുന്പോഴാണു ഫിലിപ്പിനു വൃക്ക മാറ്റിവയ്ക്കേണ്ടവന്നത്. ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ കൊച്ചിയിൽ സ്വകാര്യകന്പനിയിൽ ജോലി ചെയ്യുന്ന ഫിലിപ്പ് പൂർണ ആരോഗ്യവാനാണ്. അതിരൂപതയുടെ മൈനർ സെമിനാരിയിൽ വൈസ് റെക്ടറായ ഫാ. കൊഴുവള്ളി വൈദികാർഥികളോടു പങ്കുവയ്ക്കലിൻറെ നന്മ നിരന്തരം ഓർമപ്പെടുത്തും.

ഫാ.ജയിംസ് തുരുത്തിക്കര

അധികമാരുമറിയരുതെന്നാഗ്രഹിച്ചു ചെയ്ത എളിയ കാര്യമെന്നാണു ഫാ. ജയിംസ് തുരുത്തിക്കര തൻറെ വൃക്കദാനത്തെ ഓർക്കുന്നത്. സെമിനാരിയിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്പോൾ, 2013 മാർച്ചിലെ മംഗളവാർത്ത തിരുനാൾ ദിനത്തിൽ അതിരൂപതയിലെ മറ്റൊരു വൈദികനാണ് ഇദ്ദേഹം വൃക്ക നൽകിയത്. ഇരുവർക്കും പൗരോഹിത്യ ശുശ്രൂഷയിൽ ഇപ്പോഴും വിശ്രമമില്ല.

ഫാ.ചെറിയാൻ നേരേവീട്ടിൽ

ജീസസ് യൂത്തിൻറെ ദേശീയ സ്പിരിച്വൽ ഡയറക്ടറായിരിക്കെ 2014 ലെ വലിയനോന്പുകാലത്താണു എല്ലാവരും ചെറിയാച്ചൻ എന്നു സ്നേഹപൂർവം വിളിക്കുന്ന ഫാ. ചെറിയാൻ നേരേവീട്ടിൽ തൻറെ വൃക്കകളിലൊന്നു പകുത്തു നൽകിയത്. അന്നു പ്ലസ് വൺ വിദ്യാർഥിനിയായ തോപ്പുംപടി സ്വദേശിനി റിൻസിയുടെ ശരീരത്തിലാണു ഈ വൈദികൻറെ വൃക്കകളിലൊന്നു പുതുജീവനായി സ്പന്ദിച്ചത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മാർച്ച് നാലിനായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ എറണാകുളം സെൻറ് തെരേസാസ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായി മിടുക്കിയായി പഠിക്കുന്നു റിൻസി. സത്യദീപം വാരികയുടെ പത്രാധിപർ എന്ന നിലയിൽ എഴുത്തിലും വൈദികശുശ്രൂഷയിലും ചെറിയാച്ചൻ സജീവം.

ഫാ.ജോസ് ഒഴലക്കാട്ട്

2014 ൽ ഫാ. ജോസ് ഒഴലക്കാട്ടിനു നാമഹേതുക തിരുനാളിൻറെ ആശംസകൾ നേരാൻ സഹവൈദികരും ശുശ്രൂഷ ചെയ്തുവന്ന എളവൂർ ഇടവകയിലെ പ്രതിനിധികളുമെത്തിയതു ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്പിലായിരുന്നു. മരപ്പണിക്കാരനായിരുന്ന വരാപ്പുഴ തുണ്ടത്തുകടവ് സ്വദേശി ജോസഫിനു രണ്ടു ദിവസം മുന്പു വൃക്ക പകുത്തു നൽകിയശേഷം വിശ്രമത്തിലായിരുന്നു ഫാ. ജോസ് അന്ന്. ലിസി ആശുപത്രിയിൽ മാർച്ച് 17നായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ പള്ളിപ്പുറം ഫൊറോന വികാരിയായ ഫാ. ഒഴലക്കാട്ട് ഇടവകയുടെയും അതിരൂപതയുടെയും പ്രിയപ്പെട്ട അജപാലകനായി ശുശ്രൂഷകളിൽ മുഴുകുന്നു.

