ഏവർക്കും ലഡു ദിനാശംസകൾ!
ഏവർക്കും ലഡു ദിനാശംസകൾ!
തച്ചങ്കരിയെന്നു കേട്ടാൽ മതി നമ്മുടെ മാധ്യമങ്ങളുടെ മനസിൽ ലഡുപൊട്ടും. കാരണം ഒരു ദിവസത്തെ കാര്യം കുശാലായല്ലോ. കാസറ്റും സിഡിയും ആയിട്ടും ഹെൽമറ്റും പെട്രോളുമായിട്ടുമൊക്കെ ഇഷ്ടം പോലെ ലഡുകൾ അദ്ദേഹം ഇടയ്ക്കിടെ ഇട്ടുനൽകുമായിരുന്നു. ചിലർക്കൊക്കെ കയ്ച്ചു, മറ്റു ചിലർക്കു മധുരിച്ചു. എന്നാൽ, ഇത്തവണ മാധ്യമങ്ങൾക്ക് ഒറിജിനൽ ലഡുതന്നെ വീണുകിട്ടി.

തന്റെ ജന്മദിനത്തിൽ എല്ലാ ഓഫീസുകളിലും ലഡു വിതരണം ചെയ്യാനായിരുന്നു ഇത്തവണത്തെ തീരുമാനം. ഇക്കാര്യം ഒരു ലഘുലേഖ ക്ഷമിക്കണം ‘ലഡുലേഖ’ വഴി എല്ലാ ഉദ്യോഗസ്‌ഥരെയും അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്‌ഥർക്കും പെരുത്ത സന്തോഷം. കാരണം, കേരളത്തെ സംബന്ധിച്ചു ലഡു ഒരു ചെറിയ മീനല്ലല്ലോ.

കേരള നിയമസഭയിൽ പാസ് എടുക്കാതെ പ്രവേശനം ലഭിച്ച ഏക പലഹാരമാണ് ലഡു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഒരു ബജറ്റ് അവതരണ വേളയിലാണ് ലഡുവിന്റെ നിയമസഭാപ്രവേശം നടന്നത്. ഭരണപക്ഷം ആർപ്പുവിളികളോടെയും പ്രതിപക്ഷം മേശയും കസേരയും പൊക്കിയെറിഞ്ഞുമാണ് ലഡുവിനെ നിയമസഭയിലേക്കു വരവേറ്റത്. ലഡുപ്രവേശത്തിന്റെ തിക്കിലും തിരക്കിലും വീണ ചിലരെ അവസാനം ആംബുലൻസിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഷുഗർ ഉള്ളവരും ഇല്ലാത്തവരും യാതൊരു പ്രഷറും കൂടാതെ ലഡു അകത്താക്കിയാണ് സന്തോഷം പങ്കുവച്ചത്. ദേശീയ ചാനലുകൾ പോലും തത്സമയമാണ് ലഡുവിന്റെ നിയമസഭാപ്രവേശം കാണിച്ചത്.

എംഎൽഎമാരുടെ ദേശീയ ഭക്ഷണമായി ലഡുവിനെ പ്രഖ്യാപിക്കണമെന്ന അഭിപ്രായവും ചിലർ ഉയർത്തിയിരുന്നു. അതേസമയം, സെക്യൂരിറ്റി പരിശോധന പോലുമില്ലാതെ നിയമസഭയിൽ ലഡു എത്തിയത് മറ്റു ചിലർക്ക് അത്ര രുചിച്ചില്ല. ഇന്നു പരിശോധനയില്ലാതെ നിയമസഭയിൽ കയറിയ ലഡു നാളെ ഉരുണ്ടു മന്ത്രിമുഖ്യന്റെ കസേരയിൽ കയറി ഇരിക്കില്ലെന്ന് ആരു കണ്ടു? കേരളത്തിലെ അനുഭവം അതാണല്ലോ! എന്തായാലും ആ സംഭവങ്ങൾക്കു ശേഷം ഒരു സർക്കാർ അംഗീകൃത പലഹാരം എന്ന മട്ടിലാണ് പലേടത്തും ലഡുവിന്റെ വരവ്.


ഗതാഗത കമ്മീഷണറുടെ ബർത്ത് ഡേയിലും ലഡു ഇടംപിടിച്ചതും ഈ ജാഡയിൽത്തന്നെ ആവണം. ഇത്തവണയും ലഡു കിട്ടാത്തവർക്കാണു പ്രഷർ കൂടിയത്. ബ്രേക്കിംഗ് ന്യൂസുകളുടെ വലിപ്പം കണ്ടപ്പോൾ സർക്കാരിന്റെ കോടിക്കണക്കിനു രൂപ വകമാറ്റിയാണോ ലഡു വാങ്ങിയതെന്നു പോലും നാട്ടുകാർ സംശയിച്ചുപോയി. സ്വന്തം പോക്കറ്റിൽനിന്നു കാശുമുടക്കിയാണ് ലഡു വാങ്ങിനൽകിയതെന്നു കമ്മീഷണർ പറഞ്ഞതോടെ സർക്കാർ ഓഫീസ് ലഡു വിതരണം ചെയ്യാനുള്ള സ്‌ഥലമാണോയെന്നതായി അടുത്ത ചോദ്യം. ഒടിഞ്ഞുതൂങ്ങിയ ഫാനുകളും പൊടിപിടിച്ച ഫയലുകളും അതിൽ ഒളിച്ചിരിക്കുന്ന പക്ഷിമൃഗാദികളും ഇതിനിടയിലൊക്കെ പരതി നടക്കുന്ന കുറെ മനുഷ്യരും മാത്രമുള്ളിടത്തെയാണല്ലോ നമ്മൾ പണ്ടു മുതൽ സർക്കാരാപ്പീസ് എന്നു വിളിച്ചിരുന്നത്. അതായത് പോക്കറ്റിലെ കാശു മുടക്കിയതാണെങ്കിലും അവിടെ ലഡുവോ വടയോ കയറിക്കൂടാ! ഗതാഗതവകുപ്പിലെ മുഴുവൻ ഉദ്യോഗസ്‌ഥരുടെയും ഷുഗർ ഉടൻതന്നെ പരിശോധിക്കണം... ആർക്കെങ്കിലും ഷുഗർ കൂടിയിട്ടുണ്ടെങ്കിൽ അതിനും കമ്മീഷണർ മറുപടി പറയണം..! മറ്റുള്ളവരുടെ ഷുഗർ കൂട്ടുന്നതു നിയമവിരുദ്ധമായിരിക്കുമല്ലോ.

മണിക്കൂറുകൾ നീണ്ട ലഡുചർച്ചകൾ കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം ബാക്കി... ഗതാഗത ഓഫീസുകളിൽ മാത്രമാണോ നാട്ടിൽ ബർത്ത്ഡേ ആഘോഷവും ചെലവുചെയ്യലും ലഡുവിതരണവുമൊക്കെയുള്ളത്..?

എന്തായാലും ഇപ്പോൾ കമ്മീഷണർക്ക് ഒരു കാര്യം മനസിലായിക്കാണും, അധികമായാൽ ലഡുവും കയ്ക്കും!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.