വേദനസംഹാരികൾ ലഹരിക്ക്
വേദനസംഹാരികൾ ലഹരിക്ക്
ലഹരിക്കായി ഉപയോഗിക്കുന്നതു മയക്കുമരുന്നുകൾ മാത്രമല്ല. വേദനസംഹാരികൾ മുതൽ കാൻസർ രോഗികൾക്കു നൽകുന്ന മരുന്നുകൾ വരെ ലഹരിക്കടിമകളായവർ യഥേഷ്‌ടം ഉപയോഗിക്കുന്നു. കടുത്ത വേദന ശമിപ്പിക്കാനായി രോഗികൾക്കു നൽകുന്ന മരുന്നുകളും ഇഞ്ചക്ഷനും ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. ഡോക്ടർമാരുടെ നിരീക്ഷണമില്ലാതെ ഇവ ഉപയോഗിക്കുന്നത് ആപത്കരവുമാണ്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ കുട്ടികൾ ഉൾപ്പെടെ ലഹരിക്കായി വേദനസംഹാരി മരുന്നുകൾ കഴിക്കുന്നു.

ഗർഭിണികൾക്കു പ്രസവസമയത്തു വേദന കുറയ്ക്കാനായി നൽകുന്ന ലൂപ്പിജെസിക് കുത്തിവയ്പിനുള്ള മരുന്നുകളും ലഹരിക്കായി ഉപയോഗിച്ചുവരുന്നു.

ഒരു ആംപ്യൂളിന് 50 രൂപ മുതലാണ് ഇതിന്റെ വിലയെങ്കിലും ഇതു ലഹരി ഉപയോക്‌താവിന്റെ കൈയിലെത്തുമ്പോൾ 2000 രൂപ വരെയാകുന്നു. ഈ മരുന്ന് കുത്തിവയ്ക്കുമ്പോൾ ഛർദ്ദി ഉണ്ടാകും. ഛർദ്ദി ഒഴിവാക്കാനായി ഫിനെർഗാനെന്ന മരുന്നു കലർത്തിയാണു കുത്തിവയ്പെടുക്കുന്നത്. ഏഴുരൂപ വില വരുന്ന ഫിനെർഗാൻ 100 രൂപയ്ക്കുവരെ വിൽക്കുന്നു.

കൊച്ചിയിൽനിന്നു വൻതോതിൽ ഫിനെർഗാൻ മരുന്നുകളും പിടിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൊച്ചിയിൽ എത്തുന്നത്. ഡോക്ടർമാരുടെ കുറുപ്പടി കൂടാതെ ഈ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽനിന്നു ലഭിക്കില്ല. എന്നാൽ അയൽസംസ്‌ഥാനങ്ങളിൽനിന്ന് ഇവ വലിയതോതിൽ എത്തിച്ചു സുഗമമായി വിതരണം ചെയ്യാൻ മാഫിയാസംഘങ്ങൾക്കു കഴിയുന്നു.

വിമാനമാർഗം കടത്തിക്കൊണ്ടിരുന്ന ഇവ പരിശോധനകൾ ശക്‌തമാക്കിയതോടെ ട്രെയിനുകളിലും ബസുകളിലും കയറ്റിയാണ് ഇപ്പോൾ കേരളത്തിലെത്തിക്കുന്നത്. ബാഗുകളിലാക്കിയ മയക്കുമരുന്ന് ബസുകളിലും ട്രെയിനുകളിലും കയറ്റിവച്ചു കാരിയർമാർ മറ്റൊരിടത്തു മാറിയിരിക്കും. പരിശോധന നടന്നാൽ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

മയങ്ങി വീഴാൻ സ്റ്റാമ്പ് നുണയൽ

എൽഎസ്ഡി സ്റ്റാമ്പ് അഥവാ സ്റ്റിക്കർ ഇപ്പോൾ ഏറെ പ്രചാരമുള്ള ലഹരിമരുന്നാണ്. വളരെ നേർത്ത സ്റ്റാമ്പിന്റെ മാതൃകയിലുള്ള ഇതു നാവിന്റെ അടിയിൽ വച്ചാണു ലഹരി ആസ്വദിക്കുന്നത്. കുത്തിവയ്പായും ഉള്ളിൽ വിഴുങ്ങിയും ഉപയോഗിക്കുന്നവരുമുണ്ട്. ഒരു സ്റ്റാമ്പ് ഉപയോഗിച്ചാൽ മൂന്നു മണിക്കൂർ വരെ ചുറ്റും നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്തവിധം ലഹരിയുടെ മാസ്മരികതയിലാണ്ടു പോകും.

