ആദ്യം മധുരിക്കും; പിന്നെ വല്ലാതെ വേദനിക്കും
ആദ്യം മധുരിക്കും; പിന്നെ വല്ലാതെ വേദനിക്കും
<യ>തോമസ് വർഗീസ്

ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികളെ അടക്കി ഇരുത്തുന്നതിനു മാത്രമല്ല, സന്തോഷാവസരങ്ങളിലെല്ലാം അതു നമ്മൾ യഥേഷ്ടം വിതരണം ചെയ്യുകയും ചെയ്യുന്നു. അധികമായാൽ അമൃതും വിഷമെന്ന പഴമൊഴി ചോക്ലേറ്റിന്റെ കാര്യത്തിൽ വളരെ ശരിയാണ്. ചോക്ലേറ്റിന്റെ പ്രത്യേക രുചിയിൽ മയങ്ങിവീഴുന്നവർ മധുരത്തോടൊപ്പം രോഗങ്ങളും വിലയ്ക്കു വാങ്ങുകയാണെന്ന് അറിയുന്നില്ല.

അമിതമായി ചോക്ലേറ്റ് കഴിക്കുന്നതുവഴി നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുമെന്നു കണ്ടെത്തിയിട്ടുണ്ട്. ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള നിക്കൽ എന്ന രാസവസ്തുവാണ് അതിനു കാരണം. ഇത് ഏതെങ്കിലും വിധത്തിൽ ഉള്ളിൽച്ചെന്നാൽ മനുഷ്യശരീരത്തിലെ നാഡീവ്യൂഹ സംവിധാനത്തിന്റെ പ്രവർത്തനം അവതാളത്തിലാകും. ഇന്ത്യയിൽ വിൽക്കുന്ന ചോക്ലേറ്റുകളിൽ നിക്കൽ കാര്യമായി അടങ്ങിയിട്ടുണ്ടു താനും. എന്നാൽ ചോക്ലേറ്റിൽ റാൻഡം പരിശോധനകളാണു നടത്തുന്നതെന്നും ഇതു മൂലം ചോക്ലേറ്റ് പൂർണമായും സുരക്ഷിതമെന്ന് ഉറപ്പുപറയാൻ കഴിയുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

വിദേശരാജ്യങ്ങളിൽ ഇതല്ല സ്‌ഥിതി. വിപണിയിലെത്തുന്നതിനു മുമ്പ് ഓരോ ചോക്ലേറ്റിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തും. അധികൃതരുടെ സാക്ഷിപത്രത്തോടൊപ്പമുള്ള സർട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് അവ വില്പനയ്ക്കായി വിപണിയിൽ എത്തിക്കുന്നത്. ഇതുമൂലം ദൂഷ്യഫലങ്ങളുള്ള ചോക്ലേറ്റ് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

കൊക്കോ, കോഫി, പഞ്ചസാര എന്നിവയാണു ചോക്ലേറ്റ് നിർമാണത്തിനു പ്രധാനമായും ഉപയോഗിക്കുന്നത്. കൊക്കോയിൽ നിന്ന് ഉപവസ്തു ഉത്പാദിപ്പിക്കാനായുള്ള പ്രവർത്തനങ്ങൾക്കിടയിലാണു നിക്കൽപോലുള്ള രാസവസ്തുക്കൾ കടന്നുകൂടുന്നതെന്നു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടീൻപോലെ ശരീരത്തിന് ആവശ്യമുള്ള മറ്റുമൂലകങ്ങളൊന്നും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ഒരാൾക്കു ലഭിക്കില്ല. ചോക്ലേറ്റ് നിർമിക്കാൻ പഞ്ചസാര വൻതോതിലാണ് ഉപയോഗിക്കുന്നത്. കൊച്ചുകുട്ടികളുടെ പല്ലുകൾ വളരെ വേഗം കേടാകുന്നതിന് ഇതു കാരണമാകും. പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോക്ലേറ്റിന്റെ അംശം ബാക്ടീരിയായുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതാണു കാരണം. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണു പല്ലുകളിൽ ബാക്ടീരിയയെ വളർത്തുന്നത്. ബാക്ടീരിയായുടെ പ്രവർത്തനം വഴി പല്ലുകൾ വളരെ വേഗം കേടാകുകയും അസഹനീയമായ വേദനയുണ്ടാകുകയും ചെയ്യും.


ചോക്ലേറ്റിന്റെ തുടർച്ചയായ ഉപയോഗം അമിത വണ്ണത്തിനും ഇടയാക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിൽ ഉന്മേഷക്കുറവിനും ഇതു കാരണമാകും. അമിതമായി ചോക്ലേറ്റ് കഴിക്കുന്ന കുട്ടികളിൽ വിശപ്പില്ലായ്മ സാധാരണയാണ്. ചോക്ലേറ്റിൽ പ്രോട്ടീൻ ഇല്ലാത്തതിനാൽ ശാരീരിക ക്ഷീണത്തിനുള്ള സാധ്യത ഏറെയാണ്.

ചോക്ലേറ്റ് കഴിച്ചു കഴിയുമ്പോൾ വിശപ്പില്ലാതാകുന്നു. ഇതുമൂലം മറ്റ് ആഹാരപദാർഥങ്ങൾ തുടർന്നു കഴിക്കാൻ താത്പര്യമില്ലാതാവുന്നു. പച്ചക്കറി, പഴം, ധാന്യം, പരിപ്പ് ഇവയെല്ലാം വേണ്ട അളവിൽ കഴിച്ചാൽ മാത്രമേ ഓരോ കുട്ടികളുടേയും ശരീരത്തിനു വേണ്ട പോഷക ഗുണങ്ങൾ ലഭിക്കുകയുള്ളു. ഇവയോടൊപ്പം മുട്ടയും പാലും കഴിക്കുമ്പോൾ വിറ്റാമിനും പ്രോട്ടീനും ആവശ്യത്തിനു ലഭിക്കുന്നു. ചോക്ലേറ്റിന് അടിമപ്പെടുന്നതോടെ പഞ്ചസാര മാത്രമാണു നമ്മുടെ ശരീരത്തിനു ലഭിക്കുന്നത്. പ്രോട്ടീൻ ലഭിക്കാതെ വരുന്നതോടെ എല്ലുകൾക്കു ബലക്ഷയവും പേശികളുടെ ബലക്കുറവും അനുഭവപ്പെടും. ഇത് മാരകമായ മറ്റുവിപത്തുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും.

അമിതമായി പഞ്ചസാര ഉദരത്തിലെത്തിയാൽ അസഹനീയമായ വയറുവേദനയുണ്ടാകും. അസിഡിറ്റി കൂടി അൾസറുണ്ടാകാനുള്ള സാധ്യതയാണ് ഇതുവഴിയുണ്ടാകുന്നത്. തുടർച്ചയായ ചോക്ലേറ്റ് ഉപയോഗം വൃക്കകളുടെയും തലച്ചോറിന്റെയും പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.