വിഷക്കൂട്ടിന്റെ നിറത്തിലും തിളക്കത്തിലും മയങ്ങി
വിഷക്കൂട്ടിന്റെ നിറത്തിലും തിളക്കത്തിലും മയങ്ങി
<യ>റെനീഷ് മാത്യു

കടകളിൽ അടുക്കിയും അലങ്കരിച്ചും വച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ആരെയും ആകർഷിക്കും. ഉടവില്ലാത്തതും തിളക്കമുള്ളതുമായ പഴങ്ങളും പച്ചക്കറികളും നോക്കി വാങ്ങാനാണ് ഏവർക്കും താത്പര്യവും. എന്നാൽ, ഈ തിളക്കവും മിനുക്കവുമൊക്കെ വിഷമയമാണെന്നറിയാതെയാണു പലരും വലിയ വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്നത്. മാരകവിഷമടങ്ങിയ കീടനാശിനികളും രാസവളങ്ങളും അനിയന്ത്രിതമായ തോതിൽ ഉപയോഗിച്ച് ഉത്പാദിപ്പിക്കുകയും മാർക്കറ്റിൽ എത്തിക്കുകയും ചെയ്യുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും യാതൊരു ഗുണനിലവാര പരിശോധനയും നടത്തപ്പെടുന്നില്ല എന്നതാണു യാഥാർഥ്യം.

വിത്തിറക്കുന്നതിനു മുമ്പ് കളനാശിനിയായി തുടങ്ങുന്നു വിഷപ്രയോഗം. വളർച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ കീടനാശിനികൾ മാറിമാറി തളിക്കുന്നു. കൂടാതെ വിളവെടുക്കുന്നതിനു തൊട്ടുമുമ്പ് കടുപ്പത്തിൽ ഒരു പ്രയോഗം കൂടിയുണ്ട്. എങ്കിലേ വിറ്റു തീരുംവരെ ഇവ കേടുകൂടാതിരിക്കൂ. കറിവേപ്പില, മല്ലിയില, പൊതിനയില തുടങ്ങിയവയിലൊക്കെ ചന്തയിലേക്കു കയറ്റിയയ്ക്കുന്നതിനു തൊട്ടുമുമ്പും വിഷം സ്പ്രേ ചെയ്തുകൊടുക്കുന്നു. പഴങ്ങൾക്കു തുടുപ്പും മിനുപ്പും കിട്ടാൻ മെഴുകുപുരട്ടുക, പുതുമയും തനിമയും തോന്നിക്കാൻ കൃത്രിമനിറങ്ങളിൽ മുക്കിയെടുക്കുക എന്നിങ്ങനെ പോകുന്നു സൂത്രപ്പണികൾ.

<യ>കരിക്കിലും കീടനാശിനി

അമ്മയുടെ മുലപ്പാൽ പോലെ ശുദ്ധമെന്നു പഴമക്കാർ കരുതിയിരുന്നതാണു കരിക്കിൻവെള്ളം. എന്നാൽ, കേരളത്തിൽ വില്പനയ്ക്കായി അയൽസംസ്‌ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന കരിക്കിൽ വൻതോതിൽ കീടനാശിനികളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത് ഏവരേയും ഞെട്ടിക്കുന്നു. ശരീരത്തിന് ഏറെ ഹാനികരമായ മോണോ ക്രോറ്റൊഫോസ്, കോപ്പർ ഒക്സിക്ലോറൈഡ് എന്നിങ്ങനെ ഒന്നിലധികം രാസകീടനാശിനികളുടെ അവശിഷ്‌ടങ്ങളാണ് കരിക്കിൻ വെള്ളത്തിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നടത്തിയ ചില പഠനങ്ങളിലാണ് ഇതു കണ്ടെത്തിയത്. തെങ്ങിൻകുലകളിൽ നടത്തുന്ന കീടനാശിനി പ്രയോഗത്തിലൂടെയാണ് ഈ വിഷാംശങ്ങൾ കരിക്കിലേക്ക് കലരുന്നത്.

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വാഴപ്പഴത്തിലും കീടനാശിനി വ്യാപകമാണ്. ചെറുപഴത്തെക്കാൾ നേന്ത്രപ്പഴത്തിലാണ് കീടനാശിനികളുടെ അളവ് കൂടുതൽ കാണുന്നത്. ഫ്യൂറഡാൻ, ബെൻസോ ഹെക്സാ ക്ലോറൈഡ്, എക്കാലക്സ്, ഹിൽബാൻ, ബവിസ്റ്റിൻ, ബോർഡോക്സ് എന്നിങ്ങനെയുള്ള കീടനാശിനികൾ വാഴക്കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. നേന്ത്രക്കായകൾക്കു വലിപ്പം വയ്ക്കാനായി കൂമ്പ് ഒടിച്ച് രാസപദാർഥങ്ങൾ മുക്കിവച്ചു കൊടുക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. വണ്ടുകൾ പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ ഫോറേറ്റ് പോലുള്ള മാരകവിഷങ്ങളാണ് വാഴകൃഷിയിൽ ഉപയോഗിക്കുന്നത്. ഇവയുടെ അംശം വാഴപ്പഴത്തിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മാരക കീടനാശിനികളായ എൻഡോസൾഫാനും ഹിൽബാനുമൊക്കെ പൈനാപ്പിൾ കൃഷിയിൽ ഉപയോഗിക്കുന്നുവെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളസംസ്‌ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് നടത്തിയ നിരീക്ഷണത്തിൽ എത്തിഫോൺ, കാത്സ്യം കാർബണേറ്റ് എന്നിവയൊക്കെ പൈനാപ്പിൾ തോട്ടങ്ങളിൽ പ്രയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.


