അമ്മമഴക്കാറിനു കൺനിറഞ്ഞു...
അമ്മമഴക്കാറിനു കൺനിറഞ്ഞു...
പൂച്ചയെ കണ്ണുകെട്ടി ഉപേക്ഷിക്കുന്നതുപോലെ അമ്മയെ രാത്രിയിൽ വിജനമായ ഒരിടത്ത് ഉപേക്ഷിച്ചുപോകുന്ന മകനെക്കുറിച്ചു കേട്ടിട്ടുണ്ടോ?

അച്ഛൻ മരിക്കുമ്പോൾ സോമന് (യഥാർഥ പേരല്ല) മൂന്നു വയസായിരുന്നു. മകനെ വളർത്താൻ സുഭദ്ര (യഥാർഥ പേരല്ല) പല വീടുകളിലും ജോലിക്കു പോയി. ഒഴിവു സമയങ്ങളിൽ ചകിരി പിരിച്ച് കയറുണ്ടാക്കി വിൽക്കും. കിട്ടുന്ന പണം കൊണ്ട് മകനെ പഠിപ്പിച്ചു സർക്കാരുദ്യോഗസ്ഥനാക്കി. നല്ല സാമ്പത്തികശേഷിയും സർക്കാർ ജോലിയുമുള്ള യുവതിയുമായി വിവാഹം നടത്തി. അപ്പോഴേക്കും മകന് അമ്മയുടെ പഴഞ്ചൻ രീതികളും പെരുമാറ്റവും സംസാരവുമൊക്കെ അതൃപ്തി ഉളവാക്കി. ഭാര്യയുടെ പിന്തുണ കൂടിയായപ്പോൾ അത് ഇരട്ടിയായി.

വീട്ടിൽ അതിഥികൾ എത്തുമ്പോൾ മകൻ തന്ത്രപൂർവം അമ്മയെ അകത്താക്കി വാതിൽ അടയ്ക്കും. മകന്റെ മാറ്റത്തിനു പിന്നിൽ മരുമകളാണെന്ന് അമ്മ കരുതി. അമ്മയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നു മകനും മരുമകളും തീരുമാനിച്ചു. കൃഷ്ണഭക്തയായ അമ്മയുടെ എക്കാലത്തെയും വലിയ മോഹത്തെത്തന്നെ മകൻ കരുവാക്കി. ഗുരുവായൂരിൽ പോയി നിർമാല്യം തൊഴാൻ തയാറായിക്കൊള്ളാൻ മകൻ അമ്മയോടു പറഞ്ഞു.

മകന്റെ മനംമാറ്റത്തിൽ ആ അമ്മയും സന്തോഷിച്ചു. ഒരു ദിവസം രാത്രി അമ്മയെയും കൂട്ടി മകൻ കാറിൽ ഗുരുവായൂർക്കു പുറപ്പെട്ടു. എറണാകുളത്തു നിന്നു ഗുരുവായൂരിലേക്കുള്ള യാത്രയിൽ വാടാനപ്പള്ളിയിൽ എത്തിയപ്പോൾ സമയം രാത്രി പന്ത്രണ്ട്. ഒഴിഞ്ഞ പ്രദേശത്തു കൂടി മുന്നോട്ടുനീങ്ങിയ കാർ പെട്ടെന്നുനിന്നു. ഡോർ തുറന്നു പുറത്തിറങ്ങിയ മകൻ കാർ പരിശോധിച്ചിട്ട് അമ്മയോട് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു. കാറിനു ചെറിയ തകരാറുണ്ട്. ഞാൻ ശരിയാക്കിയിട്ടു പെട്ടെന്നു തിരിച്ചുവരാമെന്നു പറഞ്ഞ് കാറിൽ കയറി മകൻ പോയി. അപരിചിതമായ സ്ഥലത്ത് മകനെയും കാത്ത് ആ അമ്മ ഏറെ നേരം നിന്നു. മകനെ കാണാതായപ്പോൾ അവന് അരുതാത്തതെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോയെന്നു പരിഭ്രമിച്ചു.

