രുചിക്കൂട്ടിൽ അറയ്ക്കുന്ന വിഷക്കൂട്ട്
രുചിക്കൂട്ടിൽ അറയ്ക്കുന്ന വിഷക്കൂട്ട്
<യ>റെനീഷ് മാത്യു


വിലക്കുറവും രുചിയൂറുന്ന ഭക്ഷണവുമാണു തട്ടുകടകളുടെ പ്രത്യേകത. സാധാരണക്കാർക്കു ചുരുങ്ങിയ ചെലവിൽ പാതിരാത്രിവരെ ഭക്ഷണം കിട്ടുന്ന സ്‌ഥലം. ചുരുക്കംചില തട്ടുകടകളെങ്കിലും ഈ പ്രതീക്ഷകൾക്കൊത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മഹാഭൂരിപക്ഷവും അടിസ്‌ഥാനസൗകര്യങ്ങളോ ആവശ്യത്തിനു വൃത്തിയും വെടിപ്പുമോ ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. കേരളത്തിൽ എത്ര തട്ടുകടകൾ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടുക എളുപ്പമല്ല. ആരുടെ കൈയിലും ഇതിനു കണക്കില്ല. രജിസ്ട്രേഷനും ലൈസൻസും ഒക്കെ വേണമെന്നു കർശന നിയമമുണ്ട്. എന്നാൽ ഇതു പാലിക്കപ്പെടുന്നില്ല എന്നുമാത്രം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർക്കറിയാം. 80 ശതമാനത്തോളം തട്ടുകടകളും പ്രവർത്തിക്കുന്നതു രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെയാണെന്നും അധികൃതർ സമ്മതിക്കുന്നു.


<യ>എല്ലാം മറയ്ക്കാൻ മസാലക്കൂട്ട്

അഴുക്കുചാലിനു സമീപവും മാലിന്യം നിറഞ്ഞ തോടിനു സമീപവുമൊക്കെയാണു മിക്ക തട്ടുകടകളും പ്രവർത്തിക്കുന്നത്. ഈച്ചയും കൊതുകുമെല്ലാം തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിൽ വന്നിരിക്കുന്നതും പതിവുകാഴ്ച. മിക്ക തട്ടുകടകളും ദേശീയപാതയ്ക്കരികിലോ തിരക്കേറിയ റോഡരികിലോ കവലകളിലോ ആണ്. ആളുകൾ കൂടുന്നിടം സ്വാഭാവികമായും മലിനമാകും. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നതു വെള്ളത്തിൽത്തന്നെ. എളുപ്പം മലിനമാകാൻ സാധ്യതയുള്ളതും വെള്ളമാണ്. പല തട്ടുകടകളും വെള്ളത്തിനായി ആശ്രയിക്കുന്നതു സുരക്ഷിതമായ സ്രോതസുകളെയല്ല. പാത്രം കഴുകുന്ന വെള്ളം കണ്ടാൽ ഭക്ഷണം കഴിക്കാൻ തോന്നാത്ത അവസ്‌ഥയുണ്ട്. ഒരേ വെള്ളത്തിൽ തന്നെ കൂടുതൽ പാത്രങ്ങൾ കഴുകുമ്പോൾ വിപരീതഫലമാണ് ഉണ്ടാകുന്നത്. വേനൽക്കാലത്തു കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണു വെള്ളം പ്രധാന വില്ലനാകുക.

