കണ്ണീർക്കണംപോലെ ഈ ജന്മങ്ങൾ
കണ്ണീർക്കണംപോലെ ഈ ജന്മങ്ങൾ
അച്ഛനു ചട്ടിയിലായിരുന്നു കഞ്ഞികൊടുത്തുകൊണ്ടിരുന്നത്. അച്ഛന്റെ മരണവും സംസ്കാരവും കഴിഞ്ഞപ്പോൾ ചട്ടി പുറത്തുകളയാൻ ശ്രമിച്ച മകനോടു കൊച്ചുമകൻ പറഞ്ഞു: ‘‘ചട്ടി കളയേണ്ടച്ഛാ. അച്ഛനു വയസാകുമ്പോൾ വേണ്ടിവരും.’’
ഇതിന്റെ മൂലരൂപം ഒരു ജാപ്പനീസ് നാടോടിക്കഥയാണ്.

എല്ലാ നാടുകളിലൂടെയും തലമുറകളിലൂടെയും ഓർമപ്പെടുത്തൽപോലെ ഈ നാടോടിക്കഥ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
കഥയുടെ ചുറ്റുവട്ടത്തുനിന്നു കാലമേറെ മുന്നോട്ടുപോയി.

അച്ഛന് ചട്ടിയിലെങ്കിലും കഞ്ഞികൊടുത്തിരുന്നു. മാതാപിതാക്കൾക്കു കഞ്ഞിപോലും നൽകാതെ ചവുട്ടിപ്പുറത്താക്കുന്ന കാലത്തിലൂടെയാണു നാമിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

മാതാപിതാക്കളെ ദൈവതുല്യം കണക്കാക്കുന്നവരാണ് ഏറെ ആളുകളും. അവരുടെ സന്തോഷമാണു തങ്ങളുടെ സന്തോഷമെന്ന സത്യം തിരിച്ചറിയുന്നവർ. എന്നാൽ, വളരെച്ചെറിയൊരു ശതമാനം ആളുകൾക്കു മാതാപിതാക്കൾ ബാധ്യതയാണ്. ആ ബാധ്യതയെ ഒഴിവാക്കാൻ അവർ എന്തും ചെയ്യും.

ചിലപ്പോൾ ചില അനുഭവങ്ങളാവും ഏറ്റവും പേടിപ്പെടുത്തുന്ന സത്യം. ഇതൊക്കെ സംഭവിക്കുമോ? കേൾക്കുന്നവരെ അമ്പരപ്പിക്കുന്ന സത്യങ്ങളാണ്.

അനുഭവിച്ച സത്യങ്ങൾ അസത്യത്തിന്റെ നിഴൽപോലുമില്ലാതെ പകർത്തുന്നു. ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ എണ്ണം ഇന്നു വർധിക്കുകയാണ്. കേൾക്കാം ചില കണ്ണീർക്കഥകൾ... പെരുമാറാം സ്നേഹപൂർവം.

ജീവിതമെന്ന മഹാസത്യം

തേവരയിലെ ഒരു വൃദ്ധസദനത്തിൽ വച്ചാണു മറിയാമ്മയെ (യഥാർഥ പേരല്ല) കണ്ടുമുട്ടിയത്. മൂന്ന് ആൺമക്കൾ ഉണ്ടായിട്ടും ഈ എഴുപതുകാരിക്ക് അഭയമേകുന്നതു വൃദ്ധസദനമാണ്. മകൻ തട്ടിയെടുത്ത തന്റെ സ്വത്ത് തിരിച്ചുകിട്ടാൻ ആർഡിഒയ്ക്കു പരാതിക്കൊടുത്തു കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ ആ അമ്മയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

മക്കൾ കൊച്ചുകുട്ടികളായിരിക്കുമ്പോഴാണു മറിയാമ്മയുടെ ഭർത്താവ് മരിച്ചത്. പിന്നെ കൂലിവേല ചെയ്തും വീട്ടുപണിക്കുപോയുമൊക്കെയാണു മക്കളെ വളർത്തിയത്. മൂത്തമകനു വിദ്യാഭ്യാസം കൂടുതൽ ഉള്ളതിനാൽ നല്ല ജോലിയും കിട്ടി. മക്കളിൽ മൂത്തവർ രണ്ടുപേരും വിവാഹിതരാണ്. ഇളയമകൻ ജോലിയുടെ ഭാഗമായി അന്യസംസ്ഥാനത്തുമാണ്. തറവാട്ടുവീട്ടിൽ രണ്ടാമത്തെ മകനൊപ്പമായിരുന്നു മറിയാമ്മ താമസിച്ചിരുന്നത്.