<യ>മാങ്ങ പഴുപ്പിക്കാൻ കാർബൈഡ്

മാങ്ങ പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാൻസറുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കണ്ടു വികസിതരാജ്യങ്ങളിൽ നിരോധിച്ചതാണ് കാർബൈഡ്. എന്നാൽ, ഇന്നു മാർക്കറ്റിൽ കിട്ടുന്ന മാമ്പഴത്തിെൻ നിറവും തിളക്കവും കണ്ടാൽതന്നെ കൃത്രിമത്വം വ്യക്‌തമാകും. ഇതു പരിശോധിക്കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ അധികൃതർക്കു കഴിയുന്നില്ല.

<യ>വിഷക്കൂട്ടിൽ മുങ്ങി കറിവേപ്പില

കറിവേപ്പിലയിൽ ഡൈമെത്തോയേറ്റ്, ബൈഫെൻത്രിൻ, ഏത്തയോൺ, സൈഹാലോത്രിൻ, സൈപ്പർമെത്രിൻ, മീതൈൽ പാരത്തിയോൺ എന്നിങ്ങനെ ഒരു കൂട്ടം വിഷങ്ങളുണ്ട്. ചില കറിവേപ്പില സാമ്പിളുകളിൽ ഈ വിഷാംശങ്ങൾ നിഷ്കർഷിച്ചിരിക്കുന്ന പരിധിവിട്ടും കണ്ടിരുന്നു. ബജി മുളകിൽ ഫെൻവാലറേറ്റും ഉണക്കമുന്തിരിയിൽ (മഞ്ഞ) ക്ലോർപൈറിഫോസിന്റെയും അംശം കണ്ടെത്തിയിരുന്നു.

ക്ലോർപൈറോഫോസ്, എതിയോൺ, ഫോറേറ്റ്, പ്രൊഫേനോഫോസ് എന്നിവയുടെ അവശിഷ്‌ടങ്ങളാണ് മല്ലിയിലയിൽ കണ്ടത്. ഇതിൽ ഫോറേറ്റ് അതിമാരകമായ വിഷമാണ്. പുതിനയിലയിൽ ക്ലോർപെറിഫൊസ് എന്ന കീടനാശിനിയുടെ അംശവും പച്ചമുളകിൽ എത്തയോൺ പ്രൊഫെനോഫോസ് എന്നിവയുടെ അംശവും കണ്ടെത്തി.

മഞ്ഞ ഉണക്കമുന്തിരിയിൽ ക്ലോർപൈറിഫോസി, പ്രോഫെനോ ഫോസ്, സൈഹാലോത്രിൻ എന്നീ കീടനാശിനികളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഇവയ്ക്കൊന്നും സുരക്ഷിത ഉപയോഗപരിധി നിശ്ചയിച്ചിട്ടുപോലുമില്ല. മുന്തിരിയുടെ വളർച്ചാഘട്ടത്തിൽ ചേർക്കുന്ന കീടനാശിനികളാകാം ഇതെന്നാണ് അനുമാനം. മുന്തിരിപ്പാടങ്ങളിൽ വൻതോതിൽ രാസമരുന്നുകൾ പ്രയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, പരിശോധനയിൽ കറുത്ത ഉണക്കമുന്തിരിയിൽ കീടനാശിനികളുടെ അംശം കണ്ടെത്താനായിട്ടില്ല.

<യ>മുളകിലും ചീരയിലും വിഷം കൂടുന്നു

കേരളത്തിലേക്ക് അയൽ സംസ്‌ഥാനങ്ങളിൽനിന്നു വരുന്ന മുളകിലും ചുവന്ന ചീരയിലും മാരകമായ കീടനാശിനികളുടെ അളവ് വർധിക്കുന്നതായി വെള്ളായണി കാർഷിക സർവകലാശാലയിലെ കീടനാശിനി അവശിഷ്‌ട വിഷാംശ പരിശോധന ലബോറട്ടറിയുടെ പഠന റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ഏലക്ക, ജീരകപ്പൊടി, ജീരകം, ഉണക്കമുന്തിരി, പെരുംജീരകം, കാശ്മീരി മുളക്പൊടി, സാധാരണ മുളക്പൊടി, കറിമസാല, കറിവേപ്പില, പുതീന ഇല, പേരയ്ക്ക എന്നിവയിലും അപകടകരമായ രീതിയിൽ വിഷാംശം കണ്ടെത്തി. അഞ്ചു വർഷത്തെ കണക്കെടുത്താൽ മുളക്, കറിവേപ്പില, ചീര, പയർ എന്നിവയിലാണ് കീടനാശിനിയുടെ അളവ് കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്.

(തുടരും).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.