വൃദ്ധരോടു പെരുമാറാം, സ്നേഹത്തോടെ
വൃദ്ധരോടു പെരുമാറാം, സ്നേഹത്തോടെ
പൂമുഖത്തെ ചാരുകസേരയിൽ കിടക്കുന്ന മുത്തൾൻ. നിലത്തിരുന്നു പേരക്കുട്ടികൾക്കു കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തൾി.... വയസായവർ വീടിന്റെ ഐശ്വര്യമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കുടുംബബന്ധങ്ങളിലും ജീവിതരീതിയിലും തൊഴിൽ അവസ്ഥകളിലും ഉണ്ടായ മാറ്റം കൂട്ടുകുടുംബത്തെ എങ്ങനെയൊക്കെ മാറ്റിയെന്നു നാം അറിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ.

ആയുസ് മുഴുവൻ മക്കൾക്കായി അധ്വാനിച്ചു പ്രായാധിക്യത്തിലെത്തുമ്പോൾ ഒന്നു വിശ്രമിക്കാമെന്നു കരുതുംനേരം സ്വന്തം മാർഗം തേടി മറുനാട്ടിലേക്കും വിദേശത്തേക്കുമൊക്കെ പറക്കുന്ന മക്കൾ... മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, അടുത്തു മക്കളില്ലെന്ന ആധി, ശാരീരിക അവശതകൾ, മങ്ങുന്ന കാഴ്ചയും കുറയുന്ന കേൾവിയും— സംരക്ഷിക്കാൻ ആളുണ്ടായിട്ടും തങ്ങൾ ഒറ്റപ്പെട്ടു പോയല്ലോയെന്ന വ്യാകുലതയുമായി വൃദ്ധസദനങ്ങളിലേക്കു ചേക്കേറുന്നവർ... മറുനാട്ടിൽ കഴിയുന്ന മക്കൾക്കൊപ്പം പോകാതെ സ്വന്തം മണ്ണിൽ അന്തിയുറങ്ങാൻ കൊതിക്കുന്ന മറ്റൊരു കൂട്ടർ... അച്ഛനമ്മമാരെ മനഃപൂർവം വൃദ്ധസദനങ്ങളിലേക്കു നടതള്ളുന്ന വേറൊരു കൂട്ടർ...

വൃദ്ധകേരളത്തിന്റെ അവസ്ഥ നമ്മെ എപ്പോഴും നിരാശരാക്കുന്നു. നൂതന ചികിത്സാരീതികളും മെച്ചപ്പെട്ട ജീവിതനിലവാരവും മൂലം ആയുർദൈർഘ്യം കേരളത്തിൽ കൂടുതലാണ്. മക്കളുടെ എണ്ണം കുറവും. മാതാപിതാക്കളെ തനിച്ചാക്കി ജോലി തേടി മറ്റു സ്ഥലങ്ങളിലേക്കു പോകുന്ന മക്കളുടെ എണ്ണവും കൂടുന്നു.

വൃദ്ധരോടു പെരുമാറേണ്ട വിധം

വാർധക്യത്തിലെ ശാരീരിക വിഷമതകൾ മൂലം വൃദ്ധർ പിടിവാശി കാണിക്കും. ഇത് അറിഞ്ഞുവേണം മക്കളും മരുമക്കളും പേരക്കുട്ടികളും അവരോടു പെരുമാറാൻ.

* ഏകാന്തമായി ചിന്തിക്കാൻ വൃദ്ധജനങ്ങളെ അനുവദിക്കരുത്.

* ശാരീരിക വിഷമതകൾ അനുഭവിക്കുന്ന അവർക്കു കൂടുതൽ പരിചരണവും സഹായവും നൽകണം.
* രോഗങ്ങൾ വന്നാൽ ഉടൻ ചികിത്സിച്ചു മാറ്റാനുള്ള സംവിധാനം നൽകണം.
* പ്രായമായവർക്കു വീഴ്ചകളോ ഒടിവു ചതവുകളോ പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
* ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക.
*എല്ലാത്തിലും ഉപരിയായി അൽപനേരം അച്ഛനമ്മമാർക്കൊപ്പം ഇരിക്കാൻ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ, അവർ പറയുന്നതു കേൾക്കാൻ മക്കൾ സന്മനസ് കാണിക്കണം.

