തങ്കഅങ്കിയുടെ പൊൻപ്രഭയിൽ ശബരിമല: തിങ്കളാഴ്ച നട അടയ്ക്കും
തങ്കഅങ്കിയുടെ പൊൻപ്രഭയിൽ ശബരിമല: തിങ്കളാഴ്ച നട അടയ്ക്കും
ശബരിമല: പൂങ്കാവനം നിറഞ്ഞുകവിഞ്ഞ ശരണം വിളികൾക്കിടയിൽ അയ്യപ്പസ്വാമി തങ്ക അങ്കിയുടെ പൊൻപ്രഭയിൽ തേജോമയനായി. തേജോമയനായ ഭഗവാനെ ദർശിച്ച് ഭക്തലക്ഷങ്ങൾ സായുജ്യമടഞ്ഞു. ഞായാറാഴ്ച വൈകുന്നേരം ദീപാരാധനയും തിങ്കളാഴ്ച മണ്ഡലപൂജയും തങ്കഅങ്കി ചാർത്തിക്കൊണ്ടാണ്. ആറൻമുള ക്ഷേത്രത്തിൽ നിന്ന് ആയിരങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട തങ്കി അങ്കി ഘോഷയാത്രയെ ഞായാറാഴ്ച ഉച്ചയ്ക്ക് പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. രാജീവ്, സ്പെഷൽ ഓഫീസർ ടി.കെ. അജിത് പ്രസാദ്, വിജിലൻസ് ഓഫീസർ കെ.എസ്. വിനോദ്, പമ്പ മേൽശാന്തിമാരായ പരമേശ്വരൻ നമ്പൂതിരി, അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ഗണപതിക്ഷേത്രത്തിന് മുന്നിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ്് മൂന്നുവരെ പമ്പയിൽ ദർശനത്തിനുശേഷം അയ്യപ്പസേവാസംഘം പ്രവർത്തകർ തങ്ക അങ്കി തലച്ചുമടായി ശരംകുത്തിയിലെത്തിച്ചു.

വൈകിട്ട് അഞ്ചുമണിയോടെ ശരംകുത്തിയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ആർ. രവിശങ്കർ, ദേവസ്വം പിആർഒ മുരളി കോട്ടയ്ക്കകം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.എസ്. യതീന്ദ്രനാഥ്, സോപാനം സ്പെഷൽ ഓഫീസർ എസ്. അജിത് കുമാർ, പോലീസ് അസിസ്റ്റന്റ് സ്പെഷൽ ഓഫീസർ കാർത്തികേയൻ ഗോകുലചന്ദ്രൻ, ദേവസ്വം വിജിലൻസ് എസ്.ഐ. കെ.പി. വിനോദ്, അസിസ്റ്റന്റ് എഞ്ചിനീയർ ജി. ബസന്ത്കുമാർ, സ്റ്റോർ സൂപ്രണ്ട് ടി ചന്ദ്രൻ, സന്നിധാനം എസ് ഐ വിനോദ്കുമാർ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.എസ് ലാൽ, സോപാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ശ്രീകുമാർ, അക്കൗണ്ടന്റ് കിഷോർ ചന്ദ്രൻ എന്നിവരും സ്വീകരണത്തിനുണ്ടായിരുന്നു.

അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ച് കർപ്പൂരാഴി ഒരുക്കിയാണ് തങ്ക അങ്കിക്കു സ്വീകരണം ഒരുക്കിയത്. തുടർന്ന് കുത്തുവിളക്ക്, നാദസ്വരം, തകിൽ, പഞ്ചവാദ്യം, ചെണ്ട തുടങ്ങിയ വാദ്യമേളത്തിന്റെ അകമ്പടിയോടെ സന്നിധാനത്തേക്കു നീങ്ങിയ ഘോഷയാത്രയെ ആറേകാലോടെ പതിനെട്ടാംപടിക്കു മുന്നിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേവസ്വംബോർഡ് അംഗങ്ങളായ ആർ. രാഘവൻ, അജയ് തറയിൽ എന്നിവരും ജില്ലാ കളക്ടർ ആർ. ഗിരിജയും ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. ദേവസ്വം ഓംബുഡ്സ്മാൻ റിട്ടയേഡ് ജസ്റ്റിസ് പി.ആർ രാമൻ, സ്പെഷൽ കമ്മീഷണർ എം മനോജ്, ദേവസ്വം കമ്മീഷണർ സി.പി. രാമരാജപ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ചീഫ് എൻജിയർ (ജനറൽ) ജി മുരളീകൃഷ്ണൻ, ബോർഡ് സെക്രട്ടറി വി,എസ് ജയകുമാർ, പോലീസ് ചീഫ് കോർഡിനേറ്റർ നിതിൻ അഗർവാൾ, ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി പോലീസ് സൂപ്രണ്ട് രതീഷ് കൃഷ്ണൻ, ജില്ലാ കളക്ടർ ആർ ഗിരിജ, പത്തനംതിട്ട എസ്പി ഹരിശങ്കർ, പോലീസ് സ്പെഷ്യൽ ഓഫീസർ എൻ വിജയകുമാർ, ഭണ്ഡാരം ചീഫ് ഓഫീസർ ബി. ഹരീന്ദ്രനാഥ്, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ ജിഎസ് ബൈജു, പമ്പ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി. കൃഷ്ണകുമാർ, എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് കപിൽ വർമൻ, അയ്യപ്പസേവാസംഘം സെക്രട്ടറി വേലായുധൻനായർ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. തുടർന്ന്് തന്ത്രി കണ്്ഠര് രാജീവരും മേൽശാന്തി ടി. എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന്് തങ്കഅങ്കി ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി.


പിന്നീട് ദീപാരാധനയോടെ നട തുറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12നും 12.15നും മധ്യേയാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. രാത്രി പത്തുവരെ ദർശന സൗകര്യം ഉണ്ടാകും. ശേഷം ഭഗവാനെ രുദ്രാക്ഷമാല ധരിപ്പിച്ച് ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കുന്നതോടെ നട അടയ്ക്കും. മൂന്നുദിവസത്തിനു ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ജനുവരി 14ന് മകരവിളക്കുവരെ ദർശനസൗകര്യം ഉണ്ടായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.