ഇദയക്കനി, പുരട്ചി തലൈവി
ഇദയക്കനി, പുരട്ചി തലൈവി
ചെന്നൈ/കോട്ടയം: ശ്രീലങ്കയിലെ കാണ്ഡിയിൽനിന്നെത്തിയ പാലക്കാട്ടുകാരനായ രാമചന്ദ്രനും മൈസൂരുവിൽനിന്നെത്തിയ ജയലളിതയും ബംഗളൂരുവിൽനിന്നെത്തിയ രജനീകാന്തും തമിഴകത്തും രാഷ്ട്രീയത്തിലും സിനിമയിലും വേരുറപ്പിച്ചു പടർന്നു പന്തലിച്ചത് അത്ഭുതകരമെന്നേ പറയേണ്ടൂ. ഭാഷയോടും സംസ്കാരത്തോടും ഏറെ ആഭിമുഖ്യം പുലർത്തുന്ന തമിഴ് ജനതയുടെ മനസിൽ കുടിയേറാൻ ഈ മറുനാട്ടുകാർക്കു കഴിഞ്ഞതെങ്ങനെ എന്നതൊരു സമസ്യതന്നെ. എംജിആറും ജയലളിതയും സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും ഒന്നാംനിരയിലെത്തി. രജനി രാഷ്ട്രീയത്തിൽ സജീവമായില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് എന്നും തമിഴകത്ത് ഏറെ പ്രസക്‌തിയുണ്ട്.

പഠനത്തിൽ അതിസമർഥ. സുന്ദരി. പതിനഞ്ചാം വയസിൽ ജയലളിത സിനിമാരംഗത്തേക്കു കടന്നില്ലായിരുന്നെങ്കിൽ അവരുടെ തലേവര മറ്റൊന്നാകുമായിരുന്നു. എംജിആറിന്റെ ഇദയക്കനി ആയിരുന്നുവെങ്കിലും അവരുടെ ജീവിതത്തിൽ അദ്ദേഹം ആരായിരുന്നുവെന്ന കാര്യം ജയലളിതതന്നെ മുഴുവൻ തുറന്നുപറഞ്ഞിട്ടില്ല. എങ്കിലും തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്‌തി ആരാണെന്ന ചോദ്യത്തിന് ജയലളിതക്ക് ഒറ്റ ഉത്തരമേയുള്ളൂ–എംജിആർ. തമിഴ് ജനത ജയലളിതയെ അമ്മാ എന്നും പുരട്ചി തലൈവി (വിപ്ലവനേതാവ്) എന്നും വിളിക്കുമ്പോൾ എംജിആറിന് അവർ അമ്മു ആയിരുന്നു. ആ അമ്മുവിനെ തമിഴരുടെ അമ്മാ ആക്കി മാറ്റിയതിനു പിന്നിൽ എംജിആറിന്റെ അനുഗ്രഹമുണ്ടായിരുന്നു.

എംജിആർ കഴിഞ്ഞാൽ ജയയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്‌തി അമ്മ സന്ധ്യയായിരുന്നു. തന്നെ താനാക്കിയതിൽ പ്രധാന പങ്കുവഹിച്ചതും തന്നെ ഏറ്റവുമധികം സ്വാധീനിച്ചതുമായ മൂന്നാമത്തെ വ്യക്‌തി താൻ പഠിച്ച കോൺവെന്റ് സ്കൂളിലെ മദർ സെലിൻ ആയിരുന്നുവെന്ന് ജയ ഒരിക്കൽ പറയുകയുണ്ടായി. കോൺവെന്റ് വിദ്യാഭ്യാസം അവർക്ക് ഇംഗ്ലീഷിൽ നല്ല അടിത്തറ നല്കി. മറ്റു വിഷയങ്ങളിലും ജയ മിടുമിടുക്കിയായിരുന്നു. ഹിന്ദി, കന്നട, മലയാളം, തമിഴ് ഭാഷകളും അവർക്കു വശമുണ്ട്. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ജയലളിതയെ കോളജിലേക്കയയ്ക്കുന്നതിനുപകരം സിനിമാഭിനയത്തിനു വിടാൻ അമ്മ സന്ധ്യ തീരുമാനിച്ചതിനു പിന്നിൽ അന്നത്തെ അവരുടെ ജീവിതസാഹചര്യമായിരുന്നു.

