വെള്ളം സർവത്ര വെള്ളം, കുടിക്കുന്നതെല്ലാം വിഷജലം
വെള്ളം സർവത്ര വെള്ളം, കുടിക്കുന്നതെല്ലാം വിഷജലം
<യ>റെജി ജോസഫ്

ജലസമൃദ്ധിയുടെ നാടാണു കേരളം. 44 നദികൾ, കായലുകൾ, കുളങ്ങൾ, കിണറുകൾ എന്നിങ്ങനെ ജലസ്രോതസുകളേറെ. വർഷംതോറും ശരാശരി 3000 മില്ലിമീറ്റർ വർഷപാതം. എന്നാൽ, കാലവർഷം കഴിഞ്ഞാൽ കുടിവെള്ളത്തിനു നെട്ടോട്ടമായി. വേനൽമാസങ്ങളിൽ ദിവസം എട്ടു കോടിയുടെ കുപ്പിവെള്ളം അതായത് 75 ലക്ഷം ലിറ്റർ കുപ്പിവെള്ളം കേരളത്തിൽ വിറ്റഴിയുന്നു. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 142 ബ്രാൻഡുകളിൽ കുപ്പിവെള്ളം ഇവിടെ ചെലവാകുന്നു.

ജലമലിനീകരണത്തിന്റെ തിക്‌തഫലമാണിത്. മാലിന്യം തള്ളാനുള്ള കുപ്പത്തൊട്ടികളായിരിക്കുന്നു നമ്മുടെ തോടും പുഴയും കായലും കടലുമൊക്കെ. പ്ലാസ്റ്റിക്, അറവുശാല അവശിഷ്ടം, ആശുപത്രി മാലിന്യം തുടങ്ങിയവ തള്ളാനുള്ള സ്‌ഥലമാണു നമുക്ക് ജലസ്രോതസുകൾ. കണ്ണീർപോലെ തളിഞ്ഞ പുഴകളും കായലുകളും കറുത്തിരുണ്ട് പുഴുക്കൾ ഇഴയുന്ന ദയനീയവും ഭയാനകവുമായ കാഴ്ചയാണെങ്ങും. കുടിക്കാനും കുളിക്കാനും പാത്രങ്ങൾ കഴുകാനും ഇതേവെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് നമ്മൾ. ഇതുമൂലം എത്രയെത്ര ജലജന്യ രോഗങ്ങൾ.

ഡെങ്കി, അതിസാരം തുടങ്ങിയ രോഗങ്ങളാൽ ഓരോ വർഷവും നൂറുനൂറു പേർ മരിക്കുന്നു. മലിനജലത്തിൽ കൊതുക് എന്ന മാരക ജീവി പെറ്റുപെരുകി നിരവധി രോഗങ്ങൾ പരത്തുന്നു. നദികളിൽ വിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയയുടെ തോത് മാരകമായ നിരക്കിലാണ്. പമ്പ, പെരിയാർ തുടങ്ങിയ നദികളിലെ വെള്ളം കുടിക്കാനും കുളിക്കാനും യോഗ്യമല്ലെന്നു പലപഠനങ്ങളിലും കണ്ടെത്തിയിരിക്കെ വാട്ടർ അഥോറിട്ടി ക്ലോറിൻ ചേർത്ത് ഇതു ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്നു. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇത് ഉപയോഗിക്കാൻ നിർബന്ധിതരുമാകുന്നു.

എല്ലാ മഴക്കാലവും കേരളത്തെ നയിക്കുന്നത് രോഗക്കിടക്കയിലേക്കാണ്. വൈറൽ, ഡെങ്കി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങി ഒട്ടേറെ രോഗങ്ങൾ. ഇവയ്ക്കെല്ലാം അടിസ്‌ഥാന കാരണമാകുന്നത് ജലമലിനീകരണവും.

