ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലിൽ ഏറെ ആശങ്കപ്പെടുത്തുന്നത്. മിക്കവരിലും ദിവസം 50 - 100 മുടിയിഴകൾ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിർത്തുവരുന്നതിനാൽ തലയിൽ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തിൽ മുടികൊഴിച്ചിലിന്റെ യഥാർഥ കാരണം പൂർണമായി വ്യക്തമല്ല. പാരന്പര്യം, ഹോർമോണ് വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹോർമോണ് വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗർഭധാരണം, പ്രസവം, ആർത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അളവിൽ കുറവുണ്ടാക്കുന്നു. ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാൽ തൈറോയ്ഡ് പ്രശ്നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോിലുണ്ടാകുന്ന ചിലതരം ചർമരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു.
കാൻസർ ചികിത്സയായ കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന ചിലതരം മരുന്നുകൾ, സന്ധിവാതം, ഡിപ്രഷൻ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകൾ, രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകൾ, ചിലതരം ആൻറിബയോട്ടിക്, ആൻറിഫംഗൽ മരുന്നുകൾ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകുന്നു. എന്നാൽ ഡോക്ടറുടെ നിർദേശം കൂടാതെ ഇത്തരം മരുന്നുകൾ ഇടയ്ക്കുവച്ചു നിർത്തുകയോ ഡോസിൽ കുറവു വരുത്തുകയോ ചെയ്യരുത്. വിറ്റാമിൻ എ അമിതമാകുന്നതും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങളുണ്ട്. തലയിൽ നല്കുന്ന റേഡിയേഷൻ തെറാപ്പി സ്ഥിരമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. കടുത്ത പനി, സർജറി തുടങ്ങിയവയ്ക്കുശേഷം സംഭവിക്കുന്ന മുടികൊഴിച്ചിൽ താത്കാലികമാണ്.
മുടിയുടെ സൗന്ദര്യവും സ്റ്റൈലും മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന ചിലതരം ഹെയർ സ്റ്റൈലുകളും ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലവും അപകടം. കെമിക്കലുകൾ മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കുന്നു. മുടിയിൽ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്കുന്ന പദാർഥങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
പ്രോട്ടീൻ, ഇരുന്പ്, വിറ്റാമിൻ ബി കോംപ്ലക്സ്, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവും മുടികൊഴിച്ചിലിനു കാരണമാകാറുള്ളതായി പഠനങ്ങളുണ്ട്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവമാണു മുടികൊഴിച്ചിലിനുള്ള പ്രധാനകാരണം. പുകവലിക്കുന്നവരിൽ മുടികൊഴിച്ചിലിന്റെ തോതു കൂടുന്നതായി റിപ്പോർട്ടുണ്ട്.
ഹെയർ ഫോളിക്കിൾ ദുർബലമാകൽ, പോഷകാഹാരക്കുറവ്, പ്രമേഹം പോലെയുളള ചിലതരം രോഗങ്ങൾ, മാനസിക സമ്മർദം, പെട്ടെന്നുണ്ടാകുന്ന കടുത്ത വൈകാരിക പിരിമുറുക്കം എന്നിവയെല്ലാം സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. മാനസികസമ്മർദം മുടിയുടെ നിറത്തെയും ബാധിക്കും. കടുത്ത മാനസിക സമ്മർദം(ടെൻഷൻ) പൊതുവെയുള്ള ആരോഗ്യത്തിനും ഗുണകരമല്ല.
മുടിയഴകിനു ചില വഴികൾ
പ്രതിരോധമാണു ചികിത്സയേക്കാൾ പ്രധാനം. മുടികൊഴിച്ചിൽ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില നിർദേശങ്ങൾ.
* അഴകുളള മുടിക്ക് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം. നാളികേരവിഭവങ്ങൾ കേശാരോഗ്യത്തിനു ഗുണകരം.
* രാസപദാർഥങ്ങളും പ്രിസർവേറ്റിവുകളും(ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേർക്കുന്ന രാസവസ്തുക്കൾ) ചേർത്ത ഭക്ഷണം ഒഴിവാക്കുക.
* കുരുമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നതു കേശാരോഗ്യത്തിനു ഗുണപ്രദം
* ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാർഗങ്ങളിലൂടെ ടെൻഷൻ കുറയ്ക്കുക.
* രാസപദാർഥങ്ങൾ അടങ്ങിയ ഷാന്പൂ ഒഴിവാക്കുക; പ്രകൃതിദത്തമെന്നും മറ്റുമുളള പരസ്യവാചകങ്ങളിൽ അകപ്പെടാതിരിക്കുക.
* ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയിൽ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുക .വിരലുകളുടെ അഗ്രം ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്യുന്പോൾ നഖം തലയിൽ കൊള്ളരുത്. പിന്നീടു വീര്യം കുറഞ്ഞ ഷാന്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ഷാന്പുവിനു പകരം ചെന്പരത്തിയില താളിയായി ഉപയോഗിക്കാം.
* കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുന്പോൾ എല്ലാ വശങ്ങളിൽ നിന്നും പതിയെ ചീകുക.
* തലയോട്ടിയിൽ സ്പർശിക്കത്തക്ക വിധം അമർത്തി ചീകരുത്.
* നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരൻ അകറ്റുന്നതിനും അതു ഗുണപ്രദം.
* അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. രാസപദാർഥങ്ങൾ കഴിവതും ഒഴിവാക്കുന്നതാണു മുടിയുടെ ആരോഗ്യത്തിനു ഗുണകരം.
* ക്ലോറിൻ കലർന്ന വെളളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവർ ശുദ്ധജലം ഉപയോഗിച്ചു തല കഴുകി വൃത്തിയാക്കുക
* ഡ്രയർ തലയ്ക്കു വളരെയടുത്തു നീക്കിവച്ചു മുടിയുണക്കുന്ന രീതി ഒഴിവാക്കുക.
* ഹെയർ ലോഷൻ ഉപയോഗിക്കുന്പോൾ തലയോട്ടിയിൽ
നേരിട്ടു തേച്ചു പിടിപ്പിക്കുന്ന രീതി ഉപേക്ഷിക്കുക.
* മുടിക്കു വലിച്ചിലുണ്ടാക്കുന്ന ഹെയർ സ്റ്റൈലുകൾ ഉപേക്ഷിക്കുക.