മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന ഒരു പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുകൂടാതെ ശരീരത്തിലെ രക്തസമ്മർദം, വെള്ളത്തിന്റെ അളവ്, ധാതുലവണം ഇവയുടെ അളവ്, ഇതെല്ലാം നിയന്ത്രിക്കുന്നു. രണ്ടു വൃക്ക മനുഷ്യശരീരത്തിൽ ഉണ്ടെങ്കിലും ഒന്നുകൊണ്ടും ഈ പറഞ്ഞ പ്രക്രിയകൾ ശരീരത്തിന് നടത്താൻ സാധിക്കുന്നു. ഇതിന്റെ പ്രവർത്തന തകരാർ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം.
രക്തസമ്മർദവും പ്രമേഹവും ഉള്ള രോഗികളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചുവരുന്നതോടൊപ്പം വൃക്കരോഗികളുടെ എണ്ണവും വർധിച്ചുവരുന്നു. ഈ സാഹചര്യത്തിൽ വൃക്കരോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെയും ചികിത്സയെയും കുറിച്ചും പൊതുജനങ്ങൾക്ക് നിർബന്ധമായും ഒരു ശരിയായ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
വൃക്കയുടെ ഘടന
മൂത്രത്തിലൂടെയാണ് വൃക്ക മാലിന്യത്തെ പുറന്തള്ളുന്നത്. വൃക്ക ഉത്പാദിപ്പിക്കുന്ന മൂത്രം മൂത്രവാഹിനിയിലൂടെ സഞ്ചരിച്ച് മൂത്രസഞ്ചിയിലെത്തി മൂത്രനാളിവഴി പുറത്തേക്കു പോകുന്നു.
ഭൂരിഭാഗവും ആൾക്കാരിൽ (സ്ത്രീയിലും പുരുഷനിലും) രണ്ടു വൃക്കകളാണ് ഉള്ളത്. ഉദരത്തിനുള്ളിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി വൃക്ക സ്ഥിതിചെയ്യുന്നു. വാരിയെല്ലുകളും ചുറ്റുമുള്ള അവയവങ്ങളും കൂടിച്ചേർന്ന് വളരെയേറെ സുരക്ഷിതമായിട്ടാണ് വൃക്കകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. വൃക്ക ഉദരത്തിന്റെ പിൻഭാഗത്ത് ഏറ്റവും പിറകിലായതിനാൽ ബാഹ്യമായി അതിനെ തൊടുക സാധ്യമല്ല. വൃക്ക പയറുമണിയുടെ ആകൃതിയിലാണ്. മുതിർന്നവരിൽ വൃക്കയ്ക്ക് 10 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. ഘനവും ഉണ്ട്. ഓരോ വൃക്കയ്ക്കും 120-170 ഗ്രാം ഭാരമുണ്ട്.
വൃക്കയിൽനിന്ന് മൂത്രം, മൂത്രവാഹിനി എന്ന മാംസനാളിവഴി മൂത്രസഞ്ചിയിൽ എത്തുന്നു. മൂത്രസഞ്ചി ഇടുപ്പെല്ലിനുള്ളിൽ സ്ഥിതിചെയ്യുന്ന മൂത്രം കൊള്ളുന്ന മാംസംകൊണ്ടുള്ള സഞ്ചിയാണ്. മുതിർന്നവരുടെ മൂത്രസഞ്ചിക്ക് 400-500 മില്ലിവരെ മൂത്രം ഉൾക്കൊള്ളുവാനുള്ള കഴിവുണ്ട്. സ്ത്രീകളിൽ മൂത്രനാളി പുരുഷന്മാരേക്കാൾ ചെറുതാണ്. മൂത്രം മൂത്രസഞ്ചിയിൽനിന്നു മൂത്രനാളിവഴി പുറത്തേക്ക് ഒഴുകുന്നു.
വൃക്ക ശരീരത്തിൽ എന്തിന്?
നമ്മൾ ദിവസവും പലതരം ആഹാരം കഴിക്കുന്നു. വെള്ളത്തിന്റെ അളവ്, ഉപ്പിന്റെ അളവ്, രാസപദാർഥങ്ങളുടെ അളവ് ഇവയിലെല്ലാം അനുദിനം വ്യത്യാസം ഉണ്ടാകുന്നു. ശരീരം ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്പോൾ പലതരം വിഷാംശം ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വിഷാംശങ്ങൾ ശരീരത്തിലെ ദ്രാവകം, അമ്ലം, രാസപദാർഥങ്ങൾ ഇവയുടെ അളവിൽ വ്യതിയാനം വരുത്തുന്നു. വിഷാംശം ആവശ്യത്തിലധികം ശരീരത്തിൽ നിലനിൽക്കുന്പോൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു. മലിനപദാർഥങ്ങൾ ശരീരത്തിൽനിന്ന് പുറത്തേക്ക് തള്ളുന്നതിൽ വൃക്കകൾക്ക് സുപ്രധാനമായ പങ്കുണ്ട്. മാത്രമല്ല ശരീരത്തിന്റെ ആന്തരീക പരിതാവസ്ഥയെ ക്രമീകരിക്കുകയും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ
1. രക്തശുദ്ധീകരണം
2. ധാതുലവണം, ജലം ഇവ നിയന്ത്രിക്കൽ
3. രക്തസമ്മർദം നിയന്ത്രിക്കുക, രക്താണുക്കളുടെ ഉത്പാദനം നിർവഹിക്കുക
വൃക്കയുടെ പ്രധാന ജോലി മാലിന്യം പുറന്തള്ളുന്നതും അതുവഴി രക്തശുദ്ധീകരണം നടത്തുകയുമാണ്. ശരീരത്തിൽ ആവശ്യമില്ലാത്ത മാലിന്യം, ഉപ്പ്, രാസപദാർഥങ്ങൾ ഇവയെല്ലാം വൃക്ക നിരാകരിക്കുന്നു. രക്തശുദ്ധീകരണം ശരീരത്തിൽ സംഭവിക്കുന്നത് വൃക്ക മാലിന്യം പുറന്തള്ളുന്പോഴാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്കു വേണ്ട ഏറ്റവും അവശ്യഘടകമാണ്. പക്ഷേ പ്രോട്ടീൻ ശരീരം ഉപയോഗിക്കുന്പോൾ മാലിന്യങ്ങളും കൂടെ ഉത്പാദിപ്പിക്കപ്പെടുന്നു. മാലിന്യങ്ങൾ ശരീരത്തിൽ വിഷാംശമായി മാറും. ഈ മാലിന്യനിർമാർജനമാണ് വൃക്ക ഭംഗിയായി നിർവഹിക്കുന്നത്.
