ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന കർശനമാക്കി
ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന കർശനമാക്കി
ശബരിമല: സന്നിധാനത്തും പമ്പയിലും നിയോഗിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന കർശനമാക്കി. ഹോട്ടലുകൾ, അന്നദാനമണ്ഡപങ്ങൾ, ഭക്ഷണ വില്പന സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ പരിശോധന നടത്തുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

പമ്പ, നിലയ്ക്കൽ, ളാഹ തുടങ്ങിയ സ്‌ഥലങ്ങളിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ന്യൂനത കണ്ടെത്തിയ എട്ട് സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിയും വെടിപ്പുമില്ലാതെ ഭക്ഷണസാധനങ്ങൾ വില്പന നടത്തിയതിന് വിവിധ സ്‌ഥാപനങ്ങളിൽനിന്നും 9000 രൂപ പിഴ ഈടാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ലൈസൻസ് വ്യവസ്‌ഥകൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം പമ്പയിൽനിന്നും കുടിവെള്ളത്തിന്റെ നാല് സാമ്പിളുകൾ ബാക്ടീരിയ പരിശോധനയ്ക്കായി പത്തനംതിട്ട ഫുഡ് അനലിസ്റ്റ് ലാബിലേക്കും കോന്നിയിലെ സിഎഫ്ആർഡി ലാബിലേക്കും അയച്ചു.

പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നിയമാനുസൃതമായ ലേബൽ വ്യവസ്‌ഥകൾ പാലിക്കാത്ത പായ്ക്കറ്റ് ഭക്ഷണ സാധനങ്ങൾ, സോഡ തുടങ്ങിയവ വില്പന നടത്താൻ പാടില്ല. സന്നിധാനത്തേക്ക് കൊണ്ടുപോയ അരിയുടെ സാമ്പിൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫുഡ് അനലിസ്റ്റ് ലാബിലേക്ക് അയച്ചു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ പി.ജെ. വർഗീസ്, സുജിത് പെരേര എന്നിവർ നേതൃത്വം നൽകി.


ഭക്ഷ്യസുരക്ഷാ ലൈസൻസും ടോൾഫ്രീ നമ്പരും(1800 425 1125) ഉപഭോക്‌താക്കൾ കാണത്തക്കവിധം സ്‌ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നിർദേശിച്ചു. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ സൂക്ഷിക്കണം. ഭക്ഷണ സാധനങ്ങളുടെ നിർമാണം, വിതരണത്തിൽ ഏർപ്പെടുന്നവർ വൃത്തിയുള്ള വേഷം ധരിക്കണം. മാലിന്യങ്ങൾ അടപ്പുള്ള പാത്രങ്ങളിൽ ശേഖരിച്ച് ആരോഗ്യപരമായി സംസ്കരിക്കണം. പഴകിയ ആഹാരം ഒരു കാരണവശാലും സ്‌ഥാപനത്തിൽ സൂക്ഷിക്കരുതെന്നും വീഴ്ചവരുത്തിയാൽ നിയമപ്രകാരമുള്ള നടപടി കൈക്കൊള്ളുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.