നേരം പുലർന്നപ്പോൾ പരിഭ്രാന്തയായി വഴിയരികിൽ നിൽക്കുന്ന വൃദ്ധയെ കണ്ട് നാട്ടുകാർ കാര്യം തിരക്കി. മകനെ കാണാനില്ലെന്ന വിവരം ആ അമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു. അവന് എന്തെങ്കിലും സംഭവിച്ചിട്ടായിരിക്കും വരാത്തത്: ആ അമ്മ പറഞ്ഞു. അമ്മ നൽകിയ ഫോൺ നമ്പറിൽ നാട്ടുകാർ വിളിച്ചു. അതു മകന്റെ വീട് തന്നെയായിരുന്നു. ഫോൺ എടുത്ത മകന്റെ പ്രതികരണം ‘അവരെ അവരുടെ വഴിക്ക് വിട്ടേക്ക്’ എന്നായിരുന്നു. ഇന്ന് എൺപതുകാരിയായ ഈ അമ്മയ്ക്ക് അഭയം പാലക്കാട്ടെ ഒരു വൃദ്ധമന്ദിരമാണ്.

മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വൃദ്ധസദനത്തിലേക്ക്

ആലപ്പുഴക്കാരനായ മാത്യു (യഥാർഥ പേരല്ല) പറയുന്നതു സ്വന്തം വീട്ടിൽ താമസിക്കുന്നതു പോലെത്തന്നെയാണ് വൃദ്ധസദനത്തിലുമെന്നാണ്. മാത്യുവിനു മൂന്ന് ആൺമക്കളാണുള്ളത്. സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച മാത്യുവിന് ഭാര്യയുടെ മരണത്തോടെ ജീവിതം ദുരിതപൂർണമായി. നല്ല ഉദ്യോഗം വഹിക്കുന്ന മക്കൾ നാട്ടിലും വിദേശത്തുമൊക്കെയായിട്ടാണു താമസിക്കുന്നത്. സ്വന്തം വീടുവിട്ടു വിദേശത്തുള്ള ഇളയമകന്റെ അടുത്തേക്കു പോകാൻ ആദ്യം മാത്യുവിനു മടിയായിരുന്നു. രണ്ടാമത്തെ മകൻ കുടുംബത്തിനുമൊപ്പം തറവാട്ടിൽത്തന്നെ താമസം തുടർന്നു. പക്ഷേ മരുമകൾക്കു ഭർതൃപിതാവ് ബാധ്യതയാണെന്ന പോലുള്ള സംസാരമായി. വീട്ടിലെ ശാന്തമായ അന്തരീക്ഷം പലപ്പോഴും തകരുന്ന തരത്തിലുള്ളതായിരുന്നു പിന്നീടുള്ള പെരുമാറ്റം.

പിന്നെ അധികകാലം ആ വീട്ടിൽ നിൽക്കാൻ മാത്യു ആഗ്രഹിച്ചില്ല. ആയുസു മുഴുവൻ ജീവിച്ച, തന്റെ ഭാര്യയുടെ ഓർമകൾ അവശേഷിക്കുന്ന ആ വീടുവിട്ട് നഗരത്തിലെ ഒരു വൃദ്ധസദനത്തിലേക്കു താമസം മാറി. ആദ്യം മക്കളൊക്കെ എതിർത്തെങ്കിലും ആർക്കും ബാധ്യതയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന മാത്യുവിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ അവർ വാശിപിടിച്ചില്ല.

തന്നെപ്പോലുള്ള പലരും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇവിടെ അങ്ങനെ ഏകാന്തതയൊന്നുമില്ല. എല്ലാവരും ഒരേ പ്രായക്കാർ ആയതിനാൽ വളരെ സന്തോഷത്തോടെ വർത്തമാനങ്ങളും ചർച്ചകളുമൊക്കെയായിട്ട് അങ്ങനെ കഴിഞ്ഞുപോകുന്നു.’’— മാത്യുവിന്റെ വാക്കുകളിൽ നിറയുന്നത് സന്തോഷം മാത്രമാണ്.