ഫാ.ബൈജു കണ്ണമ്പള്ളി

കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ വിജേഷിനു ജീവിതം നീട്ടിക്കിട്ടാൻ ഫാ. ബൈജു കണ്ണന്പിള്ളി വൃക്ക നൽകാൻ സന്നദ്ധനായതു യാദൃശ്ചികം. ഡ്രൈവറായ വിജേഷിനെക്കുറിച്ചു സുഹൃത്തായ വൈദികനിലൂടെ കേട്ടറിഞ്ഞ ഫാ. ബൈജു തൻറെ വൃക്ക പകുത്തു നൽകാൻ തയാറാവുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 12നു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ കാടുകുറ്റി ഇൻഫൻറ് ജീസസ് പള്ളിയുടെ വികാരിയായി സേവനം ചെയ്യുന്പോൾ, ഫാ. ബൈജു പങ്കുവയ്ക്കലിൻറെ സുവിശേഷമാണു പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും.

പുതുജീവിതത്തിലേക്കു നടന്നടുത്ത ആൻറോയും അസിയും ജോസഫും റിൻസിയും ഫിലിപ്പും ഫാ. ജോസ് മണ്ടാനത്തുമെല്ലാം വൈദികരുടെ വൃക്കദാന നന്മയ്ക്കുമുന്പിൽ നമിക്കും. അധികമാരുമറിയാതെ നിശബ്ദമായി ഈ വൈദികർ നടത്തിയ മഹാദാനം തങ്ങളുടെ ജീവിതത്തിൽ പങ്കുവയ്ക്കലിൻറെ മഹത്വം നിരന്തരം ഓർമപ്പെടുത്തുന്നുവെന്നും അവർ പറയുന്നു.

വൈദികരുടെ വഴിയേ ഏതാനും സന്യാസിനികളും അല്മായരും എറണാകുളം–അങ്കമാലി അതിരൂപതയിൽ വൃക്കദാനത്തിലൂടെ സാക്ഷ്യമായിട്ടുണ്ട്.

–സിജോ പൈനാടത്ത്


കൂട്ടുകാരിയുടെ ഭർത്താവിനു നൈസിയുടെ കാരുണ്യം



തലയോലപ്പറന്പ്: കൂട്ടുകാരിയുടെ ഭർത്താവിനു വൃക്ക ദാനം ചെയ്ത് ഒരു കുടുംബത്തെ രക്ഷിച്ചതിൻറെ ആഹ്ലാദത്തിൽ തലയോലപ്പറന്പ് കാലായിൽ നൈസി മാത്യു. എറണാകുളത്തു സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട സ്ത്രീയുടെ ഭർത്താവിൻറെ വൃക്ക തകരാറായതിനെത്തുടർന്ന് ഇതു മാറ്റിവയ്ക്കാനുള്ള ഈ കുടുംബത്തിൻറെ അലച്ചിലാണ് ഇങ്ങനെയൊരു ദാനത്തിനു നൈസിയെ പ്രേരിപ്പിച്ചത്. തൻറെ കൂട്ടുകാരി കിഴക്കന്പലം സ്വദേശി റെജിയുടെ ഭർത്താവ് ജോൺസനാ(48)ണ് നൈസി വൃക്ക നൽകിയത്.

ഇരുവൃക്കകളും തകരാറിലായതോടെ കൂട്ടുകാരിയുടെ കുടുംബം വിഷമിക്കുന്നതു കണ്ടു നൈസി സ്വമേധയാ വൃക്കദാനത്തിനു തയാറാകുകയായിരുന്നു. 2016 ജൂൺ രണ്ടിന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു മാറ്റിവയ്ക്കൽ.