ക്രിയാറ്റിനിൻ, യൂറിയ- ഈ മാലിന്യപദാർഥങ്ങളുടെ മനുഷ്യശരീരത്തിലെ അളവ് കൃത്യമായി അളക്കാൻ കഴിയും. രക്തത്തിലെ ഈ അളവ് വൃക്കയുടെ പ്രവർത്തനക്ഷമതയെക്കുറിക്കുന്നു. രണ്ടു വൃക്കയും പ്രവർത്തനരഹിതമാകുന്പോൾ യൂറിയയും ക്രിയാറ്റിനിനും രക്തത്തിൽ ക്രമത്തിലധികമാകുന്നു.
ശരീരത്തിൽ അധികമായുള്ള ജലാംശത്തെ പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കയാണ്. വൃക്ക പ്രവർത്തനരഹിതമാകുന്പോൾ ശരീരത്തിൽ ജലം തങ്ങിനിൽക്കുകയും മൂത്രം പോകാതെ ശരീരം നീരുവയ്ക്കുകയും ചെയ്യുന്നു.
ധാതുലവണങ്ങൾ, രാസപദാർഥങ്ങൾ ഇവയെ സന്തുലിതമായി നിർത്തുന്നതും സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് ഇവ ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തുന്നതും വൃക്കയാണ്. സോഡിയം കൂടിയാലോ കുറഞ്ഞാലോ ഭാഗികമായി സുബോധം നഷ്ടപ്പെടുന്നു. പൊട്ടാസ്യത്തിന്റെ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ഹൃദയമിടിപ്പിനെയും പേശികളുടെ പ്രവർത്തനത്തെയും ബാധിക്കും. പല്ലും എല്ലും ബലപ്പെടുത്തുന്ന പ്രധാന ഘടകം കാൽസ്യമാണ്.
വൃക്ക ഉത്പാദിപ്പിക്കുന്ന ഹോർമോണുകളായ റെനിൻ, ആൻജിയോടെൻസിൻ, അൽഡോസ്റ്റിറോൻ, പ്രോസ്റ്റാഗ്ലാൻഡിൻ, ജലവും ഉപ്പും ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തി രക്തസമ്മർദം നിയന്ത്രിക്കുന്നു.
ഈ ഹോർമോണ് ഉത്പാദനത്തിൽ തകരാറുകൾ ഉണ്ടായാൽ ഉപ്പും വെള്ളവും ശരീരത്തിൽ തങ്ങുകയും രക്തസമ്മർദം അധികമാകാൻ ഇടയാകുകയും ചെയ്യും. വൃക്ക ഉത്പാദിപ്പിക്കുന്ന എറിത്രോപോയിറ്റിന്റെ പ്രധാന ജോലി ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുക എന്നതാണ്. എറിത്രോപോയിറ്റിൻ വൃക്ക ഉത്പാദിപ്പിക്കുന്നതു കുറയുകയോ ഇല്ലാതാവുകയോ ചെയ്താൽ ഹീമോഗ്ലോബിൻ കുറയും. ഇത് രക്തക്കുറവ് അഥവാ വിളർച്ച എന്ന അവസ്ഥ സൃഷ്ടിക്കുന്നു. വൃക്കസ്തംഭനം സംഭവിച്ച രോഗികളിൽ എറിത്രോപോയിറ്റിന്റെ ഉത്പാദനം തന്മൂലം കുറയും.
വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമുള്ള രൂപത്തിൽ മാറ്റിയെടുക്കുന്ന ജോലി വൃക്കയുടേതാണ്. കാൽസ്യം ശരീരം വലിച്ചെടുക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. വൃക്കരോഗികളിൽ വിറ്റാമിൻ ഡി ഉത്പാദനം വൃക്കത്തകരാർ മൂലം കുറയുകയും പല്ലിനും എല്ലിനും ബലക്ഷയം ഉണ്ടാവുകയും ചെയ്യുന്നു. (തുടരും)
വിവരങ്ങൾ:
ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി, അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