കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവും: മന്ത്രി കടകംപള്ളി
കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ചികിത്സയേക്കാൾ ഉപരിയായി കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവുമാണെന്നു സഹകരണ–ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ക്യാപ് @കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയുടെ സംസ്‌ഥാനതല സമാപന സമ്മേളനം ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ലൂർദ് മാതാ കാൻസർ കെയർ ഹോമിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുൻ കാലങ്ങളിൽ കാൻസർ വന്നാൽ ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്നാണു വിശ്വസിച്ചിരുന്നത്. എന്നാൽ, ഇന്ന് ആ സ്‌ഥിതി മാറി. കൃത്യമായ ചികിത്സയിലൂടെ കാൻസർ രോഗം ഭേദമാക്കാം. എന്നാൽ, കാൻസർ ചികിത്സ ഇന്നു വലിയ ചെലവുള്ള ഒന്നായി മാറിയിട്ടുണ്ട്. മരുന്നുവില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ മരുന്നു നിർമാണ കമ്പനികൾക്കു നൽകിയതു രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ചതിയായി മാറിയിട്ടുണ്ട്. ഈ തീരുമാനത്തോടെ 6,800 രൂപയുണ്ടായിരുന്ന മരുന്നിന്റെ വില ഒറ്റയടിക്ക് 1,08000 രൂപയായായി ഉയർന്നു. കോടീശ്വരൻന്മാർക്കു മാത്രമേ ആ മരുന്ന് വിലകൊടുത്തു വാങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ തലസ്‌ഥാനത്തു പ്രവർത്തിക്കുന്ന ലൂർദ് മാതാ കാൻസർ കെയർ ഹോം തലസ്‌ഥാന നഗരത്തിന്റെ ചൈതന്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടലിൽ അലഞ്ഞു നടക്കുന്ന കപ്പിത്താനു ലൈറ്റ് ഹൗസുകളാണു കരയിലേക്കുള്ള വഴി കാട്ടുന്നത്. അതുപോലെ ലൂർദ് മാതാ കെയർ സമൂഹത്തെ വെളിച്ചത്തിലേക്കു നയിക്കുകയാണ്. കാൻസർ രോഗികൾക്കു വേണ്ട ചികിത്സയും സാന്ത്വനവുമാണു ലൂർദ് മാതാ കാൻസർ കെയർ ഹോം നൽകുന്നത്. ഇതിനു പകരം വയ്ക്കാവുന്ന മറ്റൊരു പുണ്യപ്രവൃത്തിയില്ല. സ്വന്തം മക്കളെ അമ്മമാർ സ്നേഹിക്കുന്നതുപോലെ ലൂർദ് മാതാ കാൻസർ കെയർ ഹോമിലെ സിസ്റ്റർമാർ ഇവിടെയെത്തുന്ന രോഗികളെ ശുശ്രൂഷിക്കുന്നു. മദർ തെരേസയാണ് ഇക്കാര്യത്തിൽ നമുക്കു മാതൃക. ജീവിതപ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കു പ്രകാശമായി മാറുകയാണു ലൂർദ് മാതാ കെയറിന്റെയും കാൻസർ കെയർ ഹോമിന്റെയും പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അനേകം ജനങ്ങളിലേക്കു കാൻസറിനെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ ക്യാപ് @ കാമ്പസ് ബോധവത്കരണ സന്ദേശയാത്രയ്ക്കു സാധിച്ചുവെന്നു ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു. കാൻസർ രോഗത്തിൽനിന്നു സൗഖ്യം പ്രാപിച്ചവർ ഇന്നു നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു.

കാൻസർ രോഗികൾക്കുള്ള ഏറ്റവും വലിയ സമ്മാനം സ്നേഹമാണെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.മാണി പുതിയിടം പറഞ്ഞു. ലക്ഷക്കണക്കിനു യുവാക്കൾക്കു കാൻസർ വരാതിരിക്കാനുള്ള ബോധവത്കരണം നൽകുന്നതിനു ക്യാപ് @കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്ര നിമിത്തമായി. പരസ്പര സ്നേഹത്തിലൂടെ വ്യാപിക്കുന്ന ശക്‌തിയാണു മനസിനെ സ്വാധീനിക്കുന്നത്. അതുകൊണ്ടുതന്നെ ദീപിക മുൻകൈയെടുത്ത കാൻസർ ബോധവത്കരണ പരിപാടി ഒരു സ്നേഹാനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കാൻസർ രോഗത്തെക്കുറിച്ചു സമൂഹത്തിനുള്ള തെറ്റായ ധാരണകൾ നിരവധിയാണെന്നു ചടങ്ങിൽ ആശംസകൾ അർപ്പിച്ച കെ.മുരളീധരൻ എംഎൽഎ പറഞ്ഞു. സഹതാപവും സമൂഹം സ്വീകരിക്കുന്ന നിലപാടുമെല്ലാം രോഗികളായവർക്കു മാനസിക പ്രയാസമുണ്ടാക്കുന്നു. സ്നേഹത്തോടെയുള്ള സമീപനവും കൃത്യസമയത്തുള്ള ചികിത്സയുമാണ് ആവശ്യം. അശരണരോടെന്നും കരുണയുടെ സമീപനമാണു ലൂർദ് മാതാ കെയർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മനഃസാക്ഷിയെ ഉണർത്തിയ പരിപാടിയാണു ക്യാപ് @കാമ്പസ് ബോധവത്കരണ സന്ദേശയാത്രയെന്നു ചടങ്ങിൽ ആശംസയർപ്പിച്ചു പ്രസംഗിച്ച സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സിറിയക് മഠത്തിൽ സിഎംഐ പറഞ്ഞു. ബോധവത്കരണ സന്ദേശയാത്രയുടെ ഭാഗമായി സംസ്‌ഥാനത്തെ 400ൽ അധികം കാമ്പസുകളിൽ സന്ദേശമെത്തിക്കാനായതു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്*കാമ്പസ് ബോധവത്കരണ സന്ദേശയാത്രയിലൂടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള രണ്ടര ലക്ഷത്തിലധികം യുവാക്കളുമായി നേരിട്ടു സംവദിക്കാനായെന്നു സന്ദേശയാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴിക്കാടൻ പറഞ്ഞു. കേരളത്തിൽ പ്രത്യാശയുടെ പുതിയ സന്ദേശമാണു ബോധവത്കരണ സന്ദേശയാത്രയിലൂടെ നൽകാനായതെന്നു ചടങ്ങിൽ പ്രസംഗിച്ച ലൂർദ് ഫൊറോന പ്രൊവികാരി ഫാ.ജോർജ് മാന്തുരുത്തിൽ പറഞ്ഞു.

ക്യാപ് @കാമ്പസിലൂടെ പ്രത്യാശയുടെ സന്ദേശം കാമ്പസുകളിൽ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് ആശംസയർപ്പിച്ചു പ്രസംഗിച്ച സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി പറഞ്ഞു. സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളവും ആശംസകൾ അർപ്പിച്ചു.ക്യാപ് @കാമ്പസിനു ചുക്കാൻ പിടിച്ച മോൺ.ഡോ. മാണി പുതിയിടത്തെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ലൂർദ് മാതാ കെയർ ഡയറക്ടർ ഫാ.റോണി മാളിയേക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലൂർദ് മാതാ കാൻസർ കെയർ ഹോം അഡ്വൈസർ ഇമ്മാനുവൽ മൈക്കിൾ കൊട്ടാരത്തിൽ നന്ദി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.