ഉറക്കമില്ലെങ്കിൽ പണിയാവും
ഉറക്കമില്ലെങ്കിൽ പണിയാവും
ന്യൂയോർക്ക്: ഉറക്കമില്ലാതെ ജോലി ചെയ്യുന്നവർക്ക് ഒരു താക്കീത് ! മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആരോഗ്യമേഖലയിൽ നിന്നാണ്. സംഭവമിങ്ങനെ, തടികൂടാൻ ഉറക്കമില്ലായ്മ ഒരു കാരണമാണെന്നാണ് പുതിയ മെഡിക്കൽ റിപ്പോർട്ട്. ഉറക്കം കുറവുള്ളവർക്ക്, അരക്കെട്ടിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആറു മണിക്കൂർ ഉറങ്ങുന്നവർക്ക് ഒന്പത് മണിക്കൂർ ഉറങ്ങുന്നവരേക്കാൾ 1.2 ഇഞ്ച് വെയ്സ്റ്റ് കൂടുന്നുണ്ടത്രേ. വരും കാലത്ത് ഇതു കൂടി ബോഡി മാസ് ഇൻഡക്സിൽ ഉൾപ്പെടുത്താനാണ് ആരോഗ്യശാസ്ത്രലോകത്തിന്‍റെ നീക്കം. അതായത് കുറഞ്ഞ ഉറക്കസമയമായ അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാത്തവരിൽ ഹോർമോണ്‍ പ്രവർത്തനം താളം തെറ്റുകയും ശരീരത്തിന് ആവശ്യമായ മെറ്റാബോളിസത്തിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്യുമത്രേ.

ബ്ലഡ് പ്രഷർ, ലിപിഡ്സ്, ഗ്ലൂക്കോസ്, തൈറോയിഡ് ഹോർമോണുകൾ തുടങ്ങിയ മെറ്റാബോളിക്ക് പ്രൊഫൈലുകളിൽ കാര്യമായ വ്യതിയാനം വരുത്താൻ ഈ ഉറക്കമില്ലായ്മ കാരണമാകുമെന്നാണ് കണ്ടെത്താൽ. ലീഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വസ്ക്കുലർ ആൻഡ് മെറ്റാബോളിക്ക് മെഡിസിൻ ആൻഡ് ദി സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ 1615 പേരിൽ നടത്തിയ പഠനത്തിലാണ് ഈ വിവരം വെളിപ്പെട്ടിരിക്കുന്നത്. അതായത് ശരിയായ ആരോഗ്യത്തിനും വെയ്സ്റ്റ് നിലനിർത്താനുമൊക്കെ എട്ടു മണിക്കൂർ ഉറക്കം നിർബന്ധമാണത്രേ. അതു കൊണ്ട്, ജോലിസമയം ക്രമീകരിച്ച് നന്നായി ഉറങ്ങുക മാത്രമാണ്, പൂർണ്ണ ആരോഗ്യത്തോടെയിരിക്കാനുള്ള ഒരു മാർഗ്ഗം.


ജോർജ് തുന്പയിൽ