കാൻസർ ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യം: തിരുവഞ്ചൂർ
കാൻസർ ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യം: തിരുവഞ്ചൂർ
കോട്ടയം: അർബുദം പ്രായഭേദമെന്യേ കേരളജനതയെ രോഗാതുരമാക്കിക്കൊണ്ടിരിക്കെ ബോധവത്കരണം കൂടുതൽ വിപുലമാക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നുള്ള ക്യാപ് @കാമ്പസ് സംസ്‌ഥാനതല സന്ദേശ ജാഥയ്ക്കു കോട്ടയം ദീപിക അങ്കണത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ. മനഃസാക്ഷിയെ വേദനിപ്പിക്കുന്ന രോഗമായി കാൻസർ കേരളത്തെ കീഴടക്കുന്ന സാഹചര്യം ഒഴിവാക്കാൻ കാമ്പസ് ബോധവത്കരണം അനിവാര്യമാണ്– അദ്ദേഹം കൂട്ടിച്ചേർത്തു.

കാൻസർ ബോധവത്കരണത്തിൽ ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. രക്‌താർബുദം, അസ്‌ഥി അർബുദം തുടങ്ങി വിവിധ കാൻസറുകൾക്കു വേണ്ടത്ര ചികിത്സ ഇനിയും ലഭ്യമാക്കാനായിട്ടില്ല. ക്യാപ് @കാമ്പസ് ജാഥ കൂടുതൽ പ്രചാരണം കേരളത്തിൽ തുടരണമെന്നും വാസവൻ പറഞ്ഞു.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സർഗക്ഷേത്ര രക്ഷാധികാരി റവ.ഡോ. പോൾ താമരശേരി സിഎംഐ, ദീപിക പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ പ്രസംഗിച്ചു.

രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചെറിയാൻ താഴമൺ, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ദീപിക അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി, ചീഫ് ഫിനാൻസ് മാനേജർ എം.എം. ജോർജ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ഗിരിദീപം സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കൈപ്പനടുക്ക, ഗിരിദീപം കോളജ് പ്രിൻസിൽ ഫാ. സഞ്ജു കുര്യൻ, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ജാഥാ ക്യാപ്റ്റനും സർഗക്ഷേത്ര ഡയറക്ടറുമായ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, ജാഥാ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ജി. വിജയനാഥ്, കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.പി. ജോസഫ്, വർഗീസ് ആന്റണി, ടിനോ ടോമി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിങ്കളാഴ്ച രാവിലെ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽനിന്നാണ് സന്ദേശയാത്രയുടെ പര്യടനം ആരംഭിച്ചത്. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി. അതിരൂപത വികാരി ജനറാൾ റവ. ഡോ. ജയിംസ് പാലയ്ക്കൽ, ചാൻസലർ റവ. ഡോ. ടോം പുത്തൻകളം, ഫാ. എബി ചങ്ങങ്കരി, വി.ജെ. ലാലി തുടങ്ങിയവർ പ്രസംഗിച്ചു.

തെങ്ങണ ഗുഡ്ഷെപ്പേഡ് സ്കൂളിലെത്തിയ യാത്രയെ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വിദ്യാർഥികൾ സ്നേഹച്ചങ്ങല തീർത്തു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിലും യാത്രയ്ക്കു സ്വീകരണം നൽകി. വിദ്യാർഥികളും അധ്യാപകരും വൃത്താകൃതിയിൽ ചങ്ങല തീർത്ത് കാൻസർവിരുദ്ധ പ്രതിജ്‌ഞയെടുത്തു. പ്രിൻസിപ്പൽ മാത്തുക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. വി.ജെ. ലാലി അധ്യക്ഷത വഹിച്ചു.


ചങ്ങനാശേരി എസ്ബി കോളജിലും ഊഷ്മളമായ സ്വീകരണമാണു യാത്രയ്ക്കു ലഭിച്ചത്. കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. കാൻസർ രോഗത്തെ അതിജീവിച്ച കലാകാരൻ വരച്ച ചിത്രത്തിൽ തങ്ങളുടെ പേരു കൂട്ടിച്ചേർത്താണ് വിദ്യാർഥികൾ യാത്രയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഉച്ചകഴിഞ്ഞു യാത്ര മാന്നാനം കെഇ കോളജിലെത്തി. സുവോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണം നല്കി. ഫ്ളാഷ് മോബ്, ബോധവത്കരണ ക്ലാസ് എന്നിവയും ഉണ്ടായിരുന്നു. സ്വീകരണസമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. ബെന്നി തോട്ടനാനി അധ്യക്ഷതവഹിച്ചു.

കാൻസർ ചികിത്സാരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന തെള്ളകം കാരിത്താസ് ആശുപത്രിയിൽ വൈകുന്നേരം യാത്രയെത്തി. കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ അധ്യക്ഷതയിൽ* ചേർന്ന യോഗം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റി പ്രോ –വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ, ജോസ് കെ. മാണി എംപി, ആശുപത്രി ഡയറക്ടർ ഫാ.തോമസ് ആനിമൂട്ടിൽ, ഫാ. ബിനു കുന്നത്ത്. ഡോ. ബോബി എൻ. ഏബ്രഹാം, ഡോ. ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. കാൻസർ ചികിത്സാരംഗത്തും ബോധവത്കരണരംഗത്തും സമഗ്ര സംഭാവന നൽകിയതിന്റെ പേരിൽ യാത്രാ ടീം ആശുപത്രിയെ ആദരിച്ചു. യാത്രയുടെ ഉപഹാരം എംജി യൂണിവേഴ്സിറ്റി പ്രോ–വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ, ആശുപത്രി ഡയറക്ടർ ഫാ. തോമസ് ആനിമൂട്ടിലിനു സമർപ്പിച്ചു.

കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കും. രാവിലെ 6.30ന് തങ്കി പള്ളിയിൽനിന്നു പര്യടനം ആരംഭിക്കും. 9.30ന് പള്ളിപ്പുറം എൻഎസ്എസ് കോളജിലും ഉച്ചയ്ക്കു 12ന് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും 1.30ന് ആലപ്പുഴ എസ്ഡി കോളജിലും യാത്രയെത്തും. വൈകുന്നേരം അഞ്ചിന് ആലപ്പുഴ ബീച്ചിൽ യാത്ര സമാപിക്കും. നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.