സന്നിധാനത്ത് വൻ ഭക്‌തജനത്തിരക്ക് തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
സന്നിധാനത്ത് വൻ ഭക്‌തജനത്തിരക്ക് തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല: ശബരിമലയിൽ ഭക്‌തജനത്തിരക്ക് തുടരുന്നു. ഇന്നലെ രാത്രി അനുഭവപ്പെട്ട അഭൂതപൂർവമായ തിരക്കിനെത്തുടർന്ന് പമ്പയിലേക്കുള്ള പാതയിൽ പലേടത്തും വാഹനങ്ങൾ പോലീസ് തടഞ്ഞിരുന്നു. തീർഥാടകരുടെ തിരക്കിന്റെ ബാഹുല്യം നിമിത്തം നിലയ്ക്കലിൽനിന്ന് വലിയ വാഹനങ്ങൾ പമ്പയിലേക്കു പോലീസ് വിട്ടിരുന്നില്ല. തീർഥാടകരെ നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി ബസിലാണ് കയറ്റിവിടുന്നത്. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും കെഎസ്ആർടിസി നടത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പത്തനംതിട്ട ഭാഗത്തുനിന്നും ആയിരക്കണക്കിന് വാഹനങ്ങളാണ് തിരക്കിൽ കുടുങ്ങിയത്. മണിക്കൂറുകളെടുത്താണ് മിക്ക വാഹനങ്ങളും നിലയ്ക്കൽ വരെയെത്തിയത്.

അതിനിടെ, എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി രാത്രിയിൽ യാത്ര ചെയ്യാൻ ശ്രമിച്ചവരെ പോലീസും വനംവകുപ്പും തടഞ്ഞു. മേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തെതുടർന്നാണ് ഇവരുടെ യാത്ര തടഞ്ഞത്. വന്യമൃഗഭീഷണി ഉയർന്നതോടെ പുല്ലുമേട്, എരുമേലി കാനനപാത വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. പകൽ മൂന്നിനുശേഷം ഇതുവഴി തീർഥാടകരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.


ഞായറാഴ്ച പുലർച്ചെ നട തുറന്നതോടെ അഭൂതപൂർവമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വടക്കേനട, വാവർ പള്ളി പരിസരം, വലിയ നടപ്പന്തൽ എന്നിവ തീർഥാടകരെ കൊണ്ട് നിറഞ്ഞു. തിരക്ക് വൻതോതിൽ വർധിച്ചതോടെ പമ്പ, മരക്കൂട്ടം, ശബരിപീഠം, കെഎസ്ഇബി പരിസരം എന്നിവിടങ്ങളിൽ തീർഥാടകരെ വടം കെട്ടി തടഞ്ഞു. തീർഥാടകരുടെ നിര ശബരിപീഠം വരെ നീണ്ടതോടെയാണ് പമ്പയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.