സ്കൂൾ കുട്ടികളുടെ ഇടയിൽ പോലും എൽഎസ്ഡി സ്റ്റാമ്പ് ഉപയോഗം കണ്ടുവരുന്നുണ്ട്. കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് എൽഎസ്ഡി സ്റ്റാമ്പുകളുടെ വിനിമയം. അതിശക്‌തമായ ലഹരി നൽകുന്ന ഒന്നാണു പൊടിരൂപത്തിലുള്ള കൊക്കെയിൻ. വലിയ വിലയുള്ള ഈ മരുന്നു സംസ്‌ഥാനത്തു വൻതോതിൽ എത്തുകയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. കോടികളുടെ ബിസിനസാണ് ഈ ഒറ്റ മയക്കുമരുന്നിന്റെ വിപണനം വഴി നടക്കുന്നത്.

യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ വിൽപന നടത്തുന്നതിനായി ഡൽഹിയിൽനിന്ന് എത്തിച്ച 70 സുപ്രിനോഫിൻ ആംപ്യൂളുകളുമായി നായരമ്പലം സ്വദേശിയെ കഴിഞ്ഞ ഏപ്രിലിൽ പോലീസ് പിടികൂടിയിരുന്നു. ഒന്നിന് 18 രൂപ വില വരുന്ന ആംപ്യൂൾ 500 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. അകാരണമായ ടെൻഷൻ, ഇൻസോംനിയ എന്ന ഉറക്കം ലഭിക്കാത്ത അവസ്‌ഥ തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുവരുന്ന നൈട്രാസെപാം ഗുളികകളും ലഹരി പദാർഥമായി വിപണനം ചെയ്യപ്പെടുന്നു. തലച്ചോറിലെ മസിലുകളെ വരെ സ്വാധീനിച്ച് മനുഷ്യരെ ഇത് ഉറക്കും.

കാച്ച് ദം യംഗ്

യുവാക്കളെയാണു മുമ്പു ലഹരിമാഫിയ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികളേയും ലക്ഷ്യമാക്കുന്നു. ചെറുപ്പത്തിലേ തന്നെ ലഹരിയുടെ വഴിയിലേക്ക് എത്തിച്ച് ലഹരി ഉപഭോക്‌താക്കളുടെ എണ്ണം കൂട്ടുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. പ്രലോഭിപ്പിച്ചും സ്നേഹപൂർവമായ ഇടപെടലുകളിലൂടെയും കുട്ടികളെ ആദ്യം വശത്താക്കുന്നു. പണം വാങ്ങാതെയായിരിക്കും തുടക്കത്തിൽ മയക്കുമരുന്നു നൽകുക.


ഒരു കുട്ടിയെ ലഹരിയുടെ വഴിയിലെത്തിച്ചാൽ ആ ഇരയിലൂടെ മറ്റു കുട്ടികളേയും വീഴ്ത്തുന്നു. ഉപഭോക്‌താക്കളാകുന്ന കുട്ടികളെ വിൽപനക്കാരായും കാരിയർമാരായും ക്രമേണ മാറ്റിയെടുക്കും. ലഹരിയുടെ പ്രലോഭനങ്ങളിൽ വീഴാത്തവരെ പണം, ലൈംഗികത തുടങ്ങി അവർ വീഴാൻ സാധ്യതയുള്ള മറ്റു പ്രലോഭനങ്ങളിൽ കുരുക്കും.

വീട്ടുകാരോടു ചോദിക്കാതെ സ്വന്തം ആവശ്യങ്ങൾക്കു പണം കണ്ടെത്താനുള്ള കൗമാരക്കാരുടെ ത്വരയും ഇത്തരം മാഫിയകൾ മുതലെടുക്കുന്നു. ലഹരിക്കടിമകളാകുന്ന കുട്ടികൾ പണത്തിനായി മോഷണത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നു.

കോളജ് വിദ്യാർഥികൾക്ക് ആഡംബര കാർ, ബൈക്ക് എന്നിവ വാടക ഈടാക്കാതെ നൽകി മൂന്നാർ, കമ്പം, തേനി എന്നിവിടങ്ങളിൽ വിനോദയാത്രയ്ക്ക് അവസരമൊരുക്കി അതിന്റെ മറവിൽ മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കുന്നതും കുറവല്ല. സംഘങ്ങളായി ടൂർ പോകുന്നവരിൽ മാഫിയയുമായി ബന്ധമുള്ള ആൾക്കു മാത്രമേ കഞ്ചാവ് കടത്തിന്റെ രഹസ്യം അറിയാൻ കഴിയൂ. വിദ്യാർഥികളെ ബ്ലാക്ക് മെയിൽ ചെയ്തും സംഘത്തിൽ ചേർക്കാറുണ്ട്.