തട്ടുകടകളിൽ ഉപയോഗിക്കുന്ന മാംസാഹാരങ്ങളിലധികവും ഗുണമേന്മയില്ലാത്തവയാണ്. കോഴിയുടെയും പോത്തിന്റെയും ആടിന്റെയും ഇറച്ചികൾ തട്ടുകടകൾക്കുവേണ്ടി പ്രത്യേകം വിലകുറച്ചു വിൽക്കുന്നവയാണ്. ആമാശയം, കുടൽ, കരൾ തുടങ്ങിയവയുടെ വിഭവങ്ങളും ഏറെ പേടിക്കേണ്ടവയാണെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ പറയുന്നു. നന്നായി വൃത്തിയാക്കിയില്ലെങ്കിൽ മലാവശിഷ്‌ടം പോലും കയറിക്കൂടാവുന്ന ഉദര ഭാഗങ്ങളാണിത്. കുടലിന്റെയൊക്കെ ഉൾഭാഗം വൃത്തിയായി കഴുകിയെടുക്കുക പ്രയാസമാണ്. ചുണ്ണാമ്പ് വെള്ളത്തിലാണ് ഇവ വൃത്തിയാക്കുന്നത്. ഇത് അങ്ങേയറ്റം അപകടകരമാണ്. കൂടുതൽ കൊഴുപ്പും മസാലക്കൂട്ടും എണ്ണയും ചേർത്ത് രുചി കൂട്ടുന്നതിനാൽ വൃത്തികേടോ അരുചിയോ മനസിലാവുകയുമില്ല. മത്സ്യമാണെങ്കിലും ഇതാണവസ്‌ഥ. പഴകിയ മത്സ്യം അല്പം എരിവും പുളിയും രുചിക്കൂട്ടുകളും പാകം ചെയ്തു നൽകുന്നതോടെ കഴിക്കുന്നവർ അരുചി മനസിലാക്കാൻ പ്രയാസപ്പെടും.


<യ>വായ തുറക്കരുത്, ചൊറിയരുത്... നിയമങ്ങൾ കർശനം

തട്ടുകടകളെ നിയന്ത്രിക്കാൻ സംസ്‌ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കൃത്യമായ നിയമങ്ങളൊക്കെയുണ്ടെങ്കിലും അതു പലപ്പോഴും പാലിക്കുന്നില്ല. ഉദ്യോഗസ്‌ഥർ ഇടയ്ക്കിടയ്ക്ക് റെയ്ഡുമായി രംഗത്തുവരാറുണ്ട്. എന്നിട്ടും ഈ മേഖലയിൽ തന്നെയാണ് അംഗീകാരമില്ലാത്തവർ കൂടുതൽ. മുമ്പ് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളായിരുന്നു തട്ടുകടകൾക്കു ലൈസൻസ് നൽകിയിരുന്നത്. എന്നാൽ പിന്നീട് അവർ അതിൽനിന്നു പിന്മാറി. 2012 മുതൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റാണ് അനുമതി നൽകുന്നത്. ഇതിനിടയിൽ ലൈസൻസ് നേടാനുള്ള അവസാന തീയതി കേന്ദ്രം ഇടയ്ക്കിടെ നീട്ടിക്കൊടുത്തു. അതാണു പലരും ലൈസൻസെടുക്കാതെ തുടരുന്നത്. ഇപ്പോഴത്തെ നിലയിൽ ഓഗസ്റ്റ് വരെയാണു ലൈസൻസ് കാലാവധി നീട്ടിയിരിക്കുന്നത്. സെപ്റ്റംബർ മുതൽ ലൈസൻസില്ലാതെയും രജിസ്ട്രേഷനില്ലാതെയും തട്ടുകടകൾ നടത്തുന്നവർക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണു ശിക്ഷ.

