അനാഥത്വത്തിന്റെ നൊമ്പരം പേറി
അനാഥത്വത്തിന്റെ നൊമ്പരം പേറി
തൊടുപുഴയിലെ ഒരു വൃദ്ധസദനത്തിൽ വച്ചാണു പരമേശ്വരൻനായരെയും ഭാര്യ ശോഭനയെയും (യഥാർഥ പേരുകളല്ല) കണ്ടുമുട്ടിയത്. എൺപതുകാരനായ പരമേശ്വരൻ മലയോര കർഷകനായിരുന്നു. ഇപ്പോൾ കാഴ്ചയ്ക്ക് അല്പം ബുദ്ധിമുട്ടുണ്ട്. എഴുപത്തൊന്നുകാരിയായ ശോഭനയ്ക്ക് ആൽഹൈമേഴ്സ് ആണ്.

പുരുഷായുസു മുഴുവൻ മക്കൾക്കായി ജീവിച്ച കഥ വൃദ്ധസദനത്തിലെ വരാന്തയിലിരുന്നു പറയുമ്പോൾ പരമേശ്വരന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മണ്ണിനോടു പൊരുതി നൂറുമേനി വിളയിച്ച കാലം ഇന്നലെയെന്നതുപോലെയാണ് അദ്ദേഹം വിവരിച്ചത്. ശോഭനയും അദ്ദേഹത്തോടൊപ്പം മണ്ണിൽ പണി ചെയ്തു. കുറഞ്ഞ കാലം കൊണ്ട് 20 ഏക്കർ സ്ഥലം സ്വന്തമാക്കാൻ ആ ദമ്പതികൾക്കു കഴിഞ്ഞു. ഏഴു മക്കളാണ് അവർക്കുള്ളത്—നാലു പെണ്ണും മൂന്ന് ആണും. എല്ലാവരും വിവാഹിതർ.

മക്കളെ അല്ലലറിയിക്കാതെയാണു പഠിപ്പിച്ചു വലുതാക്കിയത്. പകലന്തിയോളം കൃഷി ചെയ്തു വീട്ടിലെത്തുമ്പോൾ ഉള്ള ഭക്ഷണം മക്കൾക്കായി വീതിച്ചു നൽകിയിട്ട് ആ മാതാപിതാക്കൾ പട്ടിണി കിടന്നിട്ടുണ്ട്, പലപ്പോഴും. ഇന്നു മക്കൾ എല്ലാവരും മെച്ചപ്പെട്ട ജീവിത മാർഗമുള്ളവർ. അന്ത്യനാളുകളിൽ പേരക്കുട്ടികളെ താലോലിച്ചു മക്കളുടെ സംരക്ഷണയിൽ കഴിയാമെന്നുള്ള അവരുടെ ആഗ്രഹത്തിന് അധികകാലത്തെ ആയുസുണ്ടായിരുന്നില്ല.

മരുമക്കൾ അവരെ പലപ്പോഴും വീടിനുള്ളിൽ കയറാൻ അനുവദിച്ചില്ല. ഓർമക്കുറവുള്ള അമ്മ ചെളി ചവിട്ടി മുറികൾ വൃത്തികേടാക്കുന്നു. പാത്രങ്ങളൊന്നും എടുത്ത സ്ഥലത്തു വയ്ക്കുന്നില്ല. ഇതിനെയൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി ഇറക്കിയാൽ മതിയായിരുന്നു, ചാവുന്നുമില്ല...— മകൻ പറഞ്ഞ വാക്കുകൾ ആവർത്തിച്ചപ്പോൾ പരമേശ്വരൻനായരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മറ്റ് ആറു മക്കളും തറവാട്ടുവീട്ടിൽ ഒത്തുകൂടിയായിരുന്നു പലപ്പോഴും ചർച്ച. പെൺമക്കളും സഹോദരന്മാരോടു യോജിക്കുന്ന രീതിയിലായിരുന്നു പെരുമാറിയിരുന്നതെന്ന് ആ അമ്മ ഓർത്തെടുത്തു. ഇതിനിടയിൽ മക്കളുടെ ആവശ്യം പറമ്പ് വീതംവയ്ക്കണമെന്നതായിരുന്നു. 20 ഏക്കർ സ്ഥലം മക്കൾക്കായി വീതംവച്ചു നൽകി. പിന്നെ ഇളയമകന്റെ കൂടെയുള്ള ജീവിതം നരകതുല്യമായിരുന്നുവെന്ന് പരമേശ്വരൻ പറഞ്ഞു.

