കൊള്ളലാഭത്തിന്റെ കാൻസർ വില്പന
കൊള്ളലാഭത്തിന്റെ കാൻസർ വില്പന
<യ>വിലയ്ക്കു വാങ്ങുന്ന കാൻസർ / സെബി മാത്യു

തീയുടെ കണ്ടുപിടുത്തത്തോടെയാണു മനുഷ്യൻ ആഹാരം പാകം ചെയ്തു കഴിക്കാൻ തുടങ്ങിയത്. കാലക്രമേണ നാടോടി ജീവിതം വിട്ടു വീടുവച്ചു സ്‌ഥിരമായി താമസിക്കാൻ തുടങ്ങിയതോടെ അടുക്കളയും അടുപ്പും ഉണ്ടായി. ആദ്യം പുകയുന്ന അടുപ്പുകളായിരുന്നു. പിന്നീട് അത് ഗ്യാസ് അടുപ്പായി. പ്രഷർ കുക്കറും ഇൻഡക് ഷൻ കുക്കറുമൊക്കെ വന്നു. അപ്പോഴും പാചകം എന്നതു പൂർണമായും ഒരു പണിയായി മാറിയിരുന്നില്ല.

എന്നാൽ, ഇരുന്നു ഭക്ഷണം കഴിച്ചു ശീലിച്ചിരുന്ന മനുഷ്യൻ സമയലാഭത്തിന്റെ പേരിൽ നിന്നു കഴിക്കാൻ തുടങ്ങി. തിരക്കും സമയ ല ഭാവുമായിരുന്നു അതിനു കണ്ടെ ത്തിയ ന്യായം. ഫാസ്റ്റ് ഫുഡിന്റെ വരവോടെ സൗകര്യം കൂടി. ഭിന്നരുചിയും നിറവും ഭക്ഷണത്തെ കൂടുതൽ ആകർഷകമാക്കി. അതിൽ മനുഷ്യൻ മയങ്ങി വീണു. കൊള്ളലാഭം മുന്നിൽക്കണ്ട് വൻകിട കമ്പനികൾ രംഗത്തിറങ്ങി. മായം കലർന്ന ആഹാരം സർവസാധാരണമായി.

ഉത്പാദനവും വിപണനവും മത്സരമായി മാറിയതോടെ വിശപ്പിനെയും മനുഷ്യൻ വിറ്റു കാശാക്കിത്തുടങ്ങി. ഭക്ഷ്യോത്പാദന രംഗത്തെ ബഹുരാഷ്ട്ര കമ്പനികൾ വിശപ്പിനു കാൻസർ ഭക്ഷിക്കാൻ നൽകുന്ന ദുരന്ത കാലത്താണ് നാം എത്തി നിൽക്കുന്നത്.


<യ>അടുക്കള എന്ന ആത്മാവ്

വീട് ഒരു ദേഹമാണെങ്കിൽ അതിന്റെ ആത്മാവ് അടുക്കള തന്നെയാണ്. പാകത്തിനു പാകം ചെയ്തിരുന്ന അടുക്കളകളെ ഉപേക്ഷിച്ച് മാർക്കറ്റിൽ കിട്ടുന്നതെന്തും വാങ്ങിക്കഴിക്കുന്ന ശീലം മനുഷ്യനെ അടുക്കളയിൽ നിന്നകറ്റി ആശുപത്രികളിലേക്ക് അടുപ്പിച്ചു.

വായിൽ കൊള്ളാത്ത ബ്രൊൻഡ് നെയിമുകൾ മനുഷ്യന്റെ വിശപ്പിനേക്കാളേറെ ജീവനെയാണു കെടുത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ ചോറ്, കപ്പ, ചപ്പാത്തി, അപ്പം, പുട്ട് തുടങ്ങി കേട്ടുശീലിച്ച പേരുകളിൽ നിന്നു മാറി ദഹിക്കാത്ത പരസ്യവാചകങ്ങൾ കേട്ട് നമ്മൾ വിശപ്പ് മാറ്റിക്കൊണ്ടിരിക്കുന്നു.

