അന്നദാന മണ്ഡപം വിഷുവിനു മുമ്പ് പൂർണ സജ്‌ജമാകും
അന്നദാന മണ്ഡപം വിഷുവിനു മുമ്പ് പൂർണ സജ്‌ജമാകും
ശബരിമല: വിഷുവിനു മുമ്പ് സന്നിധാനത്തെ അന്നദാനമണ്ഡപം പൂർണസജ്‌ജമാകുമെന്ന് ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ കെ. ജയകുമാർ. സന്നിധാനത്തെ അന്നദാന മണ്ഡപം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നദാനം വിജയകരമായി നടത്താൻ കഴിയുന്നുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഒരേ സമയം 10000 പേർക്ക് ഭക്ഷണം നൽകി വരുന്നു. ഇവിടെ 27,000 ചതുരശ്ര അടി സ്‌ഥലമാണ് പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്. സമുച്ചയത്തിന്റെ മുകളിലുള്ള രണ്ടു നില കൂടി പ്രവർത്തനക്ഷമമായി കഴിയുമ്പോൾ 70,000 സ്ക്വയർഫീറ്റ് സ്‌ഥലം അന്നദാനത്തിനായി ലഭിക്കും.

പൂർണതയിലെത്തിക്കഴിയുമ്പോൾ ഒരു സമയം 30,000 പേർക്കും ഒരു ദിവസം ഒന്നരലക്ഷം പേർക്ക് വരെയും അന്നദാനം ലഭ്യമാക്കാൻ സാധിക്കും. അന്നദാനമണ്ഡപം പ്രത്യേക മൂന്നു യൂണിറ്റുകളായി നടത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

തീർഥാടനം മികച്ച നിലയിൽ മുന്നോട്ടു പോകുകയാണ്. കുടിവെള്ളം, മാലിന്യസംസ്കരണ പ്ലാന്റ്, വലിയ രീതിയിൽ ആരംഭിച്ച അന്നദാനം എന്നിവ സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും തീർഥാടനം മൂന്നാഴ്ച പിന്നിടുമ്പോൾ തൃപ്തികരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. കുടിവെള്ളത്തിന്റെ കാര്യത്തിൽ ഒരുക്കിയിട്ടുള്ള ബദൽ സംവിധാനങ്ങൾ തീർഥാടകർ സ്വീകരിച്ചു. ഉന്നതാധികാരസമിതിയും ദേവസ്വം ബോർഡും ജല അഥോറിറ്റിയും ചേർന്നാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയത്.


തീർഥാടകർക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കാൻ കഴിയുന്നുണ്ട്. ഏറ്റവും സന്തോഷകരമായ കാര്യം തീർഥാടകർ പ്ലാസ്റ്റിക്കിനെതിരായ സന്ദേശം ഉൾക്കൊണ്ടുവെന്നതാണ്. ഇപ്പോൾ അഞ്ചു ശതമാനം പേർ പോലും കുപ്പിവെള്ളവുമായി ശബരിമലയിൽ വരുന്നില്ല. അടുത്തവർഷം പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരുതിൽനിന്നു പോലും തീർഥാടകരെ പിന്തിരിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.