വാഗ്ദാനങ്ങൾ നടപ്പിലാക്കി ജനപ്രിയയായ ജയ
വാഗ്ദാനങ്ങൾ നടപ്പിലാക്കി ജനപ്രിയയായ ജയ
ചെന്നൈ: 500 മദ്യവില്പനശാലകൾ അടച്ചും മദ്യ വില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാം ഭരണത്തിനു തുടക്കമിട്ടത്. കർഷകരുടെ വായ്പകളും എഴുതിത്തള്ളി. ഗാർഹിക ഉപയോക്‌താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കി.

അഞ്ഞൂറു മദ്യഷാപ്പുകൾ പൂട്ടുമ്പോൾ സംസ്‌ഥാനത്ത് മദ്യവില്പനശാലകളുടെ എണ്ണം 6220 ആയി കുറയും. മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കി കുറച്ചും തലൈവി ശക്‌തമായ നേതൃത്വമായി. ചെറുകിട– ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ– ദീർഘകാല വായ്പകളും എഴുതിത്തള്ളിയും ജയ ജനപ്രിയയായി. ഇതിന് 5780 കോടി രൂപ ചെലവാകും.

നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്നതിന് 1607 കോടി രൂപ ചെലവാകും. ഗാർഹിക ഉപയോക്‌താക്കൾക്കു നൽകുന്ന 3000 കോടി രൂപയുടെ സബ്സിഡിക്കു പുറമെയാണിത്. കർഷകർക്കും പവർലൂം നെയ്ത്തുകാർക്കും നൽകുന്ന സബ്സിഡി കൂടുമ്പോൾ മൊത്തം വൈദ്യുതി സബ്സിഡി 6500 കോടിക്കു മുകളിലാകും. ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ നാലുഗ്രാം സ്വർണം നൽകുന്ന പദ്ധതി എട്ടു ഗ്രാമായി വർധിപ്പിച്ചും ജയലളിത ജനമനസുകളുടെ അംഗീകാരം പിടിച്ചെടുത്ത ഭരണാധികാരിയായി.


സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനവും നടപ്പാക്കുന്നതിനു ജയലളിത ഉത്തരവിറക്കി. ഇത്തരത്തിൽ ജനോപകാരപ്രദമായ നടപടികളും തീരുമാനങ്ങളുമാണ് പുരട്ചി തലൈവിയെന്ന ജയലളിതയെ തമിഴകത്തിന്റെ പകരക്കാരില്ലാത്ത അമരക്കാരിയാക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.