കേരളത്തിൽ 29.5 ശതമാനം വീടുകളിൽ മാത്രമാണു സുരക്ഷിത ജലലഭ്യതയുള്ളതെന്നാണു ദേശീയതലത്തിൽ കണക്കാക്കപ്പെടുന്നത്. 62 ശതമാനം കുടുംബങ്ങളും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. 3.7 ശതമാനം ജനങ്ങൾ കുഴൽ കിണറുകളെ ആശ്രയിക്കുന്നു. കേരളത്തിൽ 70 ലക്ഷം കിണറുകളുണ്ടെന്നാണു ജലവിഭവപഠനകേന്ദ്രത്തിന്റെ കണക്ക്.

കാൻസർ ഉൾപ്പെടെയുള്ള മഹാരോഗങ്ങൾക്കു പിന്നിലെ പ്രധാന വില്ലൻ മലിന ജലമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പാടങ്ങളിലും തോട്ടങ്ങളിലുംനിന്നു രാസവളവും കീടനാശിനിയും മാലിന്യങ്ങളും ഒഴുകിയെത്തുന്നതു തോട്, പുഴ, കായൽ, കടൽ എന്നിവിടങ്ങളിലേക്കാണ്. കുട്ടനാട്ടിൽ ഉൾപ്പെടെ ജലസ്രോതസുകളോടു ചേർന്ന ഒട്ടേറെ പ്രദേശങ്ങൾ കാൻസർ വാർഡുകളായി മാറിയിരിക്കുന്നു. വെള്ളത്തിലെ രാസമാലിന്യങ്ങൾതന്നെ പ്രധാനവില്ലൻ. പശ്ചിമഘട്ട മലനിരകളിൽ മഴ പെയ്താൽ മണിക്കൂറുകൾക്കുള്ളിൽ വെള്ളം കുത്തിയൊഴുകി തോടുകളിലും പുഴകളിലും പിന്നീട് കായലിലേക്കും എത്തുന്ന കേരളഭൂപ്രകൃതി ജലമലിനീകരണത്തിന് സാധ്യത വർധിപ്പിക്കുന്നു.

കഴിഞ്ഞ തലമുറ കിണറുകളിൽനിന്നും അരുവികളിൽനിന്നും മറ്റു നീർച്ചാലുകളിൽനിന്നും വെള്ളം ശേഖരിച്ചാണു ജീവിച്ചിരുന്നത്. പുഴകൾ ശോഷിച്ചതും വ്യവസായശാലകളിലെ മാലിന്യനിക്ഷേപം മൂലം ഉള്ളവതന്നെ വിഷലിപ്തമായതും സെപ്റ്റിക് ടാങ്കുകളിൽനിന്നും ഓടകളിൽനിന്നും കിണറുവെള്ളം മലീമസമായതും നമ്മുടെ ശുദ്ധജല ലഭ്യതയ്ക്കു വലിയ വിലങ്ങുതടിയാണ്.


കിണറുകളിലെയും തടാകങ്ങളിലെയും ജലനിരപ്പ് താഴ്ന്നതോടെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നു. കിണർ ജലത്തിൽ രാസപദാർഥങ്ങളുടെ അളവ് കൂടുകയും ജലത്തിന്റെ കാഠിന്യം വർധിക്കുകയും ചെയ്യുകയാണ്. സമുദ്രതീരങ്ങളോടും കായലോരങ്ങളോടും ചേർന്നു കിടക്കുന്ന കിണറുകളിലെ ജലത്തിൽ ഉപ്പിന്റെ അംശംകൂടുന്ന സ്‌ഥിതിയും കേരളത്തിലുണ്ട്. മണലൂറ്റുകാരണം നദികളുടെ ആഴം കൂടി. നഗരവത്കരണത്തിന്റെ ഫലമായി ആയിരക്കണക്കിന് ഏക്കർ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചു. തീരങ്ങൾ ഇടിച്ചുതകർത്തു. പാലങ്ങളും കലുങ്കുകളും അശാസ്ത്രീയമായി നിർമിച്ചു ജലസ്രോതസുകളുടെ ഒഴുക്കു മുറിച്ചു.