ഏകാന്തത വിഷാദരോഗിയാക്കും

വാർധക്യകാലത്തു നേരിടുന്ന ഏകാന്തത പലപ്പോഴും വിഷാദരോഗത്തിലേക്കു വൃദ്ധരെ നയിക്കും. ഇതു വൃദ്ധജനങ്ങളുടെ ആത്മഹത്യക്കും കാരണമാകുന്നുണ്ട്. വർഷങ്ങളോളം ഇണയോടൊത്തു സുഖവും ദുഃഖവും പങ്കിട്ടു കഴിഞ്ഞവർക്കു പലപ്പോഴും പങ്കാളിയുടെ വേർപാട് സഹിക്കാനാവില്ല. ഒറ്റയ്ക്കുള്ള ജീവിതവും ഇടയ്ക്കിടെ ഉണ്ടാകുന്ന അസുഖങ്ങളും പലപ്പോഴും വൃദ്ധജനങ്ങളെ അലട്ടും. മക്കൾ ജോലി തേടി മറുനാടുകളിലേക്കു ചേക്കേറിയപ്പോൾ വൃദ്ധസദനങ്ങളിൽ അഭയം തേടിയവരുടെ എണ്ണവും ഇന്നു കൂടുന്നുണ്ട്. ജനിച്ച വീടു വിട്ടുപോകാൻ കഴിയാതെ സ്വന്തം വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധജനങ്ങളും കേരളത്തിലുണ്ട്.


സൗഹാർദ പൂർണമായ സാമൂഹ്യ ഇടപെടലുകൾ ഉണ്ടാകണം: ഡോ.കെ.എസ്. ഷാജി(പ്രഫസർ, സൈക്യാട്രി വിഭാഗം ഗവ.മെഡിക്കൽ കോളജ്, തൃശൂർ)



ഏകാന്തതയും അനാരോഗ്യവും സാധാരണ കണ്ടുവരുന്ന വാർധക്യപ്രശ്നങ്ങളാണ്. പ്രായമായവരിൽ കൂടുതൽ പേർ സ്ത്രീകളും അവരിൽ തന്നെ പലരും വിധവകളുമാണ്. സൗഹൃദം പങ്കുവയ്ക്കാനും മറ്റു ബന്ധുമിത്രാദികളുമായി ഇടപഴകാനുമുള്ള അവസരങ്ങൾ കുറയുന്നത് ഇവരുടെ ഏകാന്തത വർധിപ്പിക്കുന്നു. സാമൂഹ്യമായ ഒറ്റപ്പെടൽ ആനന്ദദായകമായ ജീവിതാനുഭവങ്ങൾക്കുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നു. ഇത് വിഷാദാവസ്ഥയിലേക്കു നയിക്കാനുള്ള കാരണമായേക്കാം. സൗഹാർദപൂർണമായ സാമൂഹ്യ ഇടപെടലുകൾ നൽകുന്ന സന്തോഷം വിഷാദം തടയാനും ലഘൂകരിക്കാനും ഏറെ സഹായിക്കും. മസ്തിഷ്കപ്രവർത്തനത്തിന്റെ ഊർജസ്വലത നിലനിർത്താൻ ഇത് ഉപകരിക്കും.


വ്യായാമത്തിനും പ്രാധാന്യമുണ്ട്. ദിവസേനയുള്ള ശാരീരികവ്യായാമം ഉണർവിനും ഉന്മേഷത്തിനും സഹായിക്കും. ശാരീരിക വ്യായാമം പോലെതന്നെ മസ്തിഷ്ക വ്യായാമവും വേണം. ബുദ്ധിശക്തിയും മേധാശക്തിയും ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ വ്യാപൃതരാകുകയാണ് ഇതിനുള്ള വഴി. വായിക്കുക, ചിന്തിക്കുക. ആസൂത്രണം ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ ഏറെ പ്രയോജനകരമാണ്. വർത്തമാനകാല കാര്യങ്ങളെപ്പറ്റിയുള്ള ധാരണ നിലനിർത്തുന്നതും അവയെപ്പറ്റി ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും പൊതുവേ നല്ലതാണ്.

ഉണർന്നിരിക്കുന്ന സമയങ്ങളിൽ പ്രവർത്തനനിരതമായിരിക്കുക എന്നതാണ് പ്രധാനം. മാനസികോല്ലാസം നൽകുന്ന ഹോബികൾ, ജോലികൾ, സാമൂഹ്യപ്രവർത്തനം തുടങ്ങിയവയിൽ വ്യാപൃതരാകുന്നതു നല്ലതാണ്. വെറുതെയിരിക്കാതെ കഴിയുന്നത്ര കർമനിരതരാകാൻ ശ്രദ്ധിക്കുക. ഓർമക്കുറവ്, വിഷാദം തുടങ്ങിയ ബുദ്ധിമുട്ടുകൾ തടയാൻ ഇതു സഹായിക്കും.

