മാരക രോഗങ്ങൾ വളർത്തുന്ന പൊട്ടാസ്യം ബ്രോമേറ്റ്
മാരക രോഗങ്ങൾ വളർത്തുന്ന പൊട്ടാസ്യം ബ്രോമേറ്റ്
<യ>സെബി മാത്യു

ഒറ്റയ്ക്കു നിന്നാൽ ഒരു ഗുണവുമില്ല. എന്നാൽ, കൂടെക്കൂട്ടിയാൽ ഇതു പോലൊരു വിഷവിത്തുമില്ല’’ എന്ന ചൊല്ല് ഏറ്റവും നന്നായി യോജിക്കുന്ന രാസവസ്തുവാണു പൊട്ടാസ്യം ബ്രോമേറ്റ്. ബ്രെഡിനുള്ളിൽ കടന്നിരുന്നു മനുഷ്യ ശരീരത്തിൽ മാരക രോഗങ്ങൾ വളർത്താൻ കഴിവുള്ള കൊടുംവിഷമാണിത്.
ബ്രെഡിനു മാർദവവും മിനുസവും ലഭിക്കാൻ മാവിനൊപ്പം ചേർക്കുന്നതാണു പൊട്ടാസ്യം ബ്രോമേറ്റ്. നിറമോ ഗന്ധമോ രുചിയോ ഇല്ലാത്ത വെളുത്ത ക്രിസ്റ്റൽ പൊടി. മാവ് പൊങ്ങുന്നതിനും കട്ടി കൂടുന്നതിനുമാണ് ഇതു ചേർക്കുന്നത്. 350 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇത് അലിയും. 370 ഡിഗ്രി സെൽഷ്യസിൽ രൂപമാറ്റവും സംഭവിക്കും. ഉയർന്ന താപനിലയിൽ ബ്രെഡ് ബേക്ക് ചെയ്യുമ്പോൾ പൊട്ടാസ്യം ബ്രോമേറ്റ് പൊട്ടാസ്യം ബ്രോമൈഡ് ആയി മാറും. ഇതു കടുത്ത വിഷമാണ്.

<യ>ആപത്കാരി

1989ൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ (ഐഎആർസി) നടത്തിയ പഠനത്തിൽ പൊട്ടാസ്യം ബ്രോമേറ്റ് കാൻസറിനു കാരണമാകുന്നുവെന്നു കണ്ടെത്തിയിരുന്നു.

കിഡ്നിയിലെ ട്യൂമർ, തൈറോയ്ഡ് ഗ്രന്ഥി വീക്കം, ഉദര കാൻസർ എന്നിവയ്ക്കും ഇതു കാരണമാകും. കാൻസറിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി 1992ൽ ഭക്ഷ്യ വസ്തുക്കളിൽ ഇതു ചേർക്കരുതെന്നു ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. 1990ൽ യൂറോപ്യൻ യൂണിയൻ ഇത് നിരോധിച്ചിരുന്നു. തുടർന്ന് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ചൈന, ശ്രീലങ്ക, ബ്രസീൽ, നൈജീരിയ, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും ഇതിനു നിരോധനം ഏർപ്പെടുത്തി.

<യ>ആരോഗ്യ പ്രശ്നങ്ങൾ

വയറുവേദന, വയറിളക്കം, ഛർദി, കേൾവിക്കുറവ്, വൃക്കകളുടെ പ്രവർത്തന ക്ഷയം, തലകറക്കം, മൂത്രസംബന്ധമായ അസുഖങ്ങൾ, ഹൈപ്പർ ടെൻഷൻ, വിഷാദം, ഞരമ്പുകളെ ബാധിക്കുന്ന അസുഖങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസപദാർഥമാണ് പൊട്ടാസ്യം ബ്രോമേറ്റ്.

ദുരന്തഫലങ്ങൾ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ ഭക്ഷ്യ വസ്തുക്കളിൽ ചേർക്കാവുന്ന അനുവദനീയമായ കൂട്ടുകളുടെ പട്ടികയിൽ നിന്ന് പൊട്ടാസ്യം ബ്രോമേറ്റിനെ നീക്കം ചെയ്യുകയും ഇതിന്റെ ഉപയോഗം നിരോധിക്കുകയും ചെയ്തു. അമേരിക്കയിൽ ഇതിനു നിരോധനമില്ലെങ്കിലും ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിനു കടുത്ത നിയന്ത്രണമുണ്ട്.

എന്നാൽ, ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ബ്രെഡ് ഉൾപ്പടെയുള്ള ഭക്ഷ്യ വസ്തുക്കളിൽ പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ചേർക്കാൻ അനുമതി നൽകിയിരുന്നു. 2011ലെ നിയന്ത്രണപ്രകാരം ഒരു കിലോഗ്രാം ബ്രഡിൽ 50 മില്ലിഗ്രാം എന്നതാണ് പൊട്ടാസ്യം അയോഡേറ്റ് അനുവദനീയമായത്. പൊട്ടാസ്യം ബ്രോമേറ്റ് ഒരു കിലോ ബ്രഡിൽ പരമാവധി 20 മില്ലിഗ്രാമും.

