ആര്‍ത്തവ വിരാമം- ആശ്വാസ മാര്‍ഗങ്ങള്‍
ആര്‍ത്തവ വിരാമം- ആശ്വാസ മാര്‍ഗങ്ങള്‍
ഏകദേശം ഒരു വര്‍ഷത്തോളം കാലം മാസാനുമാസമുള്ള കൃത്യമായ ആര്‍ത്തവം ഉണ്ടാകാതിരുന്നാല്‍ മാത്രമേ ആര്‍ത്തവ വിരാമമായി തീര്‍ച്ചപ്പെടുത്താനാകൂ. അണ്ഡാശയം പൂര്‍ണമായി പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥയാണിത്. പ്രായം ഏറുന്നതിനനുസരിച്ച് അണ്ഡാശയങ്ങളില്‍ അണ്ഡകോശങ്ങളുടെ എണ്ണം കുറഞ്ഞുവന്ന് 45- 50 വയസോടുകൂടി അണ്ഡവിസര്‍ജനം പൂര്‍ണമായി നിലയ്ക്കുന്നു. ഇതു ഒരു രോഗാവസ്ഥയല്ല. ശരീരം അതുവരെ പരിപാലിച്ചുവന്ന ഒരു ഹോര്‍മോണ്‍ വ്യവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള മാറ്റം മാത്രമാണിത്. ഒട്ടുമിക്ക സ്ത്രീകളിലും ഈ പ്രക്രിയ വലിയ വൈഷമ്യങ്ങള്‍ സൃഷ്ടിക്കാതെ തന്നെ കടന്നുപോകുന്നു. എന്നാല്‍ ചിലര്‍ക്ക് ഈ കാലഘട്ടം വളരെയേറെ ശാരീരീക- മാനസീക വിഷമതകള്‍ ഉണ്ടാക്കുന്നതായി കാണാം.

ഏകദേശം നാല്‍പ്പതു വയസുമുതല്‍ സ്ത്രീകള്‍ ഈ ഘട്ടത്തിലേക്ക് കടക്കുന്നു. ഈസ്ട്രജന്‍, പ്രൊജസ്റ്റോണ്‍ ഹോര്‍മോണുകളുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതോടുകൂടി ആര്‍ത്തവചക്രം ക്രമംതെറ്റുക, രക്തസ്രാവം പതിവിലും കൂടിയോ കുറഞ്ഞോ കാണുക, വേദന, ഉറക്കകുറവ്, അതിയായ വിയര്‍പ്പ്, സ്തനങ്ങളില്‍ കല്ലിപ്പും വേദനയും, അമിത ചൂട്, മാനസീകനിലയില്‍ വ്യതിയാനങ്ങള്‍, പെട്ടെന്നു ദേഷ്യവും സങ്കടവും വരിക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകാം. ഒരു പരിധിവരെ ഇവയ്ക്ക് മരുന്നിന്റെ ആവശ്യമില്ല. വൈദ്യ നിര്‍ദേശ പ്രകാരം ചില ആഹാര- വിഹാര മാറ്റങ്ങളിലൂടെ ഈ ഘട്ടത്തെ മറികടക്കാവുന്നതാണ്. മെനോപ്പോസ് എന്ന ഈ പ്രതിഭാസത്തോടു ശരീരം പൊരുത്തപ്പെട്ടശേഷം ക്രമേണ മറ്റുചില അസ്വസ്ഥതകള്‍ കണ്ടുവരാറുണ്ട്. ഹൃദയാഘാതസാധ്യത, അസ്ഥികളുടെ ബലക്ഷയം, അമിത വണ്ണം, ഗര്‍ഭപാത്ര താഴ്ച, ആയാസപ്പെടുമ്പോള്‍ അറിയാതെ മൂത്രം പോകുക എന്നിവ പ്രധാനപ്പെട്ടതാണ്. ചിട്ടയായ വ്യായാമം, പോഷകഗുണമുള്ള ആഹാരങ്ങള്‍, ആഹാരനിയന്ത്രണം ഇവ പാലിക്കേണ്ടതാണ്.




ഈസ്ട്രജന്റെ അളവു കുറയുന്നതോടെ ലൈംഗീകാവയവങ്ങള്‍ക്കു ശോഷണമുണ്ടാകുകയും അവയുടെ ചര്‍മം നേര്‍ത്ത് വരണ്ട് പോകുകയും ചെയ്യുന്നു. ഇതുമൂലം ലൈംഗീക താത്പര്യക്കുറവ്, ബന്ധപ്പെടുമ്പോള്‍ വേദന, മുലക്കണ്ണുകളിലും, മൂത്രനാളിയിലും നീറ്റലും അസ്വസ്ഥതയും അനുഭവപ്പെടാം. സ്ത്രീശരീരത്തിനു ഒരു സംരക്ഷണവലയം തീര്‍ത്തുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഈസ്ട്രജന്റെ അഭാവം തന്നെയാണ് ഒട്ടുമിക്ക അസ്വസ്ഥതള്‍ക്കും കാരണം. ഇതിനു ഒരു പരിഹാരമായി ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നത് അലോപ്പതി ഡോക്ടര്‍മാരും പ്രോത്സാഹിപ്പിക്കാറില്ല. പകരം നമ്മുടെ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി, മത്തങ്ങ, ചേന, മുരിങ്ങക്കായ, പയര്‍, സോയാബീന്‍ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക, മാനസീക സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക, ചിട്ടയായ വ്യായാമം, ആഹാരനിയന്ത്രണം ഇവ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. എല്ലാത്തിലും ഉപരി ആര്‍ത്തവ വിരാമത്തോടടുക്കുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും കുട്ടികളില്‍ നിന്നും ശരിയായ മാനസീക പരിഗണന ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.



ഡോ. ഇന്ദു ശശികുമാര്‍,
അമല ആയുര്‍ദേവിക് ഹോസ്പിറ്റല്‍, തൃശൂര്‍.