രണ്ടാമത്തെ മകന്റെ വിവാഹം കഴിഞ്ഞതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. മറിയാമ്മയുടെ പേരിലുണ്ടായിരുന്ന 20 സെന്റ് സ്ഥലത്തിലായിരുന്നു മകന്റെയും ഭാര്യയുടെയും നോട്ടം. അതിനായി അവർ ഓരോന്നു പറഞ്ഞ് മറിയാമ്മയുടെ മനസു മാറ്റി. മകന്റെ ആദ്യത്തെ ആവശ്യം സ്വന്തമായി ഒരു വീട് വേണമെന്നായിരുന്നു. അതിനുമുമ്പ് മറ്റു മക്കൾക്ക് വീതം നൽകാനായി ആധാരം പണയപ്പെടുത്തി അമ്മയുടെ പേരിൽ ഒരു ലക്ഷം രൂപയ്ക്ക് ലോൺ എടുത്തു. പിന്നെ അമ്മയ്ക്കു പ്രായമായതല്ലേ, യാത്ര കാറിലാക്കാമെന്നു പറഞ്ഞു കാറു വാങ്ങി. ആ ലോണും എടുത്തതു മറിയാമ്മയുടെ പേരിലായിരുന്നു. മകൻ കാണിച്ച പേപ്പറിലെല്ലാം യാതൊരു സംശയവും കൂടാതെ മറിയാമ്മ ഒപ്പിട്ടു നൽകി.

പിന്നെയാണു മകന്റെയും മരുമകളുടെയും ഭാവം മാറിയത്. പേരക്കുട്ടികളെ അമ്മൂമ്മയിൽ നിന്ന് അകറ്റി. വീട്ടിൽ ആരും മറിയാമ്മയോടു സംസാരിക്കാതെയായി. സംസാരിച്ചാൽ തന്നെ ചീത്തവിളിയായിരിക്കും കൂടുതൽ. മക്കളുടെ മനംമാറ്റത്തിൽ വിഷമിച്ചു കഴിയുമ്പോഴാണു ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്. അപ്പോഴാണ് മറിയാമ്മയ്ക്ക് സംഗതി മനസിലായത്. മകന് ഇഷ്‌ടദാനം നൽകിയെന്ന രേഖ ചമച്ചാണ് 20 സെന്റ് സ്ഥലവും വീടും അയാൾ സ്വന്തമാക്കിയത്. മറ്റു മക്കളാകട്ടെ മറിയാമ്മയെ സംരക്ഷിക്കാൻ തയാറാകുന്നുമില്ല.

ഇതേത്തുടർന്നാണ് അവർ മകനെതിരെ ആർഡിഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. മറ്റു വൃദ്ധജനങ്ങൾക്കൊപ്പം ഇരിക്കുമ്പോഴും മറിയാമ്മയുടെ കണ്ണുകളിലെ ദൈന്യത ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.


മക്കൾക്കായി പ്രാർഥിച്ച് വാസന്തി

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു ദിവസം മക്കൾക്കായി കാത്തുകിടന്ന വാസന്തി (യഥാർഥ പേരല്ല) എന്ന എഴുപതുകാരിയുടെ നൊമ്പരം മലയാളികൾ മറക്കാനായിട്ടില്ല. മൂന്നു മക്കളുണ്ടായിട്ടും ഒടുവിൽ വാസന്തിക്ക് അഭയമേകിയത് അനാഥാലയമായിരുന്നു. പക്ഷാഘാതത്തെതുടർന്ന് കഴിഞ്ഞ മേയിൽ ഗുരുവായൂർ ആശുപത്രി പരിസരത്തുനിന്നാണ് വാസന്തിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി ചികിത്സക്കിടയിൽ രോഗം ഭേദമായ വാസന്തിക്ക് ഇനി വീട്ടിലുള്ള പരിചരണം മതിയെന്ന് ഡോക്ടർ നിർദേശിച്ചു.

പക്ഷേ മാസങ്ങൾക്കുമുമ്പ് ഗുരുവായൂർ ക്ഷേത്രപരിസരത്ത് അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മക്കൾക്ക് ഈ അമ്മയെ വേണ്ടായിരുന്നു. വിവാഹിതരായ രണ്ടു പെൺമക്കളും ഒരു മകനുമാണ് വാസന്തിക്കുള്ളത്. അമ്മയെ വീട്ടിലേക്കു കൊണ്ടുപോകണമെന്ന കാര്യം മക്കളെ ആശുപത്രി അധികൃതർ ഫോണിൽ അറിയിച്ചെങ്കിലും അവർ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ വാസന്തിയെ തൃശൂരിലെ വൃദ്ധസദനത്തിൽ എത്തിക്കുകയായിരുന്നു.