പായ്ക്കറ്റിലാക്കിയ ഭക്ഷണ പദാർഥങ്ങൾ കേടാകാതെയും ഭംഗിയോടും ഇരിക്കാൻ ഉത്പാദകർ കുടഞ്ഞിടുന്ന വിഷം തിന്നാൻ വിധിക്കപ്പെട്ടവരായി പുതുതലമുറ മാറിക്കഴിഞ്ഞു.

<യ>ബ്രെഡിലും കാൻസർ

രണ്ടു കഷണം ബ്രെഡ്, ഏറെ തിരക്കുള്ള ഒരു പ്രഭാതത്തിൽ വിശപ്പ് മാറ്റാൻ അതു ധാരാളം മതിയാകും. എന്നാൽ, ഈ രണ്ടു കഷണം ബ്രെഡ് ദിവസവും തിന്നാൽ മതി കാൻസർ എന്ന മാരക വ്യാധിക്കു കീഴ്പ്പെടാൻ.

ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്(സിഎസ്ഇ) നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഒരു മനുഷ്യനെ കാൻസർ രോഗിയാക്കി മാറ്റാൻ ദിവസേന രണ്ടുബ്രെഡ് വീതം കഴിച്ചാൽ മതിയെന്നു കണ്ടെത്തിയത്.

സിഎസ്ഇ ഡൽഹിയിലെ വിവിധ വിപണികളിൽ നിന്നു ശേഖരിച്ച ബ്രെഡ് സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മുൻനിര ബ്രാൻഡുകളുടെ ബ്രെഡ് ഉത്പന്നങ്ങളിൽ ഉൾപ്പടെ മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത്. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പും ശരി വയ്ക്കുകയും ആരോഗ്യ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ ഇതുവരെ കഴിച്ചതത്രയും ആശങ്കയായി ദഹിക്കാതെ കിടക്കുന്നു.

പതിവായി ബ്രെഡ് കഴിച്ചു ശീലിച്ചവർ കാൻസർ എന്ന മാരക വിപത്തിലേക്കു നടന്നടുക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സിഎസ്ഇയുടെ സാമ്പിൾ പരീക്ഷണങ്ങളിൽ നിന്നും തുടർന്നു വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്‌തമാകുന്നത്. മാരക രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അപകടകരമായ വിധത്തിലുള്ള സാന്നിധ്യം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡുകളിൽ ഉണ്ടെന്നാണു സിഎസ്ഇ കണ്ടെത്തിയത്.

ഡൽഹിയിൽ വിൽപ്പന നടത്തുന്ന ബ്രെഡുകൾ പരിശോധിച്ചതിൽ നിന്നും സിഎസ്ഇ പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി.


എലികളിലും മറ്റും നടത്തിയ പരീക്ഷണങ്ങളിൽ നിന്നു പൊട്ടാസ്യം ബ്രോമേറ്റിൽ നിന്നുണ്ടാകുന്ന കാൻസർ ബാധ അഞ്ചു തലമുറകളോളം പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളിൽ ഈ രണ്ടു രാസ പദാർഥങ്ങളുടെയും സാന്നിധ്യം നിരോധിക്കണമെന്ന് സിഎസ്ഇ ശിപാർശ ചെയ്യുന്നു.

റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷാ അഥോറിറ്റി അടിയന്തരമായി ഇടപെട്ട് ഈ രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതു തടണമെന്നായിരുന്നു ശിപാർശ. റിപ്പോർട്ട് വന്ന് ഒരു ദിവസത്തിനു ശേഷം തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതും ഇതു നിരോധിക്കണമെന്നാവശ്യപ്പെട്ടു ഭക്ഷ്യസുരക്ഷ അഥോറിറ്റി ശിപാർശ ചെയ്തിട്ടുണ്ടെന്നും വ്യക്‌തമാക്കിയതും ഏറെ ആശ്വാസകരം.