എട്ടു വർഷം മുന്പ് പിതാവിൻറെ തിരോധാനത്തെതുടർന്നു വിദ്യാർഥികളായ ലൈജി, ചിന്നു എന്നീ രണ്ട് സഹോദരിമാരെയും മാതാവ് എൽസിയെയും സംരക്ഷിക്കേണ്ട ചുമതല തന്നിലായതോടെയാണു നൈസി എറണാകുളത്തുള്ള സ്വകാര്യസ്‌ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഇവിടെവച്ചാണു കൂട്ടുകാരി റെജിയെ പരിചയപ്പെടുന്നത്.

സാന്പത്തിക ഇടപാടുകളെ തുടർന്ന് കടക്കെണിയിലായ പിതാവ് ഒരുദിവസം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നൈസിയും കുടുംബവും. എന്നാൽ, പിതാവിനെ അദ്ദേഹത്തിൻറെ സുഹൃത്ത് കൊലപ്പെടുത്തിയതായുള്ള വാർത്ത അറിയുന്നത് മാസങ്ങൾക്കു മുന്പാണ്.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും തൻറെ ശരീരത്തിലെ ഒരു വൃക്ക കൂട്ടുകാരിയുടെ ഭർത്താവിനു ദാനമായി നൽകിയ സംതൃപ്തിയിലാണു നൈസി.

–എസ്. സന്തോഷ്


സൂരജ് ജീവിതത്തിലേക്കു തിരിച്ചുനടക്കുകയാണ്!, വൃക്ക നൽകിയ ബിഷപ് മാർ മുരിക്കന് ആഹ്ലാദം



കോട്ടയം: എനിക്കു വൃക്ക ദാനം നൽകാനായി എന്നതിലല്ല, താൻ ജോലിക്കു പോയിത്തുടങ്ങിയതായി എൻറെ വൃക്ക സ്വീകരിച്ച സൂരജ് കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് സംതൃപ്തി തോന്നിയത്.

ജീവിതം വഴി മുട്ടിയ അവസ്‌ഥയിൽ ആ സഹോദരനും അവരുടെ കുടുംബത്തിനും പ്രത്യാശ സമ്മാനിക്കാൻ കഴിഞ്ഞല്ലോ എന്നോർക്കുന്പോൾ സന്തോഷമുണ്ട് ‘തൃശൂർ വടക്കുംഭാഗം ഈശ്വരമംഗലത്ത് സൂരജി(31)നു വൃക്ക ദാനം ചെയ്ത പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

ആരോഗ്യസംരക്ഷണം സംബന്ധിച്ച് സർക്കാർ സ്കൂൾ, കോളജ് തലം മുതൽ ബോധവത്കരണം നൽകണം. ഭക്ഷണക്രമത്തിലെ താളപ്പിഴ വൃക്കരോഗ വർധനയുടെ പ്രധാന കാരണം. –അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യവർഷത്തിലായിരുന്നു ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സൂരജിനു വൃക്ക ദാനം ചെയ്യാൻ മാർ മുരിക്കൻ തയാറായത്.

സൂരജിൻറെ അച്ഛൻ സുധാകരൻ പാന്പുകടിയേറ്റും സഹോദരൻ ഹൃദ് രോഗം മൂലവുമാണു മരിച്ചത്.

പ്രമേഹരോഗിയായ അമ്മയുടെ ചികിത്സ കൂടിയായപ്പോൾ ജീവിതം വഴിമുട്ടി. ഇതേ സമയത്താണു സൂരജ് വൃക്കരോഗത്തിൻറെ പിടിയിലമർന്നത്.

വൃക്ക മാറ്റിവക്കൽ മാത്രമാണു പോംവഴിയെന്നു ഡോക്ടർമാർ വിധിയെഴുതിയ വേളയിലാണു വൃക്കദാതാവായ ഫാ. ഡേവിസ് ചിറമേൽ നേത്വത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേന മാർ മുരിക്കൻ ഈ സദ് കർമത്തിനു മുന്നോട്ടുവന്നത്.

–റെജി ജോസഫ്


രമ്യയുടെ കണ്ണുനിറയും, മിനിടീച്ചറെ കാണുമ്പോൾ!