തട്ടുകടകൾക്കു പ്രവർത്തിക്കാൻ നൽകിയിരിക്കുന്ന പ്രധാന നിബന്ധനകൾ ഇവയാണ്. കച്ചവടം മാലിന്യമുക്‌തമായ പരിസരത്തായിരിക്കണം. ഭക്ഷണത്തെ സൂര്യപ്രകാശം, പൊടി, കാറ്റ് എന്നിവയിൽനിന്നു സംരക്ഷിക്കണം. ഭക്ഷണാവശിഷ്‌ടങ്ങൾ അടപ്പുള്ള പാത്രങ്ങളിൽ ശേഖരിച്ച് ആരോഗ്യപരമായി സംസ്കരിക്കണം. ജോലി ചെയ്യാൻ ഉപയോഗിക്കുന്ന പ്രതലം എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതും തറനിരപ്പിൽ നിന്നു 60–70 സെ.മീ. ഉയരത്തിലുള്ളതുമാകണം. വിതരണം ചെയ്യുന്ന പാത്രങ്ങൾ കേടില്ലാത്തതും വൃത്തിയുള്ളതുമായിരിക്കണം. ഉപയോഗം കഴിഞ്ഞ പാത്രങ്ങൾ കഴുകി ഉണക്കി പൂപ്പൽ, കീടങ്ങൾ എന്നിവയിൽനിന്നു മുക്‌തമാക്കണം. ഓരോ ഉപയോഗത്തിനുശേഷവും പാത്രങ്ങൾ ഡിറ്റർജന്റ് ഉപയോഗിച്ച് ടാപ്പ് വെള്ളത്തിൽ കഴുകണം. വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കണം. ആവശ്യമെങ്കിൽ ഏപ്രൺ, തലപ്പാവ് എന്നിവ ഉപയോഗിക്കണം. ജോലിക്കാർ ജോലിചെയ്യുമ്പോൾ വായ അടച്ചുവയ്ക്കണം.

പകർച്ചവ്യാധികളുള്ളവരെ ജോലിയിൽനിന്നു മാറ്റി നിർത്തണം. വൃത്തിയുള്ള വസ്ത്രം ധരിക്കുകയും കൈനഖം വെട്ടി വൃത്തിയാക്കുകയും വേണം. ജോലി തുടങ്ങുന്നതിനു മുമ്പും ഇടയ്ക്കും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഭക്ഷണസാധനങ്ങൾ നിലവാരമുള്ള പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങളിൽ അടച്ചുസൂക്ഷിക്കണം. ഭക്ഷണം പാകം ചെയ്യുന്നവർ അയഞ്ഞ ആഭരണങ്ങൾ ധരിക്കരുത്. ജോലി സമയത്ത് ശരീര ഭാഗങ്ങളിലോ തലയിലോ ചൊറിയുന്നതും സ്പർശിക്കുന്നതും ഒഴിവാക്കണം. ചവയ്ക്കുന്നതും തിന്നുന്നതും പുകവലിക്കുന്നതും തുപ്പുന്നതും മൂക്ക് ചീറ്റുന്നതും കർശനമായും ഒഴിവാക്കണം. അതത് ദിവസത്തേക്കുള്ള ഭക്ഷണമേ പാകം ചെയ്യാവൂ. പാകം ചെയ്തതും ചെയ്യാത്തതും അടുത്ത ദിവസത്തേക്ക് സൂക്ഷിക്കരുത്. സസ്യ, മാംസാഹാരങ്ങൾ വെവ്വേറെ സൂക്ഷിക്കണം. ഈ നിയമങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ ഇപ്പോഴുള്ളതിന്റെ ഒരു ശതമാനം പോലും തട്ടുകടകൾക്കു പ്രവർത്തിക്കാനാവില്ലെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നത്.