കർക്കടക മാസത്തിലെ ഒരു ദിവസം ഉച്ചയ്ക്കാണ് അമ്മയെ ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞു ഇളയമകൻ മാതാപിതാക്കളെ ഓട്ടോറിക്ഷയിൽ കയറ്റി ടൗണിലേക്കു കൊണ്ടുപോയത്. കാഴ്ചക്കുറവുള്ളതുകൊണ്ടു സ്ഥലം ഏതാണെന്നു പരമേശ്വരനു മനസിലായില്ല. ഒരു സ്ഥലത്ത് അച്ഛനെയും അമ്മയെയും ഇറക്കിനിർത്തിയിട്ട് ഡോക്ടർ ഉണ്ടോയെന്നു നോക്കി വരാമെന്നു പറഞ്ഞു മകൻ മറഞ്ഞു. ഏറെനേരം കാത്തിരുന്നിട്ടും മകനെ കാണാത്തതിനെത്തുടർന്ന് അടുത്തുള്ള കട വരാന്തയിൽ ആ വൃദ്ധദമ്പതികൾ അന്ന് അന്തിയുറങ്ങി. പിന്നെയുള്ള ദിവസങ്ങളിലും ആരും എത്തിയില്ല. തുടർന്നാണു മുരുകൻ തെരുവോരത്തിന്റെ നേതൃത്വത്തിലുള്ള തെരുവുവെളിച്ചത്തിലേക്ക് ഈ ദമ്പതികളെ കൂട്ടിക്കൊണ്ടുവന്നത്.

മക്കളെ വിവരം അറിയിച്ചെങ്കിലും അവർ എത്തിയില്ല. ഒരേ മുറിയിൽ താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്തു തൊടുപുഴയിലെ വൃദ്ധസദനത്തിലേക്ക് ദമ്പതികളെ പിന്നീടു മാറ്റി. അവിടെ ഇപ്പോഴും ആ മാതാപിതാക്കൾ മക്കളുടെ വരവിനായി കാത്തിരിക്കുകയാണ്.

കാത്തിരിക്കുന്നു മക്കൾക്കായി

കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ മക്കൾ അവസാനനാളുകളിൽ സംരക്ഷണം നൽകാതെ വന്നപ്പോൾ വൃദ്ധമന്ദിരത്തിൽ അഭയം തേടേണ്ടി വന്ന കഥ പറഞ്ഞപ്പോൾ ശാന്ത (യഥാർഥ പേരല്ല)യുടെ ശബ്ദം ഇടറി. നിറഞ്ഞൊഴുകിയ കണ്ണുകളുമായി ശാന്ത അതു പറഞ്ഞുതീർന്നപ്പോൾ എല്ലാവരും ഉണ്ടായിട്ടും അനാഥത്വം അനുഭവിക്കേണ്ടി വന്ന വൃദ്ധസദനത്തിലെ ഒരു കൂട്ടം വൃദ്ധർ അതു കേട്ടിരുന്നു. ചിലരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സമാനമായ അനുഭവങ്ങളിൽ ചിലർ വിതുമ്പി.

വീട്ടുജോലിക്കു പോയി മക്കളെ പഠിപ്പിച്ച ശാന്തയുടെ നാലു മക്കളും ഇന്നു സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരാണ്. മരുമക്കളുടെ പീഡനങ്ങൾ സഹിച്ചിട്ടും സ്വന്തം പേരിലുണ്ടായിരുന്ന വീടും സ്ഥലവും മക്കൾ കൈവശപ്പെടുത്തിയിട്ടും ശാന്ത സഹിച്ചു. താൻ നൊന്തുപ്രസവിച്ച മക്കളുടെ അറിവില്ലായ്മ മൂലമായിരിക്കും ഇതൊക്കെയെന്നു ശാന്ത വെറുതെ കരുതി.

അമ്മയെ തനിച്ചാക്കി മക്കൾ സ്വന്തം സുഖസൗകര്യങ്ങൾ തേടിപ്പോയപ്പോൾ സംരക്ഷണം നൽകിയത് അയൽക്കാരായിരുന്നു. പുഴയോടു ചേർന്നായിരുന്നു ശാന്തയുടെ വീട്. ഒരു തുലാ മാസത്തിൽ ഇടിക്കും മിന്നലിനുമൊപ്പം മഴയെത്തിയപ്പോൾ വീട്ടിൽ തനിച്ചായിരുന്നു ശാന്ത. മുട്ടോളം വെള്ളം കയറിയ വീട്ടിനുള്ളിൽ കഴിഞ്ഞ ശാന്തയുടെ സ്ഥിതി വേദനാജനകമായിരുന്നു. ഈ വിവരം അയൽക്കാർ മക്കളെ അറിയിച്ചിട്ടും അവർ വന്നില്ല. അടുത്തുള്ള കന്യാസ്ത്രീമഠത്തിലെത്തിയ ശാന്ത തന്റെ അവസ്ഥ കന്യാസ്ത്രീകളോടു പറഞ്ഞു. ’ഇനി ആ വീട്ടിൽ തനിച്ചു താമസിക്കാൻ തനിക്കു കഴിയില്ല,’ സംരക്ഷണം കിട്ടുന്ന ഏതെങ്കിലും സ്ഥലത്തേക്കു പോകണമെന്ന് അവർ കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു. അങ്ങനെ മക്കളിൽനിന്നു സംരക്ഷണം ലഭിക്കാതെ വന്നപ്പോൾ ശാന്ത തന്നെ എറണാകുളത്തെ ഒരു വൃദ്ധമന്ദിരത്തിൽ അഭയം തേടി. ഇവിടെനിന്നു വേണ്ടത്ര പരിചരണവും സ്നേഹവും കിട്ടുന്നുണ്ടെന്നാണു ഹൃദ്രോഗിയായ ശാന്ത പറയുന്നത്.


