വെളിച്ചെണ്ണയിലും മറിമായം
വെളിച്ചെണ്ണയിലും മറിമായം
<യ>ജോൺസൺ വേങ്ങത്തടം

കേരം തിങ്ങും നാടാണു കേരളം. നാലു തെങ്ങുണ്ടെങ്കിൽ ദാരിദ്ര്യമറിയില്ലെന്നാണു ചൊല്ല്. അതിനു കാരണവുമുണ്ട്. തെങ്ങിലുള്ളതെല്ലാം മനുഷ്യന് ഉപകാരപ്രദമാണ്. തേങ്ങയും ഉപോത്പന്നങ്ങളും ആഹാരത്തിനും, പുരമേയാൻ ഓലയും, കൊതുമ്പും ചൂട്ടും മടലും അടുക്കളയിൽ തീകത്തിക്കാനും നമ്മൾ കാര്യമായി ഉപയോഗിച്ചിരുന്നു. കാലക്രമേണ അടുക്കള ഗ്യസ് അടുപ്പിലേക്കു വഴിമാറിയെങ്കിലും തേങ്ങയും വെളിച്ചെണ്ണയും മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതായി തുടർന്നു. മലയാളി വീട്ടിലുണ്ടാക്കുന്ന ഒട്ടുമിക്ക പലഹാരങ്ങൾക്കും തേങ്ങ അവിഭാജ്യഘടകമാണ്. വറുക്കാനും പൊരിക്കാനും മാത്രമല്ല, കുളിക്കാനും അവന് വെളിച്ചെണ്ണ വേണം.

വിളഞ്ഞ തേങ്ങ വെട്ടി ഉണക്കി കൊപ്രയാക്കി മില്ലിൽ ആട്ടിയെടുത്തു കിട്ടുന്ന ശുദ്ധമായ വെളിച്ചെണ്ണയായിരുന്നു അവൻ ഉപയോഗിച്ചിരുന്നത്. കാറ്റുവീഴ്ചമൂലം ഉത്പാദനം കുറഞ്ഞതോടെ പലരും ആ രീതി വിട്ടു. പകരം വിപണിയെ ആശ്രയിക്കാൻ തുടങ്ങി. മലയാളിയുടെ വെളിച്ചെണ്ണയോടുള്ള ആഭിമുഖ്യം അറിയാവുന്ന കുത്തകക്കാർ അത് പണം വാരാനുള്ള മാർഗമായി കണ്ടു. ശുദ്ധമായ വെളിച്ചെണ്ണയുടെ മണവും നിറവും കൃത്രിമമായുണ്ടാക്കി അവർ വിപണികളിൽ “വെളിച്ചെണ്ണ’ വിറ്റുതുടങ്ങി.

<യ>പാരഫിൻ ഉപയോഗം വ്യാപകം

കൊള്ളലാഭമുണ്ടാക്കാൻ വെളിച്ചെണ്ണയിൽ വിഷംതന്നെ ചേർക്കാനും ലാഭക്കൊതിയന്മാർക്കു മടിയുണ്ടായില്ല. പനങ്കുരുവിന്റെ തോട് പോളിച്ചു പിഴിഞ്ഞുണ്ടാക്കുന്ന പാം കെർണൽ ഓയിലും പാരഫിൻ വാക്സിനും ചേർത്ത വെളിച്ചെണ്ണ സംസ്‌ഥാനത്ത് വ്യാപകമായി വിൽക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയത്തിന്റെ ഉപോത്പന്നമാണ് പാരഫിൻ. മെഴുകുനിർമാണത്തിനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. പരുത്തിക്കുരുവും റബർക്കുരുവും ആട്ടിയെടുക്കുന്ന എണ്ണയും വെളിച്ചെണ്ണയിൽ കലർത്താറുണ്ടത്രെ.