<യ>സിഎസ്ഇ പരിശോധന

ബ്രെഡ് ഉത്പന്നങ്ങളുടെ 38 സാമ്പിളുകൾ സിഎസ്ഇ പരിശോധനക്കെടുത്തതിൽ എട്ടു സാമ്പിളുകൾ ബ്രൗൺ ബ്രെഡുകളും അഞ്ചെണ്ണം മൾട്ടി ഗ്രെയിൻ ബ്രഡുകളും നാലെണ്ണം വീതം വൈറ്റ് ബ്രഡും വീറ്റ് ആട്ട ബ്രഡും മൂന്നെണ്ണം സാൻഡ് വിച്ച് ബ്രഡ്, പാവ്, ബണ്ണ് എന്നിവയും നാലെണ്ണം ബർഗർ, പിസ ബ്രെഡുമാണ്. ബ്രൗൺ ബ്രെഡ് പരിശോധിച്ചതിൽ എട്ടു സാമ്പിളുകളിൽ ആറെണ്ണത്തിലും (75 ശതമാനം) പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി. അഞ്ചു വിവിധ ബ്രാൻഡ് മൾട്ടി ഗ്രെയിൻ ബ്രെഡ് പരിശോധിച്ചതിൽ നാലെണ്ണത്തിലും 1.66 മുതൽ 4.20 പിപിഎം വരെ രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. നാലു ബ്രാൻഡ് വൈറ്റ് ബ്രെഡ് പരിശോധിച്ചതിൽ എല്ലാറ്റിലും തന്നെ 11.52 മുതൽ 17.32 പിപിഎം വരെ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. മൂന്നു സാൻഡ്വിച്ച് ബ്രെഡ് സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിലും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി.

ഇതിനു പുറമെ വടപാവ് എന്ന വിഭവത്തിൽ ഉൾപ്പെടുത്തി കഴിക്കുന്ന പാവ് ബണ്ണിൽ പരിശോധിച്ച എല്ലാ സാമ്പിളുകളിലും രാസസാന്നിധ്യം കണ്ടെത്തി. ബർഗർ ബ്രെഡിന്റെ നാലു സാമ്പിളുകൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിലും രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി.

<യ>ശ്രദ്ധയിൽപെട്ടില്ല!

സിഎസ്ഇയുടെ റിപ്പോർട്ട് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ഓൾ ഇന്ത്യ ബ്രെഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയെ അറിയിക്കുമെന്നും ഇവർ പറയുന്നു.

പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ബ്രെഡ് ഉത്പാദനത്തിൽ ഉപയോഗിക്കാൻ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അനുവാദമുണ്ടെന്നാണ് ഇവരുടെ ന്യായവാദം. ബ്രെഡിൽ 50 പിപിഎമ്മും മറ്റു ബേക്കറി ഉത്പന്നങ്ങളിൽ 20 പിപിഎമ്മും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ചേർക്കാൻ അനുമതിയുണ്ടെന്നാണ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നത്.

അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളിൽ ഇതു ചേർക്കാൻ അനുമതിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. 2011ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേർഡ്സ് റെഗുലേഷൻസ് നിയമപ്രകാരം ഒരു കിലോ ഗ്രാം ബ്രെഡിൽ 50 മില്ലി ഗ്രാം എന്നതാണു പൊട്ടാസ്യം ബ്രോമേറ്റോ പൊട്ടാസ്യം അയോഡേറ്റോ ഉപയോഗിക്കാവുന്നതിന്റെ പരിധിയായി ഭക്ഷ്യസുരക്ഷ അഥോറിറ്റി നിശ്ചയിച്ച് അനുവദിച്ചിരിക്കുന്നത്.

ആരോഗ്യ ജീവിതത്തിന്സിഎസ്ഇയുടെ റിപ്പോർട്ടിന്റെയും ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മാരക രാസപദാർഥങ്ങൾക്ക് നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നു തന്നെയാണു പ്രതീക്ഷ. അതിവിപത്തായി മാറുന്ന ഭക്ഷണശീലങ്ങൾ പാടേ ഉപേക്ഷിച്ചും വിദഗ്ധ ഉപദേശങ്ങൾ തേടിയും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് സ്വയം നമുക്കും വിട്ടു നിൽക്കാം

(മായം ചേർന്ന ഭക്ഷണങ്ങൾ
സമ്മാനിക്കുന്നതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ, അതേക്കുറിച്ചു നാളെ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.