<യ>വിഭവങ്ങൾ എത്തുന്നത് അജ്‌ഞാത കേന്ദ്രങ്ങളിൽ നിന്ന്

ആവി പറക്കുന്ന പുട്ട്, ചൂടുള്ള ദോശ, ഇഡ്ഡലി, അപ്പം, ചപ്പാത്തി, ഉഴുന്നുവട ഇതൊക്കെ ഹോട്ടലുകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. രാവിലെ നല്ല ചൂടോടെ ഹോട്ടലിൽനിന്നു പ്രഭാത ഭക്ഷണം കഴിക്കുന്നത് ഓർമ മാത്രമായി. ഹോട്ടലിലെ അടുക്കള വെറും ഭക്ഷണ സംഭരണ കേന്ദ്രങ്ങൾ മാത്രമായി മാറിയിരിക്കുകയാണ്. എവിടെ നിന്നോ ഉണ്ടാക്കി കൊണ്ടുവരുന്ന വിഭവങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നിന്നു ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി ഹോട്ടലുകളിൽ വിതരണം ചെയ്യുന്നുവെന്നതാണു യാഥാർഥ്യം. ഇത്തരത്തിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നവരുടെ ലൈസൻസിന്റെ പകർപ്പ് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നാണു ചട്ടം. എന്നാൽ ഭൂരിഭാഗം ഹോട്ടലുകളും ഇതു നടപ്പാക്കുന്നില്ല. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്‌ഥാപനങ്ങളെക്കുറിച്ചു വെളിപ്പെടുത്താൻ ഹോട്ടൽ ഉടമകളും തയാറാകുന്നില്ല. കാരണം ഇവർക്കു ബില്ലോ മറ്റു രേഖകളോ നൽകുന്നില്ല. ഇവർ രാത്രിയിൽ എപ്പോഴോ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഏറെ മണിക്കൂറുകൾ താമസിച്ച് തണുത്തുറഞ്ഞാണ് ആവശ്യക്കാരുടെ മുന്നിലെത്തുന്നത്.


<യ>വില്ലനായി പത്രക്കടലാസും

പത്രക്കടലാസിലടക്കം അച്ചടിക്കുപയോഗിക്കുന്ന മഷി ഗുരുതരമായ വിഷാംശം ഉൾക്കൊള്ളുന്ന രാസവസ്തുവാണ്. മഷി നിർമാണത്തിനും നിർമാർജനത്തിനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ യഥേഷ്‌ടം അടങ്ങിയതാണു പത്രക്കടലാസുകൾ. എണ്ണയോ ഈർപ്പമോ തട്ടിയാൽ ഇളകുകയും പടരുകയും ചെയ്യുന്ന ധാരാളം വിഷ വസ്തുക്കൾ അടങ്ങിയ പത്രക്കടലാസിൽ ഭക്ഷ്യവസ്തുക്കൾ പൊതിയുന്നത് അങ്ങേയറ്റം അപകടകരമാണ്. മുറിച്ച പച്ചക്കറികളും മത്സ്യവും മാംസവും മറ്റും പത്രക്കടലാസിൽ പൊതിയുന്നതും ആരോഗ്യത്തിനു ഹാനികരമാണ്.

ഭക്ഷ്യവസ്തുക്കൾ പത്രക്കടലാസുകളിൽ പൊതിഞ്ഞു നല്കാൻ പാടില്ലെന്നാണ് നിയമം. ഈയ്യം, കാർബൺ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയ മഷി ഉപയോഗിച്ചാണ് പേപ്പറുകളിൽ അച്ചടി നടത്തുന്നത്.

എണ്ണപലഹാരങ്ങളും ഈർപ്പമുള്ള ഭക്ഷണസാധനങ്ങളും ഇവയിൽ പൊതിയുമ്പോൾ രാസവസ്തുക്കൾ ഇവയിലേക്കു പടരുന്നു. സ്‌ഥിരമായി ഇത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാൽ കരൾ രോഗങ്ങളും കാൻസറുംവരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണം പൊതിഞ്ഞു കൊടുക്കാൻ അച്ചടിക്ക് ഉപയോഗിക്കാത്തതും ശുദ്ധമായതമായ പേപ്പറുൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഇതു ലംഘിച്ചാൽ ഭക്ഷണം മലിനമാക്കി എന്ന കുറ്റം ചുമത്തി കേസെടുക്കാം. ഹോട്ടലുകളിൽ കൈ തുടയ്ക്കാൻ പോലും പത്രക്കടലാസ് നല്കാൻ പാടില്ലെന്നാണ് നിയമം. ആരോഗ്യവകുപ്പ് അധികൃതർ ഇക്കാര്യത്തിൽ പലപ്പോഴും താക്കീത് നല്കി കൈകഴുകുകയാണ് പതിവ്.