വൃദ്ധസദനത്തിലെത്തിച്ചത് പെൺമക്കൾ

ലക്ഷ്മിക്കുട്ടിയമ്മ (യഥാർഥ പേരല്ല)യെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ദുഃഖം തോന്നാറുണ്ട്. വൈക്കത്തെ ഒരു വൃദ്ധസദനത്തിൽ വച്ചാണു ലക്ഷ്മിയമ്മയെ കണ്ടത്. ഐശ്വര്യമുള്ള മുഖം, നെറ്റിയിൽ ചന്ദനക്കുറി, പഞ്ഞിക്കെട്ടുപോലെ വെളുത്ത തലമുടി. ആർക്കും ഓമനത്വം തോന്നുന്ന രൂപം. വൃദ്ധസദനത്തിലെ മാനേജരുമായി സംസാരിച്ചു നിൽക്കുമ്പോൾ അടുത്തുനിന്ന് ഒരു സാധുസ്ത്രീ നോക്കുന്നതു കണ്ടെങ്കിലും ലക്ഷ്മിയമ്മയ്ക്ക് ഇത്രയധികം പറയാനുണ്ടാകുമെന്നു കരുതിയില്ല. മാനേജർ ആദ്യം പരിചയപ്പെടുത്തിയതും അവരെത്തന്നെയായിരുന്നു.

എന്നെ കണ്ടമാത്രയിൽ ലക്ഷ്മിയമ്മ ഓടിവന്നു കൈയിൽ പിടിച്ചു, മുടിയിൽ തടവിക്കൊണ്ടു പറഞ്ഞു: എന്റെ കൊച്ചുമോൾ പാറുക്കുട്ടിയെപ്പോലെ ഇരിക്കുന്നു. അവളെങ്ങാനും എന്നെ കാണാൻ വന്നോ എന്നു കരുതിയാണ് ഞാൻ ഓടിവന്നത്. ലക്ഷ്മിക്കുട്ടിയമ്മയുടെ കണ്ണുകളിലെ നനവ് എന്നെയും വേദനിപ്പിച്ചു.

കന്യകാമാതാവിന്റെ രൂപത്തിന് അടുത്തായുള്ള ബെഞ്ചിലിരുന്നു ലക്ഷ്മിക്കുട്ടിയമ്മ തന്റെ കഥ പറഞ്ഞു. അതിൽ പലതും പൊള്ളുന്നതായിരുന്നു. ചെറുപ്പത്തിൽ ഏറെ സുന്ദരിയായിരുന്നു അവർ. ഉന്നത കുടുംബത്തിൽ ജനിച്ച ബ്രാഹ്മണസ്ത്രീ. ഭർത്താവ് ഒരു കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. രണ്ടു പെൺമക്കൾ. സന്തോഷത്തോടെ ജീവിതം നയിക്കുന്നതിനിടെയാണ് ഭർത്താവ് പാമ്പ് കടിയേറ്റു മരിച്ചത്. അന്നു മക്കൾക്കു പ്രായം എട്ടും അഞ്ചും. പിന്നീടുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു.