നദികളിൽ കെട്ടിനിൽക്കുന്ന മലിനജലമാണു നദീതീരങ്ങളിലെ കിണറുകളിലേക്കു ഊറിയെത്തുന്നത്. മഴ കുറഞ്ഞതോടെ നദികളിൽനിന്നു കടലിലേക്കുള്ള ജലപ്രവാഹം കുറഞ്ഞിട്ടുണ്ട്. അതിനാൽ കടലിൽനിന്നു നദികളിലേക്കും കായലുകളിലേക്കും ഉപ്പുവെള്ളം കയറാനുള്ള സാധ്യതയും കൂടിവരുന്നു. മഴക്കുറവുമൂലം തോടുകൾ, കായലുകൾ എന്നിവയിലും മാലിന്യം കൂടിവരുന്നു.

2900 കിലോ മീറ്റർ നീളമുള്ള സിന്ധുവും ബ്രഹ്മപുത്രയും 2510 കിലോമീറ്റർ നീളമുള്ള ഗംഗയും 1450 കിലോമീറ്റർ നീളമുള്ള ഗോദാവരിയും വച്ചുനോക്കുമ്പോൾ സംസ്‌ഥാനത്തെ ഏറ്റവും വലിയ 244 കിലോ മീറ്റർ നീളം മാത്രമുള്ള പെരിയാർ തുടങ്ങിയ നദികളിൽ ഒഴുകുന്ന ജലത്തിന്റെ അളവ് തുലോം കുറവാണ്. മഴയെ മാത്രം ആശ്രയിച്ചാണ് കേരളത്തിലെ നദികൾ ഒഴുകുന്നത്. നമ്മുടെ നദികൾ കടലിലോ കായലിലോ ചെന്നു ചേരുന്നതിനാൽ വേലിയേറ്റ സമയത്തുള്ള ഓരുവെള്ള കയറ്റത്തിനു വിധേയമാണ്. മത്സ്യം കേരളീയരുടെ പൊതു ആരോഗ്യനിലവാരത്തെ പിടിച്ചുനിർത്തുന്ന ഭക്ഷണമാണ്. കടലും കായലും പുഴയും മലീമസമായതോടെ ഇവിടെ നിന്നു ലഭിക്കുന്ന മത്സ്യവും കൊഞ്ചും കക്കായും വിഷലിപ്തമായതിനു പിന്നിലും മലിനീകരണം തന്നെ.

അതിരൂക്ഷമായ മലിനീകരണം മൂലം മത്സ്യസമ്പത്ത് ഓരോ വർഷവും നശിക്കുന്നു. നാടൻ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകൻ, പന ആരകൻ, വാഹവരാൽ തുടങ്ങിയവ വംശനാശ ഭീഷണിയെ നേരിടുകയാണ്.

ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളുമാണ് വേമ്പനാട് കായലിനു കൂടുതൽ ഭീഷണി ഉയർത്തുന്നത്. ഹൗസ്ബോട്ടുകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ, പാടശേഖരങ്ങളിൽ നിന്നു ഒഴുകിയെത്തുന്ന കീടനാശിനി കലർന്ന ജലം, വ്യവസായ സ്‌ഥാപനങ്ങളിൽനിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ എന്നിവയാണു കായലുകളെ മാലിന്യവാഹിനിയാക്കുന്നത്. ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതിലൂടെ മനുഷ്യർ രോഗികളായി മാറുകയും ചെയ്യുന്നു.


(ബ്രഡ്ഡും വെള്ളവും മത്രമല്ല, വാങ്ങിക്കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം മായമാണ്. വൃത്തിഹീനമായ ഹോട്ടലുകളും ലഘുഭക്ഷണ ശാലകളും തട്ടുകടകളും രോഗവിപണന കേന്ദ്രങ്ങളാണ്. അതേക്കുറിച്ചു നാളെ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.