കോട്ടയം: യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ വൃക്കരോഗിയായ രമ്യയ്ക്കു വൃക്ക പകുത്തു നൽകുകയായിരുന്നു പാറന്പുഴ ഹോളിഫാമിലി സ്കൂളിലെ അധ്യാപിക മിനി എം. മാത്യു. 2014 നവംബർ നാലിനാണു കൊട്ടാരക്കര കുന്നുംപുറത്ത് ചാരുവീട്ടിൽ കെ.വി. രമ്യക്ക് ഈ ദാനം.

വർഷങ്ങളായി ഡയാലിസിസ് ചെയ്തു ജീവിതം മുന്നോട്ടുകൊണ്ടു പോകുകയായിരുന്നു രമ്യ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ഇരുവർക്കും ശസ്ത്രക്രിയ. രമ്യയുടെ ചികിത്സാ ചെലവു സ്വരൂപിക്കാനും മിനി ടീച്ചർ മുന്നിലുണ്ടായിരുന്നു.

വൃക്കദാനം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കുമുള്ള സാന്പത്തികച്ചെലവ് സർക്കാർ വഹിക്കണം. തുടർ ചികിത്സയും താങ്ങാവുന്നതല്ല. അതിനുള്ള കാരുണ്യസഹായത്തിനും സർക്കാർ വഴി കണ്ടെത്തണമെന്നും മിനി ടീച്ചർ പറയുന്നു.

വൃക്കദാനത്തിനുശേഷം താൻ വൃക്ക നൽകിയിട്ടില്ലെന്നു ചിലർ ഉയർത്തിയ ആരോപണങ്ങളും പ്രസ്താവനകളുമാണു മിനിയെ ഏറെ തളർത്തിയത്.

അധ്യാപികയുടെ ശരീരത്തിൽനിന്നു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതിൻറെ അടിസ്‌ഥാനത്തിൽ മെഡിക്കൽ ബോർഡ് കോട്ടയം മെഡിക്കൽ കോളജിൽ സ്കാനിംഗ് നടത്തി മിനി വൃക്കദാനം ചെയ്തതായി സ്‌ഥിരീകരിച്ചു.

മിനിയുടെ വൃക്കദാനം അടിസ്‌ഥാനരഹിതമാണെന്ന നിലപാടിൽ ചിലർ ഉറച്ചുനിന്ന സാഹചര്യമുണ്ടായപ്പോൾ വൃക്ക സ്വീകരിച്ച രമ്യ കോട്ടയം പ്രസ് ക്ലബിൽ എത്തി താൻ മിനി ടീച്ചറിൻറെ വൃക്ക സ്വകരിച്ചാണു ജീവൻ നിലനിർത്തുന്നതെന്നു സാക്ഷ്യപ്പെടുത്തിയതോടെയാണ് വിവാദം കെട്ടടങ്ങിയത്.


ബക്കറ്റിൽ നിറയുന്ന സ്നേഹം!



ചങ്ങനാശേരി: പ്രത്യാശ ഇന്ന് അനേകരുടെ പ്രതീക്ഷയാണ്. വൃക്കരോഗികളെ സഹായിക്കാൻ ചങ്ങനാശേരി അതിരൂപതയിലെ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യാശാ മോഡൽ ആതുരശുശ്രൂഷാ രംഗത്തെ വിസ്മയമായിരിക്കുകയാണ്. പണമില്ലാത്തതിൻറെ പേരിൽ ഒരു രോഗി പോലും മരിക്കരുതെന്നതാണു പ്രത്യാശയുടെ തീരുമാനം. സംസ്‌ഥാനത്തെ 73 പഞ്ചായത്തുകളിൽനിന്നു ബക്കറ്റ് പിരിവ് നടത്തി 90 വൃക്ക രോഗികൾക്കു ശസ്ത്രക്രിയ നടത്തി അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ഈ കൂട്ടായ്മയ്ക്കു കഴിഞ്ഞു. കഴിഞ്ഞ നാലു വർഷംകൊണ്ട് 16 കോടി രൂപ സമാഹരിച്ചു വൃക്കരോഗികൾക്കു നൽകി. മതങ്ങളും സമുദായങ്ങളും രാഷ്ട്രീയക്കാരും ഒരുമിച്ചപ്പോഴാണ് അദ്ഭുതം സംഭവിച്ചത്.