<യ>കഠിന ശിക്ഷ

ഗുണനിലവാരം കുറഞ്ഞതും എന്നാൽ ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിൽപ്പന, സംഭരണം, ഇറക്കുമതി എന്നിവയ്ക്കുപോലും അഞ്ചുലക്ഷം രൂപവരെ പിഴ ചുമത്താൻ നിയമമുണ്ട്. സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിനു ക്ഷതം ഏൽപ്പിക്കാത്തവയുമായ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിൽപ്പന, സംഭരണം, ഇറക്കുമതി എന്നിവയ്ക്ക് ആറുമാസം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വിധിക്കാം. എന്നാൽ സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഗുരുതരമായ ക്ഷതം ഏൽപ്പിക്കാത്തവയുമായ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിൽപ്പന, സംഭരണം, ഇറക്കുമതി എന്നിവയ്ക്ക് ഒരുവർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും വിധിക്കാം.

ആരോഗ്യത്തിന് ഗുരുതരമായ ക്ഷതം ഏൽപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വില്പന, സംഭരണം, ഇറക്കുമതി എന്നിവയ്ക്ക ആറു വർഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുംകിട്ടാം. മരണത്തിന് ഇടയാക്കിയാൽ ഏഴു വർഷത്തിൽ കുറയാത്തതും ജീവ പര്യന്തം വരെയുള്ള തടവും പത്ത് ലക്ഷം രൂപയിൽ കുറയാത്ത പിഴയും വിധിക്കാം.

ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിൽപ്പന, സംഭരണം, ഇറക്കുമതി എന്നിവയ്ക്ക് ആറുമാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. മാംസ്യം, കൊഴുപ്പ്, അന്നജം, ലവണങ്ങൾ, ജീവകങ്ങൾ തുടങ്ങി എല്ലാ പോഷകങ്ങളുമടങ്ങിയതാണു പാൽ. എന്നാൽ, വിപണിയിൽ കിട്ടുന്ന പാൽ അത്രയ്ക്കു ശുദ്ധമാണോ? അകിടില്ലാതെ പാലു ചുരുത്തുന്ന നിരവധി കമ്പനികളുടെ പാൽ വിപണിയിലുണ്ട്.

(അതേക്കുറിച്ചു നാളെ)


<യ>ഉപഭോക്‌താവിന് ഭക്ഷണ സാധനം നേരിട്ട് പരിശോധനയ്ക്ക് അയയ്ക്കാൻ അവസരം

ഫുഡ് സേഫ്റ്റി ഓഫീസർ അല്ലാത്ത സാധാരണക്കാർക്കും ഭക്ഷണ സാധനങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാവുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷൻ 40 വ്യവസ്‌ഥ ചെയ്യുന്നു. ഇതിനായി ഭക്ഷണസാധനം വാങ്ങുന്ന സമയത്ത് പരിശോധനക്ക് അയയ്ക്കാനാണെന്നുള്ള വിവരം കച്ചവടക്കാരനെ അറിയിക്കേണ്ടതും പരിശോധനയ്ക്ക് ആവശ്യമായ ഫീസ് അടയ്ക്കേണ്ടതുമാണ്.

പരിശോധയിൽ ഭക്ഷണ സാധനം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയാൽ അടച്ച ഫീസ് തിരികെ ലഭിക്കുന്നതിനും നിയമത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് ജില്ലാതലത്തിലുള്ള ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർമാർക്ക് ഫുഡ് അനലിസ്റ്റ് അയച്ചുകൊടുക്കുന്നതാണ്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാൽ കച്ചവടക്കാരനെതിരേ സെക്ഷൻ 42 അനുസരിച്ചുള്ള നിയമനടപടികൾ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർമാർ സ്വീകരിക്കുന്നതാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.