സ്വത്തുമാത്രം മോഹിച്ച് അടുത്തുകൂടിയ ബന്ധുക്കൾ ചെറുപ്പക്കാരിയായ ഈ വിധവയെക്കുറിച്ച് പലതും പറഞ്ഞു പരത്തി. നാട്ടുകാരിൽനിന്നുള്ള ശല്യം വേറെയും. പലരും സഹായം വാഗ്ദാനം ചെയ്തു. അതിനു പിന്നിലെ ലക്ഷ്യം മറ്റൊന്നായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ അതിലൊന്നിലും വഴങ്ങിയില്ല. പുറത്തുപോയി ജോലി ചെയ്യാനുള്ള സാമർഥ്യമില്ലായിരുന്നു. അടുത്തുള്ള അമ്പലത്തിൽ പൂമാല കെട്ടിക്കൊടുത്തു. പിന്നെ പശുവിനെ വളർത്തി. ഇതിൽ നിന്നെല്ലാം കിട്ടുന്ന പണം കൊണ്ടു മക്കളെ പഠിപ്പിച്ചു. ഉള്ള ഭക്ഷണം മക്കൾക്കു വിളമ്പിക്കൊടുത്തു പലപ്പോഴും പട്ടിണി കിടന്നു. രണ്ടുമക്കളെയും നല്ല രീതിയിൽ വിവാഹം ചെയ്തുകൊടുത്തു.

മരുമക്കൾ എത്തിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഉള്ള പത്തുസെന്റ് സ്ഥലം വീതംവയ്ക്കണമെന്ന ആവശ്യം ശക്തമായി. അമ്മയെ നോക്കാൻ ആർക്കും പറ്റില്ല. കാരണം സ്വന്തം അമ്മമാർ ഉള്ള മരുമക്കൾക്കു ഭാര്യയുടെ അമ്മ ബാധ്യതയാണു പോലും. ഒടുവിൽ പെൺമക്കൾ തന്നെയാണ് ലക്ഷ്മിക്കുട്ടിയമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ തീരുമാനിച്ചത്. 75—ാം വയസിൽ മക്കളുടെ തണലിൽ പേരക്കുട്ടികളെ കൊഞ്ചിച്ച് ശിഷ്‌ടജീവിതം നയിക്കാൻ ആഗ്രഹിച്ച ആ അമ്മയ്ക്ക് മറുത്തൊന്നും പറയാനുള്ള വാക്കുകൾ ഉണ്ടായില്ല. രണ്ടു പെൺമക്കളും കൂടി അമ്മയേയും കൂട്ടി വൃദ്ധസദനത്തിൽ എത്തി.

ആദ്യ മാസങ്ങളിലൊക്കെ മുടങ്ങാതെ അമ്മയെ കാണാൻ പെൺമക്കൾ എത്തിയിരുന്നു. ഇപ്പോൾ അതില്ല. വല്ലപ്പോഴും ഫോൺ വിളിച്ചാലായി. ലക്ഷ്മിക്കുട്ടിയമ്മ സെറ്റുമുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുനീർ തുടച്ചു.

‘മകളെ, എനിക്കും ഇതുപോലെ നാലു പേരക്കുട്ടികളുണ്ട്. മൂന്നു പെൺപിള്ളേരും, ഒരാൺകൊച്ചും. അവരെ ഒന്നു കാണണമെന്നുണ്ട്. അതേ പ്രായക്കാരെ ഇവിടെ കണ്ടാൽ ഞാൻ വന്നു നോക്കും. അവരെങ്ങാനും ആണോന്ന്. മക്കളോട് അതിനെക്കുറിച്ച് പറഞ്ഞെങ്കിലും അവരൊക്കെ വലിയ തിരക്കുള്ളവരാണെന്നാണു പറഞ്ഞത്. ഞാൻ മരിച്ചു കഴിഞ്ഞാലെങ്കിലും കൊണ്ടുപോകാൻ വരുമായിരിക്കും.’ പാതിമുറിഞ്ഞ വാക്കുകൾ പൂർത്തിയാക്കാനാവാതെ ലക്ഷ്മിയമ്മ നിന്നു.

മാതാപിതാക്കൾ മക്കൾക്കു ഭാരമാകുമ്പോൾ സ്വന്തമായും മക്കൾ നിർബന്ധിപ്പിച്ചും വൃദ്ധസദനങ്ങളിലേക്ക് അയയ്ക്കുന്ന നിരവധി പേരുണ്ട്. വൃദ്ധസദനങ്ങളിലെ ഇരുണ്ട ഇടനാഴികളിൽ ഒരു കാൽപ്പെരുമാറ്റം കേട്ടാൽ അവർ ഓടിയെത്തും. തങ്ങളുടെ പ്രിയപ്പെട്ടവർ ആയിരിക്കും വന്നതെന്ന പ്രതീക്ഷയിൽ. പക്ഷേ ആ തോന്നൽ വെറുതെയാണെന്ന് അറിയുമ്പോൾ വീണ്ടും തങ്ങളുടെ കട്ടിലിൽ വന്നു നിറകണ്ണുകളുമായി കിടക്കും. വൃദ്ധസദനങ്ങളിൽ കാണാനായതും അത്തരത്തിലുള്ള കുറെ മുഖങ്ങളാണ്.

താങ്ങാൻ കരങ്ങളില്ലാതെ / സീമ മോഹൻലാൽ —2

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.