600 അംഗങ്ങളാണ് പ്രതിഫലേച്ഛ കൂടാതെ പ്രത്യാശയോടൊപ്പം പ്രവർത്തിക്കുന്നത്. വൃക്കദാനം ചെയ്യുന്നതിനു നിശ്ചയിക്കപ്പെട്ടിരിക്കുന്നവരിൽ നിന്നല്ലാതെ വൃക്ക സ്വീകരിച്ചാൽ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നു ഫാ.പുന്നശേരി ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ നടത്തിയവർക്കു തുടർചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കും സ്വയംതൊഴിലിനുമായി സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

– ബെന്നി ചിറയിൽ

ഹൈറുന്നിസയ്ക്കു നന്ദി പറഞ്ഞാൽ തീരില്ല, ഈ വൈദികനോട്



കൽപ്പറ്റ: ലോക വൃക്കദിനത്തിൽ നിറപുഞ്ചിരിയുമായി ഒരു വൈദികൻ. മീനങ്ങാടി ചീങ്ങേരി സെൻറ് മേരിസ് പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലാണ് സംതൃപ്തിയുടെ നിറവിൽ. 39കാരനായ ഈ വൈദികൻ 2016 ഡിസംബറിൽ ദാനം ചെയ്ത വൃക്കയാണ് തൃശൂർ ചാവക്കാട് സ്വദേശിനി ഹൈറുന്നിസയെ ജീവിതപ്രകാശത്തിലേക്കു വീണ്ടും തിരിച്ചുകൊണ്ടുവന്നത്. താൻ നൽകിയ വൃക്കയുമായി ഹൈറുന്നിസ ജീവിത മുന്നോട്ടു നയിക്കുന്നുവെന്ന അറിവ് ഇദ്ദേഹത്തിന് ആഹ്ലാദം പകരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റു ശരീരം തളർന്ന ഭർത്താവും മൂന്നു വയസുള്ള മകളുമടങ്ങുന്നതാണ് 25കാരിയായ ഹൈറുന്നിസയുടെ കുടുംബം. ഇവരുടെ ദൈന്യസ്‌ഥിതിയും ബി പോസിറ്റീവ് രക്‌തഗ്രൂപ്പിൽപ്പെട്ട വൃക്ക ആവശ്യമുണ്ടെന്ന കാര്യവും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേലാണ് ഷിബു അച്ചൻറെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 2016 ഒക്ടോബർ രണ്ടിനു ഫാ. ഡേവിസ് ചീങ്ങേരി പള്ളിയിൽ തിരുനാളിന് എത്തിയപ്പോഴായിരുന്നു ഇത്.

യാക്കോബായ സഭയുടെ മലബാർ ഭദ്രാസന സൺഡേ സ്കൂൾ വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും പരിശീലനസംഗമത്തിനിടെയാണു വൃക്ക ദാനംചെയ്യാനുള്ള തീരുമാനം ഫാ.ഷിബു പ്രഖ്യാപിച്ചത്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ഡിസംബർ 21നായിരുന്നു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ.
വൃക്കദാനത്തിനു മുന്പുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ ചെന്നപ്പോഴാണ് ഹൈറുന്നിസയെ ഷിബു അച്ചൻ ആദ്യമായി കണ്ടത്. അപരിചിതനായ ഒരാൾ രക്ഷകനായി വരുന്നതിൻറെ ആശ്വാസവും സന്തോഷവുമാണ് ആദ്യകാഴ്ചയിൽ ഹൈറുന്നിസയുടെ മിഴികളിൽ വായിക്കാനായതെന്നു ഫാ. ഷിബു പറഞ്ഞു.