മക്കൾ വരുമെന്ന പ്രതീക്ഷയിൽ ആ അമ്മ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. പക്ഷേ അതേക്കുറിച്ചു പറയുമ്പോഴും മക്കളെ കുറ്റപ്പെടുത്താൻ വാസന്തിക്കു താൽപര്യമില്ല. മക്കളുടെ നന്മയ്ക്കായാണ് ഇന്നും ഈ അമ്മ പ്രാർഥിക്കുന്നത്.

കണ്ണീർക്കണംപോലെ പത്രവാർത്തകൾ

പത്രത്താളുകളിൽ കണ്ണീർക്കണംപോലെ ഇത്തരം വാർത്തകൾ കാണാം. പലരും ഇത്തരം കണ്ണീർക്കണം കാണാതെ പത്രം മടക്കിവെയ്ക്കുന്നവരാണ്.

ഒന്നോർത്തു നോക്കൂ ബാല്യം. വിരൽത്തുമ്പു പിടിച്ച് നടക്കാൻ പഠിപ്പിച്ച, ചുവടൊന്നു തെറ്റുമ്പോൾ ഓടിയെത്തുന്ന ആ അച്ഛനമ്മമാർ... എല്ലാ വാശികളും ആഗ്രഹങ്ങളും സാധിച്ചു തന്നവർ. എല്ലാ കുറുമ്പുകൾക്കും കൂട്ടുകാരായവർ. അസുഖം വന്ന നാളുകളിൽ കൂട്ടിരുന്നു പരിചരിച്ചവർ... ഭക്ഷണം വേണ്ടെന്നു പറഞ്ഞ് വാശി പിടിച്ചപ്പോൾ അമ്പിളിമാമ്മനെ കാട്ടിത്തന്ന് ഓരോ ഉരുളകളും വാരിത്തന്നവർ...

വളർച്ചയുടെ ഓരോ നാളുകളിലും എല്ലാംമറന്നു സന്തോഷിച്ചവർ. പ്രായമാകുമ്പോൾ മക്കൾക്കൊപ്പം പേരക്കുട്ടികളുടെ കളിതമാശകൾക്ക് ചുവടുപിടിച്ച് ജീവിക്കാൻ കൊതിക്കുന്നവർ...

ആയുസു മുഴുവൻ മക്കൾക്കായി യത്നിച്ചിട്ട് അവസാനം വൃദ്ധസദനങ്ങളിൽ ഏകാന്തതയുടെ കയ്പും പേറി കഴിയേണ്ടി വരുന്ന മാതാപിതാക്കൾ. അതല്ലെങ്കിൽ വീട്ടിനുള്ളിൽ മക്കളുടെ ശാപവും ശകാരവും കേട്ട് ജീവിക്കേണ്ടിവരുന്നവർ... മക്കൾക്കു തങ്ങളൊരു ഭാരമാണെന്ന സത്യം പലരും വൈകിയാണ് അറിയുന്നത്.

തീർഥാടനമെന്നോ ഡോക്ടറെ കാണലെന്നോ എന്ന പേരിൽ മാതാപിതാക്കളെ കൂട്ടി മക്കൾ എത്തുന്നതു വൃദ്ധസദനത്തിലേക്കാണ്. വൃദ്ധസദനത്തിന്റെ പ്രവേശന കവാടത്തിൽ ഒരു വാഹനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ, ഒരു കാൽപ്പെരുമാറ്റം കേട്ടാൽ പ്രായത്തിന്റെ അവശതകൾ മറന്ന് അവർ ഓടിയെത്തും. തങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ ഉറ്റവരെത്തിയെന്ന പ്രതീക്ഷയിൽ... പക്ഷേ പടിവാതിൽ കടന്നെത്തുന്നതു തങ്ങളുടെ പ്രിയപ്പെട്ടവരല്ലെന്ന തിരിച്ചറിവിൽ ആ മുഖം മ്ലാനമാകും. വഴികണ്ണുമായി അവർ വീണ്ടും കാത്തിരിക്കും...‘എന്നെങ്കിലും എന്റെ മകൻ വരും, വരാതിരിക്കില്ല, ഞാൻ അവന്റെ അമ്മയല്ലേ... ഏറെ നാൾ എന്നെ കാണാതിരിക്കാൻ അവനാകുമോ?’

മക്കൾ 20 ഏക്കർ സ്ഥലം തട്ടിയെടുത്ത് ഒടുവിൽ ഓട്ടോറിക്ഷയിൽ കയറ്റി റോഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കഥ പറഞ്ഞത് തൊടുപുഴയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളായ ദമ്പതികളാണ്. അതേക്കുറിച്ച് നാളെ.

താങ്ങാൻ കരങ്ങളില്ലാതെ / സീമ മോഹൻലാൽ —1

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.