മൈസൂർ സംസ്‌ഥാനത്തെ (ഇപ്പോൾ കർണാടക) മാണ്ഡ്യ ജില്ലയിൽ പാണ്ഡവപുരത്തുള്ള മേലുക്കോട്ടെയിൽ ജനിച്ച ജയലളിതയുടെ മുത്തച്ഛൻ മൈസൂർ രാജകൊട്ടാരത്തിലെ വൈദ്യനായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ ജയറാമിന്റെ മകളാണു ജയലളിത. മുത്തച്ഛനുണ്ടാക്കിയ സമ്പത്തൊക്കെ പിതാവ് ജയറാം ധൂർത്തടിച്ചു നശിപ്പിച്ചു. ജയലളിതയ്ക്കു രണ്ടു വയസുള്ളപ്പോൾ അച്ഛൻ ജയറാം മരിച്ചു. ജയയുമായി അമ്മ സന്ധ്യ പിന്നീട് ബംഗളൂരുവിലെ അവരുടെ വീട്ടിലേക്കു പോന്നു. പിന്നീട് സന്ധ്യ തമിഴ് സിനിമയിലേക്കു കടന്നപ്പോൾ ചെന്നൈയിലായി താമസം. അമ്മ സന്ധ്യയുടെ തണലിലായിരുന്നു എന്നും ജയ. പതിനഞ്ചാം വയസിൽ പഠനം നിർത്തി സിനിമയിലേക്കിറങ്ങിയതും അമ്മയുടെ നിർദേശമനുസരിച്ചായിരുന്നു.


പഠിച്ച് അഭിഭാഷകയാകണമെന്നും സമ്പന്നയാകണമെന്നും ചെറുപ്പത്തിൽ ജയലളിത ആഗ്രഹിച്ചിരുന്നു. പിതാവിന്റെ മരണശേഷം കുടുംബം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളും അമ്മയുടെ വിഷമജീവിതവും ചേട്ടൻ ജയരാമന്റെ മരണവുമൊക്കെ ജയയെ ഉലച്ചു. അഭിഭാഷകയായില്ലെങ്കിലും പണക്കാരിയാകണമെന്ന മോഹം ജയ സഫലീകരിച്ചു. ഒരു അഭിഭാഷകയ്ക്കെന്നല്ല ഒരു സാധാരണ സ്ത്രീക്ക് എത്താവുന്നതിലുമപ്പുറം നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

‘വെണ്ണിറ ആടൈ’ എന്ന സിനിമയിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. നായികമാരുടെ വസ്ത്ര സങ്കല്പത്തിൽ ജയലളിത വിപ്ലവകരമായൊരു മാറ്റമുണ്ടാക്കി. സാരിമാത്രം ധരിച്ചെത്തിയിരുന്ന നായികമാരിൽനിന്നു ഫ്രോക്കണിഞ്ഞ നായികയിലേക്കുള്ള മാറ്റം തമിഴ് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ചു. എംജിആറിന്റെ നായികയായി 28 സിനിമകളിൽ അഭിനയിച്ചു.

രാഷ്ട്രീയത്തിലും എന്നും താരപരിവേഷത്തിലായിരുന്നു ജയലളിത. ആർഭാടജീവിതത്തെക്കുറിച്ചും നിരവധി കഥകളുണ്ട്. ആയിരക്കണക്കിനു സാരികളും നൂറുകണക്കിനു ചെരിപ്പുകളുമാണ് അവരുടെ ശേഖരത്തിലുള്ളത്. വളർത്തുമകൻ സുധാകരന്റെ വിവാഹം അന്ന് പത്തുകോടി രൂപ മുടക്കി പൊടിപൊടിച്ചത് വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഡിഎംകെ സർക്കാർ കേസുമെടുത്തു. എന്നാൽ 5.99 കോടിയേ ചെലവാക്കിയുളളുവെന്നും ഇതെല്ലാം പെൺവീട്ടുകാരുടെ ചെലവായിരുന്നുവെന്നുമായിരുന്നു ജയയുടെ വിശദീകരണം.

പരാജയങ്ങൾ ജയയെ ഒരിക്കലും തളർത്തിയില്ല. ഏതു തകർച്ചയിൽനിന്നും ഉയിർത്തെഴുന്നേല്ക്കാനുള്ള അസാമാന്യമായൊരു കരുത്ത് അവർക്കുണ്ടായിരുന്നു, ഭരണനൈപുണ്യത്തിലും ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള കഴിവിലും അവരൊരു ആൺകുട്ടിതന്നെയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.