ജയലളിതയുടെ നിയമ യുദ്ധങ്ങൾ
ജയലളിതയുടെ നിയമ യുദ്ധങ്ങൾ
ചെന്നൈ: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ പ്രത്യേക കോടതി ശിക്ഷിച്ചെങ്കിലും നിരവധി കേസുകളിൽ കോടതി അവരെ വെറുതെ വിട്ടിട്ടുണ്ട്. ടിഎഎൻഎസ്ഐ (താൻസി) ഭൂമി ഇടപാട് കേസിൽ 2000 ഒക്ടോബർ ഒമ്പതിനു ചെന്നൈ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടർന്ന് 2001 ലെ തെരഞ്ഞെടുപ്പിൽ ജയലളിത മത്സരിച്ചിരുന്നില്ല. ഇതു പരിഗണിക്കാതെ അന്നത്തെ ഗവർണർ എം. ഫാത്തിമ ബീവി ഇവരെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചു. കുറ്റക്കാരിയാണെന്നു സുപ്രീംകോടതി കണ്ടെത്തിയതിനെത്തുടർന്ന് 2001 സെപ്റ്റംബർ 21 ന് ജയലളിത മുഖ്യമന്ത്രിസ്‌ഥാനം രാജിവയ്ക്കേണ്ടിവന്നു. ജനപ്രാതിനിധ്യനിയമം അനുസരിച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യയാക്കി.

പിന്നീട്, മദ്രാസ് ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്‌തയാക്കി. 2003 നവംബറിൽ സുപ്രീംകോടതി ഇതു ശരിവച്ചു. താൻസി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ജയ പബ്ലിക്കേഷൻ കേസിൽ ജയലളിതയെയും തോഴി ശശികലയെയും മൂന്നുവർഷം തടവിനും ശശി എന്റർപ്രൈസിസ് കേസിൽ രണ്ടു വർഷം തടവിനും ശിക്ഷിച്ചു. 2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ആണ്ടിപ്പട്ടി ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചെങ്കിലും ഈ കേസുകൾ കാരണം പത്രിക തള്ളി.

1996 മുതൽ 2001 വരെയുള്ള ഡിഎംകെ ഭരണകാലത്തു ജയലളിതയ്ക്കെതിരേ 14 കേസുകൾ ഫയൽ ചെയ്തു. ഇതിൽ പല കേസുകളിൽനിന്നും പിന്നീട് അവരെ കുറ്റവിമുക്‌തയാക്കി. പ്ലസന്റ് സ്റ്റേ ഹോട്ടൽ കേസിൽ പ്രത്യേക കോടതി രണ്ടുവർഷം തടവിനു ശിക്ഷിച്ചെങ്കിലും 2001 ഡിസംബർ നാലിന് മദ്രാസ് കോടതി ഇവരെ വെറുതേ വിട്ടു. സർക്കാർ നിയമങ്ങൾ കാറ്റിൽപ്പറത്തി പരിസ്‌ഥിതി പ്രാധാന്യമുള്ള കൊടൈക്കനാലിൽ ഹോട്ടൽ നിർമിക്കാൻ അനുമതി നൽകിയെന്നാണു കേസ്.


1996ൽ ജയലളിത അറസ്റ്റിലായ കളർ ടിവി കേസിൽ 2000 മേയ് 30ന് മദ്രാസ് കോടതി വെറുതെ വിട്ടു. 2009 ഓഗസ്റ്റ് 21 ന് സുപ്രീംകോടതി ഇതു ശരിവച്ചു. 28.28 കോടി രൂപയ്ക്കു സ്പിക് കമ്പനിയുടെ ഓഹരി വിറ്റകേസിൽ 2004 ജനുവരി 23ന് വെറുതെ വിട്ടു. കൽക്കരി ഇറക്കുമതി ചെയ്ത കേസിൽ 1999 പ്രത്യേക കോടതിയും മദ്രാസ് കോടതിയും വെറുതെ വിട്ടു. സുപ്രീംകോടതി പുനർവിചാരണയ്ക്കു നിർദേശിച്ചെങ്കിലും 2001 ഡിസംബർ 27 ജയയെ വിചാരണക്കോടതി വീണ്ടും കുറ്റവിമുക്‌തയാക്കി.

മൂന്നുലക്ഷം യുഎസ് ഡോളർ കോഴ വാങ്ങിയ ലണ്ടൻ ഹോട്ടൽക്കേസിൽ 2001 സെപ്റ്റംബർ 30 ന് മദ്രാസ് ഹൈക്കോടതി വെറുതെ വിട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.