ശ്യാമളകുമാരിയുടെ ജീവിതം

ആയുസ് മുഴുവൻ മക്കൾക്കുവേണ്ടി ജീവിച്ച് അവസാനനാളിൽ അവർക്കൊപ്പം കഴിയാനായിരിക്കും ഏതു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഭർത്താവ് ചെറുപ്പത്തിലേ മരിച്ചുപോയാൽ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് അവരെ പഠിപ്പിച്ച് വലുതാക്കി ജോലിക്കാരാക്കുമ്പോൾ ആ അമ്മ അനുഭവിക്കുന്ന ടെൻഷൻ നിസാരമല്ല. ജനിക്കുന്ന കുഞ്ഞ് പെണ്ണാണെന്ന് അറിയുമ്പോൾ നമ്മുടെ നാട്ടിൽ പണ്ടേ പറയുന്ന ഒരു ചൊല്ലുണ്ട്, അവസാനനാളിൽ ഒരിറ്റു വെള്ളം തരാൻ ആളായല്ലോയെന്ന്. ചില ആൺമക്കളെങ്കിലും വിവാഹശേഷം മാതാപിതാക്കളെ ഉപേക്ഷിച്ച് ഭാര്യയും കുട്ടികളുമായി മാറിത്താമസിക്കുമെന്നും അന്ത്യനാളുകളിൽ തങ്ങളുടെ രക്ഷയ്ക്ക് ആരും കാണില്ലെന്നുമുള്ള ബോധ്യമാണ് ഈ പറച്ചിലിനു പിന്നിലുള്ളത്. പക്ഷേ അതെല്ലാം പഴങ്കഥയാണെന്നു തെളിയിക്കുന്ന അനുഭവമായിരുന്നു പ്രഫ. ശ്യാമളകുമാരിയുടേത്.


2010 ഡിസംബർ ആറിലെ പ്രഭാതം. മാല്യങ്കര എസ്എൻഎം കോളജ് റിട്ടയേർഡ് പ്രഫസർ ശ്യാമളകുമാരിയുടെ വീട്ടുമുറ്റത്തു വലിയൊരു ജനക്കൂട്ടം. അറുപത്തിയൊന്നുകാരിയായ പ്രഫസറെ വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞ് എത്തിയതാണു ജനങ്ങൾ. കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്ത ടീച്ചർ സാമൂഹികപ്രവർത്തകയുമായിരുന്നു. ആറ്റുനോറ്റു വളർത്തി വലുതാക്കിയ മകളാണ് ഇവിടെ വില്ലത്തിയായത്. നട്ടെല്ലിനു കാൻസർ ബാധിച്ച ഈ അമ്മയെ ആശുപത്രിയിലാക്കാൻ വിവാഹമോചിതയായ മകൾ സമ്മതിച്ചിരുന്നില്ല.

അബോധാവസ്ഥയിൽ ശയ്യാവ്രണം പഴുത്ത് പുഴുവരിച്ച ശ്യാമളകുമാരിയെ പരിചരിക്കാനെത്തിയ അയൽവാസികളെ മകൾ വീട്ടിൽ നിന്നു പുറത്താക്കിയെന്ന് അയൽവാസികൾ പറയുന്നു. അമ്മയ്ക്കു മരുന്നു നൽകുന്നതു നിർത്തി. ബന്ധുക്കളെയോ ശ്യാമളകുമാരിയുടെ അമ്മയെയോ വീട്ടിൽ വരാൻ അനുവദിച്ചില്ല. ആരോടും തന്റെ സങ്കടം പറയാൻ കഴിയാതെ ആ അമ്മ കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ തനിച്ചുകഴിഞ്ഞു.

അമ്മ എത്രയും പെട്ടെന്നു മരിച്ചു സ്വത്ത് സ്വന്തമാക്കണമെന്ന മട്ടിലായിരുന്നത്രേ മകളുടെ പെരുമാറ്റം. അതു നാട്ടുകാരിൽ പലർക്കും പണ്ടേ ബോധ്യപ്പെട്ടതുമായിരുന്നു. പക്ഷേ തങ്ങൾ ഇടപെട്ടാൽ പ്രഫ. ശ്യാമളകുമാരിയുടെ അവസ്ഥ ഇതിലും ഗുരുതരമാകുന്നു നാട്ടുകാർ ശങ്കിച്ചു.