<യ>ബ്രെഡിലെ കാൻസറിനെക്കുറിച്ച് ഡോക്ടർമാർ

പൊട്ടാസ്യം അയോഡേറ്റ് ശരീരത്തിൽ അയോഡിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കുമെന്ന് ന്യൂഡൽഹി മാക്സ് ഹെൽത്ത് കെയറിലെ ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ. റിതിക സമദാർ പറയുന്നു. അയഡിന്റെ അളവ് വർധിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയെ ദോഷകരമായി ബാധിക്കും. ശരീരത്തിനുള്ളിൽ കടക്കുന്ന രാസപദാർഥങ്ങൾ വിഘടിക്കാതെ കിഡ്നിയിലൂടെ കടന്നു പോകുന്നു. ഇതു കിഡ്നിയുടെ പ്രവർത്തന ഭാരം കൂട്ടുകയും വൃക്കയിൽ അർബുദമുണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. ഇതിനു പുറമേ ഈ രാസപദാർഥങ്ങൾ ശരീരത്തിനുള്ളിലെ കോശങ്ങളുടെ വേഗത ക്രമാതീതമായി വർധിപ്പിക്കുമെന്നു ന്യൂട്രീഷ്യനിസ്റ്റായ ഡോ. അൻഷുൽ ജയ് ഭാരത് ചൂണ്ടിക്കാട്ടുന്നു. രാസപദാർഥങ്ങൾ ശരീരത്തിൽ അനിയന്ത്രിതമായ കോശങ്ങളുടെ വളർച്ചക്കിടയാക്കുമെന്നും ഇതു കാൻസറിനു കാരണമാകുമെന്നും അൻഷുൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഭക്ഷ്യ സുരക്ഷാ ഹെൽപ് ലൈനിന്റെ സ്‌ഥാപകൻ കൂടിയായ ഡോ. സൗരാഭ് അറോറ പറയുന്നത് പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യം ആദ്യം കണ്ടുപിടിക്കുന്നത് കുപ്പിയിലടച്ച കുടിവെള്ളത്തിലായിരുന്നെന്നാണ്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. എന്നാൽ, ബ്രെഡിൽ ചേർക്കുന്ന മറ്റു ചേരുവകകൾ ബ്രോമേറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നും അതു കൊണ്ടാ ണ് കമ്പനികൾ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൊട്ടാസ്യം ബ്രോമേറ്റ് നേരിട്ടു കാൻസറിനു കാരണമാകുമെന്ന സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നുമാണ് ഇന്ദ്രപ്രസ്‌ഥ അപ്പോളോ ആശുപത്രിയിലെ ഓങ്കോളജിസ്റ്റും യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജി മെമ്പറുമായ ഡോ. ദീപാഞ്ചൻ പാണ്ഡ പറയുന്നത്. ഉറപ്പായും കാൻസറുണ്ടാക്കുന്ന രാസവസ്തുക്കളും കാൻസറിനു സാധ്യതയുള്ള രാസവസ്തുക്കളുമുണ്ട്. പൊട്ടാസ്യം ബ്രോമേറ്റ് കാൻസറിനു സാധ്യതയുണ്ടാക്കുന്ന രാസവസ്തുവാണെന്നു ഡോ. പാണ്ഡ ചൂണ്ടിക്കാട്ടുന്നു.

അപ്പോളോയിലെതന്നെ മറ്റൊരു ഓങ്കോളജിസ്റ്റായ ഡോ. ഹർഷ് ദുവ പറയുന്നത് കാൻസറിനു മറ്റു പല ഭക്ഷണശീലങ്ങളും കാരണമാകുമെന്നാണ്. പാൽ, പഞ്ചസാര, കൊഴുപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിവിധ രാസവസ്തുക്കൾ പോലും കാൻസറിനു കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാറുന്ന ഭക്ഷണ ശീലങ്ങൾ മനുഷ്യനെ കാൻസറിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.

ഒരു ദിവസം രണ്ടു കഷണം ബ്രെഡ് വീതം കഴിച്ചാൽ പോലും തൈറോയിഡ് വീക്കവും കാൻസറിനും കാരണമാകുന്ന രാസപദാർഥങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നതെന്നു സിഎസ്ഇയുടെ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്ര ഭൂഷണും പറയുന്നു.

(കാൻസർ വരുന്ന വഴികളെക്കുറിച്ചു നാളെ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.