ബത്തേരി മാടക്കര കുറ്റിപറിച്ചേൽ യോഹന്നാൻ–അന്നമ്മ ദന്പതികളുടെ മകനാണ് ഫാ. ഷിബു. വൃക്കദാനത്തിനുശേഷമുള്ള ആദ്യ കുർബാന ഷിബു അച്ചൻ അടുത്ത ഞായറാഴ്ച രാവിലെ എട്ടിനു ചീങ്ങേരി പള്ളിയിൽ അർപ്പിക്കും.


സിസ്റ്റർ ലിറ്റിൽ തെരേസ്: മഹാദാനത്തിൻറെ സമർപ്പിതമുഖം



കൊച്ചി: സമർപ്പിതജീവിതത്തിനു മഹാദാനത്തിലൂടെ മഹത്വമേറ്റിയ സന്യാസിനി പ്രചോദനത്തിൻറെ സന്യസ്തമുഖമാകുന്നു. സിഎംസി സന്യസ്തസമൂഹത്തിൻറെ എറണാകുളം വിമല പ്രോവിൻസ് അംഗം സിസ്റ്റർ ലിറ്റിൽ തെരേസാണു വൃക്കദാനത്തിലൂടെ മാതൃകയായത്.

വാർധയിലെ മിഷൻമേഖലയിൽ ശുശ്രൂഷ ചെയ്തുവന്ന സിസ്റ്റർ അലീനയ്ക്കാണു സിസ്റ്റർ ലിറ്റിൽ തെരേസ് തൻറെ വൃക്കകളിലൊന്നു പകുത്തു നൽകിയത്. 2014 സെപ്റ്റംബർ 29നായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇരിങ്ങാലക്കുട തൊമ്മാനയിലുള്ള സിഎംസി മഠത്തിലുള്ള സിസ്റ്റർ അലീന ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. നിത്യവ്രതസ്വീകരണത്തിനുശേഷം മിഷൻമേഖലയിലേക്കു മടങ്ങും.
ആലുവ അശോകപുരം കാർമൽ നഴ്സിംഗ് സ്കൂളിൽ അധ്യാപനവും സഭയുടെ വൊക്കേഷൻ വിഭാഗത്തിൻറെ ചുമതലകളുമായി ശുശ്രൂഷകളിൽ സജീവമാണു സിസ്റ്റർ ലിറ്റിൽ. വൃക്കദാനം നടത്താനായതു ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയുടെ അനുഭവമാണെന്നു സിസ്റ്റർ പറയുന്നു.
സിസ്റ്റർ ലിറ്റിൽ തെരേസിൻറെ വഴി പിന്തുടർന്നു സിഎംസി സമൂഹത്തിൻറെ ഇടുക്കി പ്രോവിൻസ് അംഗമായ സിസ്റ്റർ ചൈതന്യ 2016 ൽ വൃക്കദാനം നടത്തി. ആലപ്പുഴ സ്വദേശി ഷാജിക്കാണു സിസ്റ്റർ പുതുജീവൻ പകർന്നത്. കോതമംഗലം പ്രോവിൻസ് അംഗം സിസ്റ്റർ റോഷ്ണി തൻറെ സഹോദരനു വൃക്കദാനം നടത്തിയിരുന്നു. വിവിധ സന്യാസസമൂഹങ്ങളിലെ ഏതാനും സിസ്റ്റർമാരും വൃക്കദാനത്തിലൂടെ മാതൃകയായിട്ടുണ്ട്.

മനുഷ്യസ്നേഹിയായ വ്യവസായി



കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യവസായി എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് പ്രശസ്തനായത്. അവയവദാനത്തിൻറെ മഹത്വം സ്വന്തം വൃക്ക ദാനം ചെയ്താണ് അദ്ദേഹം സമൂഹത്തിന് കാട്ടികൊടുത്തത്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വരുന്ന നിരാലംബരായ രോഗികൾക്ക് ഇദ്ദേഹം സാന്പത്തിക സഹായവും നൽകാറുണ്ട്.