മക്കൾ എത്ര മുതിർന്നാലും അമ്മമാർക്ക് അവർ എന്നും കൊച്ചുകുട്ടി തന്നെയായിരിക്കും. കൈ വളരുന്നോ കാൽ വളരുന്നോ എന്നു കാത്തുകാത്തു വളർത്തിയ കുഞ്ഞ് തെറ്റിലേക്ക് പോകാതെ നല്ലരീതിയിൽ വരണേയെന്നാണ് ഓരോ അമ്മയുടെയും പ്രാർഥന. പക്ഷേ മകളുടെ കാലൊന്നിടറിയാൽ, അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ അത് ആദ്യം ബോധ്യമാകുന്നതും അമ്മയ്ക്കു തന്നെയായിരിക്കും. അത്തര ത്തിലുണ്ടായ ഒരു സംഭവം ചോദ്യം ചെയ്തതാണു പ്രഫ. ശ്യാമളകുമാരിയെ മകളുടെ കണ്ണിലെ കരടാക്കി മാറ്റിയത്.

എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണു ശ്യാമളകുമാരിയും മകളും കഴിഞ്ഞിരുന്നത്. ആഡംബരവീട്, വാഹനം.. എന്നുവേണ്ട എല്ലാ സുഖസൗകര്യങ്ങളും മകൾക്കു നൽകാൻ ആ അമ്മ പ്രയത്നിച്ചു. പക്ഷേ മകളുടെ സൗഹൃദം വഴിമാറിപ്പോകുന്നുവെന്നു തിരിച്ചറിഞ്ഞപ്പോൾ പ്രഫസർക്ക് ഇടപെടേണ്ടി വന്നു. വീട്ടിലെ െരഡെവറോട് അതിരുവിട്ട സൗഹൃദം സൂക്ഷിച്ച മകളെ അമ്മ എതിർത്തതാണു പകപോക്കലിനു കാരണമായത്. എംസിഎ ബിരുദധാരിയായ മകളുടെ ക്രൂരത പലപ്പോഴും അമ്മയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.

ക്രൂരത അതിരുകടന്ന ഒരു ദിവസം പോലീസെത്തി ശ്യാമളകുമാരിയെ ആലുവയിലെ അൻവർ പാലിയേറ്റീവ് കെയറിലേക്കു മാറ്റി. മരുന്നും വേദനയുമൊക്കെയായി അവർ കുറച്ചുനാൾ ആശുപത്രിയിൽ കഴിഞ്ഞു. രോഗം അൽപം ഭേദമായപ്പോൾ വീണ്ടും ആ വീട്ടിലേക്കു തിരിച്ചെത്തി. പിന്നെ ഏകാന്തവാസമായിരുന്നു. ആരോടും ഒന്നും പറയാതെ അവർ കുറച്ചുനാൾ കൂടി ജീവിച്ചു. പിന്നെ മരിച്ചു. ശ്യാമളകുമാരിയുടെ മകൾക്കെതിരെ പോലീസ് വയോജന സുരക്ഷാ പരിപാലന നിയമ പ്രകാരം കേസ് എടുത്തിരുന്നു.

വൃദ്ധജനങ്ങൾക്കുമുണ്ട് നിയമപരിരക്ഷ. പ്രായമായ പട്ടിയെ തെരുവിൽ തള്ളുന്നതുപോലെ തോന്നുമ്പോൾ ഉപേക്ഷിക്കാനുള്ളതല്ല മാതാപിതാക്കൾ. സീനിയർ സിറ്റിസൺ ആക്ട് 2007 പ്രകാരം ഭാരതസർക്കാർ മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്കു സംരക്ഷണം നൽകുന്നുണ്ട്. ഈ നിയമം ലംഘിക്കുന്നതു കുറഞ്ഞത് മൂന്നു മാസം തടവും 50,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.

താങ്ങാൻ കരങ്ങളില്ലാതെ / സീമ മോഹൻലാൽ—3

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.