കടൽകടന്നെത്തിയ പഞ്ചാരിയിൽ മേള പ്രപഞ്ചം
കടൽകടന്നെത്തിയ പഞ്ചാരിയിൽ മേള പ്രപഞ്ചം
ശബരിമല: കടൽകടന്നെത്തി അയ്യപ്പ സന്നിധിയിൽ പഞ്ചാരിമേളം കാണിക്കയായി അർപ്പിച്ചതിന്റെ സാഫല്യത്തിലാണ് ബഹറിനിലെ സോപാനം വാദ്യകലാസംഘത്തിലെ കലാകാരന്മാർ. ജീവിതം കരുപിടിപ്പിക്കാൻ നടത്തുന്ന മണലാരണ്യത്തിലെ കഠിനശ്രമങ്ങൾക്കിടയിലും ഉള്ളിലെ വാദ്യകല കെടാതെ സൂക്ഷിക്കുകയും പഠിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരുകൂട്ടം പ്രവാസികൾ മേളാർച്ചനയുടെ ഭാഗമായാണ് ശബരിമല ചവിട്ടിയത്. കുട്ടികളുൾപ്പെടെ 70 പേരടങ്ങിയ സംഘത്തിൽ നാട്ടിലെ കലാകാരന്മാരും ഉൾപ്പെടും. സന്നിധാനത്തിൽ ഭഗവാന്റെ തിരുമുറ്റത്ത് പഞ്ചാരിയിൽ തീർത്ത മേളപ്രപഞ്ചം ഒന്നര മണിക്കൂറോളം നീണ്ടു.

ബഹറിൻ സോപാനം വാദ്യകലാസംഘത്തിന്റെ സ്‌ഥാപകനും കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും പ്രമുഖ വാദ്യ വിദ്വാൻ കാഞ്ഞിലേരി പത്മനാഭന്റെ ശിഷ്യനുമായ സന്തോഷ് കൈലാസ് മേള പ്രമാണിയായി. പത്ത് വർഷംമുമ്പ് ബഹറിനിൽ എത്തിയ സന്തോഷും സുഹൃത്ത് നീലേശ്വരം സ്വദേശി സനൽകുമാറും ഏഴ് വർഷം മുമ്പ് ആരംഭിച്ച കേരളീയ വാദ്യകലാ പഠനകേന്ദ്രമാണ് സോപാനം വാദ്യകലാസംഘം. മേളത്തെ സ്നേഹിക്കുന്ന പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വാദ്യകലാ കൂട്ടായ്മ. ഏറെ നാളത്തെ സ്വപ്നമാണ് അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിൽ പൂർത്തിയായതെന്ന് മേള കലാശത്തിനുശേഷം സന്തോഷ് കൈലാസ് പറഞ്ഞു.


സന്തോഷ് കൈലാസിനൊപ്പം കുറുങ്കുഴലിൽ കാഞ്ഞിലേരി അരവിന്ദൻ, കൊമ്പിൽ കൊരയങ്ങാട് ഷാജു, വലന്തലയിൽ മേലൂർ രാജേഷ്, ഇലത്താളത്തിൽ സുധീഷ് തളി എന്നിവരും പ്രമാണികളായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.