വർഷങ്ങളായി താരൻ മൂലം ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. നിരവധി മരുന്നുകൾ ഇതിനോടകം ഉപയോഗിച്ചു കഴിഞ്ഞു. പ്രകടമായ വ്യത്യാസം കാണുന്നില്ല. വളരെയേറെ നിരാശനാണ് ഞാൻ. എന്താണിതിനൊരു പ്രതിവിധി?
നമ്മുടെ സമൂഹത്തിൽ വളരെ സാധാരണയായി കാണുന്ന ചർമരോഗമാണ് താരൻ. എണ്ണമയമുള്ള നേർത്തതും ചെറിയതുമായ ചെതുന്പലുകൾ ചൊറിച്ചിലോടെ പ്രത്യക്ഷപ്പെടുന്നതാണ് താരന്റെ ലക്ഷണം. അതിനോടൊപ്പം മുടികൊഴിച്ചലുമുണ്ടാവാം. തല, പുരികം, കണ്പീലികൾ, താടി, മീശരോമം, നെഞ്ച്, പുറംഭാഗം, ചെവികളുടെ പിൻഭാഗം എന്നിവിടങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ചിലരിൽ താരൻ വളരെ കൂടുതലായി കാണപ്പെടാറുണ്ട്. മദ്യപാനികൾ, പാർക്കിൻസോണിസം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്ക് മരുന്നുപയോഗിക്കുന്നവർ, ഹൃദ്രോഗികൾ, പ്രമേഹരോഗികൾ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനു തളർച്ച നേരിട്ടവർ മുതലായവർക്ക് താരൻ സ്ഥിരമായി ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. താരൻപോലെ തലയിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചർമ രോഗമാണ് സോറിയാസിസ്.
ചിലയവസരങ്ങളിൽ താരനിൽ നിന്നും സോറിയാസിസിനെ വേർതിരിച്ചു കാണുക പ്രയാസമാണ്. മറ്റവസരങ്ങളിൽ രണ്ടും ഒരുമിച്ചും പ്രത്യക്ഷപ്പെടാം. താരൻ ചികിത്സിക്കുന്നതിന് മുന്പ് ശരിയായ രോഗനിർണയം നടത്തുന്നതാണ് നല്ലത്. വിപണിയിൽ ധാരാളം ഷാംപുകൾ ലഭ്യമാണ്. എല്ലാറ്റിനും അതിന്േറതായ ഗുണവും ദോഷവുമുണ്ട്. ഒരു ചർമരോഗ വിദഗ്ധനെ നേരിൽ കണ്ട് ശരിയായ ചികിത്സ സ്ഥീകരിക്കുക. അസുഖം പെട്ടെന്ന് ഭേദമാകട്ടെ.
ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ ഫോണ്:04972 727828