സൗഹൃദത്തിലെ കുരുക്കുകൾ

ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം സൗഹൃദത്തിന്റെ പേരിൽ ലഹരി മരുന്നുകൾ പരീക്ഷിച്ചാണ് അതിന് അടിമകളാകുന്നത്. ഇങ്ങനെ ലഹരിക്ക് അടിമയാകുന്നവർ പെട്ടെന്നുതന്നെ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന കാരിയർമാരാകുന്നു. പണത്തിനായാണു ചിലർ ഈ പണിക്കിറങ്ങുന്നതെങ്കിൽ മറ്റുചിലർ മയക്കുമരുന്നിനായി ലഹരിക്കടത്തിനു നിർബന്ധിതരാകുന്നു. ഈവിധം കാരിയർമാരാകുന്നവർക്കു ലഹരിവസ്തുക്കൾ തങ്ങൾക്ക് എത്തിച്ചു നൽകിയ ആളിനെത്തന്നെ പരിചയമുണ്ടാകാറില്ല. പലർക്കും തങ്ങളുടെ പക്കൽ നൽകിയിരിക്കുന്ന വസ്തു എന്താണെന്നും അറിവുണ്ടാകാറില്ല. പോലീസിന്റെ പിടിയിലാകുന്നവരിൽ പലരും ഇത്തരക്കാരായതിനാൽ ഇവരിൽനിന്നു കൂടുതൽ വിവരങ്ങളൊന്നും പോലീസിനു ലഭിക്കുകയുമില്ല.

സുഹൃത്തുക്കളും പരിചയക്കാരും മറ്റും ഏൽപ്പിക്കുന്ന ബാഗുകളും കവറുകളും എത്തിക്കുന്നതിടെ മയക്കുമരുന്നു കടത്തിനു പിടിക്കപ്പെടുന്നവരുണ്ട്. പലരും ഈവിധം കേസുകളിൽപെട്ടു ജയിലിലായിട്ടുമുണ്ട്. കുറച്ചുനാൾ മുൻപു നെടുമ്പാശേരി വഴി സൗദിയിലേക്കു പോയ കൊച്ചി സ്വദേശിയായ യുവാവിനു സമാനമായ അനുഭവമുണ്ടായി. വിദേശത്തുള്ള സുഹൃത്തിനു കൊടുക്കാനായി ഒരു പുസ്തകം യുവാവിന്റെ കൈയിൽ പരിചയക്കാരൻ ഏൽപിച്ചു.

സൗദിയിൽ വച്ചു കസ്റ്റംസ് ഉദ്യോഗസ്‌ഥർ യുവാവിനെ പിടികൂടി. യുവാവിന്റെ പരിചയക്കാരൻ ഏൽപിച്ച പുസ്തകത്തിൽ മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകൾ ഉണ്ടായിരുന്നു. വിദേശത്തുള്ള സുഹൃത്തിനായി യുവാവിന്റെ പരിചയക്കാരൻ കൊടുത്തയച്ചതായിരുന്നു ഇവ. കടുത്ത നിയമങ്ങളുള്ള സൗദിയിൽ യുവാവ് ജയിലിലായി. എന്നാൽ പിന്നീട് യുവാവ് നിരപരാധിയാണെന്നു ബോധ്യപ്പെട്ടു. സർക്കാർ തലത്തിലുള്ള ഇടപെടലുകളെത്തുടർന്നാണു യുവാവിന്റെ മോചനം സാധ്യമായത്.

അസമിൽനിന്നും ബംഗാളിൽനിന്നും കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്‌ഥാനത്തൊഴിലാളികളിൽ പലരും സുഹൃത്തുക്കൾ ഏൽപ്പിക്കുന്ന പൊതികളുമായി വന്നിറങ്ങി പോലീസിന്റെ പിടിയിലാകുന്നതു പതിവ് സംഭവമാണ്. അറിഞ്ഞുകൊണ്ടു മയക്കുമരുന്ന് കൊണ്ടുവരുന്നവരും ഇവരിലുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിൽ എത്തുന്നതിൽ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ പങ്ക് വലുതാണ്.

അരുൺ സെബാസ്റ്റ്യൻ

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.