വൃദ്ധസദനങ്ങളിൽ ഏകാന്തത ഇല്ല: സുകുമാരൻ നായർ(സെക്രട്ടറി, എൽഡേഴ്സ് ഫോറം, എറണാകുളം)



മക്കൾ ജോലിസംബന്ധമായി പുറത്തായതിനാൽ വർഷങ്ങളായി വൃദ്ധസദനത്തിൽ താമസിക്കുന്ന ആളാണു ഞാൻ. വൃദ്ധസദനങ്ങളിൽ ഏകാന്തത അനുഭവപ്പെടുമെന്ന ധാരണയാണു പൊതുവേയുള്ളത്. അതു തെറ്റാണ്. കാരണം ഞാൻ താമസിക്കുന്ന ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ അറുപതോളം വയോജനങ്ങളാണുള്ളത്. എല്ലാവരും പെൻഷൻകാർ ആയതിനാൽ പണത്തിന്റെ കുറവില്ല. സമ്പന്നമായ ജീവിതം തന്നെയാണ് ഇവിടെ നയിക്കുന്നത്. ഞങ്ങൾ തമ്മിൽ സംസാരിക്കുകയും തമാശകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിനാൽ ഏകാന്തത എന്ന അവസ്ഥ ഇവിടെയില്ല. പിന്നെ ഇടയ്ക്കൊക്കെ മക്കൾ കൂടെയില്ലെന്ന വ്യഥ ചിലർ പങ്കുവയ്ക്കാറുണ്ട്.


്വൃദ്ധർക്കായി കൂട്ടായ്മകൾ സംഘടിപ്പിക്കാം: സി.എൻ പ്രഭാകരൻ(സെക്രട്ടറി, സ്ഥാപകാംഗം, കർമ ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്)



വാർധക്യത്തിലെത്തിയാൽ ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ ആവില്ല, ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ ഒരിടത്ത് ഒതുങ്ങിക്കൂടണം എന്നാണ് ഒരുവിഭാഗം ആളുകൾ ചിന്തിക്കുന്നത് . ചിലപ്പോൾ മക്കളുടെ സമീപനവും അതുതന്നെയാകും. ഈ പ്രവണത ശരിയല്ല. ഒരിടത്ത് ഒതുങ്ങിക്കൂടുമ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ മനസിനെ വേട്ടയാടും. ബിപിയും മറ്റു രോഗങ്ങളും ഇതുമൂലം ഉണ്ടാകാം.

ഞാൻ 79—ാം വയസിലും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. എന്റെ ഭാര്യ മരിച്ചുകഴിഞ്ഞപ്പോൾ മക്കൾ പറഞ്ഞത് ഒരിടത്ത് ഒതുങ്ങിക്കൂടാതെ അച്ഛൻ മുമ്പ് എത്ര ആക്ടീവായിരുന്നോ അതുപോലെതന്നെ പ്രവർത്തിക്കണമെന്നാണ്. മക്കൾ അടുത്തില്ലെങ്കിലും കർമയിലെത്തുന്ന വൃദ്ധർക്കായി പ്രവർത്തിക്കുമ്പോൾ ഏകാന്തതയോ മറ്റൊന്നും ചിന്തിക്കാനോ ഉള്ള സമയം കിട്ടാറില്ല.

എന്റെ അഭിപ്രായത്തിൽ വൃദ്ധർക്കായി അതതു സ്ഥലങ്ങളിൽ ഒരു ഫോറം രൂപീകരിക്കുന്നതു നല്ലതായിരിക്കും. ആഴ്ചയിലോ മറ്റോ ഇവർ ഒത്തുകൂടി തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിലൂടെ മനോസന്തോഷം ലഭിക്കും. കൗൺസലിംഗും അതിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ ഇരുന്ന് ചിന്തിക്കുമ്പോഴാണ് മനസ് വിഷമിക്കുന്നത്.

(അവസാനിച്ചു)

താങ്ങാൻ കരങ്ങളില്ലാതെ / സീമ മോഹൻലാൽ—5

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.