തമിഴ്നാട്ടിൽ നിന്നാണു മുഖ്യമായും പാം കെർണൽ ഓയിൽ കൊണ്ടുവരുന്നത്. ഇതിലേക്കു വെളിച്ചെണ്ണയുടെ മണവും നിറവും കൃത്രിമമായി ചേർക്കും. പെട്രോളിയം ഉത്പന്നങ്ങളും നിറം കൂട്ടാനുള്ള രാസവസ്തുക്കളും ചേർത്തുണ്ടാക്കുന്ന വെളിച്ചെണ്ണയും മാർക്കറ്റിലുണ്ട്. തമിഴ്നാട്ടിലെയും കർണാടകയിലെയും ചില മിക്സിംഗ് പ്ലാന്റുകളിൽ നിന്നു പ്രതിദിനം 350–400 ടൺ കൃത്രിമ വെളിച്ചെണ്ണ കേരളത്തിൽ എത്തുന്നുണ്ടെന്നാണു കണക്ക്. ഇതിൽ പ്രധാനമായും പാം കെർണൽ ഓയിലും പാരഫീനുമാണു ചേർത്തിട്ടുള്ളത്.


<യ>തിളക്കം കിട്ടാൻ ഗന്ധകം പൂശും

എളുപ്പത്തിൽ ഉണങ്ങുന്നതിനും നല്ല തിളക്കം കിട്ടുന്നതിനും പൂപ്പൽ ബാധയുണ്ടാകാതിരിക്കുന്നതിനും കൊപ്രായിൽ ഗന്ധകം പൂശി ഉണക്കുന്ന രീതിയുണ്ട്. അന്തരീക്ഷവായുവിൽ രാസപ്രവർത്തനത്തിനു വിധേയമാകുന്ന ഗന്ധകം കടുത്ത വിഷമായി മാറും. അതു കൊപ്രയിൽ പറ്റിപ്പിടിച്ചിരിക്കും. തമിഴ്നാട്ടിലെ കാങ്കയം, വെള്ളക്കോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഉണക്കിയെടുക്കുന്ന കൊപ്രായിൽ നിന്നുള്ള വെളിച്ചെണ്ണയാണു കേരളത്തിലേക്കു കടത്തിവിടുന്നത്. കൊളസ്ട്രോളിനും മാരകമായ ഉദര രോഗങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കും കരൾ രോഗത്തിനും ഈ വെളിച്ചെണ്ണ കാരണമാകും.

ഇവയുടെ പതിവായുള്ള ഉപയോഗം മൂലം രോഗപ്രതിരോധ ശേഷി ഇല്ലാതാകുമെന്നു സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ പഠനം വെളിപ്പെടുത്തുന്നു. മായം കലർന്ന പതിനാലു ബ്രാൻഡു വെളിച്ചെണ്ണകൾ ഈ വർഷം നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം ഒമ്പതെണ്ണം നിരോധിച്ചു. എന്നാൽ ഇവയെല്ലാം വേറൊരു പേരിൽ കേരളത്തിലേക്കു കടന്നു വരുന്നുണ്ട് എന്നതാണു വാസ്തവം. വ്യാജ വെളിച്ചെണ്ണ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദേശവുമുണ്ടെങ്കിലും അതൊന്നും ആരും ശ്രദ്ധിക്കാറില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെറ രജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ ഒരു കമ്പനി തന്നെ വിവിധ പേരുകളിൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്ന സ്‌ഥിതിയാണ് ഇപ്പോഴുള്ളത്.

<യ>മായം കണ്ടെത്താൻ വഴിയുണ്ട്

മാർക്കറ്റിൽ നിന്നു വാങ്ങിയ വെളിച്ചെണ്ണയെടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. കട്ടിയായി പ്രത്യേക പാളിയായി നിന്നാൽ മായമുണ്ടെന്ന് ഉറപ്പിക്കാം. വെളിച്ചെണ്ണ കൈയിൽ പുരട്ടുക. മെഴുകു പോലെ തോന്നുണ്ടെങ്കിൽ മായമുണ്ട്. തിളപ്പിക്കുമ്പോൾ പതഞ്ഞുപൊങ്ങുന്നുണ്ടെങ്കിൽ അതിൽ മായമുണ്ടാകും. 23 ഡിഗ്രി വരെയുള്ള ചൂടിൽ വെളിച്ചെണ്ണ കട്ടിയാകും. ചൂട് കൂടിയാൽ പെട്ടെന്ന് ഉരുകും. എന്നാൽ മായം ചേർത്ത വെളിച്ചെണ്ണ വേഗത്തിൽ ഉരുകില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.