വഴിപാടുകൾ അട്ടിമറിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതായി പരാതി
വഴിപാടുകൾ അട്ടിമറിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതായി പരാതി
ശബരിമല: വഴിപാടുകൾ അട്ടിമറിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതായി പരാതി. ശബരിമലയിലേക്കു ഭക്ഷ്യസാമഗ്രികളുമായി വരുന്ന ലോറികൾ പരിശോധനയുടെ പേരു പറഞ്ഞ് ദിവസങ്ങളോളം പമ്പയിൽ തടഞ്ഞിടുകയാണ്.

അരി, ശർക്കര, ഏലയ്ക്ക എന്നിവട അടങ്ങിയ ലോറികളാണ് പിടിച്ചിട്ടിരിക്കുന്നത്. ഉദ്യോഗസ്‌ഥർ ലോറിയിൽ കയറി സാമ്പിൾ പരിശോധിക്കുകയും ഗുണമേന്മ ഇല്ലാത്തവ തിരിച്ചയയ്ക്കുയുമാണ് വേണ്ടതെന്ന് ദേവസ്വം ഉദ്യോഗസ്‌ഥർ പറഞ്ഞു. അരിയുമായി വന്ന ലോറി അരിയുടെ ബ്രാൻഡ് നെയിം ഇല്ലെന്നു പറഞ്ഞു എട്ടുദിവസമായി പമ്പയിൽ തടഞ്ഞിട്ടിരിക്കുകയാണ്.

ഇന്നലെ രാവിലെ ശബരിമല ദേവസ്വം അതിഥി മന്ദിരത്തിൽ കൂടിയ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരുടെ സമീപനത്തിനെതിരേ ശക്‌തമായ പ്രതിഷേധമാണുണ്ടായത്. സാധനങ്ങൾ പരിശോധിക്കുന്നതിൽ തങ്ങൾക്കു യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ, പരിശോധന സുതാര്യമായും വേഗത്തിലുമാകണം എന്നുമാത്രമേ ഉള്ളൂവെന്ന് ദേവസ്വം ഉദ്യോഗസ്‌ഥർ പറഞ്ഞു. പരസ്യമായിട്ടുള്ള ടെൻഡർ നടപടികളിലൂടെയാണ് ശബരിമലയിലേക്കു സാധനങ്ങൾ വാങ്ങുന്നത്. പരിശോധനയുടെ മറവിൽ വാഹനങ്ങൾ പിടിച്ചിടുന്നതിൽ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നതായി ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥൻ രാഷ്ര്‌ടദീപികയോടു പറഞ്ഞു.


പമ്പയിൽ ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ ലാബ് അസിസ്റ്റന്റ് എന്ന തസ്തികയിൽ ദിവസവേതനത്തിൽ നിയമിച്ചവരാണ് പരിശോധന നടത്തുന്നത്. എന്നാൽ, ഇവർക്കു ശമ്പളം കൊടുക്കുന്നത് ദേവസ്വം ബോർഡുമാണ്. എന്നിട്ടും ശബരിമലയിലെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢശ്രമാണ് ഉണ്ടാകുന്നതെന്നും ഈ നില തുടർന്നാൽ ഹൈക്കോടതിയിലെ ദേവസ്വം ബോർഡിന്റെ ബഞ്ചിൽ കൊണ്ടുവരുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.